Image

ഫോമാ-ഫൊക്കാന : അസോസിയേഷന്‍ എന്ന വിളവെടുപ്പ് കൃഷി (അന്വേഷി)

Published on 16 September, 2018
ഫോമാ-ഫൊക്കാന : അസോസിയേഷന്‍ എന്ന വിളവെടുപ്പ് കൃഷി (അന്വേഷി)
ന്യൂയോര്‍ക്ക്: അസോസിയേഷന്‍ മാര്‍ക്കറ്റിംഗാണ് മലയാളി സംഘടനാ രംഗത്തെ പുതിയ പ്രവണത. തട്ടിക്കൂട്ടി ഒരു അസോസിയേഷന്‍ ഉണ്ടാക്കുകയും ദേശീയ സംഘടനകളുടെ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അവയെ വച്ച് വിലപേശി പണം നേടുകയും ചെയ്യുന്ന പുതിയ തന്ത്രം അമേരിക്കന്‍ മലയാളികളുടെ സംഘടനാ പാരമ്പര്യത്തിലെ എല്ലാ മര്യാദകളെയും ലംഘിക്കുന്നതാണ്. ഇത്തരം അസോസിയേഷന്‍ ബിസിനസ് വിശാല മലയാളി സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ മലയാളികളുടെ ഒറ്റസംഘടന പിളരുകയും ഫൊക്കാന, ഫോമ എന്ന പേരുകളില്‍ രണ്ട് ദേശീയ സംഘടനകള്‍ ഉണ്ടാവുകയും ചെയ്തതാണ് തട്ടിക്കൂട്ട് അസോസിയേഷനുകള്‍ എന്ന ബിസിനസ് സാധ്യതക്ക് വഴിതുറന്നത്. ദേശീയ സംഘടനകളുടെ ഇലക്ഷന്‍ രംഗത്ത് കൃഷിയിറക്കിയാണ് തട്ടിക്കൂട്ടുകാര്‍ പണം നേടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഏതൊരാള്‍ക്കും നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസില്‍ ഒരു അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്യാം. അതിന് പ്രത്യേകിച്ച് നിയമാവലിയോ ചട്ടക്കൂടുകളോ ഉണ്ടാവില്ല. കടലാസ് രൂപത്തിലുളള ഈ സംഘടന ഫൊക്കാനയുടെയോ ഫോമയുടെയോ ഇലക്ഷനടുക്കുമ്പോഴാണ് ജീവന്‍ വയ്ക്കുന്നത്.

നിലവിലെ രീതിയനുസരിച്ച് ഒരു പ്രാദേശിക അസോസിയേഷന് ദേശീയ സംഘടനയായ ഫോമയില്‍ അംഗത്വം വേണമെങ്കില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ടായിരിക്കണമെന്നാണ് നിബന്ധന. ഫൊക്കാനക്ക് അത്തരം നിബന്ധനയൊന്നുമില്ല. എന്നാല്‍ ദേശീയ അംഗത്വത്തിനായി അപേക്ഷിക്കുമ്പോള്‍ പ്രവര്‍ത്തന പാരമ്പര്യം തലനാരിഴ കീറി പരിശോധിക്കാറില്ലെന്നതാണ് സത്യം. ഈ അവസ്ഥയാണ് തട്ടിക്കൂട്ടുകാര്‍ മുതലാക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത് രണ്ടുവര്‍ഷത്തിനു ശേഷം രജിസ്‌ട്രേഷന്‍ പുതുക്കിയെടുക്കുന്ന അസോസിയേഷന്‍ ദേശീയ അംഗത്വം അപേക്ഷ നല്‍കി നേടിയെടുക്കുന്നു. പിന്നെയാണ് ബിസിനസ് ആരംഭിക്കുക. ഒരു പ്രാദേശിക അസോസിയേഷന് ഏഴു ഡെലിഗേറ്റുകളെ ഇലക് ഷന് അയക്കാമെന്നാണ് ഫോമയുടെ ചട്ടക്കൂട്. എങ്ങനെയെങ്കിലും ദേശീയ നേതാവായി ജയിക്കണമെന്ന് ആഗ്രഹിച്ചു നടക്കുന്ന സ്ഥാനാര്‍ത്ഥിയെ ഏഴു ഡെലിഗേറ്റുകളുടെ എണ്ണം കാണിച്ച് ഇവര്‍ ചൂണ്ടയിടുന്നു. ഒരു വോട്ടിന് ഇത്ര തുക എന്നതാണ് കണക്ക്. കഴിഞ്ഞ ഇലക്ഷനില്‍ വോട്ടിന് 200 ഡോളര്‍ വച്ച് 1400 ഡോളര്‍ കൈക്കലാക്കിയ ഒരു പ്രാദേശിക അ സോസിയേഷന്‍ ഫ്‌ളോറിഡ മയാമി യിലുണ്ട്.

എന്നാല്‍ വിലപേശുന്ന അസോസിയേഷന്റെ ശക്തി അളന്നെടുക്കുമ്പോഴാണ് കാര്യങ്ങളുടെ പൊളളത്തരം ബോധ്യപ്പെടുക. മിക്കവാറും ഒറ്റയാള്‍ സംഘടനയായിരിക്കും അത്. നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മലയാളികള്‍ക്കായി ഒരു പരിപാടി പോലും കാലമിത്ര കഴിഞ്ഞിട്ടും സംഘടന നടത്തിയിട്ടുണ്ടാവില്ല. ഓണമോ, വിഷുവോ, ക്രിസ്മസ് ആഘോഷമോ പോകട്ടെ ഒരു വാര്‍ഷിക മീറ്റിംഗു പോലും നടന്നിട്ടുണ്ടാവില്ല. അങ്ങനെയും ഒരു അസോസിയേഷന്‍.

വിലപേശലിനിറങ്ങുന്ന ഒറ്റയാള്‍ സംഘടന ദേശീയ സ്ഥാനാര്‍ത്ഥിയുമായി കരാര്‍ ഉറപ്പിക്കുന്നു. ഞങ്ങളുടെ അസോസിയേഷനില്‍ ആജീവനാന്ത അംഗത്വം എന്നതാണ് ആദ്യ നിബന്ധന. അതിന് കനത്തൊരു തുക ഫീസുണ്ട്. പിന്നെ അതും ഇതുമൊക്കെയായി കുറെ സംഭാവനകളും. ഇലക്ഷന്‍ വിജയം മാത്രം സ്വപന്ം കണ്ടു നടക്കുന്നവര്‍ എല്ലാം അംഗീകരിച്ച് കരാര്‍ ഉറപ്പിക്കുന്നു.

ദേശീയ ഇലക്ഷന്‍ അടുക്കുമ്പോഴാണ് കാര്യങ്ങള്‍ വീണ്ടും കര്‍ശനമാവുന്നത്. ഡെലിഗേറ്റുകളെ സ്വന്തം കൂട്ടുകെട്ടില്‍ നിന്ന് കണ്ടെത്തുന്ന ഒറ്റയാള്‍ നേതാവ് ഇവരുടെ യാത്രാ ചിലവായും താമസ സൗകര്യത്തിനായും പിന്നെയും പണം പിടുങ്ങുന്നു. ഏഴ് ഡെലിഗേറ്റുകള്‍ വന്നോ, അവരൊക്കെ വോട്ട് ചെയ്‌തോ എന്നൊക്കെ അറിയാന്‍ സ്ഥാനാര്‍ത്ഥിക്ക് പ്രത്യേകിച്ച് പഴുതൊന്നുമില്ല.

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി നിന്ന ന്യൂയോര്‍ക്ക് തന്നെയാണ് പുതിയ ബിസിനസ് സാധ്യതക്കും തുടക്കമിട്ടത്. അസോസിയേഷനുകളുടെ എണ്ണത്തിലും അതിനാല്‍ ന്യൂയോര്‍ക്കില്‍ പൊടുന്നനെ വര്‍ധനവുണ്ടായി. മലയാളി സമൂഹത്തെ ഉദ്ധരിക്കുക എന്ന പേരില്‍ ഇരുപതോളം അസോസിയേഷനുകള്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ മിക്കതും തട്ടിക്കൂട്ട് തന്നെ. പതിനാറ് അസോസിയേഷനുകളുമായി ഫ് ളോറിഡ രണ്ടാമതുണ്ട്. ചിക്കാഗോയും ഹൂസ്റ്റണുമൊക്കെ ഈ പാത പിന്തുടര്‍ന്നു കഴിഞ്ഞു.

എന്നാല്‍ ഇതിന് വലിയൊരു ദോഷവശവുമുണ്ട്, മലയാളി സമൂഹത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പല നല്ല അസോസിയേഷനുകളും ഇലക്ഷനെ മാത്രം മു ന്നില്‍ കണ്ടുളള ദേശീയ സംഘടനകളില്‍ അംഗത്വമെടുക്കാന്‍ വിമുഖത കാണിക്കുന്നു. അതുകൊണ്ട് എന്തു പ്രയോജനം എന്നാണവരുടെ ചോദ്യം.

പണം മുടക്കി ഇലക്ഷന്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയാവട്ടെ ഇറക്കിയ പണം തിരിച്ചു പിടിക്കാനുളള തന്ത്രങ്ങള്‍ മെനയുകയായി. നാട്ടില്‍ നിന്നും അതിഥികളെ എത്തിക്കുന്നതില്‍ വരെ അയാള്‍ ബിസിസന് മുന്നില്‍ കാണുന്നു. ബിസിനസ് സെമിനാര്‍ എന്ന പേരില്‍ നാട്ടില്‍ നിന്നും എത്തുന്ന പല ബിസിനസുകാരും നേതാവിന് പണം കൊടുത്ത് വിസ സംഘടിപ്പിച്ചവരായിരിക്കും. അവരുടെ ബിസിനസ് സംരംഭങ്ങള്‍ക്ക് അമേരിക്കയില്‍ വേണ്ട ഒത്താശകള്‍ ചെ്‌യതു കൊടുത്താല്‍ വീണ്ടും കിട്ടും കമ്മിഷന്‍ ഇനത്തില്‍ നല്ലൊരു തുക. ഇങ്ങനെ തട്ടിക്കൂട്ട് അസോസിയേഷനില്‍ തുടക്കമിട്ട പണ സ്വാധീനം പല മേഖലകള്‍ കടക്കുകയാണ്. മലയാളി സംഘടനകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്രവണത കാണുന്നത്. ഇതിലെ ബിസിനസ് സാധ്യത മനസിലാക്കിയാല്‍ ഇതര സംസ്ഥാനക്കാരുടെ സംഘടനകളും ഇതേ പാത പിന്തുടര്‍ന്നേക്കാം.

ദേശീയ സംഘടനകളുടെ നിലവിലെ പ്രവര്‍ത്ത രീതിയില്‍ പൊളിച്ചെഴുത്ത് നടത്തിയാല്‍ മാത്രമേ ഈ അനാരോഗ്യ പ്രവണതക്ക് തടയിടാന്‍ കഴിയൂ എന്നാണ് വിദഗ്ധ മതം. മലയാളികളുടെ മുന്നേറ്റം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ നേതൃതത്തിലേക്ക് വരണം. പക്ഷേ പണത്തിന് മേലേ പരുന്തും പറക്കാത്ത ഇന്നത്തെ ചുറ്റുപാടില്‍ അങ്ങനെയൊക്ക പ്രതീക്ഷിക്കുകയേ തരമുളളൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക