Image

ഫോമാ-ഫൊക്കാന: ഇലക്ഷനുകളിലെ കളളും പണവും (അന്വേഷി)

Published on 14 September, 2018
ഫോമാ-ഫൊക്കാന:  ഇലക്ഷനുകളിലെ കളളും പണവും (അന്വേഷി)
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളെ ഒരു കുടക്കീഴിലാക്കുമെന്ന് വീമ്പിളക്കുന്ന കേന്ദ്ര സംഘടനകളുടെ അമരത്തേക്കുളള ഇലക്ഷന്‍ പണവും മദ്യവും കൊണ്ടുളള ഒരു യുദ്ധം തന്നെയെന്നു പറയാം. പണമിറക്കാനും മദ്യമൊഴുക്കുവാനും തയാറല്ലാത്ത ഒരാളും വിശ്വമലയാളത്തിന്റെ പതാകാവാഹകരെന്നു കരുതുന്ന ഈ സംഘടനകളുടെ തലപ്പത്തെത്താന്‍ യോഗ്യരല്ല എന്ന നിലയിലേക്കായി കാര്യങ്ങളുടെ പോക്ക്.

വ്യവസായ പ്രമുഖന്‍ അന്തരിച്ച എബ്രഹാം കാഞ്ചി ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ കച്ചമുറുക്കുന്നതോടെയാണ് മദ്യം ഇലക്ഷനിലെ ഘടകമാവാന്‍ തുടങ്ങുന്നത്. ജോണിവാക്കര്‍ ബ്ലൂലേബല്‍ എന്ന മുന്തിയ ഇനം സ്‌കോച്ച് വിസ്കി മുതല്‍ പൊ ന്നും വിലയുളള വിവിധതരം ബ്രാന്‍ഡുകളാണ് വോട്ടുറപ്പിക്കാന്‍ കാഞ്ചി തന്റെ മുറിയില്‍ വിളമ്പിയത്. അക്കാലത്തൊക്കെ കണ്‍വന്‍ഷന്റെ അവസാന ദിനമാണ് ഇലക്ഷന്‍. അതുവരെ ഡെലിഗേറ്റുകളെ ആദ്യ ദിനത്തില്‍ കിട്ടിയ പിന്തുണയുമായി ഒപ്പം നിര്‍ത്താന്‍ ആദ്യമടിച്ച പെഗ്ഗിന്റെ പിന്തുടര്‍ച്ചയായി മദ്യം നല്‍കി നീറിപ്പിച്ചു നിര്‍ത്തുകയേ തരമുളളൂ. അക്കാര്യം വെടിപ്പായി തന്നെ എബ്രാം കാഞ്ചി നിറവേറ്റി. ആരൊക്കെ തന്റെ മുറിയില്‍ വന്ന് കളളടിച്ചിട്ടു പോയോ അവരെ തുടര്‍ന്നുളള നാലുദിവസവും മദ്യത്തിന്റെ നൂലിഴയാല്‍ കോ ര്‍ത്തെടുത്തു കാഞ്ചി..

ഇലക്ഷന്‍ റിസല്‍ട്ട് വന്നപ്പോഴാണ് കാര്യങ്ങള്‍ കാഞ്ചിക്കും ജനങ്ങള്‍ക്കും വെളിപ്പെട്ടത്. മുറിയില്‍ വന്ന് വെളളമടിച്ചവരുടെ കണക്കെടുത്താല്‍ നൂറ്റമ്പതോ ഇരുന്നൂറിനോ വോട്ടിന് ജയിക്കേണ്ടതാണ് കാഞ്ചി. പക്ഷേ അദ്ദേഹത്തിന് കിട്ടിയതാകട്ടെ 16 വോട്ടും. അതിലൊരു വോട്ട് അദ്ദേഹത്തിന്റേത്. ബാക്കി 15 പേര്‍ മാത്രമാണ് കാഞ്ചിക്ക് പിന്തുണയും അടിച്ച കളളിനോട് ്രപതിബദ്ധതയും കാണിച്ചത്.

പക്ഷേ മദ്യം കൊണ്ടുളള തുലാഭാരം അവിടെയും നിര്‍ത്തിയില്ല കാഞ്ചി. അടുത്ത ഇലക്ഷനില്‍ ഒരു പാനലിന്റെ പിന്തുണയില്‍ മത്സരിച്ച കാഞ്ചി പതിവുപോലെ മദ്യവും വിളമ്പി ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി സായൂജ്യം നേടി.

കാഞ്ചി കൊളുത്തിയ തീപ്പന്തം ഇന്നും കത്തുന്നുവെന്നതാണ് ഇലക്ഷനുകളിലെ തമാശ. ഇപ്പോഴത് മുന്നോ നാലോ നാള്‍ നീണ്ടുനില്‍ക്കുന്ന കാര്യമല്ല. ഒരു കണ്‍വന്‍ഷന്‍ കഴിയു മ്പോള്‍ തുടങ്ങും അടുത്ത ഇലക്ഷന്റെ ഷാംപെയ്ന്‍ പൊട്ടിക്കല്‍. അടുത്ത പ്രസിഡന്റ്‌സ്ഥാനാര്‍ത്ഥി ഞാന്‍ തന്നെ എന്നു പ്രഖ്യാപിക്കുന്ന ആള്‍ അന്നുതന്നെ മുന്തിയ മദ്യക്കുപ്പിയുടെ കഴുത്ത് കണ്ടിച്ചിരിക്കും. അന്ന് ഗ്ലാസ് മുട്ടിച്ചുളള ചിയേഴ്‌സില്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ ആദ്യഘട്ടം.

മയാമിയില്‍ 2016 ല്‍ നടന്ന ഫോമ കണ്‍വന്‍ഷനില്‍ അടുത്ത ഇലക്ഷനിലെ സ്ഥാനാര്‍ത്ഥി ഹോട്ടലിന്റെ ബാറിലേക്ക് കടന്നുവന്നത് വിശാലമായ ഒരു മനസോടെയാണ്. അപ്പോള്‍ ബാറിലുണ്ടായിരുന്നവര്‍ കുടിച്ചതിന്റെയും ഒപ്പം വന്നവര്‍ അടിച്ചതിന്റെയും മൊത്തം തുകയായി രണ്ടായിരം ഡോളറിന്റെ ചെക്കാണ് അദ്ദേഹം നല്‍കിയത്. ഞാന്‍ കുടിച്ച കളളും ഇവന്‍ കുടിച്ച കളളും അവര്‍ കുടിച്ച കളളും എല്ലാത്തിനുമായി ഇതാ പണം എന്നു പറഞ്ഞ് അദ്ദേഹം ചെക്ക് കാഷ്യര്‍ക്ക് കൈമാറി. ഓസില്‍ കളള് കിട്ടിയ എല്ലാവരും സ്ഥാനാര്‍ത്ഥിയുടെ പടയോട്ടത്തിന് പിന്തുണ അറിയിച്ചു കൊണ്ട് അച്ചാര്‍ തൊട്ടുനക്കി..

പക്ഷേ സ്ഥാനാര്‍ത്ഥി പിന്നീടാണ് അറിയുന്നത് ബാറില്‍ നടന്നത് തന്റെ ഇലക്ഷന്‍ യുദ്ധത്തിന്റെ ഭൂമിപൂജ മാത്രമാണെന്ന്. തുടര്‍ന്നങ്ങോട്ട് പ്രചാരണത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളിലെ അസോസിയേഷനുകള്‍ സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ചാക്കില്‍ കാശ് കരുതേണ്ടതിന്റെ ആവശ്യം അദ്ദേഹത്തിന് ബോധ്യപ്പെടുക. അടുത്ത കണ്‍വന്‍ഷനില്‍ വരികയും വോട്ട് ചെയ്യുകയും വേണമെങ്കില്‍ തങ്ങള്‍ക്ക് വിമാനക്കൂലിയും ഹോട്ടല്‍ മുറിയും വേണമെന്ന് ഡെലിഗേറ്റുകള്‍ നിബന്ധന വയ്ക്കുന്നു. എങ്ങനെയെങ്കിലും ഇലക്ഷനില്‍ വിജയിക്കണമെന്ന് വാശിയുളള സ്ഥാനാര്‍ത്ഥി പറഞ്ഞ നിബന്ധനകളെല്ലാം അംഗീകരിക്കുന്നു. പിന്നെയുമുണ്ട് പൊല്ലാപ്പ്. അസോസിയേഷനുകള്‍ തങ്ങളുടെ ഒരോ പദ്ധതിക്കും മുഖ്യ സ്‌പൊണ്‍സറായി സ്ഥാനാര്‍ത്ഥിയെ സമീപിക്കുന്നു. നോ പറഞ്ഞാല്‍ വോട്ട് പോകു മെന്ന് അറിയാവുന്ന സ്ഥാനാര്‍ത്ഥി പിരാകിക്കൊണ്ട് യെസ് പറയുന്നു.

ഇത്രയൊക്കെ പണമെറിഞ്ഞിട്ട് വിജയിക്കുന്ന സ്ഥാനാര്‍ത്ഥി അധികാരത്തിലെത്തുമ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കുക. ജയിക്കാന്‍ വേണ്ടി മാത്രം ഏകദേശം ഒരുലക്ഷം ഡോളര്‍ ഇതിനകം ചിലവായിരിക്കും. ഇനിയുമുളളത് കണ്‍വന്‍ഷന്‍ നടത്തിപ്പാണ്. വിജയത്തിനായി ചിലവാക്കിയ തുകയും കഴിച്ച് ബഡ്ജറ്റ് നോക്കുമ്പോള്‍ അവിടെ വിട്ടുവീഴ്ച നടത്തിയേ പറ്റൂ. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നല്‍കുമെ ങ്കിലും സ്‌പൊണ്‍സര്‍മാര്‍ പണം നല്‍കുമെങ്കിലും അതൊക്കെ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളാണ്. അതിനു മുമ്പേ കണ്‍വന്‍ഷന്‍ സെന്റര്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് പ്രസിഡന്റ് ഗാരന്റി നല്‍കിയേ പറ്റൂ..ഇലക്ഷന്‍ കാമ്പെയ്‌ന് ലക്ഷം ചിലവിട്ടവര്‍ക്ക് പിന്നെന്താണ് നീക്കിയിരുപ്പ് തുക. അതുകൊണ്ട് ഒരു തട്ടിക്കൂട്ട് കണ്‍വന്‍ഷന്‍. നാട്ടില്‍ നിന്നുളള അതിഥികളുടെ എണ്ണം കുറയ്ക്കുന്നു. ഡിന്നര്‍ വിഭവങ്ങളുടെ എണ്ണത്തില്‍ കത്രിക വീഴുന്നു.. സോഡ വേണ്ടിടത്ത് വെളളമാക്കുന്നു.. അതുപോലുളള അഡ്ജസ്റ്റ്‌മെന്റുകള്‍...

പിന്നെ അമേരിക്കന്‍ മലയാളികളുടെ പുരോഗതിക്കായി എന്നു വിശ്വസിക്കുന്ന കേന്ദ്ര സംഘടനകളുടെ തലപ്പത്തെത്താന്‍ എന്താണിത്ര മത്സരമെന്ന് ചോദിച്ചാല്‍ അതിന് നിരീക്ഷകര്‍ നല്‍കുന്ന ഉത്തരമിതാണ്. അവര്‍ക്ക് പേരിന് പിന്നില്‍ ഫൊക്കാനയുടെയോ ഫോമയുടെയോ പ്രസിഡന്റെന്ന വാല്‍ മാത്രം മതി. അതു കിട്ടിയാല്‍ അവര്‍ സംതൃപ്തര്‍. അമേരിക്കന്‍ മലയാളികളുടെ ക്ഷേമമൊക്കെ പിന്നെ ആര്‍ക്കു വേണം...ഹൂ കെയേഴ്‌സ്...
കടപ്പാട്:
മലയാളം പത്രിക 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക