Image

ബഹു. മുഖ്യമന്ത്രീ, ഞങ്ങള്‍ക്കു പരാതിയുണ്ട്.... .

Published on 20 September, 2018
ബഹു. മുഖ്യമന്ത്രീ, ഞങ്ങള്‍ക്കു പരാതിയുണ്ട്.... .
ബഹു. മുഖ്യമന്ത്രീ, ഞങ്ങള്‍ക്കു പരാതിയുണ്ട്....

അവസാനം പറയേണ്ടത് ആദ്യം പറയട്ടെ.
കേരളത്തില്‍ ചെന്നാല്‍ ആദ്യം ചെയ്യേണ്ടത് കുറെ ഉന്നത ഉദ്യോഗസ്ഥരെ കയ്യോടെ പിരിച്ചു വിടണം. ആരൊക്കെയെന്നു കണ്ടെത്താന്‍ ഒരു വിഷമവുമില്ല

കാരണങ്ങള്‍ വഴിയെ.

അങ്ങ് ഇവിടെ ചികില്‍സയില്‍ കഴിയുമ്പോള്‍ നോര്‍ത്ത് കരലിനയിലും മറ്റും ഫ്‌ളോറന്‍സ് എന്ന ഓമനപ്പേരുള്ള ചുഴലിക്കൊടുങ്കാറ്റും അനുബന്ധമായി കനത്ത മഴയും വരുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. സംഗതി അതിഭീകരം എന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. കാറ്റഗറി-4 എന്നിങ്ങനെ. 

അതറിഞ്ഞതോടെ 15 ലക്ഷം ജനങ്ങളോട് മാറിപ്പാര്‍ക്കാനാണു ഗവര്‍ണര്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ തന്നെ നേത്രുത്വമെടുത്ത് ഒട്ടേറെ പേര്‍ക്ക് താല്ക്കാലികമായി അഭയവും നല്കി.
ഉത്തരവ് കിട്ടിയ ജനം വീടുകള്‍ വിട്ടു.

അതേ സമയം, തലക്കൊപ്പം വെള്ളം വന്നിട്ടും വീട് വിടാന്‍ മടിച്ച കേരളീയരുടെ മനസ്ഥിതി ഞങ്ങളും വായിച്ചറിഞ്ഞതാണ്. അവരെ കുറ്റം പറയുന്നില്ല. ഇത്തരമൊരു അനുഭവം ആദ്യമാണല്ലോ. അതിനാല്‍ അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരിക്കും. സ്വയം അപകടത്തില്‍ ചാടും. അതു പോലെ മറ്റുള്ളവര്‍ക്ക് വിഷമം സ്രുഷ്ടിക്കും.

പ്രളയം അവിചാരിതമാണെങ്കില്‍ ഉരുള്‍ പൊട്ടല്‍ അങ്ങനെയല്ലല്ലൊ. കനത്ത മഴ വന്നാല്‍ മലമ്പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടാകും. ഇതു കാലങ്ങളായി സംഭവിക്കുന്നതാണ്. അതിനാല്‍ അത്തരം പ്രദേശങ്ങളില്‍ നിന്നു ജനത്തെ നേരത്തെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥിരം സംവിധാനം വേണ്ടതല്ലേ? സംഭവിച്ചതിനു ശേഷം രക്ഷാ പ്രവര്‍ത്തനം കൊണ്ട് എന്തു പ്രയോജനം? ഒരു പരിഷ്‌ക്രുത സമൂഹം സ്വന്തം ആളുകളെ പ്രക്രുതിയുടെ വിളയാടലിനു വിട്ടു കൊടുക്കാമോ?

മഹാ പ്രളയം ഉണ്ടായത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന മഴയിലാണെന്നും അതല്ല ഡാമുകള്‍ തുറന്നതു കൊണ്ടാണെന്നും പറയുന്നു. രണ്ടു കൂട്ടര്‍ക്കും സ്വന്തം വാദമുഖങ്ങളുണ്ട്.

മഹാമാരിയിലാണു ദുരന്തം ഉണ്ടായതെന്നതില്‍ സംശയമില്ല. അത് വഷളാക്കിയത് ഡാമുകള്‍ തുറന്നതും.

ഇവിടെയാണു ചില ചോദ്യങ്ങള്‍. കാര്യങ്ങള്‍ ഒരളവു വരെയെങ്കിലും മുന്‍ കൂട്ടി കാണാന്‍ കഴിയാത്ത ഒളോക്കോടന്മാരാണോ ഉദ്യോഗസ്ഥ മേധാവികള്‍? ഇത്ര മഴ പെയ്താല്‍ ഇത്ര വെള്ളം വരുമെന്നും അതിനാല്‍ ഡാം നിറയാനൊന്നും കാത്തിരിക്കേണ്ടെന്നും മനസിലാക്കാന്‍ അത്ര സാങ്കേതിക വൈദഗ്ദ്യം വേണോ? കോമണ്‍ സെന്‍സ് പോരെ? ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അതുപയോഗിച്ചോ? 

അതനുസുരിച്ചുള്ള ഉപദേശം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്കിയോ? ഇല്ലെങ്കില്‍ എന്തു കൊണ്ട്?

കാര്യങ്ങള്‍ സംഭവിച്ച ശേഷം ഓരോന്നും ചെയ്യാനാവും. മുന്‍ കൂട്ടി കാണാന്‍ കഴിയുന്നതിലാണു കാര്യം. അത് ഒരു ഭഗത്തു നിന്നും കണ്ടില്ല.

ഈ മഹാദുരന്തം ഉണ്ടായപ്പോള്‍ അതിലെ വെള്ളിരേഖയായിയിരുന്നത് അങ്ങയുടെ നേത്രുത്വമാണ്. അക്ഷോഭ്യനായി, സ്വന്തം ആരോഗ്യം പോലും മറന്നു കേരളജനതക്ക് അങ്ങ് നല്കിയ നേത്രുത്വം എക്കാലവും അനുസ്മരിക്കപ്പെടും. അതില്ലായിരുന്നുവെങ്കില്‍ ദുരന്തം ഇതിലും വഷളാകുമായിരുന്നുവെന്നു വ്യക്തം.

ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ? അതോ കാര്യങ്ങള്‍ മുന്‍ കൂട്ടി തീരുമാനിക്കാന്‍ സംവിധാനമൊന്നും കേരളത്തിലില്ലേ?

എന്തായാലും ഒരു അബദ്ധം അര്‍ക്കും പറ്റാം എന്ന ന്യായമുണ്ടെന്നതു മറക്കുന്നില്ല. അതിനാല്‍ പ്രക്രുതി ദുരന്തങ്ങളെ മുന്‍ കൂട്ടി വിലയിരുത്താനും സുരക്ഷിതത്വം   ഒരുക്കാനും സ്ഥിരം സംവിധാനം വേണം.

അതു പോലെ ചെന്നാലുടനെ മാധ്യമങ്ങളെ നാലു ചീത്തയും പറയണം. മഹാപ്രളയത്തില്‍ കേരളം മഹാ ദുരിതം അനുഭവിക്കുമ്പോള്‍ മാധ്യമങ്ങള്‍ മുഴുവന്‍ ബിഷപ്പിന്റെ പിന്നാലെയാണ്. അതാണോ ഏറ്റവും വലിയ വിഷയം?
തെളിവുണ്ടെങ്കില്‍ കയ്യോടെ അറസ്റ്റ് ചെയ്യുക. ഇല്ലെങ്കില്‍ ഇല്ല എന്നു തറപ്പിച്ച് പറയണം. 

ബഹു. മുഖ്യമന്ത്രീ, ഞങ്ങള്‍ക്കു പരാതിയുണ്ട്.... .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക