Image

കേരളാ മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത് (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 19 September, 2018
കേരളാ മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത് (ബാബു പാറയ്ക്കല്‍)
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അറിയുവാന്‍ ഒരു പ്രവാസി മലയാളി എഴുതുന്ന കത്ത്.

എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും പ്രത്യേക ബന്ധമില്ല. കാര്യമായ രാഷ്ട്രീയ നേതാക്കളാരും എനിക്കു സുഹൃത്തുക്കളായിട്ടുമില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ഞാന്‍ തല്‍പ്പരനായിരുന്നെങ്കിലും താങ്കള്‍ ഉള്‍പ്പെടെ  ഇന്നുള്ള പാര്‍ട്ടി നേതാക്കളോട് എനിക്കു പ്രത്യേകിച്ച് അനുഭാവമുണ്ടായിരുന്നില്ല. താങ്കള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും എനിക്കു പ്രത്യേകിച്ചു സന്തോഷമോ സങ്കടമോ ഉണ്ടായില്ല. പതിവുപോലെ മറ്റൊരു മുഖ്യമന്ത്രി! അങ്ങനെ മാത്രമേ എനിക്കു ചിന്തിക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍ താങ്കളുടെ ഏതാനും നടപടികള്‍ എന്നെ പുനര്‍ചിന്തിപ്പിച്ചു. 

പ്രവാസികള്‍ക്കും കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും എന്നും തീരാശാപമായിരുന്ന 'നോക്കുകൂലി' താങ്കള്‍ നിര്‍ത്തലാക്കിയപ്പോള്‍ കാര്‍മേഘങ്ങളിലെ വെള്ളിരേഖ പോലെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ കാറ്റു വീശുമോ എന്നും പ്രതീക്ഷയോടെ ഞങ്ങള്‍ ഉറ്റുനോക്കി. അങ്ങനെയിരിക്കെയാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആര്‍ത്തലച്ചെത്തിയത്. അതിനെ നേരിടാന്‍ സംസ്ഥാനത്തിന്റെ മുഖ്യ ഭരണാധികാരി എന്ന നിലയില്‍ താങ്കള്‍ കാണിച്ച നേതൃത്വപാടവം പ്രത്യേകം എടുത്തുപറയേണ്ടതാണ്. 

അവസരത്തിനുയര്‍ന്ന യുവാക്കളും സൈന്യവും മത്സ്യത്തൊഴിലാളികളും സിവില്‍ സര്‍വ്വീസ് അധികാരികളുമെല്ലാം കൂടി താങ്കളുടെ നേതൃത്വത്തിന് കീഴില്‍ രക്ഷിച്ചത് അനേകായിരങ്ങളെയാണ്. ഇന്നു ജനങ്ങള്‍ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടേയിരിക്കുന്നു. ഇന്നു താങ്കള്‍ എന്റെ മനസ്സില്‍ മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന നേതാവാണ്. പ്രതിസന്ധിഘട്ടത്തില്‍ തളരാതെ ആര്‍ജ്ജവത്തോടു കൂടി തീരുമാനമെടുക്കാന്‍ കഴിവുള്ള ധീരനായ ജനനായകന്‍!

താങ്കള്‍ ചികിത്സാര്‍ത്ഥം അമേരിക്കയില്‍ എത്തിയതായി അറിയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മടങ്ങുന്നതായും കേട്ടു. പൂര്‍ണ്ണ ആരോഗ്യവാനായി താങ്കള്‍ കേരളത്തെ ഇനിയും മുന്നോട്ടു നയിക്കട്ടെ എന്ന് ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. ഒപ്പം മറ്റൊരു വിഷയത്തിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കയും ചെയ്യട്ടെ.

കനത്ത പേമാരിയെതുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ അല്‍പ്പം തുറന്നപ്പോഴേക്കുമുണ്ടായ ജലപ്രളയം നാം കണ്ടു. ഇതു കേരളത്തിനുണ്ടായ ഒരു മുന്നറിയിപ്പാണ്. മധ്യകേരളത്തിനു മുകളില്‍ ഡമോക്ലസിന്റെ വാള്‍ പോലെ ഭീതിപ്പെടുത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിഷയത്തില്‍ ഒരു പ്രശ്‌നപരിഹാരം കാണുവാന്‍ താങ്കള്‍ക്കു കഴിയും, ഒരു പക്ഷേ ഇന്നു താങ്കള്‍ക്കു മാത്രമേ അതിനുകഴിയൂ, എന്നു ഞാന്‍ വിശ്വസിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നും 2890 അടി ഉയരത്തില്‍ പെരിയാര്‍ നദിയില്‍ 125 വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിപ്പൊക്കിയ ഈ അണക്കെട്ടിന്റെ ഇന്നത്തെ അവസ്ഥയില്‍ മലയാളികളെല്ലാം അസ്വസ്ഥരാണ്. അടിത്തറയില്‍നിന്നും 176 അടി ഉയരത്തിലും 1200 അടി നീളത്തിലും പണിതുയര്‍ത്തിയിരിക്കുന്ന ഭിത്തി തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് 5400 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടി പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ജലത്തെയാണ് എന്നതു നമ്മെ അത്ഭുതപ്പെടുത്തും. എല്ലാറ്റിനും ഒരായുസുണ്ട്. 

സൂര്‍ഖി മിശ്രിതം കൊണ്ടുണ്ടാക്കിയ ഈ ഭിത്തി  ഇനി എത്രനാള്‍ സുരക്ഷിതമായിരിക്കും എന്ന സന്ദേഹം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍  നമ്മെകൂടുതല്‍ അസ്വസ്ഥരാക്കുന്ന കാര്യം ഈ അണക്കെട്ടിനുമേല്‍ നമുക്കു യാതൊരു നിയന്ത്രണവുമില്ലെന്നുള്ളതാണ്. ഈ അണക്കെട്ടും പെരിയാര്‍ നദിയും വിസ്താരമേറിയ മുഴുവന്‍ വൃഷ്ടിപ്രദേശവും കേരളത്തിന്റെ മണ്ണിലാണ്. എന്നിട്ടും തമിഴ്‌നാടിനാണ് ഇതിന്റെ നിയന്ത്രണം മുഴുവന്‍. നമുക്കു യാതൊരവകാശവുമില്ല. ഇപ്പോഴത്തെ ഈ ഭിത്തിയ്ക്കുള്ളില്‍ തന്നെ ജലവിതാനം വീണ്ടും ഉയര്‍ത്തണമെന്നാണ തമിഴ്‌നാടിന്റെ ആവശ്യം.

താങ്കള്‍ ന്യൂയോര്‍ക്കുവഴി വരുമെങ്കില്‍ ഇവിടെ പുതുതായി പണികഴിപ്പിച്ച 'താപ്പാന്‍സീ പാലം' ഒന്നു കാണണം. 60 വര്‍ഷം പഴക്കമുള്ള പഴയ പാലം പൂര്‍ണ്ണമായി ഉരുക്കുകൊണ്ടു നിര്‍മ്മിച്ചതാണെങ്കിലും ബലക്ഷയമുണ്ടെന്നു സംശയം തോന്നിയപ്പോള്‍ തൊട്ടടുത്തുതന്നെ പുതിയപാലം നിര്‍മ്മിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വമാണു സര്‍ക്കാര്‍ മാനദണ്ഡമാക്കിയത്.

കേരളത്തില്‍ 10 ലക്ഷം പേര്‍ക്കു ജീവഹാനിയും കുറഞ്ഞതു നാലുജില്ലകള്‍ക്കു സര്‍വ്വനാശവും സംഭവിക്കാവുന്ന ദുരന്തം സമ്മാനിക്കുവാന്‍ കഴിവുള്ളതാണ് മുതുമുത്തശ്ശിയായ മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നമുക്ക് ഒരു പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ കഴിയണം. ഇതത്ര എളുപ്പമല്ലെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ താങ്കളെപ്പോലെ കരളുറപ്പുള്ള ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ അതു സാധ്യമാക്കാം എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് 'മുല്ലപ്പെരിയാര്‍ ഇപ്പോള്‍ തകരും' എന്നു മുറവിളികൂട്ടി കുറെ രാഷ്ട്രീയ നേതാക്കന്‍മാര്‍ 'ധീരമായി' സമരത്തിനു മുന്നിട്ടിറങ്ങിയ കഥ ജനങ്ങള്‍ മറന്നിട്ടില്ല. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് പ്രത്യുപകാരമായി കമ്പത്തും തേനിയിലും സൗജന്യമായി നല്‍കിയിട്ടുള്ള നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്നറിയിച്ചപ്പോള്‍ നിമിഷനേരം കൊണ്ട് അണക്കെട്ടു ബലവത്തായി. സമരം കെട്ടടങ്ങി.

മുല്ലപ്പെരിയാറിലെ ജലസമ്പത്തുകൊണ്ട് തമിഴ്‌നാട്ടിലെ നാലു ജില്ലകള്‍ കൃഷി നടത്തുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ ജില്ലകളും മരുഭൂമിയായി മാറും. അവിടെ കൃഷി നടക്കേണ്ടതും ഇന്നു കേരളത്തിന്റെ ആവശ്യമാണ്. പുതിയ അണക്കെട്ടു വന്നാല്‍ തമിഴ്‌നാടിന്റെ ബാധ്യതയേറും എന്ന കാരണത്താലാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നത്. അതിനെ പിന്തുണയ്ക്കാനും പൂര്‍ണ്ണനിയന്ത്രണം കൈവശം വയ്ക്കാനും തമിഴ്‌നാട് എടുത്തുകാട്ടുന്നത് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്തെഴുതി അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്തു പുതുക്കിയ ഏകപക്ഷീയമായ ഒരു കരാറാണ്. ഇതിലെ നിറം മങ്ങിയ വരികളില്‍ കുരുങ്ങിക്കിടക്കുന്ന ദശലക്ഷം മലയാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നമുക്കു യാതൊരു മാര്‍ഗ്ഗവുമില്ലേ? ഇന്ത്യന്‍ പരമോന്നത കോടതിയില്‍ കാര്യങ്ങള്‍ വേണ്ടവിധം ബോധ്യപ്പെടുത്തിയാല്‍ അനുകൂലമായ ഒരു വിധി സമ്പാദിക്കാനാവില്ലേ?

 പ്രളയകാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്കു താഴ്ത്തണം എന്നു സുപ്രീംകോടതി ഉത്തരവിട്ടിട്ടുപോലും തമിഴ്‌നാട് സര്‍ക്കാര്‍ 142 അടിയാണു നിലനിര്‍ത്തിയത്. ഒരു കാര്യം ബഹുമാനപ്പെട്ട മുഖ്യമന്തിക്കുറപ്പിക്കാം. ഇക്കാര്യത്തില്‍ കേരളത്തെ സംരക്ഷിക്കാന്‍ വേണ്ടി താങ്കള്‍ എടുക്കുന്ന ഏതു തീരുമാനത്തിനും മുഴുവന്‍ മലയാളികളുടെയും സര്‍വ്വ പിന്തുണയും ഉണ്ടാകും. പുതിയൊരു മുല്ലപ്പെരിയാര്‍ ഡാം. അതാകട്ടെ നമ്മുടെ ലക്ഷ്യം. നരേന്ദ്രമോഡി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും അനുകൂലമായ ഒരു പ്രതികരണം പ്രതീക്ഷിക്കേണ്ട. പ്രളയം കേരളം ഒന്നായി നേരിട്ടതുപോലെ ഇതിനും ഒന്നിക്കാം. താങ്കളുടെ ധീരമായ നേതൃത്വം ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചുകൊണ്ടു നിര്‍ത്തട്ടെ. ഒരിക്കല്‍കൂടി താങ്കളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ 
ബാബു പാറയ്ക്കല്‍
ഫോണ്‍: 516-554-1607
bparackel@aol.com

കേരളാ മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത് (ബാബു പാറയ്ക്കല്‍)
Join WhatsApp News
vayanakkaran 2018-09-19 03:21:28
Why you are praising this Chief Minister so much. He has not done much help for the people. He is alos a failoure and a dictator. He is spending lot of money and wasting. No justice during hie regime. 
What a pity?
Words of Wisdom 2018-09-19 06:25:37
Beautifully written & i support your great words of Wisdom.
Communism is not an entity like the rest of the isms. But the naked fact is Communism in Kerala did great things to uplift the Poor. Communism was able to control and stop the spread of racism & apartheid. But sad to see the religious cults which were founded to spread Love and compassion are spreading evil and stopping the process of progress.
 Keralites must rise above the false preaching of the religious cults and make Kerala a model Democracy where each and every individual must be governed by Common  Civil Laws.
andrew
Babu Parackel 2018-09-19 11:01:15
Please correct the phone number. The area code is wrong. It’s 516 not 576.
Jose Elacate 2018-09-21 07:12:41
I completely agree with Mr. Babu Parackel. The chief minister has done a super job . He stepped up to the plate when needed with great courage. Well done. Please continue. Wish you all success!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക