Image

ചട്ടം (കവിത:സുരേഷ് കുറുമുള്ളൂര്‍)

Published on 17 September, 2018
ചട്ടം (കവിത:സുരേഷ് കുറുമുള്ളൂര്‍)
ഓരോ അടിയിലും
ജീവന്‍ ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു

പുറത്തും ചെവികളിലും
നഖങ്ങളിലും കമ്പിമുനകളാല്‍
ആഴത്തില്‍ മുറിവുകള്‍
വീഴ്ത്തികൊണ്ടേയിരുന്നു...

നാലുവശത്തു നിന്നും
മണ്ണില്‍ കാലുറയ്ക്കാത്ത
വിഷവിത്തുകള്‍
ആജ്ഞയനുസരിച്ച്
കിടന്നിട്ടും
അടിച്ചുകൊണ്ടേയിരുന്നു....

ചട്ടം പഠിപ്പിക്കലത്രേ..
ചട്ടം പഠിപ്പിക്കല്‍...

ഇവന്‍റെയൊക്കെ വാരിയെല്ലുകള്‍
ഇക്കയ്യില്‍
ഞെരിഞ്ഞു പൊടിയുന്നത്
മനസ്സില്‍ പകയോടെ
ഓരോ അടിയേല്ക്കുമ്പോഴും
തെളിഞ്ഞു തെളിഞ്ഞു വന്നു...

കാലമെത്ര കഴിഞ്ഞിട്ടും
കൊട്ടും കുരവയുമായി
നില്ക്കുമ്പോഴും മനസ്സില്‍
കടന്നലുകള്‍ പാറിക്കൊണ്ടേയിരുന്നു...

മസ്തകം ഉയര്‍ത്തിപ്പിടിച്ച്
കൊമ്പുകള്‍ കുലുക്കി
ഗോപുര നട ഇടിച്ചു പൊളിച്ച്
രാജശേഖരന്‍ ചങ്ങലകിലുക്കി
പുരുഷാരത്തെ തട്ടിത്തെറിപ്പിച്ച്
അലറിവിളിച്ച് പാഞ്ഞുകൊണ്ടേയിരുന്നു.....

* * * * *
പാവം, കൊച്ചുകോയിന്നന്‍റെ
ഒരു ദുര്‍വ്വിധി
മകന് ദണ്ണമിളകി വീട്ടീന്നിറങ്ങി
യോടീരിക്കുന്നത്രേ......

ഇന്നിമ്പോ അവന്‍റെ മനസ്സില്‍
ഏതു കൊമ്പനാണെന്നാവും
വിചാരം.......

ചട്ടം മറന്ന് പായുകല്ലേ....
ചട്ടമോര്‍ക്കുമ്പോള്‍
ചോദിക്കാം കുഞ്ഞേ....
നീയങ്ങു മാറിനില്ക്ക്....
ജീവനില്‍ കൊതിയുള്ളോരല്ലേ...
നമ്മളൊക്കെ........!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക