Image

ആരാണ് ഉത്തരവാദി? (എഴുതാപ്പുറങ്ങള്‍ 29: ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)

Published on 12 September, 2018
ആരാണ് ഉത്തരവാദി? (എഴുതാപ്പുറങ്ങള്‍ 29: ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)
പ്രകൃതി ക്ഷോഭങ്ങള്‍ വരുന്നതിലും, വരാതിരിയ്ക്കുന്നതിലും മനുഷ്യന് പങ്കുണ്ടോ?
പ്രകൃതി ക്ഷോഭങ്ങള്‍ ഒരു പരിധി വരെ മാത്രമേ മുന്‍കൂട്ടി പ്രവചിയ്ക്കാന്‍ കഴിയൂ എങ്കിലും ഈ പ്രകൃതി ക്ഷോഭത്തിനു കൂടുതല്‍ സാഹചര്യം നല്‍കിയ കാരണങ്ങള്‍ മനസ്സിലാക്കി കഴിയാവുന്ന പ്രതിരോധ നടപടികള്‍ ഭാവിയിലേയ്‌ക്കെങ്കിലും ഒരു മുന്കരുതലെന്നോണം എടുക്കാവുന്നതാണ്. എന്നാല്‍ ആരുടെ പാകപ്പിഴവുകള്‍ കൊണ്ട് കേരളത്തില്‍ പ്രളയം വന്നു, കാലാവസ്ഥാ വിഭാഗത്തിന്റെയോ (ഐ.എം.ഡി) ജലസേചന വിഭാഗത്തിന്റെയോ ഭരണ പാര്‍ട്ടിയുടേതോ അതോ പ്രതി പക്ഷത്തിന്റെയോ എന്നത് പരസ്പരം പഴി ചാരുന്നതിന്റെ കൂടി തിരക്കിലാണ് നേതാക്കളും ഉത്തരവാദിത്വപെട്ടവരും ജനങ്ങളും. "കേരളം നേരിട്ട പ്രളയത്തിന്റെ കാരണം കനത്ത മഴ തന്നെയാണ് പക്ഷെ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്. ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണ്. സ്വയം വിമര്‍ശനപരമായി പറഞ്ഞാല്‍ നമ്മുടെ നയരൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്" നിയമ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറയുകയുണ്ടായി.

ഈ കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഇത് പ്രകൃതി ക്ഷോഭത്തിന്റെ മാത്രം ഭാഗമാണോ?

"തീര്‍ച്ചയായും കനത്ത മഴയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ഈ അടുത്ത കാലങ്ങളില്‍ ഉണ്ടായ പുരോഗമന പ്രവര്‍ത്തനങ്ങള്‍, ഇത്തരത്തിലുള്ള അവസ്ഥകളെ തരണം ചെയ്യുവാനുള്ള പരിസ്ഥിതിയുടെ കഴിവിനെ പ്രത്യക്ഷമായി ബാധിച്ചിട്ടുണ്ട്. പൊടുന്നനെ വര്‍ദ്ദിച്ചുവന്ന ഈ പരിണാമമാണ് ഇത്തരം അംഭവങ്ങള്‍ കാണുവാന്‍ ഇടവരുത്തിയത് എന്ന് എനിയ്ക്കുറപ്പുണ്ട്. ശരിയായ നടപടികളാണ് കൈകൊണ്ടിരുന്നത് എങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഇന്ന് നമുക്ക് കാണേണ്ടി വരില്ലായിരുന്നു" 2010ല്‍ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറെസ്റ്റിന്റെ കീഴില്‍ രൂപം പ്രാപിച്ച വെസ്റ്റേണ്‍ ഘട്ട്‌സ് എക്കോളജി എക്‌സ്‌പെര്‍ട് പാനലിന്റെ തലവനും, ശാസ്ത്രജ്ഞനുമായ ശ്രീ മാധവ് ഗാഡ്ഗില്‍ പ്രളയത്തിനുശേഷം ഇന്ത്യന്‍ എക്പ്രസ്സിനോട് പറയുകയുണ്ടായി. മനുഷ്യ നിര്‍മ്മിതമായ കാരണങ്ങള്‍ കൊണ്ടാണ് പ്രളയം ഉണ്ടായതെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്താണ് മനുഷ്യനിര്‍മ്മിതമായ കാരണങ്ങള്‍? കാലത്തിനനുസരിച്ചുള്ള പുരോഗമനങ്ങളെയും, ജനജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കുന്ന വികസനകളെയും, ടെക്‌നൊളജികളെയും സ്വാഗതം ചെയ്യുക മാത്രമാണ് ജനങ്ങള്‍ ചെയ്തത്. ഇതിനനുയോജ്യമായി പ്രകൃതിയെയും, വിഭവങ്ങളെയും ഉപയോഗപ്പെടുത്തി എന്നുമാത്രം. എന്നാല്‍ എവിടെയാണ് അമിതമായ ചൂഷണം അല്ലെങ്കില്‍ ഉപയോഗം സംഭവിച്ചത്?

നഗ്‌നമായ പ്രകൃതിയുടെ മാറില്‍ വെട്ടിയും കുഴിച്ചും സമ്മര്‍ദ്ദം ചെലുത്തി മുറിവേല്‍പ്പിയ്ക്കുമ്പോള്‍ നമ്മുടെ പ്രകൃതിയെ വേദനിപ്പിയ്ക്കരുതേ എന്ന് പറഞ്ഞു തടുക്കാന്‍ ശ്രമിയ്ക്കുന്ന പ്രകൃതി സ്‌നേഹികളെയും, പരിസ്ഥിതി സംരക്ഷകരെയും 'പുരോഗമന വിരുദ്ധര്‍' എന്ന് വിളിച്ച് സ്വാര്‍ത്ഥതയുടെ കല്ലെറിഞ്ഞു വായ് മൂടിപ്പിയ്ക്കുന്ന പുരോഗമന വാദികളെന്നു നടിയ്ക്കുന്ന സ്വാര്‍ത്ഥന്‍മാരും അവര്‍ക്കു ഉതകും വിധം പണം കൊണ്ട് നിയമ സംഹിതകളെ മാറ്റിയെഴുതുന്ന അധികാരത്തിലിരിയ്ക്കുന്ന ചിലരും ഇതിനുത്തരവാദികളല്ലേ?

പ്രകൃതിയോട്, മണ്ണിനോട് ഇഴുകിച്ചെര്‍ന്ന ഒരു ജീവിതത്തിന്റെ പാരമ്പര്യമാണ് കേരളീയനുള്ളത്. എന്നാല്‍ ശ്യാമസുന്ദരിയായ കേരളത്തത്തിന്റെ പ്രകൃതി രമണീയത ആസ്വദിയ്ക്കാനും ആ സൗന്ദര്യത്തെ സംരക്ഷിയ്ക്കാനും കേരളീയന്‍ എന്ന് അഭിമാനം കൊളളാനും ഇന്ന് കേരളീയന് ഒട്ടും താല്പര്യമില്ല. പകരം, ഓരോരുത്തര്‍ക്കും താമസിയ്ക്കാന്‍ ഒരു പാര്‍പ്പിടം അനിവാര്യമാണ് എന്നാല്‍ അതിനുമപ്പുറം പലവര്‍ണ്ണ ചായം തേച്ച് മിനുക്കിയ കോണ്‍ക്രീറ്റ്, കോട്ടകള്‍ പോലുള്ള സൗധങ്ങള്‍ അതില്‍ ശുദ്ധമായ വായുസഞ്ചാരം പോലും ഇല്ലാതെ അടച്ചുകെട്ടി ഉള്ളില്‍ എയര്‍ കണ്ടീഷനും, ആകുന്നതും ആ മാളികയില്‍ നിന്നും പുറത്തുപോകാതിരിയ്ക്കാനുതകുന്ന ആധുനിക സൗകര്യങ്ങളും, അത്യാവശ്യം പുറത്ത് പോകുന്നതിനായി എയര്‍ കണ്ടീഷന്‍ ഉള്ള കാറും ഇതാണ് ഇന്നത്തെ കേരളീയന്റെ ദൗര്‍ബല്യം. ഈ സൗധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാവശ്യമായ അത്രയും കരിങ്കല്‍ കഷണങ്ങള്‍ (മെറ്റല്‍) അത്രയും കേരളത്തില്‍ തന്നെ നിര്‍മ്മിയ്ക്കുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഉടനീളം കാണുന്ന കുന്നുകള്‍, മടക്കുകളായി പ്രകൃതിയ്ക്ക് ശക്തി നല്‍കുന്ന, മഴപെയ്യിച്ചും, അതി ശൈത്യത്തെ തടഞ്ഞും സഹായിയ്ക്കുന്ന മലനിരകള്‍, പാറക്കെട്ടുകള്‍ എന്നിവ, മനുഷ്യന് തകര്‍ക്കാനാകാത്തവ, ശക്തമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അതിന്റെ കെട്ടുറപ്പിനെ ഇളക്കി പൊടിച്ച് മെറ്റലാക്കി വിറ്റ് പുത്തന്‍ പണക്കാരായി മാറുന്നവര്‍ ഈ പ്രകൃതി ദുരന്തങ്ങള്‍ക്ക് പരോക്ഷമായി ഉത്തരവാദികളാണോ? ശക്തമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭൂമിയുടെ അടിത്തട്ടിലേക്കിറങ്ങി കിടക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ച് പിഴുതെടുക്കുമ്പോള്‍ ആ പ്രദശത്തുള്ള മണ്ണിന്റെ ഘടനയെത്തന്നെയാണ് ഈ സാഹസം നഷ്ടപ്പെടുത്തുന്നത്. ഇത്തരം കരിങ്കല്‍ കോറികളില്‍നിന്നും കരിങ്കല്‍ പൊടിയ്ക്കുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ചുറ്റും താമസിയ്ക്കുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വന്‍പാറകള്‍ പൊട്ടിയ്ക്കുമ്പോള്‍ കഷണങ്ങള്‍ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും ശബ്ദമലിനീകരണങ്ങളും വേറെ. വര്ഷങ്ങളോളം പാറകള്‍ പൊട്ടിയ്ക്കുന്ന ഇത്തരം കോരികളുടെ പ്രവര്‍ത്തനം കുന്നുകള്‍ നിറഞ്ഞ പ്രദേശത്തെ അഗാധ ഗര്‍ത്തങ്ങളാക്കി മാറ്റുന്നു ഇതുപോലുള്ള അമിതമായ പ്രകൃതിയുടെ ചൂഷണം തീര്‍ച്ചയായും പരിതഃസ്ഥിതിയുടെ തുലനാവസ്ഥയില്‍ അസ്വാസ്ഥ്യം സൃഷിയ്ക്കുന്നു.

ഇത് മാത്രമല്ല കുന്നുകളും മലനിരകളും, മരങ്ങള്‍ വെട്ടിമാറ്റി നിരത്തി വ്യവസായ മേഖലകളും കെട്ടിടങ്ങളും നിര്‍മ്മിയ്ക്കുന്നതുമായ സംഭവങ്ങളും കേരളത്തിലുണ്ട്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഞ്ചായത്തിലെ കലശമല ഇടിച്ചുനിരത്തി വ്യവസായ മേഖലയാക്കുന്നതിനുള്ള തുടക്കം കുറിയ്ക്കുകയും പരിസ്ഥിതി സംരക്ഷകരും നാട്ടുകാരും അതിനെ എതിര്‍ത്തതുമായ അടുത്തകാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതിനുദാഹരമാണ്.

കേരളത്തിലെ ഓരോ കുടുംബത്തിലും എത്ര കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കേരളത്തില്‍ ഇല്ലെങ്കിലും ഓരോരുത്തര്‍ക്കും പ്രത്യേകമായ കോണ്‍ക്രീറ്റ് മാളിക എന്നതാണ് കേരളത്തിന്റെ ഇന്നത്തെ മറ്റൊരു ദൗര്‍ബല്യം. ഓരോ അഞ്ചു സെന്റ് ഭൂമിയിലും ഓരോ വീട് വീതം നിര്‍മ്മിയ്ക്കുന്നതിനു അവിടുത്തെ വൃക്ഷലതാതികളെ വെട്ടി നശിപ്പിയ്ക്കുന്നു. ചുരുക്കത്തില്‍ ഒരു ഏക്കര്‍ ഭൂമിയില്‍ മരങ്ങളെക്കാള്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് വച്ച് പിടിപ്പിയ്ക്കുന്നത്. പ്രകൃതിയുടെ സന്തുലനാവസ്ഥയും, കാലാവസ്ഥയും നിലനിര്‍ത്തിയും ആഴത്തില്‍ ഇറങ്ങിവളരുന്ന വേരുകള്‍ മണ്ണിനെ ഉറപ്പിച്ചുനിര്‍ത്തിയും സംരക്ഷിയ്ക്കുന്ന മരങ്ങളെ വെട്ടിനശിപ്പിച്ചും പ്രകൃതിയെ വെറിപിടിപ്പിയ്ക്കുന്ന മനുഷ്യന്റെ ക്രൂര വിനോദവും പ്രകൃതി ക്ഷോഭങ്ങളെ ഉത്തേജിപ്പിയ്ക്കുന്നു.

മരങ്ങളുടെയും കുന്നുകളുടെയും നശീകരണം കൊണ്ടാകാം കേരളത്തില്‍ പലയിടങ്ങളിലും ഈ അടുത്ത കാലങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. 2017 ല്‍ മാര്‍ച്ചുമാസം മുതല്‍ കേരളത്തിന് നേരിടേണ്ടി വന്ന വരള്‍ച്ച പ്രത്യക്ഷമായ ഒന്നാണ്. വരള്‍ച്ചയുടെ ശരിയായ കാരണം പരിഹരിയ്ക്കാതെ വരള്‍ച്ചയെ നേരിടാനായി പല സ്ഥലങ്ങളിലും ഓരോ വീടുകളിലും നാല് വീതം കുഴല്‍ കിണറുകള്‍ എന്നോണം ഭൂമിയെ തുളച്ച് പ്രകൃതി നാശത്തിന്റെ മറ്റൊരു പണിശാല തുറന്നു. ഇത്തരം അന്തര്‍ ഗര്‍ത്തങ്ങള്‍ ആ പ്രദേശത്തെ മണ്ണിന്റെ ഘടനയില്‍ ഇളക്കം വരുത്തുന്നു. ഓരോ പ്രദേശങ്ങളിലും കുഴല്‍ കിണറുകളുടെ എണ്ണം വര്‍ദ്ദിച്ചതോടെ ഇതിനെതിരെയും നിയമനടപടികള്‍ ഗവണ്മെന്റ് നടപ്പിലാക്കി. ഇവിടെയും നിയമങ്ങള്‍ കയ്യിലെടുത്ത് അമ്മാനമാടുവാന്‍ ജനങ്ങള്‍ മടികാണിച്ചില്ല

ചാഞ്ചാടി രസിയ്ക്കുന്ന വയലോലകള്‍ തിങ്ങി നില്‍ക്കുന്ന നെല്‍പാടങ്ങളെ താലോലിച്ചു ശീലിച്ച കേരള മണ്ണിനു, മനുഷ്യന്റെ പ്രവൃത്തികൊണ്ട് ആ ഭാഗ്യവും നഷ്ടപ്പെടുന്നതിലും കേരളം കണ്ണുനീരൊഴിക്കിയോ? വിശാലമായി കിടക്കുന്ന നെല്‍ വായലുകളുടെ നെഞ്ചില്‍ മണ്ണിട്ട് നിരത്തി ശ്വാസം മുട്ടിച്ച് അവിടെ തത്തി കളിയ്ക്കുന്ന വയല്‍ക്കാറ്റിനെ വന്‍കെട്ടിടങ്ങളാല്‍ ഗതി മാറ്റി അയച്ചും പാടശേഖരങ്ങളുടെ നെഞ്ചിലൂടെ ഹൈവേകള്‍ നിര്‍മ്മിച്ചും ജനജീവിതം എളുപ്പമാക്കുമ്പോള്‍ പ്രകൃതിയുടെ തുലനാവസ്ഥയെക്കുറിച്ച് ചിന്തിയ്ക്കാന്‍ ജനങ്ങള്‍ സമയം കണ്ടെത്തിയില്ല എന്നതും പ്രകൃതിയോട് കാണിയ്ക്കുന്ന മറ്റൊരു ക്രൂരതയാണ്

ഇത്തരത്തിലുള്ള ഒരുപാട് മനുഷ്യന്റെ പ്രവൃത്തികള്‍ അല്ലെങ്കില്‍ അമിതമായ പ്രകൃതി ചൂഷണം ഈ അടുത്തകാലത്തായി കേരളമണ്ണിന് സഹിയ്‌ക്കേണ്ടതായി വരുന്നുണ്ട്. ചുരുക്കത്തില്‍ എല്ലാവര്ക്കും അറിയാവുന്ന, എന്നാല്‍ സൗകര്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ മറക്കുന്ന ചില കാരങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ ഉരുള്‍ പൊട്ടലിനും കുന്നിടിയുന്നതിനും കാരണമായത്. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് ഒരു പരിധി വരെ ഉത്തരവാദി സഹജീവികളായ മനുഷ്യന്‍ തന്നെ. പ്രകൃതിയില്‍ മനുഷ്യന്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ പ്രകൃതിയുടെ സ്വഭാവമാറ്റങ്ങള്‍ക്കു നിധാനമാകുന്നു.

പ്രകൃതിയെ സംരക്ഷിയ്ക്കുന്നതിലൂടെ അതിനെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായി പുരോഗമനങ്ങളെ മാറ്റി നിര്‍ത്തി നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ജീവിതരീതി തുടരണമെന്നില്ല. കാലത്തിനനുസരിച്ചുള്ള പുരോഗമനങ്ങള്‍ അനിവാര്യമാണ്. പക്ഷെ പുരോഗമനത്തിന്റെ വഴിയില്‍ പുരോഗമവാദികളും, പ്രകൃതിസ്‌നേഹികളും ഒരിയ്ക്കലും പരസ്പര വിരുദ്ധരാകരുതെന്നുമാത്രം. പ്രകൃതിയെ സംരക്ഷിയ്ക്കുന്നത് പുരോഗമന വാദികളുടെയും, പ്രകൃതിയെ വേദനിപ്പിയ്ക്കാതെ പുരോഗമനങ്ങള്‍ സ്വാഗതം ചെയ്യേണ്ടത് പ്രകൃതിസ്‌നേഹികളുടെയും ഉത്തരവാദിത്വമാണ്. പ്രകൃതിയെ സ്‌നേഹിയ്ക്കുന്നതിലും, പരിസ്ഥിതി സംരക്ഷിയ്ക്കുന്നതിലും പുരോഗമനങ്ങളും സൗകര്യങ്ങളും സ്വാഗതം ചെയ്യുന്നതിലും മനുഷ്യര്‍ തമ്മിലുള്ള കിടമത്സരത്തില്‍ ജയപരാജയങ്ങള്‍ ഇല്ല. പുരോഗമങ്ങള്‍ എപ്പോഴും മനുഷ്യന് നന്മയും പ്രകൃതി ക്ഷോഭങ്ങള്‍ മനുഷ്യന് എപ്പോഴും നഷ്ടവും തന്നെയാണ്. ഇതിനിടയിലുള്ള തുലനാവസ്ഥയാണ് പ്രകൃതിയുടെ തുലനാവസ്ഥ. ഇനിയും ഈ തുലനാവസ്ഥ കൈവരിയ്ക്കാന്‍ മനുഷ്യന് ഒറ്റകെട്ടായി കഴിഞ്ഞുവെങ്കില്‍ കാലക്രമേണ കേരളത്തിന്റെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പവിത്രമായ നാമധേയത്തെ തികച്ചും അര്‍ത്ഥവത്താക്കാന്‍ നമുക്ക് കഴിയും.
Join WhatsApp News
Das 2018-09-12 15:06:36
Hi Jyoti,  content of your write-ups is truly based on the actual facts, I must mention. Keep writing, let good sense prevail ...  A well wisher
J,J, Mathew 2018-09-12 18:46:30

I totally disagree with Mr. Madhav Gadgils findings and the statement he made after the Kerala flood. Rampant stone quarrying and digging of pits is the reason behind the landslides and landslips. True, and this might have contributed in a certain way but definitely, it is the rain. Kerala experts are still debating which flood was most devastating? 1924 or 2018? By record, Kerala received 3368 mm of rain(June-September) in 1924 and  2344 of rain in 2018 and still continuing. You also need to compare the population in 1924 and 2018. Nobody knows what caused the rain. Look at United States.

The U.S. has more natural disasters than any other country in the world. Whether it is Heat Waves, Drought, Floods, Earthquakes,Thunderstorms, Wildfire, Winter Weather, Tornadoes, Volcanoes, Hurricanes. There is a system in place and the responsible Agencies can notify citizens how they should respond in an emergency situation. More flood related disasters happens in China and India. Reason, they can not issue weather related warnings in advance. Only United States, United Kingdom and Japan has that super  computer and satellite ability as of right now. We know exactly how many inches of rain is going to fall in Yankee Stadium. So Mr. Gadgil should save his sermon to India Meteorological Department (IMD).  I should also fire the Indian Navy Commander who refused to fly his choppers after 6 PM for rescue mission.


Easow Mathew 2018-09-12 20:49:32
A very informative, and educative article by Jyothylakshmy on the topic of causes of recent flood in Kerala. Congratulations! Dr. E.M. Poomottil 
Pravasi 2018-09-12 21:12:23
Do you know for a fact that the flood calamity was caused by misuse of land? What about accuracy of forecast, the coordination of various government agencies that deal with electricity, water, etc? This calamity would have been less if there was a better coordination and planning. Even with better coordination, it would have been hard to predict the hundreds of 'urul pottals' and their contribution to the water that flowed into the dams in addition to rain water.

Typical pravasi writing- stay outside Kerala and bad mouth Kerala and lament about it's deterioration.
John 2018-09-12 21:31:38
കാടുണ്ടായിട്ടാണോ കടലിൽ മഴ പെയ്യുന്നതു എന്ന് പണ്ടൊരു സീതി ഹാജി നിയമ സഭയിൽ ചോദിക്കുകയുണ്ടായി. അതെ ഗണത്തിൽ ഉള്ള ചിലർ ആണ് മാധവ് ഗാഡ്‌ ഗിലിനെ അപഹസിക്കുന്നതു. ബിഷപ്പ് ആനിക്കുഴികട്ടിലിന്റെയും എം എം മണിയുടെയും  ശിഷ്യന്മാർ ഇനിയെങ്കിലും ആ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുക. 
വിദ്യാധരൻ 2018-09-12 23:54:18
'പച്ചയാം വിരിപ്പിട്ട' 
             സഹ്യന്റെ തലമുഴുവൻ 
മൊട്ടയടിച്ചു നിങ്ങൾ 
               ഇടിച്ചു നിരപ്പാക്കി
മണലുമാന്തി ആറും 
              പുഴയും നശിപ്പിച്ചു 
അത്യാർത്തി മൂത്തു നിങ്ങൾ 
                         തറവാട് മാന്തി വിറ്റു 
മുഴുവനും അരീം  തിന്നു 
              ആശാരിച്ചിയേം കടിച്ചിട്ട് 
മുറുമുറുത്തിടുന്നോ 
              പട്ടിയെപ്പോലെ നിങ്ങൾ ?
നിൽക്കുന്നിടം തോണ്ടി 
               വിൽക്കുന്ന മലയാളി 
ഉള്ളത് പറയുമ്പോൾ 
               ഭള്ള് നീ വിളിക്കുന്നോ ?
ശുചിത്വ ബോധം തൊട്ടു 
                തീണ്ടാത്ത മലയാളി 
മാലിന്യം എറിയുന്നു 
                 അന്യന്റെ പറമ്പിൽ നീ 
എലിയും പൂച്ചകളും 
                   പട്ടിയും കോഴികളും 
ചത്തതിൽ ചീഞ്ഞീടുന്നു 
                    രോഗങ്ങൾ പരത്തുന്നു 
ആര് ചത്താലും നിന്റ 
                     കാര്യങ്ങൾ നടക്കണം 
സ്വാർത്ഥത കൊണ്ടു നിന്റെ 
                     കണ്ണാകെ തിമിരമായി 
തള്ളയാം  പ്രകൃതിയെ 
                   മാനിക്കാൻ പറയുമ്പോൾ
എന്താണ് നിനക്കൊക്കെ 
                    അഭിപ്രായങ്ങൾ രണ്ട് ?
മരങ്ങൾ വെട്ടി നിങ്ങൾ 
                    മാറ്റുമ്പോൾ ഓർത്തീടണം 
മറ്റൊരു മരത്തിന്റെ 
                     തയ്യ് നട്ട് പിടിപ്പിക്കാൻ 
മലകൾ ഇടിച്ചു നീ 
                     സൗധങ്ങൾ പണിയുമ്പോൾ 
ഓർക്കണം അതു നിന്റെ 
                     കല്ലറ ആകാമെന്ന് 
വിവരോം വീക്ഷണവും 
                     ഇല്ലാത്ത നേതാക്കളെ 
തുരത്താൻ സമയമായി 
                     നാടിനു ഗതിവേണെൽ
'മണിയും' കിണികളും  
                     പ്രളയം സൃഷ്ടിക്കുമ്പോൾ 
നോക്കി നിലക്കൊല്ലേ നിങ്ങൾ 
                       നോക്കൂത്തികളെ പോലെ  
ഉദ്ബുദ്ധരാക്കിടുക 
                      നമ്മുടെ ജനങ്ങളെ 
നാടിന്റെ നന്മക്കായി 
                      എഴുത്തുകാരെ നിങ്ങൾ 
നിറുത്തീടുന്നു ഞാനെൻ 
                         ജല്പനം, ഇവിടിങ്ങ്  
പ്രളയകെടുതിയിൽ 
                         മരിച്ചവരെ ഓർത്ത് 

(നല്ലൊരു ലേഖനത്തിന് എഴുത്തുകാരിക്ക് അഭിനന്ദനം) 
പ്രേമാനന്ദൻ 2018-09-13 04:16:37
ശരിയായ രീതിയിൽ കാര്യങ്ങൾ ചൂണ്ടികാട്ടിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 

രാഷ്ട്രീയമെന്നത് പരസ്പരം പഴിചാരുന്ന ഒരു കച്ചവടമായിട്ടേ കാണാവൂ. അത് സ്വാഭാവികം. വ്യക്തിപരമായിട്ടു പറഞ്ഞാൽ കുന്നിന്മുകളിലും പുഴവക്കത്തും കടലോരത്തും അത് പോലെ പാഠങ്ങൾ നികത്തി വീട് വെക്കുന്നതും എല്ലാം നമ്മൾ സ്വന്തം സൗകര്യത്തിനനുസരിച്ചു ചെയ്തതല്ലേ. എങ്ങിനെ സൗകര്യത്തിനെ മോടിപിടിപ്പിക്കാം എന്ന് നോക്കുന്നതിനിടയിൽ പ്രകൃതിയെക്കുറിച്ചു, പരിസരത്തെകുറിച്ചു  മറന്നു. പിന്നെ കാലത്തിനനുസരിച്ചുള്ള മാറ്റം മറ്റു പൊതുവായ കാര്യങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ആരും ശ്രമിച്ചില്ല, വെള്ളം പോകാനുള്ള ഗട്ടറുകൾ, കനാല് എന്നിവ. എവിടെ നോക്കിയാലും സിമന്റ്‌  റോഡുകൾ ടൈൽസ് അതിനിടയിൽ മണ്ണിനെ മറന്നു. വേറെ ഒന്ന് ഡാമുകൾ നിറയുന്നത് വരെ നോക്കി നിന്ന് തുറക്കാതെ അതൊരു കാരണമായി എന്ന് തോന്നുന്നു.  നല്ല മഴ പെയ്യുന്ന സമയത്തു അല്പം തുറന്നിരുന്നെൻകിൽ എല്ലാ ഡാമുകളും ഒന്നിച്ചു തുറക്കേണ്ട അവസ്ഥ വരില്ലായിരുന്നു. ഒരു പരിധിവരെ വെള്ളപ്പൊക്കത്തിന് ഒരാശ്വാസം ഉണ്ടായേനെ.
P R Girish Nair 2018-09-13 13:07:23
നമ്മുടെ നാട്ടിൽ ഉണ്ടായ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്. കാലാവസ്ഥ  വ്യതിയാനം ശ്രീമതി ജ്യോതിലക്ഷ്‌മി ചുണ്ടികാണിച്ചിരിക്കുന്നതുപോലെ ഭൂഘടനയിൽ നാം വരുത്തിയിരിക്കുന്ന മാറ്റം മൂലം ആണ്.  കാലാവസ്ഥ വ്യതിയാനം നേരിടാൻ അടിയന്തര നടപടികൾ ആവശ്യമാണ്.  പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച്  ഉത്തരവാദപ്പെട്ടവർ മുന്നറിയിപ്പ് നൽകി എന്ന് പറയപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം നമ്മൾ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിലാണ് സംഭവിക്കുന്നത്.  കാലാവസ്ഥ വ്യതിയാനം ജീവജാലത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയിലാണ്.  ഈ സാഹചര്യത്തിൾ കാലാവസ്ഥ വ്യതിയാനം നേരിടാൻ ഉത്തരവാദപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.  ജനങ്ങളുടെ വിധി കൈയിൾ കൊണ്ടുനടക്കുന്ന നേതാക്കൾ അവരുടെ ക്ഷേമത്തിന് എത്രത്തോളം പ്രാധാന്യം നല്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള സമയം കൂടിയാണിത്‌. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവാതിരിക്കട്ടെ. 

ആനുകാലിക പ്രസക്തിയുള്ള ലേഖനം. 
എല്ലാ രചനയും ഒന്നിനൊന്നു മെച്ചം. 
നല്ലൊരു ലേഖനത്തിനു അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക