Image

ഒരു അമ്മയ്ക്കും ഈ ഗതി വരരരുത്; ആശങ്കകള്‍ ബാക്കിയാക്കി പ്രവീണ്‍ വധക്കേസ് (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 24 September, 2018
 ഒരു അമ്മയ്ക്കും ഈ ഗതി വരരരുത്; ആശങ്കകള്‍ ബാക്കിയാക്കി പ്രവീണ്‍ വധക്കേസ് (അനില്‍ പെണ്ണുക്കര)
തന്റെ മകനെ കൊലപ്പെടുത്തിയ കുറ്റവാളിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് അയാളുടെ ശിക്ഷയ്ക്കായി കാത്തിരിക്കുമ്പോള്‍ ലവ്‌ലി വര്‍ഗീസ് എന്ന അമ്മയ്ക്കും കുടുംബത്തിനും മേല്‍ അശനിപാതം പോലെ ഒരു വാര്‍ത്ത. പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ കൊലപാതകിയായി ജൂറി വിധിയെഴുതിയ ഗേജ് ബത്തൂണിനെ കുറ്റവിമുക്തനാക്കി വീണ്ടും വിചാരണക്കായി കോടതി ഉത്തരവിട്ടിരിക്കുന്നു. പോലീസും നിയമവും കൃത്യമായി പാലിക്കുന്ന അമേരിക്കപോലെ ഒരു രാജ്യത്ത് ഇത്തരം ഒരു ഉത്തരവിനെ അമേരിക്കന്‍ മലയാളികളും പ്രവീണിന്റെ കുടുംബവും വേദനയോടെയാണ് നോക്കി കാണുന്നത് .

പക്ഷെ ഒന്നുണ്ട്, ലവ്ലി വര്‍ഗീസ് എന്ന് അമ്മയോടൊപ്പമാണ് ഈ ലോകം. തന്റെ മകനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കൊലപാതകിയെ നിയമത്തിനു മുന്നിലെത്തിച്ച ധീരയായ ആ അമ്മയുടെ കൂടെയാണ് ലോകം നില്‍ക്കേണ്ടതും. പ്രവീണ്‍ വധക്കേസിലെ കോടതിയുടെ പുതിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ആണ് രംഗത്തെത്തിയത്. പ്രവീണ്‍ വധക്കേസ് ലോക മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിച്ച മോണിക്ക സുക്ക എന്ന മാധ്യമപ്രവര്‍ത്തക അവരുടെ എഫ് ബി പേജില്‍ ഇങ്ങനെ എഴുതുന്നു ' തെളിവുകളും സാക്ഷികളും ഗേജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും കോടതി ഗേജിന് അനുകൂലമായി വിധി പറഞ്ഞതില്‍ ഖേദിക്കുന്നു'. ജയിലിനു ഉള്ളില്‍ വെച്ച് പോലും ഗേജ് ബത്തൂണ്‍ ലഹരി വസ്തുക്കളുടെ ഇടപാട് നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും മോണിക്ക കൂട്ടിച്ചേര്‍ക്കുന്നു .

പ്രവീണിന് വേണ്ടിയുള്ള ലവ്‌ലിയുടെ യുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇനിയും ഒപ്പം നില്‍ക്കുമെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറയുന്നു . കണ്മുന്നില്‍ നടക്കുന്ന അനീതിക്കെതിരെ കോടതി പോലും കണ്ണടക്കുകയാണോ എന്ന ചോദ്യം ഉന്നയിക്കുകയാണ് മോണിക്ക സൂക്ക.

പ്രവീണ്‍ വധകേസ് ഇനി എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. പക്ഷെ നീതി ലഭിക്കും വരെ മുന്നോട്ടു പോകുവാനുള്ള തയാറെടുപ്പിലാണ് ലവ്‌ലി വര്‍ഗീസും കുടുംബവും. അതിനു അമേരിക്കന്‍ മലയാളികളുടെ, ഭാരതീയ സമൂഹത്തിന്റെ പിന്തുണ ഈ അമ്മയ്ക്ക് ലഭിക്കണം. ഇവിടെ കുറ്റക്കാരന്‍ രക്ഷപ്പെട്ടാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ഭാരതീയ പ്രവാസി സമൂഹം തിരിച്ചറിയണം . ഈ അമ്മയ്ക്കൊപ്പം പോരാടാന്‍ സംഘടനകള്‍ തയാറാകണം. പ്രതിഷേധം ഉണ്ടാവണം. സത്യം ജയിക്കണം. ഇനി ഒരു അമ്മയ്ക്കും ഈ ഗതി ഉണ്ടാകരുത് .

2014 ല്‍ കാര്‍ബോണ്‍ഡലിലെ വനാന്തരങ്ങളില്‍ നിന്നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.ബത്തൂണുമായി വഴക്കിടുകയും ആ കലഹത്തിനൊടുവില്‍ പ്രവീണ്‍ ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോവുകയും പിന്നീട് ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെടുകയും ആണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മരണം നടന്ന് 5 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്.

കേസിന്റെ ആദ്യ വിചാരണയില്‍ ബത്തൂണ്‍ കുറ്റക്കാരനാണെന്ന് തെളിയുകയും ശിക്ഷാവിധി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി ബത്തൂണിന്റെ ശിക്ഷാവിധി പിന്തള്ളുകയും പുതിയ വിചാരണഉത്തരവിടുകയുമായിരുന്നു.

കോടതിയുടെ പുതിയ തീരുമാനത്തില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ലവ്ലി വര്‍ഗീസും കുടുംബവും. പ്രവീണിന്റെ മരണശേഷം ലൗലി വര്‍ഗസ് നടത്തിയ പോരാട്ടങ്ങളുടെ നാള്‍വഴികള്‍ നമുക്കെല്ലാം അറിയാവുന്നതാണ് . നാലുവര്‍ഷമായി നടത്തിയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നീതി ലഭിച്ച സന്തോഷത്തില്‍ ലോക മലയാളികള്‍ പ്രതിയുടെ വിധിക്കായി കാത്തിരിക്കുമ്പോള്‍ ആണ് പുനര്‍ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത് .

ലൗലി വര്‍ഗീസ് മകന്റെ കേസുമായി ബന്ധപ്പെട്ട നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ മിസ്സിംഗ് ആയ ഇരുപത്തിയഞ്ചിലധികം ചെറുപ്പക്കാരുടെ കഥകള്‍ കേള്‍ക്കുകയുണ്ടായി. പല കുടുംബങ്ങളും നിയമത്തിനു പുറകെ പോകാതെ മക്കളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്നവര്‍. അവര്‍ക്കൊക്കെ വലിയ പ്രചോദനം ആയിരുന്നു ലൗലി വര്‍ഗീസ് . ചില ആളുകള്‍ മക്കളെകണ്ടെത്തുന്നതിനായി കോടതികളെ സമീപിച്ചു. അങ്ങനെ പ്രവീണ്‍ വധക്കേസ് കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങി. കൂടുതല്‍ വിദേശ മാധ്യമങ്ങള്‍ ഈ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ അവരുടെ ചാനലുകളിലും,പത്രങ്ങളിലും വാര്‍ത്തയാക്കിയത് ഈ അമ്മയുടെ പോരാട്ടക്കഥ ജനങ്ങളില്‍ എത്തുവാന്‍ കാരണമായി..
ഈ പോരാട്ടം ഇനിയും തുടരണം.

മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ലൗലി വര്‍ഗീസിനും കുടുംബത്തിനും നമുക്ക് പിന്തുണ നല്‍കാം. പുതിയ വിചാരണയില്‍ കുറ്റവാളിക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ നീതിക്കൊപ്പം നില്ക്കാന്‍ നമുക്കാവണം. അതിനായി ലോക മലയാളികളുടെ സംഘടിതമായ കൂട്ടായ്മ ഉണ്ടാകണം. ഇനിയും ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ ഇടവരരുത് ...! 
 ഒരു അമ്മയ്ക്കും ഈ ഗതി വരരരുത്; ആശങ്കകള്‍ ബാക്കിയാക്കി പ്രവീണ്‍ വധക്കേസ് (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക