Image

ഫ്രാങ്കോ വിഷയം: വിജയിച്ചത് ആരൊക്കെ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 21 September, 2018
ഫ്രാങ്കോ  വിഷയം: വിജയിച്ചത് ആരൊക്കെ? (ലേഖനം: സാം നിലമ്പള്ളില്‍)
ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി; കന്യാസ്ത്രികള്‍ സമരം അവസാനിപ്പിച്ചു; മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പീലാത്തോസിനെപ്പോലെ കൈകഴുകി; പി.സി. ജോര്‍ജ്ജ് എം എല്‍ എ പതിവുപോലെ ഒരു ബ്ളാങ്ക് സിഡി ഉയര്‍ത്തികാണിച്ച് ബിഷപ്പിനെ വെള്ളപൂശാന്‍ ശ്രമിച്ചു; ജനമെന്ന കഴുത ഇതെല്ലാംകണ്ട് എന്തു വിശ്വസിക്കണമെന്നറിയാതെ അന്ധാളിച്ചു; സാമാന്യബുദ്ധിയുള്ള ഏതാനും പേര്‍ തങ്ങളുടെ സംശയങ്ങളുമായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു.

ആ ഏതാനുംപേരുടെ കൂട്ടത്തില്‍ എഴുത്തുകാരനും ഉള്‍പെടാന്‍ ആഗ്രഹിക്കുന്നു.

ബിഷപ്പ് അറസ്റ്റ്ചെയ്യപ്പെട്ടെങ്കിലും ആരുടെ ഭാഗത്താണ് തെറ്റെന്നുള്ളത് തെളിയിക്കപ്പെട്ടില്ല. കോടതി പോലും അത് തെളിയിക്കുമെന്ന് തോന്നുന്നില്ല. ബലാല്‍സംഗം മാത്രമാണല്ലോ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നത്. പ്രായപൂര്‍ത്തി ആയവര്‍ തമ്മില്‍ ഉഭയകക്ഷി സമ്മത പ്രകാരം വേഴ്ചയില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല.

ഒരു സ്ത്രീയെ പതിമൂന്നു പ്രവശ്യം ബലാല്‍സംഗം ചെയ്തെന്നു പറയുന്നത് വിശ്വസിക്കാന്‍ വെള്ളരിക്കാപട്ടണ നിവാസികള്‍ക്കേ സാധിക്കൂ. ഇവിടെ പി. സി. ജോര്‍ജ്ജിന്റെ സംശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ ഭാഷയാണ് സംസ്‌കാരമുള്ളവര്‍ക്ക് രുചിക്കാത്തത്.

ഇവിടെ കത്തോലിക്കസഭ കുറ്റകരമായ നിസംഗത പാലിച്ചെന്നുള്ളതാണ് അപലനീയം. സഭ ഇതിനു മുന്‍പും ഇതുപോലുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ട്. തെറ്റുചെയ്യുന്ന പുരോഹിതന്മാരെ ശിക്ഷിക്കാതെ സംരക്ഷിക്കാനുള്ള പ്രവണത കാലാകാലങ്ങളില്‍ ജനം കണ്ടിട്ടുള്ളതാണ്. കോടതി ശിക്ഷിച്ച പുരോഹിതന്മാരെവരെ വീണ്ടും കുപ്പായമണിയിച്ച് കുഞ്ഞാടുകളെ മേയ്ക്കാന്‍ പറഞ്ഞുവിട്ട ചരിത്രമുണ്ട്. അഭയ കേസില്‍ സംശയിക്കപ്പെട്ട പുരോഹിതന്മാരും കന്യാസ്ത്രിയും ഇപ്പോഴും കുപ്പായം ഊരാതെ വിഹരിക്കുന്നു. അവരെ സഭ ശിക്ഷിച്ച് കുപ്പായം ഊരിവാങ്ങിയിരുന്നെങ്കില്‍ ഫ്രാങ്കോമാര്‍ ഉണ്ടാകുമായിരുന്നില്ല. തെറ്റുചെയ്താലും സഭ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസമാണ് പലരേയും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തുന്നത്.

കത്തോലിക്ക സഭയില്‍ ഭൂരിപക്ഷം അച്ചന്മാരും കന്യാസ്ത്രികളും പരശുദ്ധരാണെന്നുള്ളതില്‍ ആര്‍ക്കും സംശയമില്ല. ലൗകികചിന്തകള്‍ വെടിഞ്ഞ് ദൈവദാസന്മാരും ദാസികളുമായി ജീവിതം മറ്റഉള്ളവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ അന്യമതക്കാരുടെപോലും ആദരം പറ്റുന്നവരാണ്. ഫ്രാങ്കോയെപ്പോലുള്ളവര്‍ ബഹുഭൂരിപക്ഷം വരുന്ന ഇടയന്മാരുടെ സല്‍പേരിന് കളങ്കം ചാര്‍ത്താന്‍ സഭാധ്യക്ഷന്മാര്‍ അനുവദിക്കരുതായിരുന്നു. പീഡനത്തിന് ഇരയായ കന്യാസ്ത്രിയുടെ പരാതിയില്‍ തക്കസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ തെരുവില്‍ വിഴുപ്പ് അലക്കേണ്ടി വരികയില്ലായിരുന്നു. എന്തുകൊണ്ടാണ് സഭാ മേലധികാരികള്‍ കുറ്റവാളികള്‍ക്ക് കുടചൂടുന്നത് എന്നാണ് കേരളസമുഹത്തിന് മനസിലാകാത്തത്.

അച്ചന്മാരായാലും സന്യാസിമാരായാലും മുല്ലാക്കമാരായും അവരെല്ലാം രകതവും മാംസവുമുള്ള പച്ചമനുഷ്യരാണ്. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവര്‍ ഈപണിക്ക് പോകാതിരിക്കയാണ് നല്ലത്. ദേഹമനങ്ങാതെ സുഖജീവിതം നയിക്കാം, അധികാരവും ധനവും വേണ്ടുവോളം. ഇതെല്ലാമാണ് ചിലയാളുകളെ പുരോഹിതജോലിക്ക് പ്രേരിപ്പിക്കുന്നത്. പിന്നെ ഫ്രാങ്കോയെപ്പോലുള്ളവരാണെങ്കില്‍ ഗാന്ധര്‍വ്വ സുഖവും അനുഭവിക്കാം.

ഇത്തരക്കാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ മതമേലദ്ധ്യക്ഷന്മരുടെ ചെവിയില്‍ കാലാകാലങ്ങളില്‍ എത്താറുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കാതെ ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കുറ്റവാളികള്‍ പുരോഹിതവര്‍ഗത്തില്‍ പെരുകാന്‍ കാരണം. ഫ്രാങ്കോ ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുള്ളതല്ല വിഷയം. തെളിവുകളുടെ അഭാവത്തില്‍, ആടിനെ പട്ടിയാക്കാന്‍ കഴിവുള്ള വിദഗ്ധരായ അഭിഭാഷകരടെ വാദത്തില്‍, ഫ്രാങ്കോ കുറ്റവിമുക്തന്‍ ആയേക്കാം. കുറ്റവിമുക്തന്‍ ആയാലും അയാളുടെ കുപ്പായം ഊരിച്ചിട്ട് പറഞ്ഞുവിട്ടാല്‍ പുരോഹിതരുടെ ഇടയിലെ ഏതാനും ഞരമ്പുരോഗികള്‍ക്ക് പാഠമായിരിക്കും.

ഇവിടെ ആരു ജയിച്ചു ആരു പരാജയപ്പെട്ടു എന്നുചിന്തിക്കുന്നത് ഉചിതമായിരിക്കും. സത്യാഗ്രഹമിരുന്ന കന്യാസ്ത്രീകള്‍ വിജയിച്ചതായിട്ടാണ് പത്രമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പക്ഷേ, വിജയിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്നാണ് എന്റെ അഭിപ്രായം. സര്‍ക്കാര്‍ വിഷയത്തില്‍ ബുദ്ധിപൂര്‍വ്വം കളിച്ചു; ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.

അമേരിക്കയില്‍ ചികിത്സയിലായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കുരുട്ടുബുദ്ധി റിമോട്ട് സംവിധാനത്തിലൂടെ പ്രവര്‍ത്തിച്ചു. കത്തോലിക്ക സഭയേയും പൊതുജനങ്ങളേയും വരുതിയിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പോലീസിനെ നിയന്ത്രിക്കാതെ നിയമം അതിന്റെ വഴിക്കു പോകുമെന്നു പറഞ്ഞ് കൈകഴുകിയതുവഴി സഭാവിശ്വാസികളുടെ കുറെവോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താന്‍ അവര്‍ക്കു സാധിച്ചു. മറ്റൊന്നും ആലോചിക്കാതെ സത്യാഗഹമിരുന്ന കന്യാസ്ത്രികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചതുവഴി തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന കുറെവോട്ട് നഷ്ടപ്പെടുത്താന്‍ ചെന്നിത്തലക്കും സാധിച്ചു. കുറെപ്പേരെ തെറിവിളിച്ച് പി.സി.ജോര്‍ജ്ജും വിജയം ആഘോഷിച്ചു. 

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
ഫ്രാങ്കോ  വിഷയം: വിജയിച്ചത് ആരൊക്കെ? (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക