Image

സ്വവര്‍ഗ്ഗാനുരാഗികളുടെ സ്വാതന്ത്ര്യ രതിമൂര്‍ഛയും ഭരണ-രാഷ്ട്രീയ-മതമൗലീകവാദികളുടെ ഷണ്ഡത്വവും. (ഡല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 14 September, 2018
സ്വവര്‍ഗ്ഗാനുരാഗികളുടെ സ്വാതന്ത്ര്യ രതിമൂര്‍ഛയും ഭരണ-രാഷ്ട്രീയ-മതമൗലീകവാദികളുടെ ഷണ്ഡത്വവും. (ഡല്‍ഹികത്ത് : പി.വി. തോമസ്)
 സ്വവര്‍ഗ്ഗാനുരാഗികളുടെ മറ്റ് ഭിന്നലിംഗ വര്‍ഗ്ഗക്കാരുടെയും(എല്‍.ജി.ബി.റ്റി.ക്യൂ) സ്വാതന്ത്ര്യത്തിന്റെ രതിമൂര്‍ച്ഛയായി സെപ്തംബര്‍ ആറിന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ചരിത്രപരമായ ഒരു വിധി പ്രഖ്യാപിച്ചു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെ ഭാഗീകമായി ഇല്ലാതാക്കി. പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും സ്ത്രീകളുടെയും നപുസകങ്ങളുടെയും സ്വവര്‍ഗ്ഗ ലൈംഗീകതയും ലിംഗേതര ഇണചേരലും, പരസ്പര സമ്മതത്തോടെ, നിയമ വിധേയം ആക്കി. ഇനി മുതല്‍ അവര്‍ കുറ്റവാളികള്‍ അല്ല ഇങ്ങനെയുള്ള ലൈംഗീകബന്ധത്തില്‍ ഇടപെട്ടാല്‍.
ഇതിനെ സ്വവര്‍ഗ്ഗാനുരാഗികള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ രതിമൂര്‍ച്ചയായി കൊണ്ടാടി. ഭരണ-രാഷ്ട്രീയ-മതമൗലീകവാദികളുടെ ഷണ്ഡത്വത്തിനുള്ള തിരിച്ചടിയും ആയി. രാഷ്ട്രം ഈ വിധിയെ ഭൂരിപക്ഷമായി സ്വീകരിച്ചു. ഇത് വെറും ലൈംഗീകമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം മാത്രം അല്ല. മനുഷ്യാവകാശത്തിന്റെ പ്രഖ്യാപനം ആണ്. അതാണ് സുപ്രീം കോടതി അടിവരയിട്ട് ഊന്നി പറഞ്ഞത്. പക്ഷേ, വെല്ലുവിളികള്‍ മുമ്പില്‍ ഏറെ ഉണ്ട്.

ആര് എന്ത് ഭക്ഷിക്കണമെന്നും, എങ്ങനെ വസ്ത്രധാരണം ചെയ്യണം എന്നുള്ളതും, എന്ത് ചിന്തിക്കണമെന്നും, സംസാരിക്കണം എന്നുള്ളതും, ആരുമായി എങ്ങനെ ലൈംഗീകക്രിയ നടത്തണമെന്നും ഉള്ളത് പരസ്പര സമ്മതമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ മൗലീക അവകാശം ആണ്. ചിന്തയുടെയും സ്വതന്ത്ര അഭിപ്രായത്തിന്റെയും കാര്യത്തില്‍ പ്രായപൂര്‍ത്തി പ്രശ്‌നം അല്ല. സുപ്രീം കോടതി അതിന്റെ 493 പേജ് ഉള്ള വിധിന്യായത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാനിമയത്തിലെ 377-ാം വകുപ്പ് മൗലീകാവകാശലംഘനം ആയിട്ടാണ് പ്രഖ്യാപിച്ചത്. ഒപ്പം വ്യക്തി സ്വാതന്ത്ര്യം ധ്വംസനവും. അഞ്ചംഗബഞ്ചിലെ ഒരേയൊരു വനിതാ ജഡ്ജി ആയ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു: സെക്ഷന്‍ 377 പ്രകാരം പീഡിപ്പിക്കപ്പെട്ട മനുഷ്യരോട് ചരിത്രം മാപ്പ് പറയേണ്ടതായിട്ടുണ്ട്.... ലൈംഗീകത ഒരു വ്യക്തിയില്‍ നിസര്‍ഗജമാണ്. ഒരു വ്യക്തിയുടെ അസ്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗം ആണ് ഇത്. സ്വവര്‍ഗ്ഗരതിയും, ഇതര ലൈംഗീകവേഴ്ചയും മനുഷ്യന്റെ ലൈംഗീകതയുടെ സ്വാഭാവിക പ്രകടനം ആണ്.'

 മുഖ്യ ന്യായാധിപന്‍ ദീപക് മിശ്രയും വിധി വ്യക്തമാക്കി: 'സാമൂഹ്യ ധാര്‍മ്മികതയുടെ മൂടുപടം കൊണ്ട് ഒരൊറ്റ വ്യക്തിയുടെപോലും മൗലീകാവകാശത്തെ ധ്വംസിക്കുവാന്‍ പാടില്ല. 377-ാം വകുപ്പ് എല്‍.ജെ.ബി.റ്റി. വിഭാഗത്തിനെ വിവേചിക്കുവാനും തുല്യമല്ലാത്ത പെരുമാറ്റത്തിനും ഉള്ള ആയുധമാക്കിമാറ്റിയിരിക്കുന്നു.' മറ്റ് ജസ്റ്റീസ് എ.എം.-കാന്‍ വില്ലറും, ആര്‍.എഫ്.നരിമാനും ഡി.വൈ.ചന്ദ്രചൂഡും ഒന്നടങ്കം 377-ാം വകുപ്പിനെതിരെ വിധി എഴുതി. 158 വര്‍ഷം വളരെ നീണ്ട ഒരു കാലയിളവ് ആണ് എല്‍.ജി.ബി.റ്റി. സമൂഹത്തോട് അപമാനകരമായ തിരസ്‌ക്കാരം നടത്തുവാന്‍,' ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ വിധി ന്യായത്തില്‍ വ്യക്തമാക്കി.

ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ബ്രിട്ടീഷ് സാമ്രാജത്വകാലത്തെ കാലഹരണപ്പെട്ട ഒരു നിയമം ആണ്. അതിനെ തിരുത്തുവാന്‍ 2018, സെപ്തംബര്‍ ആറുവരെ ഒരു ഇന്‍ഡ്യന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും 1990- കളിലാണ് ഉണര്‍ന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജൂഡായിസവും, ക്രിസ്ത്യാനിറ്റിയും സ്വവര്‍ഗ്ഗരിതിയെ പ്രകൃതിവിരുദ്ധ ലൈംഗീകവേഴ്ചയായി കണക്കാക്കി ശിക്ഷിച്ചിരുന്നു. 1533 ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്റെ കാലത്ത് ബഗ്ഗറി ആക്ട് നിലവില്‍ വന്നു. ലോഡ് തോമസ് മാക്കുലെ 1837-ല്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമം എഴുതി. 1862-ല്‍ അത് നിലവില്‍ വന്നു. 1967-ല്‍ ബ്രിട്ടന്‍ സ്വവര്‍ഗ്ഗരതിയെ നിയമവിരുദ്ധം അല്ലാതാക്കിയെങ്കിലും ഇന്‍ഡ്യക്ക് 2018 സെപ്തംബര്‍ വരെ കാത്തിരിക്കേണ്ടതായി വന്നു. ക്യാനഡയും(1969), അമേരിക്കയും(2003), ഫ്രാന്‍സും(1791), ബ്രസീലും(1830), റഷ്യയും(1993), നേപ്പാളും(2007), ജപ്പാനും(1860), ചൈനയും(1997), തായ്‌ലാന്റും(1956), ഓസ്‌ട്രേലിയയും(1997) സ്വവര്‍ഗ്ഗരതിയെ നിയമപരമാക്കി. മിക്ക് മുസ്ലീം രാജ്യങ്ങളിലും ഇത് നിയമ വിരുദ്ധം ആണ്. വന്‍ശിക്ഷാര്‍ഹവും ആണ്, വധശിക്ഷവരെ.

ഇന്‍ഡ്യയില്‍ 377-ാം വകുപ്പിനെതിരെയുള്ള സമരത്തിന് നീണ്ട ഒരു ചരിത്രം ഉണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഭരണകൂടവും മതവും ഇതില്‍ പങ്കാളി ആയിരുന്നില്ല. മറിച്ച് അവര്‍ എതിരായിരുന്നു.

1994-ല്‍ ഒരു ഗവണ്‍മെന്റിതര സംഘടന ദല്‍ഹി ഹൈക്കോടതിയില്‍ സമരം തുടങ്ങിവച്ചു. ഫലവത്തായില്ല. 2001-ല്‍ നാസ് എന്നൊരു എന്‍.ജി.ഓ.ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഒട്ടേറെ തിരസ്‌ക്കാരത്തിനും ഹര്‍ജ്ജിക്കും ശേഷം ഒടുവില്‍ 2009-ല്‍ ദല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗരതി നിയമവിധേയം ആക്കി. പക്ഷേ, 2013-ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി തള്ളി. 2014-ല്‍(ഏപ്രില്‍) സുപ്രീംകോടതി ഇത് വീണ്ടും പരിഗണിക്കുവാന്‍ തയ്യാറായി. അവസാനം 2018-ല്‍ ചരിത്രപരമായ വിധിയും വന്നു.
സ്വവര്‍ഗ്ഗ രതിയെ കോടതി നിയമാനുസൃതം ആക്കിയെങ്കിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രഥമം സമൂഹത്തിന്റെ നിലപാട് ആണ്. ഇന്‍ഡ്യന്‍ സമൂഹം, പ്രത്യേകിച്ചും ഗ്രാമീണ സമൂഹം, ഇന്നും സ്വവര്‍ഗ്ഗ രതിയെ അയിത്തത്തോടെ ആണ് വീക്ഷിക്കുന്നത്. അവരെ വിചിത്ര ജീവികള്‍ ആയിട്ടാണ് പൊതുസമൂഹം നോക്കി കാണുന്നത്. അവരോടുള്ള പെരുമാറ്റം സമൂഹത്തിലും കുടുംബത്തിലും അങ്ങനെ തന്നെയാണ്. ഒട്ടേറെ എഴുത്തുകാരും, ബുദ്ധിജീവികളും, സിനിമ സംവിധായകരും സ്വയം പ്രഖ്യാപിത സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ്. അവര്‍ക്ക് വലിയ പ്രശ്‌നം ഇല്ല. കാരണം അവര്‍ ജീവിക്കുന്ന സമുദായം വേറെയാണ്. വിക്രംസേട്ടും കരണ്‍ജോഹറും, റിതുപൂര്‍ണ്ണോഘോഷും എല്ലാം ഇതില്‍പെടും. പക്ഷേ, സാധാരണക്കാരായ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സാമൂഹ്യ വിലക്കിന്റെ ഒട്ടേറെ കടമ്പകള്‍ കടക്കുവാനുണ്ട്.
പിന്നെയുള്ളത് മറ്റ് നിയമകുരുക്കുകള്‍ ആണ്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം ഇന്‍ഡ്യയില്‍ അംഗീകരിച്ചിട്ടില്ല. അതിന് പ്രത്യേക വിവാഹ നിയമത്തില്‍ ഭേദഗതി വേണ്ടി വരും. കുട്ടികളെ ദത്തെടുക്കലും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നിയമാനുസൃതം അനുവദനീയം അല്ല. അവര്‍ക്ക് ഇണയുടെ സ്വത്തിലും അവകാശം ഇല്ല. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ 377-ാം വകുപ്പ് പ്രകാരം എടുത്ത് ശിക്ഷിച്ച കേസുകള്‍ വീണ്ടും വിചാരണക്ക് കൊണ്ടുവരുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ വിചാരണവിധേയമായ കേസുകള്‍ക്ക് ഈ വിധി ബാധകം ആണ്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കേരളത്തിലാണ് 377 വകുപ്പുപ്രകാരം ഏറ്റവും കൂടുതല്‍ എടുത്തിട്ടുള്ളത്. 2016-ല്‍ കേരളത്തില്‍ 207 ഗേ സെക്‌സ് കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 999 കേസുകളും. 2013-ല്‍ കേരളത്തില്‍ 159 ഗേ സെക്‌സ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടു. വിചാരണയും വിധിയും കഴിഞ്ഞിട്ടില്ലെങ്കില്‍ ഈ കേസുകളിലെ പ്രതികള്‍ക്ക് ആശ്വാസം ലഭിക്കും.

സ്വവര്‍ഗ്ഗാനുരാഗം നിയമ വിധേയം ആക്കിയ അമേരിക്കയിലും, ക്യാനഡയിലും, ഫ്രാന്‍സിലും, ബ്രിട്ടനിലും, ബ്രസീലിലും മറ്റും രാജ്യങ്ങളിലും സ്വവര്‍ഗ്ഗവിവാഹവും ദത്തെടുക്കലും മറ്റും നിയമ വിധേയം ആക്കിയിട്ടുണ്ട്. ഇനി ഇന്‍ഡ്യ അതിന് എത്രനാള്‍, വര്‍ഷം എടുക്കും? ചെതുക്കല്‍ പിടിച്ച ഭരണാധികാരികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന് കാലവിളംബമില്ലാതെ സാധിക്കുമോ? അതോ അതിനും സുപ്രീം കോടതി ഇടപെടണമോ? കാരണം ഇപ്പോള്‍ ഭരണം കോടതിയുടെ ഉത്തരവാദിത്വം ആണല്ലോ.
സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസും ഇടതുപക്ഷവും, ശിവസേനയും സ്വാഗതം ചെയ്തപ്പോള്‍ ബി.ജെ.പി. മൗനം ആണ് പാലിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘ് സ്വവര്‍ഗ്ഗ രതിയെ പ്രകൃതിവിരുദ്ധമായി കണക്കാക്കുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അതിനെ നിയമവിരുദ്ധമായി ആര്‍.എസ്.എസ്. കണക്കാക്കുന്നില്ല. അത്രയും നന്ന്. പക്ഷേ സ്വവര്‍ഗ വിവാഹത്തെ അത് അംഗീകരിക്കുന്നില്ല. മുസ്ലീം മതവും ക്രിസ്തുമതവും ഇതൊക്കെ തന്നെയാണ് പറയുന്നത്.

എന്തുകൊണ്ട് ഇവരൊന്നും കാലാനുസൃതമായി മാറുന്നില്ല? എന്തുകൊണ്ട് ഇവരൊക്കെ ഇന്നും മദ്ധ്യകാല മാനസീകാവസ്ഥ വച്ചുപുലര്‍ത്തുന്നു. കുജരാഹോ ഗുഹാഭിത്തികളില്‍ പോലും ഇവയൊക്കെ പ്രസ്പഷ്ടമായി പ്രതിഫലിച്ചിട്ടുള്ളതാണ്. എന്തിനാണ് ഇവര്‍ മനുഷ്യന്റെ മൗലീകാവകാശത്തെയും സ്വാതന്ത്ര്യത്തെയും ലൈംഗീകജീവിതക്രമത്തെയും കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത്? ആരുടെ ധാര്‍മ്മികതയാണ് ഇവര്‍ കൊട്ടിഘോഷിക്കുന്നത്. വെറും പൊയ്മുഖം മാത്രം. രാജദ്രോഹവും(സെഡഷന്‍) ഔദ്യോഗിക രഹസ്യനിയമവും(ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് 1923) തുടങ്ങി കാലഹരണപ്പെട്ട കോളനിവാഴ്ചയുടെ വാറോലകള്‍ മാറ്റണം.


സ്വവര്‍ഗ്ഗാനുരാഗികളുടെ സ്വാതന്ത്ര്യ രതിമൂര്‍ഛയും ഭരണ-രാഷ്ട്രീയ-മതമൗലീകവാദികളുടെ ഷണ്ഡത്വവും. (ഡല്‍ഹികത്ത് : പി.വി. തോമസ്)
Join WhatsApp News
Ninan Mathulla 2018-09-14 07:44:53
Homosexual behavior is not a hereditary condition but a conditioned response that can be changed at will. Many are there that changed their behavior to become normal. If society approve such behavior more and more people will opt for it. Bisexual and transgender has hereditary a part in it. The decision to include bisexual and transgender with Lesbian and Gay was a political decision to get the sympathy and benefits from bisexual and transgender. Here in America we have Minorities and Women group for benefits. By including women with minorities the benefits due to minorities are taken away and given to women thereby economic benefits went to White as their women started businesses.
From Sodom 2018-09-14 15:48:25
വേറൊരുത്തന്റെ ജനാലയിൽ കൂടി ഒളിഞ്ഞു നോക്കി അവരെങ്ങനാ സെക്സ് നടത്തുന്നത് എന്ന് നോക്കുന്നത് ബൈബിൾ പരമായി ഒരു പാപമാണ് .  മാത്രമല്ല ഇവരെ നന്നാക്കാൻ പോയി അവസാനം അതുപോലെ കാനും സാധ്യതയുണ്ട് . അതുകൊണ്ട് പാപം വിട്ടൊഴിഞ്ഞു പോക്കൊള്ളുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക