Image

പ്രവാസിയുടെ ദുഖം എഴുതേണ്ടത് പ്രവാസി തന്നെ: ജോസഫ് പടന്നമാക്കല്‍

Published on 18 September, 2018
പ്രവാസിയുടെ ദുഖം എഴുതേണ്ടത് പ്രവാസി തന്നെ: ജോസഫ് പടന്നമാക്കല്‍

പ്രിയപ്പെട്ട സുഹൃത്തുക്കളെ വിശിഷ്ട്ട അതിഥികളെ

എന്റെ പേര് ജോസഫ് പടന്നമാക്കല്‍. ന്യൂയോര്‍ക്കില്‍ റോക്ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്നു.

ഇ-മലയാളിയുടെ ഈ സമ്മേളനത്തില്‍ പങ്കു ചേരാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷം ഉണ്ട്. കേരളത്തിന്റെ തനതായ കലകളെയും സംസ്‌കാരങ്ങളെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന ഈ പത്രം തികച്ചും അഭിനന്ദനീയം തന്നെ. ഇതിലെ പ്രവര്‍ത്തകര്‍ക്ക് എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.

ഇ-മലയാളീ അവാര്‍ഡ് സ്വീകരിക്കുന്നതു വഴി ഞാന്‍ ഇന്ന് അഭിമാനാര്‍ഹനായിരിക്കുന്നു. അത്യധികം ആദരിക്കപ്പെട്ട ഈ അവാര്‍ഡ് എളിമയോടെ ഞാന്‍ സ്വീകരിക്കട്ടെ. മറ്റു അവാര്‍ഡ് നേടിയവരോടൊപ്പവും എന്റെ സന്തോഷം ഞാന്‍ പങ്കിടുന്നു. സാഹിത്യ ലോകത്തിന് അതുല്യമായ സംഭാവനകളാണ് അവര്‍ നല്‍കിയിരിക്കുന്നത്.

ഇ-മലയാളീ ടീമിന് എന്റെ സവിശേഷമായ നന്ദി രേഖപ്പെടുത്തട്ടെ. പ്രത്യേകിച്ച് പത്രാധിപരായ ശ്രീ ജോര്‍ജ് ജോസഫ്, അങ്ങേയ്ക്ക് എന്റെ വക വലിയ ഒരു സല്യൂട്ടുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി, ലേഖകനായി എന്നെ തിരഞ്ഞെടുത്ത എല്ലാ വായനക്കാര്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകളുമുണ്ട്. തീര്‍ച്ചയായും എന്നെ പിന്താങ്ങിയ സുഹൃത്തുക്കള്‍ക്കും ഇവിടെ സന്നിഹിതരായിരിക്കുന്ന ഏവര്‍ക്കും പ്രത്യേക നന്ദിയുമുണ്ട്. എന്നെ മുമ്പോട്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നതും ഈ ആദരവ് തന്നെയാണ്.

വിഷയത്തിലേക്ക് കടക്കട്ടെ. 'മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരുമായി അമേരിക്കന്‍ മലയാളി എഴുത്തുകാരെ പരിഗണിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതിനു എന്ത് കാരണം നിങ്ങള്‍ കാണുന്നു.' ഇ-മലയാളി ചോദിച്ച ചോദ്യമാണ്, ഇത്.

ഒരേ ഭാഷയുടെ ഒരേ സംസ്‌ക്കാരത്തിന്റെ മക്കളായ അമേരിക്കന്‍ മലയാളി എഴുത്തുകാരെ മുഖ്യധാര മലയാളി എഴുത്തുകാര്‍ക്കു അംഗീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് അവരുടെ പ്രശ്‌നം. മറ്റൊരു കൂട്ടര്‍ പെണ്ണെഴുത്തെന്നു പറഞ്ഞു സ്ത്രീകളുടെ എഴുത്തിനെ പുച്ഛിക്കുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തില്‍നിന്ന് വേറിട്ട് അമേരിക്കന്‍ മലയാള സാഹിത്യമെന്നുണ്ടെന്നു തോന്നുന്നില്ല. അക്കാര്യം മനസിലാക്കാന്‍ സാഹിത്യം എന്താണെന്നുള്ളതിന്റെ ലളിതമായ നിര്‍വചനം മാത്രം ഒന്ന് ചിന്തിച്ചാല്‍ മതിയാകും. സാഹിത്യം എന്നാല്‍ പദങ്ങള്‍ ഒത്തു ചേര്‍ന്ന ഒരു ഭാഷ (group of works of words), അമേരിക്കന്‍ മലയാള സാഹിത്യം ഈ നിര്‍വചനത്തിന് വെളിയില്‍ അല്ല. അവിടെ വേര്‍തിരിവിന്റെ ആവശ്യമില്ല.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ക്ക് വല്യേട്ടന്‍ മനോഭാവം ഉണ്ടെങ്കിലും ഒരു അളവ് വരെ അമേരിക്കന്‍ എഴുത്തുകാരെയും പരിഗണിക്കുന്ന ട്രെന്‍ഡ് തുടങ്ങിയെന്നാണ് തോന്നുന്നത്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പലരെയും നാട്ടില്‍ പുരസ്‌ക്കാരം നല്‍കി ബഹുമാനിക്കുന്നതായും അറിയാന്‍ സാധിച്ചു. ബുക്നര്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത 'രതി ദേവി' ഇന്ന് അമേരിക്കന്‍ എഴുത്തുകാരിയാണ്. അറബിയുടെ കീഴില്‍ അടിമപ്പണി എടുക്കുന്ന മലയാളികളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതാണ് ബന്യാമിന്റെ ആട് ജീവിതം. അതിലെ കഥാപാത്രങ്ങളും കഥയും മുഖ്യധാരാ മലയാള സാഹിത്യത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്നു. അവിടെ ഒരു എഴുത്തുകാരന്റെ വികാരങ്ങളും ഭാവനകളും അനുഭൂതികളും വിദേശത്തുനിന്നും ലഭിച്ചതാണ്. ബന്യാമിന്റെ അനുഭവ ചിന്തകള്‍ മുഖ്യധാരാ സാഹിത്യം അംഗീകരിച്ചിട്ടുള്ളതും അമേരിക്കന്‍ മലയാള എഴുത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണ്. പോരാഞ്ഞ് അമേരിക്കയില്‍ നടത്തുന്ന സാഹിത്യ സമ്മേളനങ്ങളില്‍ സംബന്ധിക്കാന്‍ കേരളത്തില്‍ നിന്നുമുള്ള എഴുത്തുകാര്‍ക്ക് വലിയ ഉത്സാഹമാണ്. അതിന്റെ അര്‍ത്ഥം നാട്ടിലുള്ള പ്രമുഖ എഴുത്തുകാര്‍ അമേരിക്കന്‍ എഴുത്തുകാരെയും അവരോടൊപ്പം പരിഗണിക്കുന്നുണ്ടോയെന്നും അറിയില്ല.

സാഹിത്യം എന്നാല്‍ പദ്യമാകാം, നാടകമാകാം, നോവലാകാം. അമേരിക്കയില്‍ നിന്ന് എഴുതിയാലും തൃശൂരില്‍ നിന്ന് എഴുതിയാലും കോട്ടയത്തു നിന്നെഴുതിയാലും ഒരേ ഭാഷ, ഒരേ സംസ്‌ക്കാരം തന്നെയാണ്. തൃശൂര്‍ മലയാളം, കോട്ടയം മലയാളം അമേരിക്കന്‍ മലയാളം എന്ന് വേര്‍തിരിക്കേണ്ട ആവശ്യമില്ല. മുഖ്യധാരാ മലയാളത്തിലും അമേരിക്കന്‍ മലയാളത്തിലും ഗ്രാമറും വാക്കുകളുടെ ഘടനയും ഒരുപോലെ. പദ്യങ്ങള്‍ക്ക് ഒരേ അലങ്കാരവും വൃത്തവും. ഭാഷയുടെ പുരോഗതിക്കുള്ള ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍ എല്ലാം കേരളത്തില്‍ മാത്രം. ഒരേ നിയമത്തില്‍ പോവുന്ന ഒരു ഭാഷയെ അമേരിക്കനെന്നും മുഖ്യധാരായെന്നും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കും.

കേരളത്തിലെ എഴുത്തുകാര്‍ അമേരിക്കയിലെ എഴുത്തുകാരെയുള്‍പ്പടെ പ്രവാസികള്‍ എന്നാണ് വിളിക്കുന്നത്. പ്രവാസിത എന്ന് പറഞ്ഞാല്‍ നാട് കടത്തപ്പെട്ടവരെന്നാണ്. ബ്രിട്ടീഷുകാര്‍ കുറ്റക്കാരായവരെ ആന്ഡമാനിലേക്ക് നാടുകടത്തുമായിരുന്നു. അവര്‍ അവിടെ പ്രവാസികളായിരുന്നു. അതിനു തത്തുല്യമായ പ്രവാസിയെന്നു അമേരിക്കന്‍ മലയാളിയും അറിയപ്പെടുന്നു. ചിലര്‍ പ്രവാസി എന്ന ഓമനപ്പേര് അഭിമാന പൂര്‍വ്വമായിട്ടാണ് കരുതുന്നത്. സാഹിത്യത്തെയും അവര്‍ വേര്‍തിരിച്ചിരിക്കുകയാണ്. മലയാള സാഹിത്യത്തില്‍ നിന്നും അവരെ വേര്‍പെടുത്തി അവരുടെ സാഹിത്യ രചനകളെ പ്രവാസി സാഹിത്യമെന്നാക്കി. മലയാളത്തില്‍ സാഹിത്യം അല്ലെങ്കില്‍ പ്രവാസി സാഹിത്യം എന്ന രണ്ടെന്ന സാഹിത്യമില്ല. സാഹിത്യമൊന്നേയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെ വേറിട്ട് കാണണമെങ്കില്‍ അമേരിക്കന്‍ എഴുത്തുകാര്‍ എന്ന് പറഞ്ഞുകൊള്ളൂ. അവരുടെ തൂലികയില്‍ നിന്ന് വരുന്നതും മലയാള സാഹിത്യം തന്നെയാണ്.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരെപ്പറ്റി പറയുമ്പോള്‍ ക്ളാസിക്കല്‍ എഴുത്തുകാരെപ്പറ്റിയാണെങ്കില്‍ ഞാന്‍ ഒന്നും പ്രതിപാദിക്കുന്നില്ല. ഇന്നുള്ള എഴുത്തുകാരെപ്പറ്റിയാണെങ്കില്‍ അവരുടെ എഴുത്തുകള്‍ക്കൊന്നും പഴങ്കാലത്തിലെപ്പോലെ ആത്മാവില്ല. അസ്തിത്വം മാത്രമേയുള്ളൂ. അതിന് കാരണങ്ങളുമുണ്ട്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം വരണ്ട സസ്യ ലതാതികളും പൂക്കളും മാത്രം. ഇന്ന് വീണു കിടക്കുന്ന പൂവിന് സൗന്ദര്യമില്ല. സൗരഭ്യമില്ല. ആസ്വാദിക്കാന്‍ മുഖ്യധാരാ എഴുത്തുകാര്‍ക്ക് സമയവുമില്ല. യാന്ത്രിക യുഗത്തില്‍ ജീവിക്കുന്ന കവിയുടെ ഹൃദയസൗന്ദര്യം മുഴുവനായി നശിച്ചു പോയി. ഒരു കവിയാണെങ്കിലും അവന്റെ ജീവിതം ഒരു യന്ത്രം പോലെയാണ്. കവിത യാന്ത്രിക യുഗത്തിലെയും.

ഇന്ന് മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ സാഹിത്യമെന്നു കരുതുന്നത് നോവലും കവിതകളും മാത്രമാണ്. അതുതന്നെ ജീവിതവുമായി പൊരുത്തപ്പെടാത്ത ചപ്പു ചവറുകളാണ് കൂടുതലും. ചില സഞ്ചാര സാഹിത്യം ഉണ്ടെങ്കിലും അവരുടെ പുസ്തകങ്ങളിലൊന്നിലും ആ രാജ്യങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ആത്മാവ് ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുന്ന ഒരു എഴുത്തുകാരനു മാത്രമേ നമ്മുടെ കണ്ണുനീരിനെയും കഷ്ടപ്പാടുകളെയും ദൈനം ദിന ജീവിതത്തിലുള്ള ഏറ്റുമുട്ടലുകളെപ്പറ്റിയും കടലാസില്‍ പകര്‍ത്താന്‍ സാധിക്കുള്ളൂ. അത് കവിതയാകാം. കഥയാകാം, നര്‍മ്മമാകാം. അവിടെ ആ കൃതികളില്‍ ഹൃദയത്തിന്റെ ഭാഷയുണ്ട്. അവിടെ അവന്റെ ഭാഷ കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ അവിടെ മുഖ്യധാരന്‍ എഴുത്തുകാരില്‍നിന്നും ശ്രദ്ധിക്കപ്പെടാതെയും വരുന്നു.

കേരളത്തിലെ എഴുത്തുകാരില്‍ ഒരു വിശേഷത കാണുന്നു. അവര്‍ക്ക് അവാര്‍ഡ് കരസ്ഥമാക്കണം. സ്വന്തം പേര് പ്രസിദ്ധമാകണം. അതിനായി മറ്റൊരുവന്‍ കവിയല്ലെന്നുള്ള സാഹ്യത്യ കൃതികളും എഴുതും. 'ഞാന്‍ ഞാന്‍' എന്ന ചിന്ത മാത്രം. കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാര്‍ വായനക്കാരുടെ ചിന്താഗതികള്‍ക്കനുസരിച്ചല്ല എഴുതുന്നത്. അവര്‍ക്ക് രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്തണം. സ്വന്തം മതത്തെ തൃപ്തിപ്പെടുത്തണം. അവിടെ ഭൂരിഭാഗം എഴുത്തുകാരും സങ്കുചിത ചിന്താഗതിക്കാരാണ്. അതേ സമയം അമേരിക്കന്‍ മലയാളീ എഴുത്തുകാര്‍ക്ക് കേരള സാഹിത്യകാരന്മാരുടെ ചിന്താഗതികള്‍ക്കനുസരിച്ച് പോകുവാന്‍ സാധിച്ചെന്നിരിക്കില്ല. അവര്‍ക്ക് ഒരു രാഷ്ട്രീയക്കാരന്റെയോ മതത്തിന്റെയോ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കാതെ എഴുതാന്‍ സാധിക്കും. ഇങ്ങനെയുള്ള ആശയ സമരങ്ങളും പോരാട്ടങ്ങളും കാരണം കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാര്‍ക്ക് അമേരിക്കന്‍ എഴുത്തുകാരെ അംഗീകരിക്കാന്‍ സാധിക്കാതെ വന്നേക്കാം.

മനുഷ്യന്‍ സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ആ സ്വാതന്ത്ര്യത്തിനു തടസം വന്നാല്‍ അവന്‍ പ്രതികരിക്കും. അമേരിക്കന്‍ മലയാളിക്ക് എന്തും എഴുതാന്‍ സ്വാതന്ത്ര്യമുണ്ട്. മറിച്ച് മുഖ്യധാരാ മലയാളത്തില്‍ ആ സ്വാതന്ത്ര്യം ലഭിക്കില്ല. മതത്തെ വിമര്‍ശിച്ചാല്‍ അവിടെ ഉടന്‍ ഫത്വ പ്രഖ്യാപിക്കുകയായി. മാതാ ഹരിയെപ്പറ്റി മനോരമയില്‍ ലേഖനം വന്നപ്പോള്‍ അത് ബ്ലാസ്പ്പമിയായി. ഫ്രഞ്ച് വിപ്ലവത്തില്‍ ബ്രിട്ടീഷ് ചാരയെന്ന് മുദ്ര കുത്തി വെടി വെച്ചുകൊല്ലാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു മാതാ ഹരി. മാതാ ഹരി യുടെ ഛായാചിത്രം ക്രിസ്തുവിനെ അവഹേളിക്കുന്നുവെന്നുപോലും. അവരുടെ മാറിടം കാണിച്ചുകൊണ്ടുള്ള അന്ത്യത്താഴം ക്രിസ്തുവിനെ അപഹസിക്കുന്നുവെന്നായിരുന്നു പരാതി. സുപ്രസിദ്ധമായ കലാമൂല്യങ്ങളെപ്പോലും ബ്ലാസ്പ്പമ്മി പ്രഖ്യാപിക്കുന്നതിനാല്‍ എഴുത്തുകാര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കാതെ വരുന്നു. കുറേക്കാലം മുമ്പ് കേരളത്തിലാകമാനം ക്രിസ്തുവിന്റെ ആറാംപ്രമാണത്തില്‍ അവിടെ ഒച്ചപ്പാട് ഉണ്ടാക്കിയെങ്കിലും അമേരിക്കന്‍ മലയാളിക്ക് ഏഴാം പ്രമാണത്തിനപ്പുറവും എഴുതാന്‍ സാധിക്കും. ഈ വൈരുദ്ധ്യങ്ങളും കേരളസാഹിത്യകാരന്മാര്‍ക്ക് ഇവിടുത്തെ എഴുത്തുകാരെ അംഗീകരിക്കാന്‍ സാധിക്കാതെ വരുന്നു.

കേശവദേവിന്റെ 'ഓടയില്‍ നിന്നിലെ' കഥയില്‍ ലൈംഗിക ചുവയുണ്ടെന്നു പറഞ്ഞു പള്ളിയും പുരോഹിതരും നടത്തിയ സമര ജാഥകളും ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ ഗൗനിക്കാത്ത അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെ വ്യത്യസ്ത ചിന്താഗതികളും കേരളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നു. അവര്‍ അതുമൂലം അമേരിക്കന്‍ മലയാളി എഴുത്തുകാരോട് നീരസം പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ പരിഗണിക്കാതെ വരുകയോ ചെയ്‌തേക്കാം.

കേരളത്തിലെ എഴുത്തുകാര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെട്ട വസ്തുതകളൊന്നും എഴുതാന്‍ ആഗ്രഹിക്കില്ല. പലരും ചിന്തിക്കുന്നത് എഴുത്തില്‍കൂടി പ്രസിദ്ധനാകണം. അവാര്‍ഡ് നേടണം. അതിനായി എത്ര പണം മുടക്കിയും അവര്‍ ശ്രമിക്കും. സ്വജന പക്ഷാപാതം സാധാരണമെന്ന് മുഖ്യധാരാ കേരള സാഹിത്യകാരന്മാര്‍ തന്നെ സമ്മതിച്ചിട്ടുളള വസ്തുതയാണ്. അവിടെ രാഷ്ട്രീയവും മതവും സ്വാധീനവും ഒരുപോലെ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കും. സ്വാധീനിക്കേണ്ടവരെ സ്വാധീനിച്ചും അവാര്‍ഡ് കരസ്ഥമാക്കാന്‍ ശ്രമിക്കും. അങ്ങനെയുള്ള സുനിശ്ചിതമായ ഒരു അവാര്‍ഡ് തീരുമാനത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരെ അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. അവരെ തഴയുകയും ചെയ്യും.

ഇ-മലയാളിയുടെ അവാര്‍ഡ് ഒന്ന് ചിന്തിക്കൂ. ഈ അവാര്‍ഡ് നിശ്ചയം, എഴുത്തുകാരെ തിരിച്ചുവ്യത്യാസമില്ലാതെ നൂറു ശതമാനവും അവരുടെ ജൂറിയുടെ തീരുമാനത്തിലായിരുന്നു. ഇങ്ങനെയുള്ള മനസ്ഥിതിയോടെ കറയില്ലാത്ത ഒരു സാഹിത്യസദസ്സ് കേരളത്തിലെ സാഹിത്യ ലോകത്ത് സ്വപ്നത്തില്‍പ്പോലും കാണാന്‍ സാധിക്കില്ല. അവിടെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ തഴയപ്പെടാനേ സാധ്യതയുള്ളൂ.

ചില മുഖ്യധാരാ എഴുത്തുകാര്‍ അഭിമാനത്തിന്റെ പ്രതീകമായി കട്ടിയുള്ള സംസ്‌കൃത പദങ്ങള്‍ മലയാളത്തില്‍ കുത്തിക്കേറ്റാന്‍ ആഗ്രഹിക്കുന്നത് കാണാം. സംസ്‌കൃതം ഇന്‍ഡോ ആര്യന്‍ ഭാഷയായി കാണുന്നു. അത് ആഢ്യബ്രാഹ്മണരുടെയും പൂജാരികളുടെയും ഭാഷയായിരുന്നു. അതൊരിക്കലും സംസാര ഭാഷയായിരുന്നില്ല. ജനകീയമായിരുന്നില്ല. ഒരു എഴുത്തുകാരന്‍ വായനക്കാരനു മനസിലാകുന്ന ഭാഷയില്‍ എഴുതണം. സംസ്‌കൃത ഡിക്ഷ്ണറിയുമായി വന്നു ഒരാളിന്റെ രചന വായിക്കാന്‍ ആരും മെനക്കെടണമെന്നില്ല. ഒരു പക്ഷെ അമേരിക്കന്‍ എഴുത്തുകാരില്‍ ഭൂരിഭാഗം പേര്‍ക്കും സംസ്‌കൃതത്തില്‍ പ്രാവിണ്യം ഇല്ലാത്തതും മുഖ്യധാര എഴുത്തുകാര്‍ അവരെ പരിഗണിക്കാത്ത കാരണമാകാം.

അമേരിക്കന്‍ എഴുത്തുകാരെ സംബന്ധിച്ച് അവരുടെ ഭാഷ കൂടുതല്‍ ജനവല്‍ക്കരിച്ചതാണ്. ഇവിടുത്തെ ഭൂരിഭാഗം എഴുത്തുകാരുടെയും ഭാഷ ഹൃദ്യമാണ്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലാണ്. അമേരിക്കന്‍ എഴുത്തുകാര്‍ ലോകം കണ്ടവരാണ്. അമേരിക്കന്‍ മലയാളിയുടെ ഹൃദയത്തുടിപ്പുകള്‍ ഇവിടെ ജീവിതം പടുത്തുയര്‍ത്തിയവര്‍ക്കു മാത്രമേ കാണാന്‍ സാധിക്കുള്ളൂ. നാട്ടിലെ എഴുത്തുകാര്‍ തനിക്കു മീതെ ലോകം എന്ന് ചിന്തിക്കുന്നു. അമേരിക്കന്‍ എഴുത്തുകാര്‍ അങ്ങനെ ചിന്തിക്കാറില്ല. അവര്‍ ലോകം കണ്ടവരാണ്. ഈ വൈരുധ്യങ്ങളും അമേരിക്കന്‍ എഴുത്തുകാരെ മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും വേറിട്ടു ചിന്തിക്കുന്നതിനു കാരണമാകാം.

ഒരു പക്ഷെ മുഖ്യധാരാ എഴുത്തുകാരുടെ ഗ്രാമവും ഗ്രാമഭംഗിയും അവര്‍ ഭംഗിയായി എഴുതുമായിരിക്കും. എന്നാല്‍ അതിലും മെച്ചമായി അമേരിക്കന്‍ മലയാളിക്ക് അവന്‍ ജനിച്ചു വളര്‍ന്ന ഗ്രാമവും ഗ്രാമത്തിലെ പശുക്കളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും അതിന്റെ മനോഹാരിതയും എഴുതാന്‍ സാധിക്കും. അമേരിക്കയില്‍ ജീവിക്കുന്ന ഒരോ മലയാളിയുടെ മനസിലും അവന്റെ സ്വപ്ന ഭൂമിയുണ്ട്. അമേരിക്കന്‍ മലയാളിയുടെ അന്നത്തെ ഗ്രാമീണര്‍ നിഷ്‌കളങ്കരായ കര്‍ഷകരായിരുന്നു. എന്നാല്‍ കേരളത്തിലെ എഴുത്തുകാര്‍ ഇന്ന് ജീവിക്കുന്നത് വ്യത്യസ്തമായ ഒരു കാലഘട്ടത്തില്‍ക്കൂടിയാണ്. കാലം പല ഗ്രാമങ്ങളെയും വിഷതുല്യമാക്കി. അവിടെയുള്ള ചില എഴുത്തുകാരുടെ പേനയിലും ചില സമയങ്ങളില്‍ വിഷക്കറകള്‍ കാണാം. അവര്‍ അമേരിക്കന്‍ എഴുത്തുകാരെ തരം താഴ്ത്താന്‍ ശ്രമിക്കുന്നു. അവരുടെ 'അജ്ഞത' അവിടെ പ്രകടമാക്കുകയും അമേരിക്കന്‍ എഴുത്തുകാരുടെ ചിന്താഗതികളില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ എഴുത്തുകാരെ മുഖ്യധാരാ എഴുത്തില്‍ നിന്നും മാറ്റി നിറുത്തുകയും ചെയ്യുന്നു.

എല്ലാ തൊഴിലിനും മാഹാത്മ്യമുണ്ടെന്ന് ഈ നാട്ടില്‍ വന്നാണ് നമ്മള്‍ പഠിച്ചത്. നമ്മുടെ കഷ്ട്ടപ്പാടുകളും കുടുംബം പടുത്തുയര്‍ത്തിയതും, സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും രക്ഷപെടുത്തിയതും ശരിയായി കടലാസില്‍ പകര്‍ത്തുമ്പോള്‍ അത് അമേരിക്കന്‍ ജീവിതത്തെ സ്പര്‍ശിക്കുന്ന സാഹിത്യമാകും. അങ്ങനെയുള്ള അമേരിക്കയിലെ അനുഭവ വികാരങ്ങളൊന്നും നാട്ടിലെ സാഹിത്യകാരന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നിരിക്കില്ല. അമേരിക്കന്‍ എഴുത്തുകാര്‍ക്ക് ആശയ പോരാട്ടങ്ങളില്‍ അവരുടെ പരിഗണനകള്‍ ലഭിക്കാതെ പോവുകയും ചെയ്യുന്നു.

അമേരിക്കന്‍ സാഹിത്യത്തില്‍ സ്വന്തം വീടും നാടും വിട്ട വേദനകളുണ്ട്. മാതാപിതാക്കള്‍ വൃദ്ധരായ സമയങ്ങളില്‍ ഒപ്പം അവരെ പരിചരിക്കാന്‍ സാധിക്കാത്ത നാളുകളുണ്ട്. നമ്മുടെ ഡോളറുകള്‍ക്ക് അവരെ സ്വാന്തനപ്പെടുത്താന്‍ കഴിയില്ലായിരുന്നു. ആദ്യം വന്ന തലമുറകള്‍ ഭൂരിഭാഗം പേരും ആയുസ് ഇവിടെ ജീവിച്ചു തീര്‍ത്തു. എങ്കിലും നമുക്ക് ഇന്നും ആ സ്വപ്നമുണ്ട്. നമ്മളായിരുന്ന കാലത്തിലെ മലയാളനാട്ടിലെ മരതകപ്പച്ച വിരിച്ച കാടുകളും ശുദ്ധജലം നിറഞ്ഞിരുന്ന തടാകങ്ങളും ആമ്പല്‍ പൂക്കളും. എന്നാല്‍ ആധുനിക മുഖ്യധാരാ സാഹിത്യകാരന് ആ സ്വപ്നമില്ല. അവന്റെ വീണു കിടന്നു കിട്ടിയ വീണപൂവ് കരിഞ്ഞുപോയിരിക്കുന്നു. അവന്റെ മുമ്പില്‍ പ്ലാസ്റ്റിക്കും, മലിന വസ്തുക്കളും നിറഞ്ഞ പുഴകളായിരിക്കും.

നമ്മുടെ പ്രിയപ്പെട്ട ഗ്രാമത്തില്‍ക്കൂടി കാല്‍ നടകളായി നടന്ന ആ സ്വപ്നങ്ങളും പേറിയാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന്‍ ജീവിക്കുന്നത്. ഇങ്ങനെ പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മുഖ്യധാരാ എഴുത്തുകാരന്റെ ചിന്താഗതികളില്‍ നിന്നും വേറിട്ട ചിന്താഗതികള്‍ അമേരിക്കയിലെ മുതിര്‍ന്ന എഴുത്തുകാരില്‍ ഉള്ളതും ഇവിടുത്തെ എഴുത്തുകാരെ ശ്രദ്ധിക്കാതിരിക്കാന്‍ കാരണമാകുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ മുഖ്യധാരാ എഴുത്തുകാരനെക്കാളും കൂടുതല്‍ ജനകീയനായിരിക്കും. ചങ്ങമ്പുഴ ജനകീയ കവിയായിരുന്നു. രമണനും വാഴക്കുലയും ഉദാഹരണങ്ങളാണ്. രമണന്റെ പ്രേമഗീതങ്ങള്‍ പാടിയത് പാടത്തു പണിയെടുത്തിരുന്ന കര്‍ഷകരായിരുന്നു. ചങ്ങമ്പുഴ പ്രസിദ്ധമായത് അച്ചടിച്ച പുസ്തകത്തില്‍ക്കൂടിയല്ലായിരുന്നു. അതുപോലെ അമേരിക്കയില്‍ ജീവിക്കുന്ന പല എഴുത്തുകാര്‍ക്കും കൂടുതല്‍ ജനകീയമാവാനും സാധിക്കുന്നു. അവിടെയാണ് അവരെ വേറിട്ടു കാണേണ്ടതും മുഖ്യധാരാ എഴുത്തുകാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതും.

പ്രവാസിയുടെ ദുഖം എഴുതേണ്ടത് പ്രവാസി തന്നെ: ജോസഫ് പടന്നമാക്കല്‍ പ്രവാസിയുടെ ദുഖം എഴുതേണ്ടത് പ്രവാസി തന്നെ: ജോസഫ് പടന്നമാക്കല്‍ പ്രവാസിയുടെ ദുഖം എഴുതേണ്ടത് പ്രവാസി തന്നെ: ജോസഫ് പടന്നമാക്കല്‍
Join WhatsApp News
Out of touch 2018-09-19 07:18:14
അബദ്ധജഡിലം
benoyi 2018-09-19 21:40:46

An oration; well thought out and beautifully presented. Egocentrism of mainstream Malayalee writers back in Kerala is diligently analyzed and explained in this speech. In my opinion, the reminiscence of our homeland among American Malayalee writers is far more picturesque than among contemporary Malayalee writers based in Kerala. As Mr. Padannamakkel pointed out, the American Malayalee writers are not constrained by political, social or religious thinking. In the Emalayalee, I was fortunate enough to read some articles that are of the same caliber as the mainstream Malayalee articles of the 70s and 80s. Mr. Padannamakkel, Mr. Sudhir Panikkaveettil, Rathee Devi and Vidyadharan have the same excellence in language and skills as the mainstream Malayalee writers of Kerala.


benoy 2018-09-19 21:56:30
Sorry I misspelled my name. It is benoy. A typo
നാരദന്‍ 2018-09-19 22:46:32
വിനോയിയോ അതോ annoy യോ
അതോ വെറും വിനോദമോ 
അതോ രതിയുടെ അനുയായിയോ 

അന്ധൻ 2018-09-20 07:24:25
അന്ധൻ ആനയെ വിവരിക്കുന്നതുപോലെയുണ്ട് മലയാള സാഹിത്യത്തെക്കുറിച്ചും മുഖ്യധാരാ എഴുത്തുകാരെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക