Image

മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 27 September, 2018
മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ആര്‍ത്തലച്ചു വന്ന ജലം മുക്കിക്കളഞ്ഞത് ഒരു ഗ്രാമത്തിലെ ഏതാണ്ട് മുഴുവന്‍ വീടുകളും. മഹാപ്രളയം കേരളം മുഴുവന്‍ നക്കിത്തുടച്ചപ്പോള്‍ ഈ ഗ്രാമത്തിലെ പാവങ്ങളുടെ മുറവിളി കേള്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്നും എന്നും എപ്പോഴും കൂടെയുണ്ടായിരുന്ന ജനപ്രതിനിധി ബി.എം. ബിജിമോള്‍ എം.എല്‍.എ.യും ജില്ലാ കളക്ടറും റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരും കൈത്താങ്ങായി ഇല്ലായിരുന്നെങ്കില്‍ മുങ്ങിപ്പോയ വീടുകള്‍ക്കൊപ്പം ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ ജീവനും ഹോമിക്കപ്പെടേണ്ടി വരുമായിരുന്നു.

സുപ്രീം കോടതി വിധി മാനിക്കാനെന്ന പേരില്‍ ജലനിരപ്പ് ക്രമം വിട്ട് ഉയര്‍ത്തിയ തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡാമിന്റെ പരമാവധി ശേഷിയിലപ്പുറം ജലനിരപ്പ് ഉയര്‍ത്തിയ ശേഷം ഒറ്റയടിക്ക് എല്ലാ ഷട്ടറുകളും (13 ഷട്ടറുകള്‍) നാല് അടി ഉയരത്തില്‍ തുറന്നു വിട്ടപ്പോള്‍ ഏതാണ്ട് 200 അടി വീതിയുള്ള നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദിയുടെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന 450 വീടുകളാണ് കുത്തിയൊഴുകിവന്ന വെള്ളം മുക്കികളഞ്ഞത്. ഇതില്‍ 250 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി.

ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് മുല്ലപ്പെരിയാര്‍ ഡാമിനു താഴെ താമസിക്കുന്ന തോട്ടം തൊഴിലാളികളായ ഈ പാവപ്പെട്ട ജനങ്ങള്‍ ഇത്തരമൊരു വെള്ള്പ്പൊക്കം കാണുന്നത്. ഏതാണ്ട് 3000 പേരെയാണ് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനുമുമ്പ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചത്. പീരുമേട് പഞ്ചായത്തില്‍ മൊത്തം മാറ്റിപ്പാര്‍പ്പിച്ച 4500 ആളുകളില്‍ 3000 പേരും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതിന്റെ ദുരന്തമനുഭവിച്ചരാണ്.

പെട്ടെന്നുള്ള വെള്ളമൊഴുക്കുകാരണം മൊത്തം 1500 വീടുകളില്‍ വെള്ളം കയറിയതായിട്ടാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രേഖകളില്‍ 250 വീടുകള്‍ പൂര്‍ണ്ണമായും 200 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതില്‍ 250 ല്‍ പരം വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്തവിധം അപകടകരമായ മേഖലയായി (Danger Zone) സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ കണക്കുകള്‍ ഇതാണെങ്കിലും യഥാര്‍ത്ഥത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ എണ്ണം ആയിരത്തില്‍പരം വരും. പല വീടുകളുടെയും മുറ്റം വരെ വെള്ളം കയറിയിരുന്നു. ഡാം തുറന്നപ്പോള്‍ മുറ്റം വരെ വെള്ളം കയറിയ വീടുകള്‍ ഇനി പുനര്‍നിര്‍മ്മിക്കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം.

നഗരവാസികളെ, നിങ്ങളറിയുക മഹാപ്രളയത്തില്‍ ഈ ഡാം പൊട്ടത്തകര്‍ന്നു പോയിരുന്നെങ്കില്‍ നിങ്ങളും ഒരു വലിയ ദുരന്തത്തിന്റെ രക്തസാക്ഷികളായി മാറുമായിരുന്നു. ഇവിടെ കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തു കൊണ്ട് എന്ന് മാത്രം കരുതുക. തമിഴ്നാട് സര്‍ക്കാരിന്റെ ദുര്‌മോഹവും ധാര്‍ഷ്ട്യവും ആ നിലയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പുരികമല്ല കണ്ണ് തന്നെ പോകുമായിരുന്നു. അല്ലെങ്കില്‍ തന്നെ വേണ്ടത്ര വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഈ പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ പരിവേദനം ആരു കേള്‍ക്കാന്‍?

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഡാം ആയി മാറിക്കഴിഞ്ഞതു മറ്റൊന്നുകൊണ്ടുമല്ല. ലോകത്തു തന്നെ ഇത്രയും പഴക്കം ചെന്ന ഒരു ഡാം ഇല്ല. ലോകത്തു ഏറ്റവും കൂടുതല്‍ ഡാമുകള്‍ തകര്‍ന്നിട്ടുള്ളത് അമേരിക്കയില്‍ ആണ്. അമേരിക്കയില്‍ ഒരു ഡാമിന്റെ പരമാവധി ആയുസ് 30-50 വര്‍ഷം വരെയാണ്. അതിനിടെ ഡാം ഡി-കമ്മീഷന്‍ ചെയ്തിരിക്കണമെന്നാണ് ടം സേഫ്റ്റി കമ്മീഷന്റെ നിയമം. നൂറു വര്‍ഷം കഴിഞ്ഞിട്ടും ഡെമോക്ലസിന്റെ വാള് പോലെയോ പൊട്ടാനിരിക്കുന്ന അഗ്‌നിപര്‍വതം പോലെയോ ലക്ഷക്കണക്കിന് ജീവനുകള്‍ക്കു മേല്‍ പന്താടിക്കൊണ്ടിരിണ്ടിരിക്കുന്ന ഈ ഡാമിന്റെ സുരക്ഷയെക്കുറിച്ചാണ് തമിഴ്നാട് സര്‍ക്കാരും പരമോന്നത നീതിപീഠവുമൊക്കെ ആശങ്കപ്പെടുന്നത്.

അല്ലാതെ മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളില്‍ വസിക്കുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെക്കുറിച്ചോ ഡാം തകര്‍ന്നാല്‍ ദുരന്തമനുഭവിക്കേണ്ടവന്നേക്കാവുന്ന 40 ലക്ഷം വരുന്ന നഗരവാസികളെക്കുറിച്ചോ ആര്‍ക്കും ചിന്തയില്ല. ജനങ്ങളുടെ സുരക്ഷയാണ് വലുതെങ്കില്‍ ഡാം ഡി-കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

മഹാപ്രളയം മാത്രമായിരുന്നില്ല ഇവിടെ വില്ലന്‍. തമിഴ്നാട് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം! അതുമാത്രമായിരുന്നു നമ്മുടെ ഔദാര്യത്തില്‍ കുടിവെള്ളവും കൃഷിക്കുള്ള വെള്ളവും നല്‍കിയ തമിഴ്നാടിനു പകരം നല്‍കാനുണ്ടായത്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടിയില്‍ കൂടുതല്‍ ജലം സംഭരിച്ച ചരിത്രമുണ്ടായിരുന്നില്ല. എന്നാല്‍ നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ ഡാമിന്റെ സുരക്ഷയെ ചോദ്യം ചെയ്തു എന്ന കാരണത്താല്‍ തമിഴ്നാട്ടുകാര്‍ നമ്മുടെ കരണത്തടിച്ചു എന്നു മാത്രമല്ല കൊഞ്ഞനംകുത്തിയും കാറിത്തുപ്പിയും അപമാനിച്ചു.

നമ്മുടെ സര്‍ക്കാരിന്റെ അനാസ്ഥയും സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ പിടിപ്പുകേടും കൂടിയായപ്പോള്‍ 136 അടി മാത്രം വെള്ളം ശേഖരിച്ചിരുന്ന ഡാമിന്റെ സംഭരണശേഷി 142 ആയി ഉയര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

കേരളത്തിന്റെ മണ്ണില്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ഒപ്പിട്ടുകൊടുത്ത പാട്ടക്കരാര്‍ 1971- ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വീണ്ടും നീട്ടികൊടുത്തു. ഒരു ഉപകാരവുമില്ലാത്ത ഈ കരാറിന്റെ അന്തരഫലമാകട്ടെ ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്തതുപോലെയായി. സുപ്രീംകോടതി വിധി വന്നതോടെ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലെ ഉദ്യോഗസ്ഥരെ ഡാമിന്റെ ഏഴയലത്തു വരെ കയറ്റാതെയായി. സ്വന്തം മണ്ണില്‍ കാലുകുത്താന്‍പോലും അവകാശമില്ലാത്തവിധം തീറെഴുതിക്കൊടുത്തിരുന്നു ഈ ഡാമിന്റെയും വൃഷ്ടിപ്രദേശത്തിന്റെയും അവകാശം.

കേരളത്തില്‍ നിന്ന് ഉത്ഭവിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്ന മുല്ലപ്പെരിയാറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ തമിഴ്നാട്ടുകാരാണ്. കേരളത്തില്‍ നിന്നു വിട്ടുകൊടുക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം കനാല്‍ വഴി ഒഴുക്കി വഴിതിരിച്ചുവിട്ട് തമിഴ്നാട്ടിലുള്ള വൈഗ ഡാമില്‍ സംഭരിച്ചശേഷം തമിഴ്നാട്ടിലെ ഏഴുജില്ലകള്‍ക്ക് കുടിവെള്ളവും കാര്‍ഷികാവശ്യത്തിനുള്ള വെള്ളവും വിതരണം ചെയ്യുന്നു.

നേരത്തെ അഞ്ചു ജില്ലകള്‍ക്കായിരുന്നു വെള്ളം നല്‍കിയിരുന്നതെങ്കില്‍ ഇന്നത് ഏഴുജില്ലകളിലേക്കായി വ്യാപിപ്പിച്ചു. ഡാമിന്റെ ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ വൃഷ്ടിപ്രദേശത്തുനിന്നാണ് വെള്ളം വഴിതിരിച്ചുവിടുന്നത്. വൈഗ ഡാമിന്റെ സംഭരണശേഷി 75 ആണെന്നിരിക്കെ പ്രളയകാലത്തു 115 അടി വരെ അവര്‍ ഉയര്‍ത്തി. ഫലമോ മുല്ലപ്പെരിയാര്‍ ഡാം സംഭരണ ശേഷിയുടെ പരമാവധിയും കഴിഞ്ഞു നിയന്ത്രണം വിട്ട് നിറയാന്‍ തുടങ്ങി. തങ്ങളുടെ ആവശ്യം നിറവേറിക്കഴിഞ്ഞപ്പോള്‍ തമിഴ്നാട്ടുകാര്‍ എല്ലാ ഷട്ടറുകളും നാലടി ഉയരത്തില്‍ ഒറ്റയടിക്ക് തുറന്നുവിട്ടുകൊണ്ടു ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ ആര്‍ത്തലച്ചു വന്ന വെള്ളം പാവം തോട്ടം തൊഴിലകളുടെ കിടപ്പാടങ്ങള്‍ക്കു മേല്‍ മെത്തി ഒഴുകി സര്‍വനാശം വിതച്ചു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡാമിന്റെ സുരക്ഷയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ ഡാം സുരക്ഷയെക്കുറിച്ചറിയാവുന്ന ഒരാള്‍ പോലുമില്ലായിരുന്നെങ്കിലും മലയാളിയും സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജിയുമായ ജസ്റ്റിസ് കെ.ടി. തോമസും അംഗമായിരുന്നു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നു വാഗ്ദാനം ജസ്റ്റിസ് കെ.ടി. തോമസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഡാമിന് നിലവിലുണ്ടായിരുന്ന 136 അടിയില്‍ നിന്ന് 142 ഉയര്‍ത്തിയാലും സുരക്ഷാഭീഷണി ഉണ്ടാകില്ലെന്നായിരുന്നു നിലപാടെടുത്തത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടു പ്രകാരം മുല്ലപ്പെരിയാറില്‍ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താമെന്ന് സുപ്രീം കോടതി വിധിവന്നു.

തുലാവര്‍ഷത്തില്‍ മാത്രം ജലനിരപ്പ് ഉയരാറുള്ള മുല്ലപ്പെരിയാറില്‍ ഇക്കുറി കാലം തെറ്റി വന്ന കാലവര്‍ഷത്തെ തുടര്‍ന്ന് ക്രമാതീതമായ തോതില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. ഇക്കുറി 600 മില്ലിമീറ്റര്‍ മഴയാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തത്. ഇതേ തുടര്‍ന്ന് ജലനിരപ്പു കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് രണ്ടാം വാരത്തില്‍ മുന്‍കാലത്തെ 136 അടിയില്‍ എത്തി. 2013-ല്‍ ജലനിരപ്പ് 136 അടി എത്തിയപ്പോഴാണ് ഡാമിന്റെ പരിസരത്ത് പ്രക്ഷോഭം നടത്തിയത്.

ഓഗസ്റ്റ് 13ന് രാവിലെ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് പെട്ടെന്ന് 138 അടി ആയി ഉയര്‍ന്നു. അന്നു ശക്തമായ മഴ ഓഗസ്റ്റ് 14 രാത്രി വരെ അതിശക്തമായി തുടരുകയും ജലനിരപ്പ് ഒറ്റയടിക്ക് 142 അടി വരെ ഉയരുകയുമായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെട്ടെന്ന് ജല നിരപ്പ് ഉയരാന്‍ കാരണം ശക്തമായ മഴയില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ്.

ജലനിരപ്പ് 138 അടിയില്‍ എത്തിയ ഓഗസ്റ്റ് 13നു തന്നെ ജില്ലാ കളക്ടറും എംഎല്‍എയും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെയും ജലസേചനവകുപ്പ് മന്ത്രിയെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അതേ സമയം ജലനിരപ്പ് റിക്കാര്‍ഡ് വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുമതലയുള്ള തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ആഘോഷിക്കുകയായിരുന്നുവെന്ന് ബിജിമോള്‍ എം.എല്‍.എ. ഇ-മലയാളിയോട് പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള 142 അടി ഉയരത്തില്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തിയിട്ടും ഡാം തകരുകയോ ചോര്‍ച്ചയുണ്ടാകുകയോ ചെയ്യാത്തതിനാലാണത്രെ തമിഴ്നാട്ടുകാര്‍ കേക്ക് മുറിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത്! ഡാമിന്റെ ഷട്ടറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഡാം സൈറ്റിലെത്തിയ കേരളത്തിലെ ഉദ്യോഗസ്ഥരെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുകയും പോലീസിനെ ഉപയോഗിച്ച് പുറത്താക്കുകയും ചെയ്തു.

ഓഗസ്റ്റ് 14 ന് അര്‍ധരാത്രിയായപ്പോള്‍ തമിഴ്നാട് ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥരുടെ പിടിവിട്ടുപോയി. അവരെപ്പോലും പരിഭ്രാന്തിയിലാക്കിക്കൊണ്ട് ഡാമിലെ ജലനിരപ്പ് പെട്ടെന്ന് 144 അടിയായി ഉയര്‍ന്നു. ഇതിനിടെ എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ക്കരിച്ചുകൊണ്ട് കേരളത്തിലെ ഒരു ഉദ്യോഗസ്ഥര്‍ ഡാം സൈറ്റില്‍ പ്രവേശിച്ച് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് വരാനിരിക്കുന്ന ദുരന്തത്തിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. സംഗതി കൈവിട്ടു പോകുമെന്നു തോന്നിയ തമിഴ്നാട്ടുകാര്‍ ഉടന്‍തന്നെ ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 144 അടി വരെ ഉയര്‍ന്ന ജലനിരപ്പ് ഇനിയും തുടര്‍ന്നാല്‍ ഒന്നുകില്‍ ഡാം കരകവിഞ്ഞൊഴുകുകയോ അല്ലെങ്കില്‍ തകര്‍ന്നുപോകുമോ എന്ന ഭയമാകാം ഡാമിന്റെ 13 ഷട്ടറുകളും നാലടി ഉയരത്തില്‍ ഉയര്‍ത്താന്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.

അത്രയും ജലം ഒറ്റയടിക്ക് ഒഴുകി എത്താന്‍ തുടങ്ങിയതോടെ കരകവിഞ്ഞൊഴുകിയ 200 അടി വീതിയുള്ള മുല്ലപ്പെരിയാര്‍ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന 250 ലേറെ വീടുകളെ മുഴുവനുമായും 200 ലേറെ വീടുകളെ ഭാഗീകമായും വിഴുങ്ങി. അതിനു പുറമെ ആയിരത്തിലേറെ വീടുകളുടെ മുറ്റം വരെയും വെള്ളം ഇരച്ചുകയറി.

തമിഴ്നാടിനെ സംബന്ധിച്ച് ഡാമിന്റെ സുരക്ഷമാത്രമായിരുന്നു പ്രധാനം. എത്രയും വേഗം കഴിയുന്നത്ര വെള്ളം തുറന്നു വിട്ട് ജലനിരപ്പ് പൂര്‍വ്വ സ്ഥിതിയിലാക്കുകയും അതുവഴി ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുക- അതുമാത്രമായിരുന്നു അവരുടെ ചിന്ത.

ഇത്തരം സാഹചര്യങ്ങളില്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും ഒരുമിച്ച് തുറക്കാന്‍ പാടുള്ളതല്ല. തുറക്കുന്ന ഷട്ടറുകളുടെ ഉയരം ഒരടി മുതല്‍ മുകളിലോട്ട് ഷട്ടം ഘട്ടമായാണ് ഉയര്‍ത്തേണ്ടത്. നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്ന് കരകവിയാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരാകട്ടെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവിലയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം താണ്ഡവമാടുന്ന നേരത്തും കല്‍പ്പിച്ചത്.

വെള്ളത്തിന്റെ നിരപ്പ് വര്‍ധിച്ചു വരുന്നത് സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവുരു മുന്നറിയിപ്പു നല്‍കിയിട്ടും തമിഴ്നാട് സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ജലനിരപ്പ് കൂട്ടിക്കൊണ്ടിരുന്നു. ഓര്‍ക്കുക, കേരളം ഔദ്യാര്യമായി കൊടുത്ത വെള്ളം നിയന്ത്രിക്കുവാന്‍ പോലും അവകാശം ഹനിക്കപ്പെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചതെന്ന്. ആരാണ് ഏറ്റതിനുത്തരവാദി? ഭരണ പ്രതിപക്ഷഭേദമന്യേ ഉത്തരം നല്‍കാന്‍ കഴിയാത്ത ഒരു ചോദ്യമായി ഇതു ഇന്നും അവശേഷിക്കുന്നു.

ഓഗസ്റ്റ് 13ന് മഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്നപ്പോള്‍ സ്ഥലം എംഎല്‍എ ബിജി മോളും, ജില്ലാഭരണകൂടവും പൊടുന്നനെ അപകടം മണത്തു. ഡാമിലെ ജലനിരപ്പ് ഈ നിലയ്ക്ക് ഉയര്‍ന്നു കൊണ്ടിരുന്നാല്‍ തമിഴ്നാട് ഒറ്റയടിക്കു ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടാകുമെന്നു കരുതി നദിക്കിരുവശമുള്ള വീടുകളില്‍ താമസിച്ചിരുന്നവരെ നേരത്തോടു നേരം കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചു.

മാറ്റിപ്പാര്‍പ്പിക്കുക ഏറെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ബിജിമോള്‍ സാക്ഷ്യപ്പെടുത്തുന്നു. 60 വര്‍ഷത്തിലേറെയായി അവിടെ താമസിച്ചു വന്നിരുന്ന പലരുടെയും അനുഭവത്തില്‍ കര്‍ക്കിടമാസത്തില്‍ ഡാമിന്റെ ഷട്ടര്‍ ഒരിക്കല്‍പോലും തുറന്നിട്ടില്ല. ഡാമില്‍ ഇത്രയെറെ ജലം നിറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്ന ഇവര്‍ വീടുവിട്ടുപോകാന്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയാണ് പലരെയും ഒഴിപ്പിച്ചത്.

അങ്ങനെ അന്ന് രാത്രി അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ അവര്‍ പിറ്റേന്ന് രാവിലെ കാണുന്നത് തങ്ങളുടെ വീടുകളുടെ മേല്‍ക്കൂരകള്‍ക്കു മുകളില്‍ വരെ കുത്തിയൊഴുകുന്ന പ്രളയജലമാണ്. ഒരു ആയുഷ്‌ക്കാലം മുഴുവന്‍ താമസിച്ച തങ്ങളുടെ കിടപ്പാടങ്ങളും സമ്പാദ്യങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോകുന്നതുകണ്ട് നെഞ്ചത്ത് കൈവച്ച് ഹൃദയ വേദനയോടെ നോക്കികാണുവാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

ജനപ്രതിനിധിയുടെയും ജില്ലാ കളക്ടറുടെയും വാക്കുകള്‍ ശ്രവിച്ചില്ലായിരുന്നെങ്കില്‍ തങ്ങളുടെ കിടപ്പാടങ്ങള്‍ക്കൊപ്പം പൊലിഞ്ഞു പോകുമായിരുന്ന തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത് വിലപിക്കുകയാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 4500 ല്‍ പരം വരുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍.

എം.എല്‍.എ, ജില്ലാകലക്ടര്‍, ആര്‍.ഡി.ഓ., തഹസില്‍ദാര്‍ തുടങ്ങിയവര്‍ തമിഴ്നാട് ഉദ്യോഗസ്ഥരുമായി പതിമൂന്നാം തീയതി നടത്തിയ അഭ്യര്‍ത്ഥനയില്‍ ഫലമില്ലാതെ വന്നതിനെ തുടര്‍ന്ന് അപകടം മനസിലാക്കിയ ഇവര്‍ അന്ന് രാത്രി 12 മണി മുതല്‍ ആരംഭിച്ച പുനരധിവാസശ്രമം പുലര്‍ച്ചെ നാലു മണി വരെ നീണ്ടു. ഇതിനിടെ മൂന്ന് മണിയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ആര്‍ത്തലച്ചു വന്ന ജലം അല്‍പ്പം മുമ്പ് ഒഴിപ്പിച്ച വീടുകളെ വിഴുങ്ങുന്നതാണ് പിന്നീട് അവര്‍ കണ്ടത്. മൂന്നു മണിക്ക് ഷട്ടര്‍ തുറന്നെങ്കിലും നാലു മണിവരെ ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു.

വെള്ളമെടുത്തുപോയ വീടുകളില്‍ പലതും തകര്‍ന്നു തരിപ്പണമായി. ചിലത് ഭാഗീകമായി തകര്‍ന്നു. അനവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ്, കറുപ്പുപാലം, ആറ്റോര്യം തുടങ്ങിയവടങ്ങളിലായി 15000 വീടുകളാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിട്ടപ്പോള്‍ വെള്ളത്തിനടിയിലായത്. വണ്ടിപ്പെരിയാറിലെ ചപ്പാത്ത് (പ്രതിഷേധ സമരം നടന്ന സ്ഥലം) മാത്രം 1100 പേരെ ഒഴിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മാത്രം 5 ക്യാമ്പുകളിലായി 3000 പേരാണ് കഴിയുന്നത്.

മുല്ലപ്പെരിയാര്‍ ഡാമും പരിസരപ്രദേശവുമൊക്കെ ഇന്ന് ലോകം മുഴുവനറിയും. നൂറിലേറെ വര്‍ഷം പഴക്കമുള്ള ഒരു ഡാം വിദേശികളെ സംബന്ധിച്ചു ഏതുനിമിഷവും പൊട്ടാനിരിക്കുന്ന ഒരു അഗ്‌നി പര്‍വ്വതം പോലെയാണ്. എന്നാല്‍ വ്യക്തമായ ഒരു ഡാം സേഫ്റ്റി കമ്മീഷന്‍ പോലുമില്ലാത്ത ഇന്ത്യയില്‍ ഇത് ഒരു ലഘുവായ പ്രശ്നമാണ്. മലയാളികളുടെ ഉള്ളില്‍ ആശങ്കയുണ്ടെങ്കിലും പൂച്ചയ്ക്കു മണികെട്ടുന്നതാര്? ഡാമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയല്ല. ജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനം. അല്ലെങ്കില്‍ തന്നെ പാവങ്ങളുടെ ജീവന് എന്തുവില? പത്തനംതിട്ടയിലും തിരുവല്ലയിലും റാന്നിയിലും വെള്ളം പൊന്തിയപ്പോള്‍ ലോകം മുഴുവനും അറിഞ്ഞു. സഹായഹസ്തങ്ങള്‍ വാനോളമുയര്‍ന്നു. എന്നാല്‍ അഗ്‌നിപര്‍വ്വതത്തിന്റെ താഴവരയില്‍ കഴിയുന്ന ഇവരുടെ രോദനം ആരും കേട്ടില്ല.

ഡാമിന്റെ ചുറ്റുവട്ടത്ത്ള്ള 250 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നുപോയത്. ഈ വീടുകള്‍ അവിടെ തന്നെ പുനര്‍നിര്‍മ്മിക്കുന്നത് അപകടകരമാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കാനായി സ്ഥലം കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് എം.എല്‍.എ. ബിജിമോളും ജില്ലാ ഭരണകൂടവും. ഡാം സൈറ്റില്‍ നിന്നു മാറി സ്വകാര്യ വ്യക്തികളില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ പട്ടയമുള്ള ഭൂമി ലഭ്യമാക്കിയതിനു ശേഷം ഓരോരുത്തര്‍ക്കും ആറര ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. ഏതാനും സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്ഥലവും ലഭ്യമാക്കി. സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സ്ഥലം ലഭ്യമാവുകയും ചെയ്യും. പക്ഷേ വീടു നിര്‍മ്മിക്കാനുള്ള തുക മാത്രമാണ് ലഭ്യമല്ലാത്തത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭവന നിര്‍മ്മാണത്തിനായി കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, അടിസ്ഥാന മേഖലയില്‍ വന്ന നാശനഷ്ടക്കെടുതികളുടെ പുനര്‍നിര്‍മ്മാണത്തുക അനേകം കോടികള്‍ വരും. പീരുമേട് മണ്ഡലത്തില്‍ മാത്രം മുല്ലപ്പെരിയാറിലെ ജലപ്രളയം മൂലം 17 പാലങ്ങള്‍ തകര്‍ന്നുപോയി. റോഡു പുനര്‍നിര്‍മ്മാണത്തിനു മാത്രം 3000 കോടി രൂപ ചെലവുവരുമെന്നാണ് പി.ഡബ്ല്യൂ.ഡിയുടെ കണക്ക്. അങ്ങനെ വരുമ്പോള്‍ വീടു നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. മഹാപ്രളയം കെട്ടടങ്ങി, മുല്ലപ്പെരിയാറിലെ ജലനിരപ്പും താഴ്ന്നു. നദിയില്‍ മുങ്ങിപ്പോയിരുന്ന വീടുകളില്‍ നിന്ന് വെള്ളവും ഇറങ്ങി. ഇപ്പോള്‍ ഇവിടം കണ്ടാല്‍ വെള്ളപ്പൊക്കം ഉണ്ടായ സ്ഥാലമാണെന്നുപോലും തോന്നില്ല. എങ്ങും വരണ്ട ഭൂമി. ഭൂകമ്പം വിതച്ച നാശമാണെന്നേ തോന്നു.

വിദേശ മലയാളികളുടെ അകമഴിഞ്ഞ സഹായകമാണ് ഈ പാവപ്പെട്ട തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നത്. ഉദാരമതികളുടെ സഹായത്തിനായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കരുണയോടെ കാത്തിരിക്കുകയാണ് വണ്ടിപ്പെരിയാറിലെ തോട്ടം തൊഴിലാളികള്‍.
മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഒലിച്ചുപോയത് 450 വീടുകള്‍, 4500 പേര്‍ ക്യാമ്പുകളില്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Zach Thomas 2018-09-27 15:04:10
Thank you for this valuable information 
keralayeeyan 2018-09-28 08:06:17
തമിഴ് നാട് ഉദ്യോഗസ്ഥര്‍ ആഘോഷിച്ചു! ഇത് ഖേദകരം 
Babu Parackel 2018-09-28 10:13:52
തമിഴ്നാടുമായുള്ള ഈ കരാറിൽ നിന്നും നമുക്ക് എന്തുകൊണ്ടു പിന്മാറാൻ കഴിയുന്നില്ല? അമേരിക്കയും ഇറാനുമായുള്ള ആണവകരാറിൽ നിന്നുപോലും ഒരു രാജ്യം പിന്മാറി. പിന്നെയാണോ ഈ മാനുഷിക പരിഗണന പോലുമില്ലാത്ത ഈ ഏകപക്ഷീയ കരാർ? കാര്യം അതല്ല. നമ്മുടെ അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരുടെ അണ്ണാക്കിലേക്കു ജയലളിത ഇഷ്ടം പോലെ നൂറുകണക്കിനു ഭൂമി വച്ചു കൊടുത്തിട്ടുണ്ട്. അപ്പോൾപിന്നെ ആരാണ് പാവം ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താനുള്ളത്? മാധ്യമങ്ങളും വ്യത്യസ്തമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക