Image

ഇക്കോണമി യാത്രക്കാരോടൊപ്പം വിമാനം പറന്നുയരുന്നതും കാത്ത് നിയുക്ത മെക്‌സിക്കന്‍ പ്രസിഡന്റ്

ഏബ്രഹാം തോമസ് Published on 24 September, 2018
ഇക്കോണമി യാത്രക്കാരോടൊപ്പം വിമാനം പറന്നുയരുന്നതും കാത്ത് നിയുക്ത മെക്‌സിക്കന്‍ പ്രസിഡന്റ്
ഒരു സാധാരണ വിമാനത്തില്‍ ഇക്കോണമി യാത്രക്കാരോടൊപ്പം വിമാനം പറന്നുയരുന്നതും കാത്ത് മൂന്നു മണിക്കൂറും ഒരു മണിക്കൂര്‍ വിമാനത്തിന് പുറത്തും ഒരു രാജ്യത്തിന്റെ നിയുക്ത പ്രസിഡന്റ് അക്ഷമനായി സമയം ചെലവഴിക്കുക അസാധാരണ കാഴ്ചയാണ്.

വലിയ ഭൂരിപക്ഷത്തോടെ മെക്‌സിക്കോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബറ ഡോര്‍ (ആംലോ എന്ന് ആരാധകര്‍ വിളിക്കുന്നു) ആണു മെക്‌സിക്കോയുടെ ചെലവ് കുറഞ്ഞ യാത്രകള്‍ ഒരുക്കുന്ന വിവാ എയ്‌റോബസില്‍ യാത്ര ചെയ്യാന്‍ കാത്തിരുന്നത്. ഹുവാടുല്‍കോ ബീച്ച് റിസോര്‍ട്ടില്‍ നിന്നു മെക്‌സിക്കോ നഗരത്തിലേക്കുള്ള വിമാനമാണു വൈകിയത്. കനത്ത മഴമൂലം മെക്‌സിക്കോ സിറ്റി എയര്‍പോര്‍്ട്ട് അടച്ചിരുന്നു. റണ്‍വേയില്‍ തന്നെ വിമാനം മൂന്നു മണിക്കൂര്‍ കാത്തുകിടന്നു. കൂടാതെ ഒരു മണിക്കൂര്‍ യാത്രക്കാരെ വിമാനത്തിന് പുറത്തു നിര്‍ത്തുകയും ചെയ്തു.

വിമാന യാത്രയിലെ ഈ താമസം സാധാരണ അധികമാരും ശ്രദ്ധിക്കാറില്ല. നിയുക്ത പ്രസിഡന്റായ ആംലോയും യാത്രക്കാരില്‍ ഒരുവനായിരുന്നു എന്നതാണു മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്.

സാധാരണക്കാരനില്‍ ഒരുവനായി കഴിയുവാന്‍ ആഗ്രഹിക്കുന്ന ആംലോ ഡിസംബര്‍ ഒന്നിന് പ്രസിഡന്റായി അധികാരമേറ്റ് കഴിഞ്ഞാല്‍ പ്രസിഡന്‍ഷ്യല്‍ പ്ലെയിന്‍ വില്‍ക്കുമെന്നും സാധാരണ മെക്‌സിക്കോക്കാരെ പോലെ ചിലവ് കുറഞ്ഞ വിമാനങ്ങവില്‍ യാത്ര ചെയ്യുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്റെ ട്രഷറിയിലേയ്ക്ക് ഈ തുക മുതല്‍ കൂട്ടാക്കാനാണ് നീക്കം. ഔദ്യോഗിക ജെറ്റ് വില്‍ക്കുന്നതോടൊപ്പം ആഡംബരം നിറഞ്ഞ പ്രസിഡന്റ് കൊട്ടാരത്തിലെ ജീവിതവും ഒഴിവാക്കുമെന്നും ആംലോ അറിയിച്ചു.

അഴിമതിയും കുറ്റകൃത്യങ്ങളും മയക്കു മരുന്നു വ്യവസായവും തഴച്ചു വളരുന്ന െമക്ക്‌സിക്കോയില്‍ ഇവയ്ക്ക് അറുതി വരുത്തും എന്ന വാഗ്ദാനത്തോടെയാണ് ആംലോ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ജനങ്ങളുടെ വേതനം ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് എന്റിക് പെന നിയറ്റോ വെറും 17 % ജനസമ്മിതയുമായാണ് സ്ഥാനം ഒഴിയുന്നത്. ഈ തിരഞ്ഞെടുപ്പില്‍ നിയറ്റോ മത്സരിച്ചിരുന്നില്ല. മെക്‌സിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ആറ് വര്‍ഷത്തേക്കാണ്.

ടബാസ്‌കോ സംസ്ഥാനത്തെ ഇടത്തരം കുടുംബത്തിലാണ് ആംലോ ജനിച്ചത്. പിതാവ് പെട്രോളിയം വ്യവസായിയായിരുന്നു. എണ്ണ വ്യവസായം വളരെ ലാഭകരമായതിനാല്‍ ആംലോയും ഇതിലേക്ക് തിരിയണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. പക്ഷേ തന്റെ 20 കളില്‍ ആംലോ രാഷ്ട്രീയ പ്രവര്‍ത്തകനും വലിയ എണ്ണക്കമ്പനികള്‍ക്ക് എതിരെ വാദിക്കുന്ന അഭിഭാഷകനുമായി. 1976 ല്‍ ഇന്‍സ്റ്റിറ്റിയുഷനല്‍ റവല്യൂഷനറി പാര്‍ട്ടിയില്‍ അംഗമായി. 1989 ല്‍ പാര്‍ട്ടി ഓഫ് ദ ഡമോക്രാറ്റിക് റവല്യുഷനില്‍ ചേര്‍ന്നു.

പ്രസിഡന്‍ഷ്യല്‍ പ്ലെയിന്‍ വേണ്ടെന്ന് വയ്ക്കാന്‍ കാരണം ഇത്രയധികം ദാരിദ്ര്യമുള്ള ഒരു രാജ്യത്ത് ഒരു ആഡംബര എയര്‍ കണ്ടീഷന്‍ഡ് പ്ലെയിനില്‍ യാത്ര ചെയ്യുവാന്‍ തനിക്ക് ലജ്ജ ഉള്ളതു കൊണ്ടാണെന്ന് ആംലോ വിശദീകരിച്ചു. പ്രസിഡന്‍ഷ്യല്‍ പ്ലെയിന്‍ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാടകയ്ക്ക് വിട്ടു നല്‍കുമെന്ന് ആംലോ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരം മ്യൂസിയം ആക്കണമെന്നും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ തനിക്ക് അംഗരക്ഷകര്‍ വേണ്ടെന്നും ആംലോ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു വിമര്‍ശകനായിരുന്നു നിയറ്റോ. ആംലോയും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. ട്രംപ് അസ്ഥിര പ്രകൃതക്കാരനും അഹങ്കാരിയുമാണെന്നാണ് ആംലോയുടെ അഭിപ്രായം. ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് ഒപ്പുവച്ച നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റി (നാഫ്ട) ലൂടെ കാനഡയും അമേരിക്കയും മെക്‌സിക്കോയും വിലക്കുകളില്ലാത്ത വ്യാപാര ബന്ധം നടത്തിയിരുന്നു. നാഫ്ട റദ്ദാക്കണമെന്ന് ആദ്യം പറയുകയും പിന്നീട് തിരുത്തി എഴുതണമെന്നു നിര്‍ദേശിക്കുകയും ചെയ്ത ട്രംപുമായി ആംലോ യോജിച്ചുപോകുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക