Image

മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 18 September, 2018
 മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: ഭാഷ മരിക്കുകയില്ലെന്നും മലയാള സാഹിത്യത്തെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇവിടെയുണ്ടെന്നും ഞായറാഴ്ച്ച ന്യൂയോര്‍ക്കിലെ ഓറഞ്ച് ബെര്‍ഗില്‍ നടന്ന ഇ-മലയാളി സാഹിത്യ അവാര്‍ഡ് ദാന ചടങ്ങു സാക്ഷ്യമായി. ഒരുപക്ഷെ കേരളത്തില്‍ പോലും ഭാഷയെ ഇത്രമേല്‍ സ്നേഹിക്കുന്ന സഹൃദയര്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അത്രയും വികാരവായ്പ് നിറഞ്ഞതായിരുന്നു ഓറഞ്ച് ബെര്‍ഗിലെ സിറ്റാര്‍ പാലസ് റെസ്റ്റാന്റില്‍ നടന്ന ചടങ്ങുകള്‍.

ഉച്ചയ്ക്ക് മൂന്നിന്‍ സംവാദങ്ങള്‍ക്ക് വേദിയൊരുക്കിയ ചര്‍ച്ചകളോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അവാര്‍ഡു ജേതാക്കള്‍ തന്നെ വിഷയങ്ങള്‍ അവതരിപ്പിച്ച സാഹിത്യ സമ്മേളനത്തിന് സദസ്യരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു. വിഷയം അവതരിപ്പിച്ചവരെ അനുകൂലിച്ചും എതിര്‍ത്തും ചൂടേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് ഉണ്ടായത്.

ജോര്‍ജ് തുമ്പയില്‍ ആയിരുന്നുഎംസി. സാംസി കൊടുമണ്‍, ടാജ് മാത്യു, ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി ചര്‍ച്ച നിയന്ത്രിച്ചു

ഹൃദയത്തിന്റെ ഭാഷയാണ് സര്‍ഗസൃഷ്ടികളായി രൂപപ്പെടുന്നതെന്നു ലേഖന വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനായ ജോസഫ് പടന്നമാക്കല്‍ പറഞ്ഞു. അമേരിക്കയെക്കുറിച്ചു എഴുതാന്‍ എന്തുകൊണ്ടും അര്‍ഹര്‍ അമേരിക്കയില്‍ ജീവിക്കുന്ന മലയാളി സാഹിത്യകാരാണെന്നു പറഞ്ഞ പടന്നമാക്കല്‍ അമേരിക്കയില്‍ ജീവിക്കുന്നതിനാല്‍ ഓരോ ദേശത്തിന്റെയും ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും നേരിട്ടറിയുന്ന അമേരിക്കന്‍ മലയാളികളുടെ എഴുത്തുകളായിരിക്കും കൂടുതല്‍ ഉത്തമമെന്നു കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ എഴുത്തുകാര്‍ക്ക് എന്തും എഴുതാനുള്ള സാഹചര്യമുണ്ട്. ഇവിടെ എഴുത്തുകാര്‍ക്ക് ഫത്വ ഇല്ല. ഇവിടെ ഒരു മതത്തിനും അമിത പ്രാധാന്യമില്ലെന്നും അതുകൊണ്ടു എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലേഖനങ്ങളിലും മറ്റു രചനകളിലും വായനക്കാര്‍ക്ക് മനസിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു പടന്നമാക്കല്‍ നിര്‍ദ്ദേശിച്ചു, വായനക്കാരെ നമ്മുടെ രചനകളിലേക്കു ആകര്‍ഷിക്കാന്‍ അവര്‍ക്കറിയുന്ന ഭാഷയില്‍ ലളിതമായി വേണം സൃഷ്ട്ടികള്‍ നടത്താന്‍-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പടന്നമാക്കലില്‍ന്റെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ട് സദസില്‍ നിന്ന് പ്രതികരണമുണ്ടായി. സംസ്‌കൃത ഭാഷയെ മാറ്റി നിര്‍ത്തിയാല്‍ മലയാള ഭാഷ ശുഷ്‌ക്കമാകുമെന്നു ജയപ്രകാശ് നായര്‍പറഞ്ഞു. മലയാളഭാഷയുടെ അടിസ്ഥാന ശില തന്നെ സംസ്‌കൃതമാണെന്നു പറഞ്ഞ ജയപ്രകാശ് നായര്‍ പറഞ്ഞു. നന്നായി എഴുതുന്നവര്‍ക്കു വായനക്കാരില്‍ നിന്ന് അഗീകാരം തേടിയെത്തുമെന്നും അഭിപ്രായപ്പെട്ടു.

എഴുത്തോ കഴുത്തോ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് ഇന്നത്തെ സാഹിത്യ മേഖലകളിലെ അവസ്ഥയെന്ന് മികച്ച കവിത രചനക്കുള്ള പുരസ്‌കാരം നേടിയ അബ്ദുള്‍ പുന്നയൂര്‍ക്കുളം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സാഹിത്യകാരന്മാര്‍ക്കു സാമ്പത്തികമായി ഒരിക്കലും യാതൊരു മെച്ചവുമില്ലെന്നും അവഗണ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മലയാള സാഹിത്യമെന്നോ പ്രാദേശിക മലയാള സാഹിത്യമെന്നോവേര്‍തിരിവിന്റെ ആവശ്യമില്ലെന്നും അബുദുള്‍ വ്യക്തമാക്കി.

കേന്ദ്ര- കേരള സാഹിത്യ അവാര്‍ഡുകള്‍ക്ക് പ്രവാസി മലയാളികളെ പരിഗണിക്കുന്നില്ലെന്നു സാഹിത്യത്തിനുള്ള സമഗ്ര അവാര്‍ഡിന് അര്‍ഹനായ ജോണ്‍ വേറ്റം പറഞ്ഞു. നല്ല നിലവാരമുള്ള പ്രവാസി രചനകള്‍ അക്കാഡമി അവാര്‍ഡില്‍ തഴയപ്പെടുന്ന പ്രവണത നല്ലതല്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു

അംഗീകാരത്തിനു വേണ്ടി സാഹിത്യകാരന്മാര്‍ ഒരിക്കലും എഴുതരുതെന്നു സദസില്‍ നിന്ന് പ്രതികരണമുണ്ടായി. നിങ്ങള്‍ അത്മാര്‍ത്ഥമായി എഴുതുന്നത് വായനക്കാര്‍ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരം.

വിചിത്രമായ കപ്പല്‍ യാത്രക്കാരെപ്പോലെയാണ് വായനക്കാരും അവരുടെ പ്രതികരണവുമെമെന്നും ജനപ്രിയഎഴുത്തുകാരനുള്ള പുരസ്‌കാരം നേടിയ കോരസണ്‍ വര്‍ഗീസ് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ് മലയാളി വായനക്കാര്‍. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ അതിനെ കുറച്ചു കാട്ടാനും താറടിച്ചു കാട്ടാനും ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണെന്ന് അമേരിക്കന്‍ മലയാള സാഹിത്യ തറവാട്ടിലെ മുത്തശ്ശിയായ സരോജം വര്‍ഗീസ് പറഞ്ഞു. 1991 ല്‍ അമേരിക്കയില്‍ നിന്ന് ലഭിച്ച ഒരു പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയുടെ പുനര്‍ പ്രസിദ്ധികരണത്തിനു കേരളത്തില്‍ നിന്ന് 2003 ല്‍ മറ്റൊരു പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് തന്‍ കാശു കൊടുത്തു സംഘടിപ്പിച്ചതാണെന്ന ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചതായി അവര്‍ പറഞ്ഞു.

പി.ടി. പൗലോസ് എന്ന എഴുത്തുകാരന്റെ പ്രതികരണം ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. ശ്രീനാരായ ഗുരുവിന്റെ ജാതിവ്യവസ്ഥകള്‍തീതമായുള്ള യുക്തി ചിന്തകളെ അടിസ്ഥാനമാക്കി താന്‍ എഴുതിയ ഒരു ലേഖനത്തിനു ഒരു പ്രമുഖ വ്യക്തി ലേഖനം വായിച്ചുപോലും നോക്കാതെ എഴുതിയ പ്രതികരണം കണ്ടു അമ്പരന്നു പോയെന്നു പൗലോസേ പറഞ്ഞു. താന്‍ ശ്രീനാരായണ ഗുരുവിനെ യുക്തിവാദിയാക്കിയെന്നാണ് പ്രതികരണക്കോളത്തിലൂടെ ആ പ്രമുഖ വ്യക്തി പ്രതികരിച്ചത്. എന്നാല്‍ മറ്റെല്ലാവരും തന്റെ വേറിട്ട ചിന്തകളിലൂടെ രചിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രോത്സാഹിക്കുകയും ചെയ്തപ്പോള്‍ ഇദ്ദേഹം ലേഖനം വായിക്കുക പോലും ചെയ്യാതെ അവഹേളിക്കുകയായിരുന്നു.

എന്നാല്‍ മറ്റുള്ളവര്‍ എല്ലാവരും പൗലോസിന്റെ ലേഖനത്തെ അഭിനന്ദിക്കുകയും ആ പ്രമുഖ വ്യകതി മാത്രം വിമര്‍ശിക്കുകയും ചെയ്തുവെങ്കില്‍ അയാള്‍ സ്വയം അപമാനിതന്‍കുകയാണ് ചെയ്തതെന്ന് മേഡറേറ്റര്‍ ആയിരുന്ന ഫ്രാന്‍സിസ് തടത്തില്‍ അഭിപ്രായപ്പെട്ടു. അയാള്‍ വായിക്കാതയാണു കമന്റ് എഴുതിയതെന്നു മറ്റുള്ളവര്‍ മനസിലാക്കികാണുമ്പോള്‍ അയാളുടെ മാന്യതയുടെ മുഖം മൂടി പൊളിയുകയായിരുന്നുവെന്നും ഫ്രാന്‍സിസ് തടത്തില്‍ പറഞ്ഞു.

നാട്ടില്‍ നിന്ന് പണം കൊടുത്തു എഴുതിച്ചു സ്വന്തമായി ഏതെങ്കിലും സംഘടന തല്ലിക്കൂട്ടി അതിന്റെ പേരില്‍ അവാര്‍ഡ് വാങ്ങി പത്രങ്ങളില്‍ കൊടുത്തു ആളാകുന്നവരും അമേരിക്കയില്‍ ഉണ്ടെന്ന കാര്യം അവഗണിക്കാനാവില്ലെന്നു ബാബുപാറക്കല്‍ പറഞ്ഞു.

ജീവജാലങ്ങള്‍ക്കു പ്രാണവായുവെന്ന പോലെയാണ് സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ. നന്ദകുമാര്‍ ചാണയില്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് ഇന്ന് സാഹിത്യ മേഖല കടന്നു പോകുന്നത്. ജോസഫ് സാറിന്റെ കൈ വെട്ടിയ നാട്ടില്‍ മീശ എന്ന നോവല്‍ എഴുതിയ ഹരീഷിന് മാതൃഭൂമി വാരികയില്‍ നിന്ന് നോവല്‍ പിന്വലിക്കേണ്ട സ്ഥിതിയിലാണ് എത്തിയത്. പദ്മാവതി സിനിമയുടെ പേരില്‍ മാത്രം ചെറിയ മാറ്റം വരുത്തിയപ്പോള്‍ ആ സിനിമയുടെ മത വികാരം വ്രണപ്പെടാതാകുന്നതെങ്ങനെയാണ്?

ഇതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം മാത്രമാണ്-നിരൂപണത്തിനുള്ള അവാര്‍ഡ് ജേതാവായ ഡോ. നന്ദകുമാര്‍ പറഞ്ഞു. ഇവിടെ സ്വയം നിയത്രണമാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു സദസില്‍ നിന്നു പ്രതികരിച്ച എഴുത്തുകാരികൂടിയായ നിര്‍മലക്കു പറയാനുണ്ടായിരുന്നത്.

അമേരിക്കന്‍ മലയാളികള്‍ക്ക് എന്തും എഴുതാമെന്നത് വെറുതെയാണെന്നു ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റ് ലൈസി അലക്സ് പറഞ്ഞു. രചനകള്‍ വായനക്കാരുടെ മനസില്‍ തീ കോരിയിടുന്നതായിരിക്കണമെന്ന് ജോസ് ചെരിപുറം പറഞ്ഞു. മഹാന്മാര്‍ സത്യം പറയുക വഴി ക്രൂശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ധൈര്യമായി എഴുതുകയാണ് വേണ്ടത്, ജോസ് ചൂണ്ടിക്കാട്ടി
 മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍) മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍) മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍) മൃത്യുഞ്ജയനായി മലയാള ഭാഷ: സാഹിത്യ ചര്‍ച്ച അവിസ്മരണീയമായി (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക