Image

ജാമ്യത്തിലിറങ്ങിയ ഡോ. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ വീണ്ടും അറസ്റ്റ്‌ ചെയ്‌തു

Published on 24 September, 2018
ജാമ്യത്തിലിറങ്ങിയ ഡോ. കഫീല്‍   ഖാനെ   യോഗി സര്‍ക്കാര്‍ വീണ്ടും അറസ്റ്റ്‌ ചെയ്‌തു


ലക്‌നൗ: ഗോരഖ്‌പൂരിലെ രക്ഷകനായിരുന്ന ഡോ. കഫീല്‍ ഖാനെ വേട്ടയാടി യോഗി സര്‍ക്കാര്‍. ജാമ്യത്തില്‍ വിട്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം മറ്റൊരു കേസില്‍പെടുത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞ ഒന്നരമാസത്തിനിടെ 70 ശിശു മരണങ്ങള്‍ സംഭവിച്ച ബഹാറായ്‌ ജില്ലാ ആശുപത്രിയില്‍ കഫീല്‍ ഖാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സസ്‌പെന്‍ഷനിലായിരിക്കെ കുട്ടികളെ ചികിത്സിച്ചെന്നും ഡോക്ടര്‍മാരുടെ ജോലിക്ക്‌ തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌. വാര്‍ത്താ സമ്മേളനം നടത്തുന്നതിന്‌ തൊട്ട്‌ മുന്‍പായിരുന്നു അറസ്റ്റ്‌.

ഈ കേസില്‍ കഫീല്‍ ഖാന്‌ ജാമ്യം അനുവദിച്ചെങ്കിലും മണിക്കൂറുകള്‍ക്ക്‌ ശേഷം മറ്റൊരു കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 9 വര്‍ഷം മുന്‍പുള്ള കേസുമായി ബന്ധപ്പെട്ടാണ്‌ കഫീല്‍ ഖാനെയും സഹോദരന്‍ അദീല്‍ ഖാനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

തന്റെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച്‌ അദീല്‍ ഖാന്‍ വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കുകയും 82 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ച്‌ ശേഖ്‌പൂര്‍ സ്വദേശിയായ മുസ്സാഫര്‍ അലാം 2009ല്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ്‌ ഇപ്പോള്‍ ഇരുവരെയും അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഇളയ സഹോദരന്‌ വെടിയേറ്റ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കഫീല്‍ ഖാന്‍ രംഗത്ത്‌ വന്നിരുന്നു. ഇതിന്‌ പ്രതികാരമായിട്ടാണ്‌ ഇപ്പോഴത്തെ നടപടിയെന്ന്‌ കുടുംബം ആരോപിക്കുന്നു.

ഗോരഖ്‌പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത കഫീല്‍ ഖാന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌. സര്‍ക്കാരിന്റെ വീഴ്‌ച മറച്ചുവയ്‌ക്കാന്‍ കഫീല്‍ ഖാനെ ഇരയാക്കുകയായിരുന്നവെന്നാരോപണമുണ്ട്‌. സംഭവത്തിന്‌ ശേഷം കടുത്ത പ്രതിസന്ധികളിലൂടെയാണ്‌ കഫീല്‍ ഖാനും കുടുംബവും കടന്നു പോകുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക