Image

മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)

Published on 22 September, 2018
മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)

റിക്കാര്‍ഡോ നെഫ്താലി എന്ന പതിനാലുകാരന് കവിത ജീവശ്വാസമായിരുന്നു. മനസ്സില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന വാക്കുകള്‍ പുസ്തകങ്ങളില്‍ കുറിച്ചിടുന്ന അവന്റെ ശീലം പക്ഷേ വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചില്ല. പഠനത്തില്‍ മാത്രമേ കുട്ടികളുടെ ശ്രദ്ധ നില്‍ക്കാവൂ എന്നതായിരുന്നു അവരുടെ ശാഠ്യം. കവിതകള്‍ക്ക് ചുവടെ മകന്റെ പേരുകാണുന്ന മാത്രയില്‍ ആ കടലാസ് അച്ഛന്‍ കത്തിച്ചുകളയുമായിരുന്നു.

അക്ഷരങ്ങളോടല്ല, താന്‍ എഴുതുന്നതിനോടാണ് അച്ഛന് വിരോധമെന്ന് റിക്കാര്‍ഡോ മനസ്സിലാക്കി. അതിനൊരു പോംവഴിയായി എഴുത്തുകുത്തുകള്‍ക്ക് താഴെ മറ്റൊരു പേര് നല്‍കാമെന്ന് തീരുമാനിച്ചു. അവനെ ഏറെ സ്വാധീനിച്ച രണ്ട് എഴുത്തുകാരാണ് പോള്‍ വേര്‍ലെയ്‌സും ജാന്‍ നെരൂദയും. ഇരുവരുടെയും പേരുകള്‍ കോര്‍ത്തിണക്കി , തന്റെ രചനകള്‍ക്ക് കീഴില്‍ പാബ്ലോ നെരൂദ എന്നവന്‍ കുറിച്ചു. വശ്യമായ അക്ഷരങ്ങള്‍കൊണ്ട് അനുവാചകരെ വിസ്മയിപ്പിച്ചതിലൂടെ ചരിത്രത്താളുകളില്‍ സുവര്‍ണലിപിയില്‍ ആ പേര് പിന്നീട് ചേര്‍ക്കപ്പെട്ടു.

എഴുതുന്നതിനായി സ്വീകരിക്കുന്ന മറ്റൊരു പേരിനെ തൂലികാനാമം( പെന്‍ നെയിം അഥവാ സ്യൂഡോനെയിം) എന്നാണ് വിശേഷിപ്പിക്കുക.

കലാപരമായ സൃഷ്ടിക്ക് കയ്യൊപ്പ് ചാര്‍ത്തുന്നത് കലാകാരന്‍ ആസ്വദിച്ച് ചെയ്യുന്നൊരു കര്‍മമാണ്. നമ്മുടെ കാലം കഴിഞ്ഞും, അവ നമ്മുടെ പേരില്‍ ഓര്‍മിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. രചനകള്‍ക്ക് ചുവടെ സ്വന്തം പേര് അച്ചടിച്ചുവരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം വേണ്ടെന്ന് വെക്കുമ്പോള്‍ അതിന് തക്കതായ കാരണങ്ങളും ഉണ്ടായിരിക്കും. സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, തൂലികാനാമം സ്വീകരിക്കുന്ന പ്രവണത ഭാഷാഭേദമന്യേ ലോകമെമ്പാടും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉള്ളതായി കാണാം. പ്രാചീന കാലത്തും ഈ രീതി ഉണ്ടായിരുന്നതായി അനുമാനിക്കാം. കാളിദാസന്‍, ഭാസന്‍ തുടങ്ങിയവയൊന്നും യഥാര്‍ത്ഥ പേരുകള്‍ അല്ലെന്നാണ് ചരിത്രാന്വേഷകരുടെ വിലയിരുത്തല്‍. ഇന്നും തുടര്‍ന്നുപോകുന്ന ഈ ഒളിമറവിലെ സര്‍ഗാത്മകതയ്ക്ക് പിന്നില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാരണങ്ങള്‍ ഉണ്ടെന്നതാണ് കൗതുകകരമായ വസ്തുത.

ഇം ണ്ടിലും പാശ്ചാത്യ രാജ്യങ്ങളിലും സ്ത്രീകള്‍ സാഹിത്യരചന നടത്തുന്നത് സാമൂഹികമായി അനുവദനീയം അല്ലാതിരുന്ന ഒരു കാലമുണ്ട്. അന്ന് പലരും പുരുഷനാമധേയം സ്വീകരിച്ച് എഴുതിയിരുന്നു. ഇം ീഷ് നോവലിസ്റ്റായ മേരി ആന്‍ ഇവാന്‍സ് പ്രസിദ്ധയായത് ജോര്‍ജ് എലിയറ്റ് എന്ന പേരിലാണ്.

ഹാരി പോട്ടര്‍ എന്ന എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ സീരീസ് ആയി മാറിയ പുസ്തകവുമായി ജുവാന്‍ എന്ന പെണ്‍കുട്ടി ആദ്യം പ്രസാധകരെ സമീപിച്ചപ്പോള്‍, സ്ത്രീ ആണ് എഴുതിയതെന്നറിഞ്ഞാല്‍ വിറ്റുപോകാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണവര്‍ ജെ.കെ.റൗളിങ് എന്ന പെന്‍നെയിം സ്വീകരിച്ചത്. സ്ത്രീ എഴുതിയതാണെന്ന് അറിഞ്ഞശേഷവും വില്‍പനയുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതാണ് പിന്നീട് കണ്ടത്. ഹാരി പോട്ടര്‍ സീരീസ് വിജയിച്ചത് ബ്രാന്‍ഡ് ആയി മാറിയ പേരുകൊണ്ടാണോ തന്റെ കഴിവുകൊണ്ടാണോ എന്നറിയാന്‍ എഴുത്തുകാരി ഒരു കുസൃതി ഒപ്പിച്ചു. 'കുക്കു കൂളിങ്' എന്ന ത്രില്ലര്‍ റോബര്‍ട്ട് ഗാല്‍ബ്രെയിത് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ചു. എന്നിട്ടും പുസ്തകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതോടെ തന്റെ രചനാവൈഭവത്തില്‍ വിശ്വാസം വന്നതായി എഴുത്തുകാരി പ്രതികരിച്ചിരുന്നു,

പുരുഷന്മാര്‍ സ്ത്രീനാമം സ്വീകരിച്ച് കൃതി പ്രസിദ്ധീകരിക്കുന്ന രീതിയും വിരളമല്ല. മലയാളത്തില്‍ വിലാസിനി എന്ന പേരില്‍ എം.കെ. മേനോനും ആഷാ മേനോന്‍ എന്ന പേരില്‍ കെ. ശ്രീകുമാറും എഴുതിയിട്ടുള്ളത് ഉദാഹരണമാണ്. മതാതീതനായി നിലനില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.സി.കുട്ടികൃഷ്ണന്‍ ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത്. ഉറൂബ് എന്ന വാക്കിന് പേര്‍ഷ്യന്‍ ഭാഷയില്‍ നിത്യ യവ്വനം എന്നും അറബിയില്‍ പുലരി എന്നുമാണ് അര്‍ഥം.

ഒ.എന്‍.വി. കുറുപ്പ് ആദ്യകാലത്ത് ബാലമുരളി എന്ന പേരില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നത് സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പരാധീനതയാലായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേപ്രസിദ്ധീകരണത്തില്‍ ഒന്നില്‍ കൂടുതല്‍ രചനകള്‍ ഒരാള്‍തന്നെ എഴുതുമ്പോള്‍ വായനക്കാര്‍ക്ക് രസക്കുറവ് തോന്നാതിരിക്കാന്‍ തൂലികാനാമങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്. വീട്ടമ്മമാര്‍ വായനക്കാരായുള്ള വാരികകളില്‍ ആണ്‍ നോവലിസ്റ്റുമാര്‍ സ്ത്രീകളുടെ പേരില്‍ എഴുതുന്ന പ്രവണതയുമുണ്ട്. ഒരു പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അവരുമായി മത്സരിക്കുന്ന സ്ഥാപനത്തിനു വേണ്ടി എഴുതുമ്പോഴും എഴുത്തുകാര്‍ പേര് മറച്ച് എഴുതും.

വിവാദം ആയേക്കാം എന്ന മുന്‍ധാരണയോടെ എഴുത്തിനെ സമീപിക്കുമ്പോള്‍ പ്രത്യാഘാതങ്ങള്‍ക്ക് കരുതലായി സ്വന്തംപേര് വെളിപ്പെടുത്താതിരിക്കുന്നവരും കുറവല്ല. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രമുഖരായവര്‍പോലും ആശയം ജനങ്ങളിലേക്ക് എത്തുക എന്നതില്‍ മാത്രമാണ് കാര്യമെന്ന് മനസ്സിലാക്കി പെന്‍ നെയിമില്‍ എഴുതി.

അമേരിക്കന്‍ സാഹിത്യകാരനായ വില്യം സിഡ്നി പോര്‍ട്ടര്‍ ഒ. ഹെന്റി എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ഈ തൂലികാ നാമത്തിനു പിന്നിലെ കാരണമായി രണ്ട് കഥകള്‍ പ്രചാരത്തിലുണ്ട്. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ആദ്യ രചനകള്‍ പ്രസിദ്ധീകൃതമായത്. ജയില്‍പുള്ളിയാണ് രചയിതാവെന്നത് മറച്ചുവയ്ക്കാനാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്. ആ പേര് തന്റെ പ്രണയിനിയുടെ പൂച്ചയുടെ ഓര്‍മയ്ക്ക് ഇട്ടതാണെന്നും എഴുത്തില്‍ പ്രോത്സാഹിപ്പിച്ച ജയില്‍ വാര്‍ഡന്റെ പേരാണെന്നും പറയപ്പെടുന്നു. അഗതാ ക്രിസ്റ്റിക്കുമുണ്ട് സ്യൂഡോനെയിമില്‍ എഴുതാന്‍ വിചിത്രമായൊരു കാരണം. അഗതാ ക്രിസ്റ്റി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ കുറ്റാന്വേഷണ നോവല്‍ ആയിരിക്കും എന്ന മുന്‍വിധി വായനക്കാരില്‍ വളര്‍ന്നതോടെയാണ് അവര്‍ റൊമാന്റിക് നോവലുകള്‍ എഴുതാന്‍ മേരി വെസ്റ്റ്മാക്കോട്ട് എന്ന പേരുസ്വീകരിച്ചത്.

ഏതുപേരില്‍ എഴുതുന്നു എന്നതിനേക്കാള്‍ ആത്യന്തികമായി പ്രസക്തം, അക്ഷരങ്ങള്‍ കാലത്തെ അതിജീവിക്കുന്നതിലാണ്. പേരിനും പ്രശസ്തിക്കുമപ്പുറം ആശയങ്ങളുടെ നീരുറവ വായനക്കാരിലേക്ക് ഒഴുകിയെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കാം മറ്റൊരു പേരിന്റെ മറപറ്റി തൂലിക ചലിപ്പിക്കുന്ന ഓരോരുത്തരും.
മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)മറയത്ത് ചലിച്ച തൂലികകള്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
വിദ്യാധരൻ 2018-09-24 22:56:25
പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം 
ഒരായ്കിൽ നേരിതു കിനാവുണരുംവരേയ്ക്കും 
നേരമുണർന്നളവുണർന്നവനാമശേഷം  (അദ്വൈതദീപിക -ശ്രീനാരായണഗുരു )

പരമകാരണത്തെ അറിയാതെ ഒരു വസ്തുവിന്റെയും സത്യം വെളിപ്പെടുന്നതല്ല . അപ്പോൾ ഇന്നത്തെ അറിവുകൾ മുഴുവൻ കാഴ്‌ചകൾക്ക്  തല്ക്കാലം നൽകിയിട്ടുള്ള പേരുകളെ ആശ്രയിച്ചിട്ടുള്ളവയാണ്. 

എഴുതുന്ന ആളുടെ അറിവ് അപൂർണ്ണമാണെന്ന് അറിയുകയും, പൊന്നാടകളിലും അവാര്ഡുകളിലും ഒതുക്കി പേരൂന്റെകൂടെ കൂട്ടിയാൽ അതിൽ ഒതുങ്ങാത്ത    അറിവുകളുടെ ഒരു മഹാസാഗരം ഉണ്ടെന്ന് അറിയുകയും ചെയ്യുമ്പോൾ പേര് വെളുപ്പെടുത്തിയിട്ട് എന്ത് കാര്യം? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക