Image

ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍

ശ്രീകുമാര്‍ Published on 23 September, 2018
ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍
ദിവ്യബലിയില്‍ സംബന്ധിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം, അഥവാ പാപത്തിന്റെ സ്വാഭാവിക ശിക്ഷയില്‍ നിന്നുള്ള ആധ്യാത്മിക മോചനം  നല്‍കുന്ന വല്ലാര്‍പാടത്തമ്മയുടെ തിരുനാളാണ് നാളെ (സെപ്റ്റംബര്‍ 24). എറണാകുളം ജില്ലയിലെ വല്ലാര്‍പാടം ദ്വീപിലുള്ള ലോകപ്രശസ്തമായ ദേവാലയമാണ് വല്ലാര്‍പാടം പള്ളി അഥവാ വല്ലാര്‍പാടം ബസിലിക്ക. (National Shrine Basilica of Our Lady of Ransom). ഏകദേശം അഞ്ചു കോടിയോളം വിശ്വാസികള്‍ എല്ലാ വര്‍ഷവും, അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ ബസിലിക്കയില്‍ സന്ദര്‍ശനം നടത്തുന്നു. ഏറ്റവും വലിയ ഒന്‍പത് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണിത്. എല്ലാ ദിവസവും പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ അത്ഭുതങ്ങളും അതിശയങ്ങളും നിരന്തരം നടക്കുന്ന സ്ഥലവുമാണ് ഈ ബസിലിക്ക. നാനാജാതി മതസ്ഥരും ആലംബമായിക്കാണുന്ന വല്ലാര്‍പാടത്തമ്മയുടെ ചരിത്രം ഏറെ രസകരവും ഭക്തി സാന്ദ്രവുമാണ്.

1524ല്‍ വാസ്‌കോഡി ഗാമയുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ ഒപ്പം ഒരു ചിത്രവും കരുതിയിരുന്നു. അത്ഭുത സിദ്ധികളുണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്ന കന്യാമാതാവിന്റേയും ഉണ്ണിയേശുവിന്റേയും ചിത്രമായിരുന്നു അത്. വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ പേരില്‍ അന്നുണ്ടായിരുന്ന പഴയ പള്ളിയില്‍ അവര്‍ ആ ചിത്രം സ്ഥാപിച്ചു. പരിശുദ്ധാത്മാവിന്റെ പേരില്‍ സ്ഥാപിതമായിരുന്ന ഏഷ്യയിലെ ആദ്യ പള്ളിയായായിരുന്നു അന്നു വരെ ആ പള്ളി അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1676ലെ വെള്ളപ്പൊക്കത്തില്‍ പള്ളി പൂര്‍ണ്ണമായും നശിച്ചു. കൂട്ടത്തില്‍ ഒഴുക്കില്‍ പെട്ട് ചിത്രവും ഒലിച്ചു പോയി.

ഈ സമയത്ത് വള്ളത്തില്‍ ചേന്ദമംഗലത്തേക്കു പോവുകയായിരുന്നു കൊച്ചി രാജാവിന്റെ പ്രധാന മന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചന്‍. വെള്ളത്തില്‍ ഒഴുകി നടക്കുന്ന ചിത്രം കണ്ട് അദ്ദേഹം നദിയിലേക്ക് എടുത്തു ചാടി. ജീവന്‍ പണയം വെച്ച് ചിത്രം വീണ്ടെടുത്ത അദ്ദേഹം പരിശുദ്ധമാതാവിനു മാതാവിനു ദേവാലയം നിര്‍മ്മിക്കാനായി വല്ലാര്‍പാടം ദ്വീപില്‍ കുറേ സ്ഥലം കരമൊഴിവായി പതിച്ചു നല്‍കി. ആ ഭൂമിയിലാണ് ഇപ്പോഴും പള്ളി സ്ഥിതി ചെയ്യുന്നത്. രാമന്‍ വലിയച്ചന്‍ വിശ്വാസികള്‍ക്ക് മാതാവിന്റെ ചിത്രം തിരിച്ചു നല്‍കിയ സ്ഥലത്ത് ഒരു കൊടിമരം സ്ഥാപിക്കുകയുണ്ടായി. നാട്ടുകാര്‍ പുതിയ ദേവാലയം സ്ഥാപിച്ച്, മാതാവിന്റെ ചിത്രം അവിടെ സ്ഥാപിച്ചു. 

ദേവാലയത്തിന്റെ ആശീര്‍വാദത്തില്‍ രാമന്‍ വലിയച്ചന്‍ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം അന്ന് ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതില്‍ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തില്‍നിന്നും നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കാലാന്തരത്തില്‍ ഈ പതിവ് മുടങ്ങിപ്പോവുകയുണ്ടായി. എന്നാല്‍ 1994 മുതല്‍ പാലിയം കൊട്ടാരത്തില്‍നിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് നിലനില്‍ക്കുന്നുണ്ട്.  1752ല്‍ തദ്ദേശവാസികളായ മീനാക്ഷിയമ്മയും അവരുടെ മകനും വള്ളത്തില്‍ സഞ്ചരിക്കവേ കാറ്റും കോളും വന്ന് വള്ളം മറിഞ്ഞു. മരണം മുന്നില്‍ കണ്ട മീനാക്ഷിയമ്മ വല്ലാര്‍പാടത്തമ്മയോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ജീവന്‍ തിരികെ കിട്ടിയാല്‍ താനും മകനും ജീവിതകാലം മുഴുവന്‍ അമ്മയുടെ അടിമകളായി കഴിഞ്ഞോളാമെന്ന് അവര്‍ നേര്‍ച്ച നേര്‍ന്നു.

അന്നേക്ക് മൂന്നാം ദിവസം പള്ളി വികാരിയായിരുന്ന ഫാ: മിഗുവല്‍ കോറയക്കിന് വല്ലാര്‍പാടത്തമ്മയുടെ സ്വപ്ന ദര്‍ശനമുണ്ടായി. അമ്മയുടെ നിര്‍ദ്ദേശപ്രകാരം മീന്‍പിടുത്തക്കാരോട് അദ്ദേഹം വല വീശാനാവശ്യപ്പെട്ടു. ആ വലയില്‍ മീനാക്ഷിയമ്മയുടെയും മകന്റെയും ശരീരങ്ങള്‍ കുടുങ്ങി. അത്ഭുതമെന്നോണം ദിവസങ്ങള്‍ക്കു ശേഷം അവര്‍ കണ്ണു തുറന്നു. ശിഷ്ടകാലം വല്ലാര്‍പാടത്തമ്മയുടെ അടിമകളായി മാറിയ അവര്‍ സ്വമേധയാ കൃസ്ത്യന്‍ മതം സ്വീകരിച്ച് മേരിയും യേശുദാസുമായി. 'പള്ളിയില്‍ വീട്' എന്ന പേരില്‍ പ്രശസ്തമായ ആ അമ്മയുടെ പിന്മുറക്കാര്‍ വല്ലാര്‍പാടത്ത് ഇന്നും ജീവിക്കുന്നു. മീനാക്ഷിയമ്മയുടെ ജീവിത സമര്‍പ്പണത്തിനു ശേഷം അടിമ വഴിപാട് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. വള്ളത്തിലും ബോട്ടിലും കപ്പലിലുമായി യാത്ര ചെയ്യുന്നവരെല്ലാം വല്ലാര്‍പാടത്തമ്മയെ തങ്ങളുടെ രക്ഷകയായി കരുതാന്‍ തുടങ്ങി. അമ്മയുടെ അനുഗ്രഹത്താല്‍ ജീവിതം തിരിച്ചു കിട്ടിയ അനേകരുടെ കഥകള്‍ പ്രചാരമാര്‍ജ്ജിച്ചു. ഇന്നും അതു തുടരുന്നു.

1888ല്‍ പോപ്പ് ലിയോ പതിമൂന്നാമന്‍ പള്ളിക്ക് പ്രത്യേക പദവി നല്‍കി ആദരിച്ചു. 1951ല്‍ ഭാരത സര്‍ക്കാരും ദേവാലയത്തെ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കേരളാ സര്‍ക്കാര്‍ 2002 ല്‍ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തി. അതേ തുടര്‍ന്ന് 2004 സെപ്റ്റംബര്‍ 12ന്  ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ആ വര്‍ഷം തന്നെ ഡിസംബര്‍ ഒന്നിന്  ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പള്ളിയെ ബസിലിക്ക എന്ന പദവി നല്‍കുകയും ചെയ്തു. 2004 നവംബര്‍ 21ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന മെത്രാപ്പോലീത്ത ഇവിടം സന്ദര്‍ശിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2004 ഡിസംബര്‍ ഒന്നിന് പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2005 ഫെബ്രുവരി 12ന് വരാപ്പുഴ അതിരൂപതാ മെത്രാന്‍ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ പള്ളിയില്‍ നിവഹിച്ചു.

എല്ലാ വര്‍ഷവും സെപ്തംബര്‍ 16 മുതല്‍ 24 വരെയാണ് വല്ലാര്‍പാടത്തമ്മയുടെ പെരുന്നാള്‍. ഇതില്‍ തന്നെ 24ാം തീയതിയാണ് ഏറ്റവും പ്രധാനം. അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള കന്യാമറിയത്തിന്റെ ചിത്രം പ്രധാന അള്‍ത്താരയ്ക്കു മുകളില്‍ ഇന്നും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു. ഒപ്പം പള്ളി പുനരുദ്ധാരണ സമയത്ത് പാലിയത്ത് രാമന്‍ വലിയച്ചന്‍ സമ്മാനിച്ച അള്‍ത്താര വിളക്കും ജ്വലിക്കുന്നു...1676 മുതല്‍ ഇന്നുവരെ അണയാതെ കത്തിക്കൊണ്ട് വരും തലമുറകള്‍ക്കും വെളിച്ചമേകാന്‍...

ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക