Image

നിലാവിനെ പ്രണയിക്കുന്ന കവി (ശ്രീ വാസുദേവ് പുളിക്കലിന്റെ കവിതകളെക്കുറിച്ച്)-സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 22 September, 2018
നിലാവിനെ പ്രണയിക്കുന്ന കവി (ശ്രീ വാസുദേവ് പുളിക്കലിന്റെ കവിതകളെക്കുറിച്ച്)-സുധീര്‍ പണിക്കവീട്ടില്‍
ഒരു കവിയുടെ ദര്‍ശനത്തിന്റെ സാക്ഷാത്കാരങ്ങളാണ് അദ്ദേഹം രചിക്കുന്ന കവിതകള്‍. ഉറങ്ങാതെ സ്വപ്നം കാണുന്നവരാണ് കവികള്‍. അവരുടെ മനോരാജ്യത്തില്‍ എന്നും തേന്‍നിലാവ്. സങ്കല്‍പ്പ സംഗമസുഖാനുഭവങ്ങള്‍ നുണഞ്ഞു് കൊണ്ടിരിക്കുന്ന അത്തരം ഒരു കവിയാണു ശ്രീ വാസുദേവ്. സൗമ്യഭാവങ്ങളില്‍ സൗന്ദര്യം കൂട്ടിചേര്‍ത്ത് വരച്ച  ചിത്രത്തില്‍ നോക്കി മതിവരാതെ തന്റെ ചായ ബ്രഷ് പിടിച്ച് .ചിത്രത്തിലേക്ക് നിലാവിന്റെ മ്രുദുത്വം കലര്‍ത്തി നോക്കി പിന്നേയും പരീക്ഷണങ്ങളിലേക്ക് മനസ്സിനെ വഴി തെറ്റിച്ച്‌കൊണ്ടു പോകുന്ന ഒരു പ്രക്രിയ ഈ കവിയുടെ രചനകളില്‍ കാണാം. അദ്ദേഹം എഴുതുന്നു. പ്രക്രുതിയുടെ നടക്കാവില്‍ നിറയെ പൂക്കളാണെങ്കിലും കവി മനസ്സു പതറുന്നു. കാരണം കാലത്തിനു മാറ്റമുണ്ടു, മറവിയുണ്ട് സുഖ-ദുഃഖങ്ങള്‍ ഉണ്ട് എന്നു കവിയറിയുന്നു.

എന്തുകൊണ്ടാണു കവി പ്രക്രുതിയിലേക്ക് നോക്കുന്നത്. അവിടെ സൂര്യാസ്തമയങ്ങള്‍ നടക്കുമ്പോള്‍ ഋതുഭേദങ്ങള്‍ സംഭവിക്കുന്നു. മനുഷ്യമനസ്സുകളില്‍ ബോധോദയം ഉണ്ടാകുമ്പോള്‍ല്പവീണു കിട്ടുന്ന നാളെകള്‍, അവ പ്രതീക്ഷകള്‍ക്ക് വിപരീതമെങ്കിലും അതുകൊണ്ട് ജീവിതം ജീവിച്ച് തീര്‍ക്കാന്‍ മനുഷ്യന്‍ വിധിക്കപ്പെട്ടിരിക്കയാണു. കവിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സൂര്യനുദിക്കുന്നു, ച്രന്ദ്രനുദിക്കുന്നു, രാപ്പകല്‍ മാറി മറഞ്ഞിടുന്നു. നമ്മള്‍ കാണുന്നത് ഒര 'മ്പ' വട്ടം. അതാണു നമ്മുടെ കാഴ്ച്ചവട്ടം. ഓരൊ മനുഷ്യരും ജീവിച്ച് തീര്‍ക്കുന്ന കൊച്ചു ജീവിതത്തില്‍ നിന്നു അറിയുന്നത് വളരെ കുറച്ച് മാത്രമാണെങ്കിലും പലരും 'ഞാനെന്ന ഭാവം'' കൊണ്ടു നടക്കുന്നതിനെ കവി നിശിതമായി വിമര്‍ശിക്കുന്നു. പക്ഷെ കവിയുടെ വിമര്‍ശനവും നിലാവിന്റെ സൗന്ദര്യത്തില്‍ പൊതിഞ്ഞ്‌കൊണ്ടാണു. സൗന്ദര്യം കലര്‍ത്തി പറയുക, സൗമ്യതയോടെ പറയുക, സത്യസന്ധമായി പറയുക എന്ന രീതിയാണു കവി സ്വീകരിച്ചിരിക്കുന്നത്. ചിലപ്പോള്‍ അല്‍പ്പം നര്‍മ്മം ചേര്‍ത്തും ആ നര്‍മ്മത്തിലൂടെ നമുക്ക് ചിന്തിക്കാന്‍ ഒരു ഉള്‍പ്രേരണ  തന്നും വിശദീകരണത്തിന്റെ മുഷിപ്പ് വരുത്താതെ കവി ഉപദേശങ്ങളുടെ മിഠായി പൊതികള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്നു.


എല്ലാവരും ജീവിക്കുന്നുണ്ടു. അവരില്‍ പലരും വിജയികളാണെന്നു ധരിക്കുന്നു. എന്നാല്‍ ആരുടെ ജീവിതമാണു വിജയകരമായിട്ടുള്ളത്. വഴിയെക്കാള്‍ വഴിയറിയുക അതേ വഴിയുള്ളു എന്നു പറഞ്ഞുകൊണ്ട് കവി ഒരു സത്യത്തിന്റെ മൂടുപടം നീക്കുന്നു. 'എനിക്ക് വഴിയറിയാമായിരുന്നിട്ടും അവര്‍ ചോദിച്ചപ്പോള്‍ പറയാന്‍ കഴിഞ്ഞില്ല.' ജീവിതം സങ്കീര്‍ണമാണു. ഒരാളുടെ വ്യാ്യാനത്തില്‍ അല്ലെങ്കില്‍ അയാള്‍ തീര്‍ത്ത നിര്‍ദ്ദേശങ്ങളില്‍ എല്ലാവരുടേയും ജീവിതം ഉള്‍കൊള്ളുന്നില്ല. ഓരോരുത്തരുടേയും വഴി വേറെയാണു. അതു അവരവര്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്ന് എന്ന സന്ദേശം കവി നല്‍കുന്നു.

യേശുദേവന്റെ ജന്മദിനത്തെക്കുറിച്ച് എത്രയോ രചനകള്‍ നമ്മള്‍ വായിച്ചിരിക്കുന്നു. ശ്രീ വാസുദേവ് ആ ചരിത്ര സംഭവത്തെ വളരെ ലളിതമായി എന്നാല്‍ ഗഹന ഗാംഭീര്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടു. 'ഇടയപിള്ളേര്‍ തീ കായുമ്പോള്‍, കണ്ടു അവരൊരു വെട്ടം വാനില്‍,
കേട്ടു അവരൊരു ഗാനം മധുരം.വര്‍ഷം ഏറെ പിന്നിട്ടിട്ടും ആ ദിനമെന്നും സുദിനം ഇന്നും.' ആ ദിനത്തിന്റെ ദിവ്യ ചൈതന്യം കുറയുന്നില്ല. അതേക്കുറിച്ച് കവി വാചാലനാകുന്നില്ല. എന്നാല്‍ പറഞ്ഞതില്‍ വാചാലതയുണ്ട്. അതാണു ശ്രീ വാസുദേവ് തന്റെ കവിതകളില്‍ ഉപയോഗിക്കുന്ന ശൈലി.

 ചില കവിതകളിലെ ആശയ ഭംഗിയും അവ പ്രകടമാക്കാന്‍ കവി ഉപയോഗിക്കുന്ന കോമളപദാവലിയും ഹ്രുദയാവര്‍ജ്ജകങ്ങളാണു. ഈ വരികള്‍ ശ്രദ്ധിക്കുക ' ആകാശനീലിമയില്‍ വെണ്മേഘങ്ങള്‍ എഴുതുന്നത് വിയര്‍ത്തു ഉപജീവനം കഴിക്കാനോ ശുഭദിനം നേരുന്നു എന്നോ, അതറിയാന്‍ ഇന്നലെകളെക്കുറിച്ച് ചിന്തിക്കരുത്, കാരണം കണ്ണുകളുടെ മുക്കാലും കാഴ്ച്ച അപ്പോള്‍ നഷ്ടപ്പെടും.' കവി വീണ്ടും പറയുന്നു ഓരൊ പുലരിയിലും ഓര്‍മ്മകളുടെ പുതപ്പ് മാറ്റി ഉണരുക.

 ശ്രീ വാസുദേവ് തന്റെ കവിതകളില്‍ ഒരു താളമോ, വ്രുത്തമോ ഉപയോഗിക്കുന്നില്ല. എന്നിട്ടും അവ വായിക്കുമ്പോള്‍ ഒരു ഇമ്പം ആ വരികള്‍ക്ക് കൈവരുന്നുണ്ടു. അതിനു കാരണം തന്റെ ആശയങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന ശൈലിയുടെ സവിശേഷതയാണു. വാക്കുകളില്‍ ഒരു ഇന്ദ്രജാലം സന്നിവേശിപ്പിക്കുന്ന രചനാ സങ്കേതം അദ്ദേഹത്തിന്റെ സവിശേഷതയാണ്. വഴികളെക്കുറിച്ച്ല്പവീണ്ടുമെഴുതിയപ്പോള്‍ അദ്ദേഹം മതമെന്ന വഴിയേയും സ്പര്‍ശിക്കുന്നുണ്ട്. മതത്തിന്റെ വഴിയാണു മനുഷ്യരെ പെരുവഴിയിലെത്തിച്ചത്. അതു ദൈവം ഇല്ലാഞ്ഞിട്ടൊ മതത്തിന്റെ തത്വസംഹിതകള്‍ അപര്യാപ്തങ്ങളായതുകൊണ്ടൊ അല്ല. പിന്നെയോ, മനുഷ്യന്‍ മതങ്ങള്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ ഭംഗികണ്ടു മതിമറക്കുന്നു. അതു ഓടിക്കാനുള്ള പരിശീലനം നേടുന്നില്ല. വളരെ സങ്കീര്‍ണമായ ഈ വിഷയം എത്രയോ മനോഹാരിതയോടെ എന്നാല്‍ ചിന്തകളുടെ ഒരു അല ഞൊറിഞ്ഞുകൊണ്ട് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. പ്രവചനങ്ങള്‍ തെറ്റുമോ എന്ന ചോദ്യവും ഉത്തരവും കവി നല്‍കുന്നു. പ്രവചനങ്ങളുടെ വക്താക്കള്‍ ഭക്തികൊണ്ട്് അന്ധരായിരുന്നു. അതുകൊണ്ട് അവര്‍ ഒരു കാര്യം മനസ്സിലാക്കി. നേരിന്റെ നേര്‍പാത ലക്ഷ്യത്തിലെത്തിക്കുന്നില്ല കുറുക്ക് വഴികളിലൂടെ എത്താന്‍ എളുപ്പം. ഇതാണു മതത്തിന്റെ പേരില്‍ കപടവേഷധാരികള്‍ ചെയ്യുന്നത്.

കാല്‍പ്പനികതയുടെ ഉദാത്തമേലകളിലേക്ക് കവി അനുവാചകരെ കൊണ്ടു പോകുന്നു ചില സമയങ്ങളില്‍. ആധുനികത എന്ന ഭൂതം കാവ്യദേവതയെ വിഴുങ്ങാന്‍ തുടങ്ങുന്നത് കണ്ട് കവി ദേവതയെകൊണ്ട് ചോദിപ്പിക്കുന്നു. അക്ഷരമാലകളണിഞ്ഞും അണിവിരലില്‍ മോതിരമിട്ട് മറച്ചു പിടിച്ചും, പുടവത്തുമ്പുകള്‍ കാറ്റിലുലച്ചും നെറ്റിക്കുറിയിലെ കുങ്കുമമിത്തിരി കയ്യിലെടുത്തവല്‍ ചോദ്യമെഴുതി പഴമയിലെന്നും പുണ്യം പുലരുമൊരു അനര്‍ഘ  സുന്ദര കവിതകള്‍ എവിടെ?

പ്രക്രുതിയില്‍ നിന്നും മനുഷ്യനു ഒത്തിരി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നാണു കവി മതം. മഞ്ഞ് പൊഴിയുന്ന മനോഹാരിതയാണു ഒരു സാധാരണ മനുഷ്യന്‍ കാണുക. എന്നാല്‍ കവിയോ, അദ്ദേഹം ഇങ്ങനെ നമ്മളെ അറിയിക്കുന്നു. മഞ്ഞിന്റെ വസ്ര്തത്തില്‍ കാപട്യത്തിന്റെ വെളുപ്പു നിറം. അതു നിങ്ങളെ മരവിപ്പിക്കയാണു ഉടുപ്പിക്കയല്ല. ഇന്നത്തെ നവയുഗത്തില്‍ മാത്രുഭാഷ കൈമോശം വരുന്നതിനെക്കുറിച്ച് കവി സമാധാനപ്പെടുന്നു ഇങ്ങനെ. കലഹം വേണ്ട ഭാഷകള്‍ മര്‍ത്യനു ബഹുശബ്ദമുള്ള അമ്മയാണു. ശരിയാണു എവിടെ വസിക്കുന്നുവോ അവിടത്തെ ഭാഷ പറയുക. അപ്പോള്‍ ഒരു ഭാഷ മരിച്ചുപോകുമെന്ന ഭയം വേണ്ട. എല്ലാ പ്രശ്‌നങ്ങളും ഭംഗിയോടെ പരിഹരിക്കാനാണു കവിക്കിഷ്ടം. അതുകൊണ്ട് അദ്ദേഹം കവിതകളില്‍ സൗമ്യതയും 
ശാന്തതയും സ്വീകരിക്കുന്നു. നിലാവിന്റെ നിത്യകാമുകനായ കവിക്ക് നിലാവിനെ കുറിച്ചും പറയാനുണ്ട്. നിലാവിനെ കാത്തിരിക്കുന്നവര്‍ അറിയുക സൂര്യന്‍ മറയാതെ നിലാവ് എങ്ങനെ വരും. പക്ഷെ ഒരു കാമുകനെപോലെ കവിക്ക് അവളെ കാത്തിരിക്കാന്‍ ഇഷ്ടമാണു. ഈ പുസ്തകത്തിലെ ഓരോ കവിതകളും ഓരൊ അനുഭവങ്ങള്‍ വായനകാരനു നല്‍കും. പ്രക്രുതിയും ഈശ്വരനും മനുഷ്യനും കൂടിചേര്‍ന്ന ഈ ഭൂമിയില്‍ ക്ഷണികമായ ജീവിതത്തെക്കുറിച്ച് വളരെയൊന്നും മനുഷ്യന്‍ ആശങ്കപ്പെടേണ്ടതില്ലെന്നു കവി പറയുന്നു. മനോഹരമായ  ആവിഷ്‌കാരത്തിലൂടെ, സൗന്ദര്യം പ്രഭചിന്നുന്ന വിവരണങ്ങളിലൂടെ, നിലാവിന്റെ മുഴുവന്‍ മ്രുദുത്വവും ചാലിച്ച് നേര്‍ത്തുകൊണ്ട്.
സഹ്രുദരായ വായനക്കാര്‍ ഈ കവിതസമാഹാരം സഹര്‍ഷം സ്വീകരിക്കുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം,

കവിക്കു അനുമോദനങ്ങള്‍.

ശുഭം
നിലാവിനെ പ്രണയിക്കുന്ന കവി (ശ്രീ വാസുദേവ് പുളിക്കലിന്റെ കവിതകളെക്കുറിച്ച്)-സുധീര്‍ പണിക്കവീട്ടില്‍നിലാവിനെ പ്രണയിക്കുന്ന കവി (ശ്രീ വാസുദേവ് പുളിക്കലിന്റെ കവിതകളെക്കുറിച്ച്)-സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
Jyothylakshmy Nambiar 2018-09-22 06:53:16

കവിതാസമാഹാരത്തിലെ ഓരോ കവിതയെയും വിലയിരുത്തികൊണ്ടു സമർപ്പിച്ചിരിയ്ക്കുന്ന ആസ്വാദനം മനോഹരമായ ഭാഷയിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നു. കവിയ്ക്കും, ആസ്വാദകനും അഭിനന്ദനങ്ങൾ

Sudhir Panikkaveetil 2018-09-22 08:46:47
ഈ മാസം 16 നു നടന്ന ഇ മലയാളിയുടെ  അവാർഡ് നിശ 
 ചടങ്ങിൽ പ്രകാശനം ചെയ്ത ശ്രീ വാസുദേവ് പുളിക്കലിന്റെ 
"എന്റെ കാവ്യഭാവനനകൾ" എന്ന 
കാവ്യസമാഹാരത്തെക്കുറിച്ചുള്ള 
നിരൂപണമാണിത്.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക