Image

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍കാരാണെന്ന് വെളിപ്പെടുത്തിയ നവാസ് ഷെരീഫിനെതിരെ രാജ്യദ്രോഹക്കേസ്

Published on 24 September, 2018
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍കാരാണെന്ന് വെളിപ്പെടുത്തിയ നവാസ് ഷെരീഫിനെതിരെ രാജ്യദ്രോഹക്കേസ്

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍കാരാണെന്ന് വെളിപ്പെടുത്തിയ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ കോടതി സമന്‍സ് അയച്ചു. ലാഹോര്‍ ഹൈക്കോടതിയാണ് ഷെരീഫിന് സമന്‍സ് അയച്ചത്. ഒക്‌ടോബര്‍ 8ന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. 

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഡോണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍കാര്‍ക്ക് പങ്കുണ്ടെന്ന് നവാസ് ഷെരീഫ് തുറന്ന് സമ്മതിച്ചത്. മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്കെതിരായ കേസില്‍ വിചാരണ നീളുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

പ്രസ്താവന നടത്തിയ ഷെരീഫിനെതിരെ ലാഹോര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് സെയ്ദ് മസഹര്‍ അലി അക്ബര്‍ നഖ്‌വിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് സമന്‍സ് അയച്ചത്. ഡോണ്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മേഡയ്ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഷെരീഫും അല്‍മേഡയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാതിരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 

മുംബൈ ഭീകരാക്രമണത്തില്‍ പിന്നില്‍ പാക്ക് പൗരന്‍മാരാണെന്ന പ്രസ്താവനയിലൂടെ ഷെരീഫ് രാജ്യദ്രോഹ കുറ്റം ചെയ്തുവെന്ന് ആരോപിച്ച് അമിന മാലിക് എന്നയാളാണ് കോടതിയെ സമീപിച്ചത്. പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ഷെരീഫ് അഴിമതിക്കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക