Image

പതറാത്ത പടനായകന്‍(ഭാഗം:3- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)

ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 20 September, 2018
പതറാത്ത പടനായകന്‍(ഭാഗം:3- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
'എല്ലാകാര്യങ്ങളും ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞിരിക്കുമല്ലോ. രവിയുടെ പദവി വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഫോര്‍മേഷന്റെ പേര് കൂടുതല്‍ നന്നാക്കാന്‍ രവിയുടെ കഠിനാദ്ധ്വാനം ആവശ്യമാണ്. മറ്റുള്ള അനാവശ്യമായ ഓഫീസ് പൊളിട്ടിക്‌സില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം-' കമാന്‍ഡര്‍ പറഞ്ഞു.

'ഓക്കെ സാര്‍! ഞാന്‍ എന്നെക്കൊണ്ട് സാധിക്കുന്ന എല്ലാ സേവനങ്ങളും ഫോര്‍മേഷനുവേണ്ടി ചെയ്യും'- കേണല്‍ രവി പറഞ്ഞു.
'ഓള്‍ ദി ബെസ്റ്റ്!' കമാന്‍ഡര്‍ പറഞ്ഞു.

അടുത്ത ദിവസം തന്നെ ഔപചാരികമായി 'ഡൈനിംഗ് ഇന്‍' എന്ന പാര്‍ട്ടി നടത്തി. എല്ലാ ഓഫീസര്‍മാരും അവരുടെ കുടുംബങ്ങളും കേണല്‍ രവിയെ സ്വാഗതം ചെയ്തു.
വാരാന്ത്യത്തില്‍ ഒരു ദിവസത്തെ ലീവെടുത്ത് കേണല്‍ രവി ജോധ്പൂരിലേക്കു പുറപ്പെട്ടു. ലീവിനുപോകാന്‍ പെട്ടെന്നു തീരുമാനിച്ചതുകൊണ്ട് AC കോച്ചില്‍ റിസര്‍വേഷന്‍ കിട്ടിയില്ല. എങ്കിലും ബീക്കാനീര്‍ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ റിസര്‍വേഷന്‍ കിട്ടി.
വെള്ളിയാഴ്ച വൈകുന്നേരം 3-40 നുള്ള ബീക്കാനീര്‍ എക്‌സ്പ്രസ്സില്‍ കയറി. അജ്ഞാതരായ യാത്രക്കാരോട് പരിചയപ്പെടാന്‍ നില്‍ക്കാതെ 'ഇന്ത്യാ ടു ഡേ' എടുത്ത് വായിക്കാന്‍ തുടങ്ങി.

'സാര്‍ എങ്ങോട്ടാ?' മുമ്പിലിരുന്ന യുവാവ് പരിചയപ്പെടാന്‍ ശ്രമിച്ചു. ജോധ്പൂരിലേക്ക്'- കേണല്‍ രവി പറഞ്ഞു.

'സാര്‍, ഞങ്ങള്‍ ഹണിമൂണിന് ജോധ്പൂരിലേക്ക് പോവുകയാണ്'- യുവാവ് പറഞ്ഞു. ഞാന്‍ വിനോദ് റാത്തോര്‍. ഇതെന്റെ പത്‌നി രാഗിണി'- 'നമസ്‌തെ!' - കേണല്‍ രവി മിസ്സിസ്സ് രാഗിണിയെ അഭിവാദ്യം ചെയ്തു. ആ സ്ത്രീ കഴുത്തില്‍ ഒരു വിലിയ സ്വര്‍ണ്ണമാലയും മറ്റൊരു വലിയ താലിമാലയും ധരിച്ചിരുന്നു. കാറ്റുകൊള്ളാന്‍ വേണ്ടി ജനലിന്റെ തൊട്ടടുത്ത് കേണല്‍ രവിയുടെ മുമ്പില്‍ത്തന്നെയായിരുന്നു ആ സ്ത്രീ ഇരുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന വിനോദിന് ആര്‍മി ഓഫീസറാകാന്‍ ആഗ്രഹമുണ്ടായിട്ടും സാധിച്ചില്ലത്രേ. പലതും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.
ഏകദേശം രണ്ടരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തീവണ്ടി 'നാഗോര്‍' എന്ന സ്‌റ്റേഷനിലെത്തിനിന്നു.

'സാര്‍ ചായ കുടിക്കുമോ?'വിനോദ് റാത്തോര്‍ ചോദിച്ചു.
'നോ, താങ്ക്‌സ്.'- കേണല്‍ രവി പുഞ്ചിരിയോടെ നിരസിച്ചു. അപരിചിതരുടെ പക്കല്‍നിന്ന് ഒരിക്കലും പലഹാരങ്ങളോ പാനീയങ്ങളോ വാങ്ങിക്കഴിക്കരുതെന്ന് പരിശീലനസമയത്ത് പഠിപ്പിച്ചിട്ടുണ്ട്.

കേണല്‍രവി തീവണ്ടിയുടെ ജനാലയിലൂടെ പ്ലാറ്റ്‌ഫോമിലേക്കു നോക്കിക്കൊണ്ടിരുന്നു. വണ്ടിയില്‍ നിന്ന് ഒരു മീറ്റര്‍ ദൂരത്തില്‍ ഒരു യുവാവ്, തന്റെ മുമ്പിലിരുന്ന രാഗിണി എന്ന സ്ത്രീയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നതുപോലെ കേണല്‍ രവിക്കു തോന്നി.
വീണ്ടും 'ഇന്ത്യാ ടുഡേ' എടുത്തു വായിക്കാന്‍ തുടങ്ങി. തീവണ്ടിയും നീങ്ങാന്‍ തുടങ്ങി. തീവണ്ടിയുടെ വേഗത വര്‍ദ്ധിച്ചു. പെട്ടെന്ന് പുറത്തുനിന്നൊരു കൈ മുമ്പിലിരിക്കുന്ന രാഗിണിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍  ഉള്ളിലേക്കു നീണ്ടു വന്നു. ഒരു നിമിഷം കൊണ്ട് മാല പൊട്ടിച്ചു. 

ഭഗവാന്‍!  മേരാ ഹാര്‍!'(എന്റെ മാല)'- രാഗിണി ഉച്ചത്തില്‍ നിലവിളിച്ചു.
അതുകണ്ട് കേണല്‍ രവി ഒരു മിന്നല്‍പ്പിണര്‍ പോലെ സ്വര്‍ണ്ണമാല പൊട്ടിച്ച ആ കൈ പിടിച്ച് ഉള്ളിലേക്കു വലിച്ചു. അപ്പോഴേക്കും തീവണ്ടി പ്ലാറ്റ്‌ഫോം വിട്ടിരുന്നു. മാലപൊട്ടിച്ച അയാളുടെ കൈ ശക്തിയായി പിടിച്ച് ഉള്ളിലേക്കു വലിച്ചുതിരിച്ചു. കൈയുടെ എല്ലുകള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

'നിന്നെപ്പോലെ സ്വര്‍ണ്ണമാല പൊട്ടിക്കുന്ന കവര്‍ച്ചക്കാരെ വെറുതെ വിടാന്‍ പാടില്ല.'-കേണല്‍ രവി ദേഷ്യത്തോടെ പറഞ്ഞു.

'പൊട്ടിയ മാല അവന്റെ കൈയില്‍നിന്ന് വേഗം എടുക്കൂ' - എന്ന് മുമ്പിലിരിക്കുന്ന വിനോദ് റാത്തോറിനോട് കേണല്‍രവി നിര്‍ദ്ദേശിച്ചു. 'ശരി സാര്‍'- എന്നു പറഞ്ഞ് വിനോദ് ആ മാല തിരിച്ചെടുത്തു.

'താങ്കളുടെ ഭാര്യയുടെ കഴുത്തില്‍നിന്നു ചോര വരുന്നുണ്ട്. ഉടനെ പ്രഥമശുശ്രൂഷപ്പെട്ടി വരുത്തി വേണ്ടതു ചെയ്യുക' - കേണല്‍ രവി പറഞ്ഞു.
'സാര്‍ എനിക്കു തെറ്റു പറ്റി. എന്നോടു ക്ഷമിക്കണം'- തീവണ്ടിയുടെ പുറത്ത് തൂങ്ങിനില്‍ക്കുന്ന യുവാവ് നിലവിളിച്ചു.
'പകല്‍ക്കൊള്ള നടത്തുന്ന നിന്നോട് ക്ഷമിക്കണം, അല്ലേ?' - കേണല്‍ രവി ദേഷ്യത്തോടെ ചോദിച്ചു.

'അവനെ വെറുതെ വിടരുത് സാര്‍. അടിച്ചു കൊല്ലണം.' കമ്പാര്‍ട്ടുമെന്റിനകത്തു കൂടി നില്‍ക്കുന്നവരിലാരോ പറഞ്ഞു.

'വിനോദ്, താങ്കള്‍ ചെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ജവാന്മാരെ വിളിക്കൂ. ബാക്കിയെല്ലാം അവര്‍ കൈകാര്യം ചെയ്തുകൊളളും'- കേണല്‍ രവി പറഞ്ഞു.
ഈ സംഭവങ്ങളൊന്നുമറിയാതെ തീവണ്ടി വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു. വിനോദ് റാത്തോര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ജവാന്മാരെ വിളിക്കാന്‍ പോയി. യാത്രക്കാരിലാരോ ലഗ്ഗേജ് കെട്ടാനുപയോഗിച്ച കയര്‍ കൊണ്ടുവന്ന്, കവര്‍ച്ചക്കാരനായ യുവാവിന്റെ കൈകള്‍ കമ്പാര്‍ട്ടുമെന്റ് ജനാലയുടെ അഴികളില്‍ കെട്ടിവെച്ചു. അപ്പോഴേക്കും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ജവാന്മാരെത്തി.
'പല തവണയായി നാഗോര്‍ സ്‌റ്റേഷനില്‍വെച്ച് സ്വര്‍ണ്ണമാലയും മറ്റും പൊട്ടിച്ച് ഓടുന്ന ഒരു കൂട്ടം കവര്‍ച്ചക്കാരുണ്ട്. ഇവനെ പിടിച്ചു തന്നതിന് നന്ദി സാര്‍!'- കോണ്‍സ്റ്റബിള്‍ ബാബുരാജ് പറഞ്ഞു.

വണ്ടി അടുത്ത സ്റ്റേഷനില്‍നിന്നപ്പോഴേക്കും അര്‍ദ്ധപ്രാണനായി പുറത്തു തൂങ്ങിനില്‍ക്കുന്ന കവര്‍ച്ചക്കാരന്റെ കാലുകള്‍ രണ്ടും പ്ലാറ്റ്‌ഫോമില്‍ തട്ടി ഒടിഞ്ഞു രക്തം വരുന്നുണ്ടായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസുകാര്‍ അവനെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. പിടികിട്ടാത്ത ഈ കവര്‍ച്ചക്കാരനെ പിടിച്ചതില്‍ എല്ലാ യാത്രക്കാരും റെയില്‍വേ അധികാരികളും ജീവനക്കാരും കേണല്‍ രവിയെ അഭിനന്ദിച്ചു.
രാത്രി എട്ടര മണിയായപ്പോള്‍ കേണല്‍രവി വീട്ടിലെത്തി. വഴിക്കു നടന്ന സംഭവകഥ പറഞ്ഞപ്പോള്‍ രണ്ടു മക്കള്‍ക്കും അച്ഛനെക്കുറിച്ച് അഭിമാനം തോന്നി.

'ഈ രവിയേട്ടന് ഓഫ് ഡ്യൂട്ടിയില്‍ യാത്രചെയ്യുമ്പോള്‍പ്പോലും അടങ്ങിയിരിക്കാന്‍ പറ്റില്ല അല്ലേ?' ഭാര്യ ചോദിച്ചു.

'ഒരു പട്ടാളമേധാവിയായ ഞാന്‍ ഓഫ് ഡ്യൂട്ടിയിലാണെങ്കിലും എന്റെ കണ്‍മുമ്പില്‍ നടക്കുന്ന അനീതിക്കും അക്രമത്തിനുമെതിരെ  പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ?'- കേണല്‍രവി പുഞ്ചിരിയോടെ പറഞ്ഞു.' കാരുണ്യമര്‍ഹിക്കാത്ത കവര്‍ച്ചക്കാരന്റെ കഥ എല്ലാവര്‍ക്കുമൊരു പാഠമായിരിക്കും!'
'ശരിതന്നെ. ഇനിയേതായാലും കുറേക്കാലത്തേക്ക് ബീക്കാനീറിനും ജോധ്പൂരിനുമിടയില്‍ ഇത്തരം കൊള്ള തീവണ്ടിയില്‍വെച്ചു നടക്കില്ല. അതിന്റെ ക്രെഡിറ്റ് രവിയേട്ടനുതന്നെ!' - ഭാര്യ തുളസി പറഞ്ഞപ്പോള്‍ കുട്ടികളും അതു സമ്മതിച്ചുകൊണ്ടു തലകുലുക്കി. അച്ഛന്‍ ഒരു ഹീറോ തന്നെയാണ്, അല്ലേ അമ്മേ'- എന്നു കുട്ടികള്‍ പറഞ്ഞപ്പോള്‍ കേണല്‍ രവി പുഞ്ചിരിച്ചു.

പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍
ജനനം, വിദ്യാഭ്യാസം. കണ്ണൂരിലെ 'കൊളന്ത' ഗ്രാമത്തില്‍ സുപ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യാഗവണ്‍മെന്റിന്റെ 'താമ്രപത്ര' അവാര്‍ഡു ജേതാവുമായ മാവിലാ ചാത്തോത്തു രാമന്‍കുട്ടി നമ്പ്യാരുടെയും(MCR) സാമൂഹ്യസേവിക അളവൂര്‍ ദേവി അമ്മയുടെയും മകനായി 1995 മാര്‍ച്ച് 17-ാം തീയ്യതി ജനിച്ചു. കാവുമ്പായി, എള്ളെരിഞ്ഞി, മടമ്പം എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലും ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലും സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടി. തളിപ്പറമ്പ് സര്‍ സയ്യദ് കോളേജില്‍നിന്ന് പ്രീഡിഗ്രിയും ജവഹര്‍ലാല്‍ നെഹ്‌റു വിശ്വവിദ്യാലയത്തില്‍ നിന്നും ബി.എസ്.സി. ഡിഗ്രിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ. ഡിഗ്രിയും പാസ്സായി. ബിരുദാനന്തര ബിരുദത്തിനുപഠിച്ചത് അണ്ണാമലൈ(MA, BED, PGDBA), മദ്രാസ്(MED), കുരുക്ഷേത്ര(PGJMC, MMC), ജോധ്പൂര്‍(PGITSM), മുംബൈ(MS-സൈക്കോതെറാപ്പി, കൗണ്‍സിലിംഗ്), ഡോ.ഹരിസിംഗ് ഗൗര്‍(PHD-മനശാസ്ത്രം) എന്നീ വിശ്വവിദ്യാലയങ്ങളിലാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിംബയോസിസില്‍ നിന്നും PGDHRM(ഹ്യൂമന്‍ റിറോഴ്‌സ് മാനേജ്‌മെന്റ് MBA) ഉം പാസ്സായി.

രാജ്യസേവനം: ലോകപ്രശസ്തമായ ഇന്ത്യന്‍ മിലിറ്റിറി അക്കാദമി(IMA) ഡഹ്‌റാഡൂണില്‍ തെരഞ്ഞെടുത്തശേഷം 1981 ല്‍ ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി. സ്‌ക്കൂള്‍ ഓഫ് ആര്‍ട്ടിലറി (ദേവലാലി), ഇന്‍ഫന്ററി സ്‌ക്കൂള്‍(ബല്‍ഗാം), ആര്‍മി വാര്‍ കോളേജ്(മൗ), മിലിറ്ററി ഇന്റലിജന്‍സ് സ്‌ക്കൂള്‍(പൂന), ആര്‍മി സ്‌ക്കൂള്‍ ഓഫ് മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട്(ബാംഗ്ലൂര്‍), ലാന്‍സര്‍ ടെക്‌നോളജീസ്(പൂന) എന്നീ സ്ഥാപനങ്ങളില്‍ നിന്നു സ്‌പെഷ്യലിസ്റ്റ് ഡിപ്ലോമാ കോഴ്‌സുകള്‍ പാസ്സായി. ഇന്ത്യയുടെ നാനാഭാഗത്ത് സേവനമനുഷ്ഠിച്ചു. രാജസ്ഥാന്‍-ഗുജറാത്ത് സംസ്ഥാനങ്ങളുടെ രക്ഷാമന്ത്രാലയ പബ്ലിക്ക് റിലേഷന്‍ ഓഫീസറായും സീനിയര്‍ വിദ്യാഭ്യാസ ഓഫീസറായും ഹൈദരാബാദിലെ ആര്‍ട്ടിലറി സെന്ററില്‍ 'എ' ക്ലാസ് പരിശീലകനായും മൂന്നു യൂനിറ്റുകളുടെ കമാന്‍ഡിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചു. എട്ടു പ്രധാന ആര്‍മി ഓപ്പറേഷനുകളില്‍ ധീരമായി യുദ്ധ നേതൃത്വം വഹിച്ചു വിജയിച്ചു. 2009-ല്‍, മുപ്പത്തിനാലുവര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ചു.

സാമൂഹ്യസേവനം: ഇന്ത്യന്‍ കരസേനയില്‍ നിന്നു വിരമിച്ച ശേഷം നാഷ്ണല്‍ അക്കാദമി ഓഫ് ഡിഫന്‍സ് ആന്റ് ആലൈഡ് സര്‍വ്വീസസ്(MD), മഹാത്മാ ഗാന്ധിമിഷന്‍(MGM) ഗ്രൂപ്പ് ഓഫ് കോളേജുകള്‍(ഡയറക്ടര്‍, പ്രൊഫസര്‍, സൈക്കോളജിസ്റ്റ്), ഐശ്വര്യദര്‍പ്പണം' പ്രവാസി മാസിക(ചീഫ് എഡിറ്റര്‍), സൈനിക്ക് വെല്‍ഫേര്‍ അസോസിയേഷന്‍(ചെയര്‍മാന്‍), കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(അഡൈ്വസര്‍) തുടങ്ങിയവയില്‍ സേവനമനുഷ്ഠിച്ചു. കോളേജുകളിലും യൂണിവേസ്റ്റികളിലും സ്‌ക്കൂളുകളിലും മറ്റു വിവിധ സ്ഥാപനങ്ങളിലും പ്രേരണാപ്രസംഗങ്ങളും അതിഥി പ്രഭാഷണങ്ങളും, റേഡിയോ പ്രഭാഷണങ്ങളും മാര്‍ഗ്ഗദര്‍ശന വര്‍ക്കുഷോപ്പുകളും നടത്തി സേവനമനുഷ്ഠിച്ചു.

സാഹിത്യസംഭാവന: മലയാളത്തിലും ഇംഗ്ലീഷിലും ആനുകാലിക പ്രസിദധീകരണങ്ങളില്‍ എഴുതുന്നതിനു പുറമെ ഒരു ഡസനിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം(കോട്ടയം), ഡി.സി. ബുക്‌സ്(കോട്ടയം), വീണാ ബുക്‌സ്(തിരുവനന്തപുരം), വിദ്യാര്‍ഥിമിത്രം(കോട്ടയം), സ്‌റ്റെപ്‌സ്(തിരുവനന്തപുരം), കണ്‍ഫെഡ്(തിരുവനന്തപുരം), എന്നിവരാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. 'ഐശ്വര്യദര്‍പ്പണം' സാമൂഹ്യ സാംസ്‌ക്കാരിക-കുടുംബ മാസികയുടെ മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ ആയിരത്തിലേറെ എഴുത്തുകാരെ പ്രോത്സാഹിപ്പി്ച്ചു.
അവാര്‍ഡുകളും അംഗീകാരങ്ങളും.: വിശിഷ്ടരാജ്യസേവനത്തിനും യുദ്ധസേവനങ്ങള്‍ക്കും സൈന്യസേവാ മെഡല്‍പോലുള്ള പത്തുസര്‍വ്വീസ് മെഡലുകള്‍ നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, റൈസിംഗ് പേഴ്‌സണാലിറ്റീസ് ഓഫ് ഇന്ത്യ അവാര്‍ഡ്, ഭാരത് എക്‌സലന്റ് അവാര്‍ഡ്, ഗ്രെയിറ്റ് ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, ഉദ്യോഗ് ഗൗരവ് അവാര്‍ഡ്, ഓര്‍ഡര്‍ ഓഫ് അമേരിക്കന്‍ അമ്പാസിഡേഴ്‌സ് പുരസ്‌കാരം, ഭാരത് ജ്യോതി അവാര്‍ഡ്, ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, ഏഷ്യന്‍ അഡ്മിറബിള്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, ജ്വാലാ പാട്രിയോട്ടിക്ക് അവാര്‍ഡ്, കൈരളി സ്ാഹിത്യശ്രീ അവാര്‍ഡ് എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള പല സാംസ്‌കാരിക സംഘടനകളും മലയാളി സമാജങ്ങളും ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സയസ് കോണ്‍ഗ്രസ് അസോസിയേഷന്‍(ISCA), ഇന്ത്യന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍(IPA), അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(ACP), കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യ(CPAI) തുടങ്ങിയ ദേശീയ സംഘടനകളില്‍ ആജീവനാന്ത അംഗമാണ്.

കുടുംബം: ഭാര്യ ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്‍(പ്രശസ്ത സാഹിത്യകാരി, ആകാശവാണി-ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്, ഗായിക, ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്) പതിനെട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പട്ടാളത്തില്‍ ഡോക്ടറായിരുന്നു. പത്തിലേറെ ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നേടീട്ടുണ്ട്.
മകന്‍: അനുരാഗ് ജനാര്‍ദ്ദനന്‍.L&T കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. മകന്റെ ഭാര്യ, സ്‌നേഹ, കോട്ടക് മഹേന്ദ്രയില്‍ മാനേജരാണ്.

മകള്‍: ഡോ.അനുപമ ജനാര്‍ദ്ദനന്‍, കണ്ണിന്റെ സ്‌പെഷ്യലിസ്റ്റ്. MBBS ല്‍ ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള 'ചാന്‍സ് ലേഴ്‌സ്' ഗോള്‍ഡ്‌മെഡല്‍ അവാര്‍ഡുജേതാവ്.
(അവസാനിച്ചു.)

പതറാത്ത പടനായകന്‍(ഭാഗം:3- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക