Image

ഡോളറും ഇന്ത്യയിലെ പെട്രോളും (പകല്‍ക്കിനാവ്- 119: ജോര്‍ജ് തുമ്പയില്‍)

Published on 21 September, 2018
ഡോളറും ഇന്ത്യയിലെ പെട്രോളും (പകല്‍ക്കിനാവ്- 119: ജോര്‍ജ് തുമ്പയില്‍)
ഡോളറും ഇന്ത്യയിലെ പെട്രോളും എന്നത് വലിയൊരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരിക്കുന്നു. അതു കൊണ്ടാണ് ഇത്തരമൊരം കുറിപ്. ഡോളറിനു ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. രൂപ ഇടിഞ്ഞു വീണിരിക്കുന്നു. 2016 നവംബറിലായിരുന്നു ഇതിനു മുന്‍പ് രൂപ ഇങ്ങനെ ഇടിഞ്ഞു പൊളിഞ്ഞു വീണത്. ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി അമേരിക്കയില്‍ വില്‍ക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ ലാഭമുണ്ടാക്കുന്നവര്‍ക്ക് ശുഭോദായകമായ സൂചനയാണിത്. എന്നാല്‍ തിരിച്ചുള്ള കച്ചവടത്തിലാവട്ട കൈ പൊള്ളുകയും ചെയ്യും. ആറര ശതമാനത്തിലധികം മൂല്യക്കുറവാണ് ഇപ്പോള്‍ രൂപയും ഡോളറും തമ്മിലുള്ളത്.

അന്താരാഷ്ട്ര വിപണയിലെ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വ്യത്യാസമാണ് ഇന്ത്യന്‍ വിപണിയെ പിടിച്ചു കുലുക്കിയതെന്നു വ്യക്തം. വീപ്പക്ക് 80 ഡോളര്‍ എന്ന വിലയിലേക്ക് ഇന്ധനവില ഉയര്‍ന്നു തുടങ്ങിയപ്പോള്‍ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വ്യത്യാസം ഏതാണ്ട് 50 ശതമാനത്തിനും മുകളിലായിരുന്നുവെന്നും ഓര്‍ക്കണം. ഇതെങ്ങനെ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഡെമോക്ലീസിന്റെ വാളായി തൂങ്ങുന്നുവെന്നു നോക്കാം.

ഇന്ധനവിലയ്ക്ക് അനുസൃതമായി പെട്രോളും ഡീസലും വില്‍ക്കുന്നുണ്ടെങ്കിലും മണ്ണെണ്ണക്കും പാചകവാതകത്തിനും മാത്രമാണ് ഇന്ത്യ സബ്‌സിഡി നല്‍കുന്നത്. ബാരലിന് 10 ഡോളര്‍ എന്നു വില ഉയരുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ജിഡിപി പ്രകാരം അത് 0.1 ശതമാനത്തിന്റെയും അധികച്ചെലവും 0.4 ശതമാനത്തിന്റെ കമ്മിയും കാണിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സാമ്പത്തികമായി പണപ്പെരുപ്പത്തില്‍ ഇത് 0.6 മുതല്‍ 0.7 വരെ പ്രതിഫലിക്കുമത്രേ. ഇത് മറികടക്കാനുള്ള യാതൊരു ടെക്‌നിക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ഡോളറും പൗണ്ടും ദിര്‍ഹവുമൊക്കെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കും. രൂപ എട്ടു നിലയില്‍ പൊട്ടി താഴെ വീഴുകയും ചെയ്യും. ഇത് ഇന്ത്യന്‍ വിപണി കാര്യമായി മങ്ങലേല്‍പ്പിക്കുകയും ചെയ്യും. പണപ്പെരുപ്പ കാലത്ത് ഇന്ത്യന്‍ സാമ്പത്തിക മേഖല കൂടുതല്‍ ഞെരുങ്ങുന്നതിനാല്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നത് വരെ കാത്തിരിക്കുക മാത്രമാണ് ഏക പോംവഴി.
ഇതിന്റെ പരിണിത ഫലമായി ഇന്ത്യയില്‍ ഇന്ധനവില കുതിച്ച് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ റിക്കാര്‍ഡ് ഉയരത്തിലാണ് അവിടെ ഇന്ധന വില. ഒരു ലിറ്ററിന് ഏതാണ്ട് 81.50 രൂപ. ഇതാവട്ടെ ഇനിയും ഉയരുക തന്നെ ചെയ്യും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില തത്ക്കാലം കുറയുന്ന നീക്കമൊന്നും കാണുന്നില്ല. എണ്ണ ഉത്പാദന രാജ്യങ്ങള്‍ കാര്യമായി എണ്ണ വില്‍പ്പനയ്ക്ക് വയ്ക്കാത്തതും കരുതല്‍ സംഭരണം കൂട്ടുന്നുവെന്നു ധ്വനി വിപണിയില്‍ എത്തുന്നതുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. എന്തായാലും സെപ്തംബര്‍ പകുതിയോടെ, കരുതല്‍ സംഭരണം അവസാനിപ്പിച്ച് അധിക എണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വന്നേക്കാം.

ഇപ്പോഴത്തെ ഈ റോക്കറ്റ് പെട്രോള്‍ വിലയില്‍ ഒന്നും രണ്ടും രൂപയുടെ വര്‍ദ്ധന് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും. അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ വ്യത്യാസങ്ങളാണ് ഇത് ഏല്‍പ്പിക്കുന്നത്. അത് എല്ലാ മേഖലയിലും 10 ദിവസത്തിനുള്ളില്‍ ബാധിച്ചു തുടങ്ങുകയും ചെയ്യും. അതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതു പോലെ പണപ്പെരുപ്പം വര്‍ദ്ധിക്കുകയും രാജ്യത്തെ നികുതി സംവിധാനത്തില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. പക്ഷേ, അപ്പോഴും ഒരു കുഴപ്പമുണ്ട്. സര്‍ക്കാരിന്റെ കൈയില്‍ വരുന്ന വരുമാനത്തില്‍ കാര്യമായ ഇടിവ് ഉണ്ടാകും. പല സംസ്ഥാനങ്ങളും ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി പുനര്‍ നിര്‍മ്മിക്കാന്‍ തയ്യാറാകേണ്ടിയും വരും. അങ്ങനെ വരുമ്പോള്‍ വികസനപ്രക്രിയകളെയാണ് അതു തുരങ്കം വെക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് നികുതി എന്നു പറയുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. ഇതു കേന്ദ്രസര്‍ക്കാര്‍ പിടിച്ചു മേടിക്കുന്നത്. ഇതിനു പുറമേയാണ് വാല്യു ആഡഡ് ടാക്‌സ് അഥവാ വാറ്റ് എന്ന നിലയ്ക്ക് കേരളം വാങ്ങുന്ന 32.03 ശതമാനം. ഇത് ഓരോ സംസ്ഥാനവും അവരുടെ നിലയ്ക്ക് വാങ്ങുന്നുണ്ട്. ഇതിനു പുറമേ എണ്ണ വില്‍പ്പന കമ്പനികള്‍ (ഒ.എം.സി- ഓയില്‍ മാര്‍ക്കറ്റിങ് കമ്പനി) അവരുടെ വിതരണലാഭവും ഇതില്‍ നിന്നെടുക്കുന്നുണ്ട്. അതായത് പെട്രോള്‍ വില നിശ്ചയിക്കുന്നത് എങ്ങനെയെന്നു നോക്കാം. അന്താരാഷ്ട്ര വിലയായി ക്രൂഡ് ഓയിലിന് കണക്കാക്കുന്നത് 31.17 രൂപയാണെന്നു വിചാരിക്കൂ. അതും ലിറ്ററിന്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ലിറ്ററില്ല, പകരം ബാരലാണ്. അഥവാ വീപ്പകണക്കാണ്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. അങ്ങനെ ഹരിച്ചും ഗുണിച്ചും നോക്കുമ്പോള്‍ ഒരു ലിറ്ററിന് (ഡോളര്‍ വില 68.36 രൂപ ആയിരുന്നപ്പോള്‍ ഇന്ത്യ പെട്രോള്‍ വാങ്ങിയിരുന്നത് 31.17 രൂപയ്ക്കായിരുന്നു.) 31.17 രൂപയാണ് വില. ഇനിയിത് ശുദ്ധീകരിക്കുന്നതിനും വാഹനഗതാഗതത്തിനും കൂടി ചെലവാകുന്നത് 5.93 രൂപയാണ് ഒരു ലിറ്ററിന്. ഇതിന് കേന്ദ്രത്തിനു നല്‍കേണ്ടത് 19.48 രൂപയും ഡീലര്‍ കമ്മീഷന്‍ 3.62 രൂപയും സംസ്ഥാന സര്‍ക്കാരിനു നല്‍കേണ്ട 19.28 രൂപയും കൂടി ചേരുമ്പോള്‍ 79.48 രൂപയാണ് പെട്രോള്‍ വിലയായി വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതിന് അനുസരിച്ച് ഇതിലെല്ലാം വര്‍ദ്ധനവ് ഉണ്ടാകുമെന്നു സാരം. ഇങ്ങനെയാണ് വില നിശ്ചയിക്കുന്നത്. ഏകദേശം പകുതിയില്‍ കൂടുതല്‍ ഇന്ധനനികുതിയായി ഇന്ത്യക്കാര്‍ പണം ചെലവഴിക്കുന്നുണ്ടെന്നു സാരം. ഇതൊന്നും അമേരിക്കയിലിരിക്കുമ്പോള്‍ അറിയുന്നില്ല. ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്നു കേട്ടു. അമേരിക്ക ഈ ഏര്‍പ്പാട് പണ്ടേ ചെയ്തതാണ്. എന്നാല്‍ അതിനൊത്തു പറക്കാന്‍ ഇന്ത്യയ്ക്കാവുമോ? അമേരിക്കിയിലിരിക്കുമ്പോഴും ഇന്ത്യക്കാരായ ഒരോ അമേരിക്കനും ഈ വേവലാതി പങ്കിടുന്നുണ്ട്. നാട്ടിലേക്ക് പണമയക്കുമ്പോള്‍ കാര്യമായ ലാഭം കിട്ടുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ലല്ലോ?

അന്താരാഷ്ട്ര വിപണയിലെ ഓരോ ചെറു അനക്കവും ഇന്ത്യന്‍ വിപണിയില്‍ ബാധിക്കുന്നത് ഇങ്ങനെയൊക്കെയാണ്. കേരളത്തിലെ പ്രളയസാഹചര്യത്തെ മുന്‍ നിര്‍ത്തി എന്തായാലും ഇന്ധനവിലയില്‍ നികുതി കുറയ്ക്കലിന് ഇപ്പോള്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ കേന്ദ്രം കനിയുമെന്നു തോന്നുന്നുണ്ടോ, എന്നു ചോദിച്ചാല്‍ ഒരിക്കലുമില്ലെന്നു തന്നെ പറയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില സെപ്തംബര്‍ വരെ സ്റ്റഡിയായി നിലനിന്നാല്‍ പോലും അത് ഇന്ത്യന്‍ വിപണിയെ ഒന്നു പിടിച്ച് ഉലയ്ക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ ഡോളറുമായുള്ള മൂല്യനിര്‍ണ്ണയം ഇനിയും വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ അതൊരു പുതുചരിത്രമാവും ലോക സാമ്പത്തിക വ്യവസ്ഥിതിയില്‍ വരുത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക