Image

2020ല്‍ ഞാന്‍, 2022ലും ഞാന്‍, 2024ലും ഞാന്‍ തന്നെ (അന്വേഷി)

Published on 12 September, 2018
2020ല്‍ ഞാന്‍, 2022ലും ഞാന്‍, 2024ലും ഞാന്‍ തന്നെ (അന്വേഷി)
ന്യൂയോര്‍ക്ക്: അധികാരം പിടിക്കല്‍ രാഷ്ട്രീയം തകര്‍ത്താടുകയാണ് അമേരിക്കയിലെ മലയാളി സംഘടനകളില്‍. കേന്ദ്ര സംഘടനകളായ ഫോമയും ഫൊക്കാനയും വേള്‍ഡ് മലയാളി കൗണ്‍സിലുമൊക്കെ ഇത്തരം മത്സരങ്ങളുടെ കൂത്തരങ്ങുകളാകുന്നു.

കേരളക്കരയുടെ ഭാഷയും സംസ്കാരവും മാത്രമല്ല അവിടുത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കും തനിപ്പകര്‍പ്പ് വാര്‍ത്തെടുക്കുകയാണ് ഇന്ന് അമേരിക്കന്‍ മലയാളികള്‍.

ഒരുകാലത്ത് മതാധിപത്യം അമേരിക്കയില്‍ പിടിമുറുക്കുകയാണെന്ന ജല്പനങ്ങളായിരുന്നു പൊതു പ്രവര്‍ത്തകര്‍ക്ക്. സാമൂഹ്യ ചട്ടക്കൂടുകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് തൊണ്ണു റുകളുടെ ഒടുവില്‍ ഇവിടേക്ക് ഭദ്രാസനങ്ങളുടെയും രൂപതകളുടെയും ബ്രാഞ്ചുകള്‍ തുറന്നു കൊണ്ട് നടത്തിയ പടയോട്ടം ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. പുതു തലമുറയിലേക്ക് വിശ്വാസ പാരമ്പര്യം കൈമാറുക എന്ന ഇടയ ലേഖനത്തിന്റെ ലേബലും പേറി അമേരിക്കയിലെത്തിയ അജപാലകര്‍ വിശ്വാസ വളര്‍ച്ചക്കല്ല പണപ്പിരിവിന്റെ നൂതന സമ്പ്രദായങ്ങള്‍ വികസിപ്പിക്കുന്നതിലേക്കാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് സാമൂഹ്യ നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അത് ശരിയാണ് താനും. പണപ്പിരിവ് തന്നെയാണ് പ്രധാന അജണ്ടയെന്ന് ഒരു വൈദികന്‍ പറയുന്നത് ഈ അന്വേഷി നേരില്‍ കേട്ടിട്ടുണ്ട്. ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കും അത്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയായിരുന്ന ജാക്‌സണ്‍ ഹൈറ്റ്്‌സ് പളളി വികാരി ഫാ. ജോണ്‍ തോമസാണ് ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്. “എന്തെക്കെയായാലും പണപ്പിരവ് തന്നെയാണ് ഞങ്ങള്‍ വൈദികരില്‍ എത്തപ്പെട്ടിരിക്കുന്ന ആത്യന്തിക ചുമതല; അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്നാല്‍ മതാധിപത്യത്തെ അപലപിച്ച പൊതു പ്രവര്‍ത്തകര്‍ ഒരു തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുമെന്ന് കരുതിയവരെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് സാമൂഹ്യ സംഘ ടനകളിലെ പേക്കൂത്തുകള്‍. അവിടെ സംഘടനയുടെ വലിപ്പവും ചെറുപ്പവുമൊന്നും പ്രസക്തമല്ല. എങ്ങനെ യെങ്കിലും അധികാരം കിട്ടിയാല്‍ മതി. അതിനായി പണവും കളളുമൊക്കെയായി എത്ര ചിലവാക്കാനും മടിയില്ല.
മുന്‍കൂട്ടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക എന്നതാണ് സമീപകാലത്തു കാണുന്ന ട്രെന്‍ഡ്. ഒരു ദേശീയ സംഘടനയുടെ ഇലക്ഷന്‍ കഴിഞ്ഞ് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തുടങ്ങും രണ്ടുവര്‍ഷം കഴിഞ്ഞുളള അടുത്ത നേതൃത്വത്തിലേക്കുളള സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം. അപ്പന്‍ മരിച്ച് ദഹിപ്പിക്കുന്നതിനു മുമ്പേ വസ്തുവിന്റെ പേരില്‍ പോരടിക്കുന്ന രീതിയുണ്ട് നാട്ടില്‍. അക്കാര്യത്തില്‍ നാടിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. അമേരിക്കയില്‍ ഇത്തിരി പോളിഷ്ഡ് രീതിയാണെന്നു മാത്രം. ജീവിച്ചിരിക്കുന്ന അപ്പന്റെയോ അമ്മുയുടെയോ കൈയില്‍ കാശുണ്ടെങ്കില്‍ അവരെ അമിതമായി സ്‌നേഹിക്കുക, അവരെ ആഹഌദിപ്പിക്കുക, അവരുമൊത്ത് ഡിന്നറും കഴിച്ച് സുഖമായുറക്കി നിക്ഷേപം തനിക്ക് കിട്ടുമെന്ന് ഉറപ്പു വരുത്തുക. മാതാപിതാക്കളില്‍ അപ്പന്‍ സമ്പാദ്യമില്ലാത്തവനും അമ്മ പണക്കാരിയുമാണെങ്കില്‍ നാടകത്തിന്റെ രംഗപടം മാറും. അവിടെ മക്കളും അമ്മയും ഒന്നിച്ച്. അപ്പന്‍ പുറത്ത്. എന്നാല്‍ അപ്പന്റെ കാലശേഷം അമ്മയെ അധി കം താമസിയാതെ മക്കള്‍ ഞെക്കിക്കൊന്നാണെങ്കിലും ചുടുകാട്ടിലേക്കെടുത്തോളും..

ഏതാണ്ട് ഇതുപോലെ തന്നെയാണ് സംഘടനാ നേതൃത്വത്തിലേക്കുളള പ്രഖ്യാപനങ്ങളും. ഞാന്‍ പ്രസിഡന്റ്‌സ്ഥാനാര്‍ത്ഥി എന്ന് പണമുളള ആരെങ്കിലും പ്രഖ്യാപിച്ചാല്‍ മതി ജനറല്‍ സെക്രട്ടറിയായി ഞാന്‍ എന്ന പ്രസ്താവനുയുമായി ഉടനെ ഒരു വിദ്വാന്‍ രംഗത്തു വരാന്‍. പിന്നെ ട്രഷററായി, ജോയിന്റ്‌സെക്രട്ടറിയായി, ജോയിന്റ്ട്രഷററായി.....അങ്ങനെ പൊടിപൂരം..

ഫോമയുടെ കാര്യം തന്നെയെടുക്കാം. ചിക്കാഗോയില്‍ നടന്ന കണ്‍വന്‍ഷനില്‍ ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പേ വന്നു വാഷിംഗ്ടണിലെ വിന്‍സന്റ്പാലത്തിങ്കലിന്റെ പ്രസ്താവന. 2020 ല്‍ ഫോമയുടെ പ്രസിഡന്റായി അദ്ദേഹം മത്സരിക്കുന്നു പോലും. അതായിക്കോട്ടേ... അതിനെന്താണിത്ര ധൃതി എന്നാണ് അന്വേഷിയുടെ ചോദ്യം. 2020 വരാന്‍ ഇനിയും 730 ലേറെ ദിവസങ്ങള്‍ കാത്തിരിക്കണം. അതിനു മുമ്പ് 2018 ലെ ഭാരവാഹികള്‍ ചുമതലയേറ്റോട്ടെ...അവരൊന്ന് പ്രഖാപനങ്ങള്‍ നടത്തിക്കോട്ടെ.. അല്‍പ്പമെങ്കിലും പ്രവര്‍ത്തിച്ചോട്ടെ എന്ന് അന്വേഷി പറയുമ്പോള്‍ ദീര്‍ഘ വീക്ഷണമുളള ഒരു പ്രവര്‍ത്തകന്റെ സമൂഹത്തോടുളള പ്രതിബദ്ധത എന്നൊക്കെ വിശദീകരണം വന്നേയ്ക്കാം.. അതങ്ങനെ കിടക്കട്ടെ..ഫൊക്കാനയില്‍ കാര്യങ്ങള്‍ ഇത്തരി കടന്നുപോയി. വാലിഫോര്‍ജില്‍ നടന്ന കണ്‍വന്‍ഷനില്‍ മാധവന്‍ നായര്‍ പ്രസിഡന്റായപ്പോള്‍ തോറ്റ സ്ഥാനാര്‍ത്ഥ ലീലാ മാരേട്ട് അവിടെ വച്ചു തന്നെ പ്രഖ്യാപിച്ചു 2020 ല്‍ പ്രസിഡന്റായി മത്സരിക്കാന്‍ താനുണ്ടാകുമെന്ന്. ഇനി ലീലയുടെ കാര്യത്തില്‍ 2020 ല്‍ തീരുമാനമെടുക്കാം. അവിടെയും പണിപാളിയാല്‍ 2022 എന്നൊരു വര്‍ഷം ലീലക്ക് മുന്നില്‍ നില്‍പ്പുണ്ട്..

നാട്ടിലെ രാഷ്ട്രീയത്തിന് പക്ഷേ എന്തെങ്കിലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇക്കുറി തോറ്റാല്‍ അടുത്തതവണ ജയിച്ച് എം. എല്‍.എയാകാം. പിന്നെ നാടിനു വേണ്ടി എന്ന തലക്കെട്ടില്‍ തനിക്കായി പ്രവര്‍ത്തിക്കാം. അധികാര ശ്രേണിയുടെ ഒരു ഏണിപ്പടിയുണ്ട് അവിടെ ചൂണ്ടിക്കാണിക്കാന്‍. കുറഞ്ഞപക്ഷം ജനപ്രതിനിധിയുടെ പെന്‍ഷനെങ്കിലും കിട്ടും. അതൊക്കെ ഇല്ലാതാവാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് കരുണാകര പുത്രന്‍ കെ. മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ലീഡറോട് പോരടിച്ച തിരുത്തല്‍വാദി നേതാവായ അന്തരിച്ച ജി. കാര്‍ത്തികേയന്‍ ഇങ്ങനെ പറഞ്ഞത്..”""പ്രായം മുപ്പത്തിയഞ്ച് കഴിഞ്ഞു. പി.എസ്.സി ടെസ്‌റ്റെഴുതാന്‍ പറ്റില്ല. ആയുഷ്കാലം രാഷ്ട്രീയവുമായി നടന്ന് ടെക്‌നിക്കലായി ഒന്നും പഠിച്ചുമില്ല. അതുകൊണ്ട് ഗള്‍ഫില്‍ പോകാനും പറ്റില്ല. ആകെക്കൂടി അറിയാവുന്ന് രാഷ്ട്രീയമാണ്. അതുംകൂടി ഇല്ലാതായാല്‍...?''”

അമേരിക്കയില്‍ പക്ഷേ എന്തിനാണ് ഈ ഇഛാഭംഗം എന്നാണ് മനസിലാവാത്ത്. ഫോമയുടെ, ഫൊക്കാനയുടെയോ ഭാരവാഹിയായാല്‍ എന്താണ് കിട്ടാനുളളത്. അധികാരമില്ല, സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് വകുപ്പില്ല, പെന്‍ഷനുമില്ല.. ഇങ്ങനെയൊക്കെയാണെങ്കിലും എന്തോ ഒരു സുഖം.. ചൊറിഞ്ഞെടുക്കുന്ന സുഖം..അതിനിത്ര പൊല്ലാപ്പു വേണോ...

കടപ്പാട്: മലയാളം പത്രിക 
Join WhatsApp News
അഭിപ്രായക്കാരൻ 2018-09-12 21:09:51
പ്രിയ  അന്വഷി, തല പുണ്ണാക്കണ്ട . ചുമ്മാ  ഒന്നിനും  കൊള്ളാത്ത  തത്വമില്ലാത്ത കുറെ  ചെതുക്കുകൾ  ആണ്  ഈ  ഫോമാ  ഫൊക്കാനാ  വേൾഡ്  മലയാളീ  എന്നൊക്കെ  പറഞ്ഞു  കൂവി  മത്സരിക്കാൻ പോകുന്നത് . അതുപോലെ  ബിഷപ്പ്  അച്ഛൻ  എന്നൊക്കെ  പറഞ്ഞു  കൈ  കൂപ്പി  മുത്തി  അടിമ  പള്ളികമ്മിറ്റക്കാരയും  നടക്കുന്നത് .  മുന്തിരി  ചാടിയിട്ടു  കിട്ടിയില്ല  എന്നും പറഞ്ഞു  സത്യം  പറയുന്നവരെ  കളിയാക്കുന്ന  ഒരു  രീതിയും  ഇത്തരക്കാർക്കുണ്ട് .  ഏതായാലും  അന്വഷിക്കൊരുമ്മ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക