Image

വീട്ടമ്മയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി: ഭര്‍ത്താവിനെ കാണാനില്ല

Published on 24 September, 2018
വീട്ടമ്മയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി: ഭര്‍ത്താവിനെ കാണാനില്ല

തിരുവനന്തപുരം: മണക്കാടിനടുത്ത്‌ ശ്രീവരാഹം മുക്കോലയ്‌ക്കലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന്‌ സംശയിക്കുന്ന ഭര്‍ത്താവിനായി പൊലീസ്‌ അന്വേഷണം ഉര്‍ജ്ജിതമാക്കി. മുക്കോലയ്‌ക്കല്‍ ക്ഷേത്രത്തിന്‌ സമീപം മുക്കോലയ്‌ക്കല്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ നമ്പര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന തമിഴ്‌നാട്‌ തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ്‌ (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്‌. സംഭവത്തിനുശേഷം കാണാതായ ഭര്‍ത്താവ്‌ മാരിയപ്പനുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി ഫോര്‍ട്ട്‌ പൊലീസ്‌ അറിയിച്ചു.രാത്രി പതിനൊന്നരയോടെയാണ്‌ വെട്ടേറ്റ്‌ ചോരവാര്‍ന്ന നിലയില്‍ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്‌. വര്‍ഷങ്ങളായി തിരുവനന്തപുരത്ത്‌ താമസമാണ്‌ ഇവര്‍.

പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിയതാണ്‌ ഇവര്‍ . കഴിഞ്ഞ കുറേ മാസങ്ങളായി മുക്കേലയ്‌ക്കല്‍ ക്ഷേത്രത്തിന്‌ സമീപത്തെ വീടിന്റെ മുകള്‍ നിലയില്‍വാടകയ്‌ക്കാണ്‌ കന്നിയമ്മാളും മാരിയപ്പനും ഇളയ മകന്‍ മണികണ്‌ഠനും താമസിച്ചിരുന്നത്‌.ഇന്നലെ വൈകുന്നേരം നഗരത്തില്‍ സിനിമയ്‌ക്ക്‌ പോയ ഇവര്‍ രാത്രി 9.30 ഓടെയാണ്‌ തിരികെയെത്തിയതെന്ന്‌ വീട്ടുടമ പൊലീസിനോട്‌ പറഞ്ഞു.

അതിനുശേഷമുണ്ടായ എന്തോ പ്രശ്‌നമാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ്‌ നിഗമനം. നഗരത്തില്‍ പിസ വിതരണക്കാരനായ മണികണ്‌ഠന്‍ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴാണ്‌ രക്തം വാര്‍ന്ന നിലയില്‍ കന്നിയമ്മാളിനെ കണ്ടെത്തിയത്‌. തലയ്‌ക്ക്‌ ആഴത്തില്‍ വെട്ടേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌.സിനിമയ്‌ക്ക്‌ പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ്‌ മാത്രമാണ്‌ ശരീരത്തില്‍ ഉണ്ടായിരുന്നത്‌. കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട മണികണ്‌ഠന്‍ വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിച്ചു.

തുടര്‍ന്ന്‌ പൊലീസെത്തുകയായിരുന്നു. വീട്ടിലേക്ക്‌ വരും വഴി മാരിയപ്പന്‍ സ്‌കൂട്ടറോടിച്ച്‌ പോകുന്നതായി കണ്ടതായി ഇയാള്‍ പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. സംഭവസമയത്ത്‌ മാരിയപ്പന്‍ വീട്ടിലുണ്ടായിരുന്നതായാണ്‌ വീട്ടുടമസ്ഥനും അയല്‍വാസികളും പൊലീസിനോടു പറഞ്ഞത്‌.

ഇയാള്‍ രാത്രി സ്‌കൂട്ടറില്‍ കയറി പോകുന്നതു കണ്ടതായും ഇവര്‍ പറയുന്നു. കന്നിയമ്മാളിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. തമിഴ്‌നാട്ടില്‍ താമസിക്കുന്ന ലക്ഷ്‌മിയും ഗണേശുമാണ്‌ മറ്റ്‌ രണ്ട്‌ മക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക