Image

ഹ്യൂഗൊയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ട്‌ ചലച്ചിത്രങ്ങള്‍

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc, Ph.D. Published on 03 April, 2012
ഹ്യൂഗൊയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ട്‌ ചലച്ചിത്രങ്ങള്‍
ദൃശ്യകലകളില്‍ സിനിമയെ വെല്ലാന്‍ മറ്റു മാതൃകകള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. ആധുനികകലകളിലും സിനിമ മുടിചൂടാമന്നന്‍ തന്നെ! എല്ലാ കലകളുടേയും സംഗമസ്ഥാനമാണ്‌ ഈ കല എന്ന്‌ സുവിദിതം. അതുകൊണ്ട്‌ തന്നെയാണ്‌ വലിയ സ്‌ക്രീനിലും, ടെലിവിഷനിലും, വീഡിയോവിലും, ടേബ്‌ളെറ്റ്‌/കംപ്യൂട്ടറിലും, സ്‌മാര്‍ട്ട്‌ ഫോണിലും നാം സിനിമ കണ്ടാസ്വദിക്കുന്നത്‌.

ചുമര്‍ചിത്രങ്ങളില്‍ വരച്ചിരുന്ന ചലനാത്മകമായ പക്ഷികളുടേയും മൃഗങ്ങളുടേയും ഗുഹാചിത്രസഞ്ചയം മുതല്‍ ചലിക്കുന്ന ചിത്രം മനുഷ്യന്റെ സ്വപ്‌നമായിരുന്നു. ചലനം ജീവന്റെ മുദ്രയാകുന്നു. ഇന്നു നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സിനിമാസങ്കേതം ഏകദേശം മുവ്വായിരം വര്‍ഷം മുമ്പ്‌ ഗുഹാചിത്രങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട ആ ചലനാത്മകസ്വപ്‌നത്തിന്റെ ആവിഷ്‌കാരമാണ്‌. ഡാവിഞ്ചിയിലൂടെ വളര്‍ന്ന കേമ്‌റ ഒബ്‌സ്‌കുറായും, അദ്ദേഹംതന്നെ വിഭാവനംചെയ്‌ത മേജിക്‌ ലാന്റേണിന്റെ രേഖാചിത്രവും സിനിമയെന്ന സങ്കല്‌പത്തിന്റെ സാക്ഷാത്‌ക്കാര പ്രയാണത്തിലെ നാഴികക്കല്ലുകളാണ്‌!

ഗണിത,ഭൗമ,ജ്യോതിശാസ്‌ത്രജ്ഞരുടെ കൂട്ടായ്‌മയുടെ ഫലമായ ലെന്‍സുനിര്‍മ്മാണവും, പ്രകാശശാസ്‌ത്രത്തിന്റെ വളര്‍ച്ചയും, പിന്‍ഹോള്‍ കേമ്‌റ, ഹീലിയോഗ്രാഫ്‌ തുടങ്ങിയ ഫോട്ടോഗ്രാഫിയിലെ കുതിപ്പുകളും ഒരു ഭാഗത്ത്‌. മോഷന്‍ പിക്‌ച്ചറിന്റെ പ്രാഥമികതത്ത്വം ഒളിഞ്ഞിരുന്നിരുന്ന സ്‌ട്രോബോസ്‌കോപിക്‌ ഇഫക്‌റ്റ്‌ (ജോസഫ്‌ പ്‌ളാറ്റോ - 1836), രണ്ടുചിത്രങ്ങള്‍ രണ്ടു കണ്ണുകളിലൂടെ ഒരേ സമയം ദര്‍ശിച്ചാലറിയാവുന്ന, ദൃശ്യത്തിന്റെ ആഴം (ഡെപ്‌ത്ത്‌) നിര്‍ണ്ണയിക്കുന്ന, സ്‌റ്റീരിയോസ്‌കോപിക്‌ ഇഫക്‌റ്റ്‌ (വീറ്റ്‌സ്‌റ്റൊണ്‍ - 1838), ഡിഗ്‌എയറൊടൈഫ്‌ (ഡിഗ്‌എയര്‍ - 1835; ആദ്യത്തെ പ്രായോഗിക ഫോട്ടോഗ്രാഫി) എന്നിവ സിനിമയെന്ന സാങ്കേതികവിദ്യയുടെ ആദ്യപടിയായ കെനെറ്റോസ്‌കോപ്പിന്റെ നിര്‍മ്മാണത്തില്‍ കലാശിച്ചു (എഡിസണ്‍ - 1894; ആദ്യപ്രദര്‍ശനം ന്യു യോര്‍ക്ക്‌ സിറ്റിയില്‍). നിശബ്‌ദചിത്രം, സംസാരിക്കുന്ന ചിത്രം, കളര്‍ചിത്രം, സ്റ്റീരിയോ ശബ്‌ദസംവിധാനം, 3-ഡി ചിത്രം എന്നീ വളര്‍ച്ചാവലിയിലൂടെ വികസിച്ച സിനിമാസങ്കേതം സമകാലികചരിത്രം. ഇവിടെ വിസ്‌തരിക്കാത്ത കൊച്ചുകൊച്ചു കണ്ണികള്‍ പലതുമുണ്ട്‌. ഉദാഹരണത്തിന്‌: സിയോസ്‌കോപ്പ്‌, മ്യൂട്ടോസ്‌കോപ്പ്‌ (പീപ്പ്‌ ഷോ), പ്രാക്‌സിനോസ്‌കോപ്പ്‌ എന്നിവ. ഇവയെല്ലാം ഓരാള്‍ക്ക്‌ മാത്രം ദര്‍ശിക്കാന്‍ പറ്റിയ സംവിധാനമായിരുന്നു.

സിനിമാചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം തന്നെ മോമ (മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌സ്‌, ന്യു യോര്‍ക്ക്‌) യില്‍ ഉണ്ട്‌. കൂട്ടത്തില്‍ പറയട്ടെ, സിനിമ നാടകവേദിക്കു പകരമാകുന്നില്ല; നാടകരംഗത്തെ താലോലിക്കുന്ന ഒരു പ്രബലപക്ഷം ഇന്നുമുണ്ട്‌.

സിനിമാചരിത്രത്തിന്റെ ആദ്യഘട്ടം എല്ലാവര്‍ക്കും സുപരിചിതമാകണമെന്നില്ല. മനുഷ്യമസ്‌തിഷ്‌കവും കണ്ണും തമ്മിലുള്ള പാരസ്‌പര്യം വ്യക്തമാകുന്നതിനു മുമ്പു തന്നെ, ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയില്‍ (16 ചിത്രഫ്രെയിമുകള്‍ ഒരു സെക്കന്‍ഡില്‍ എന്ന തോതില്‍) ചലിപ്പിച്ചാല്‍ നാം വ്യവഹരിക്കുന്ന `ചലച്ചിത്ര'മാകുമെന്നുള്ള തിരിച്ചറിവാണ്‌ `പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷന്‍' എന്ന തത്ത്വത്തില്‍ അടങ്ങിയിരിക്കുന്നത്‌. 1875 ആയപ്പോഴേക്കും സിനിമ ഒരു യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നെന്ന ധാരണ പരന്നിരുന്നു. ഒരു സക്കെന്‍ഡില്‍ പത്ത്‌ ഫ്രെയിമുകള്‍ ആലേഖനം ചെയ്യാന്‍ കഴിവുള്ള ക്രോണോഫോട്ടോഗ്രാഫിക്‌ കേമ്‌റ (വില്യം ഫ്രൈസ്‌ ഗ്രീന്‍ -1889) എഡിസന്റെ കെനെറ്റൊസ്‌കോപ്പിന്‌ ആക്കം കൂട്ടിയിരിക്കണം. അത്‌ എഡിസണും, ഡിക്‌സണും ചേര്‍ന്ന്‌ നിര്‍മ്മിച്ച കെനെറ്റൊഗ്രാഫായി പരിണമിച്ചു.

ഫ്രാന്‍സില്‍ ല്യുമെയര്‍ സഹോദരര്‍ (ഒഗസ്റ്റെയും ലൂയിയും; ല്യുമെയര്‍ = പ്രകാശം) സിനിമെറ്റൊഗ്രാഫിനു 1895ല്‍ രൂപം കൊടുത്തു. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച്‌ കാണികള്‍ക്ക്‌ ഒന്നിച്ചിരുന്നു കാണാന്‍ കഴിയുന്ന പുതിയ വിസ്‌മയപ്രതിഭാസം! അപ്പോഴും ശബ്‌ദസന്നിവേശം വിദൂരസ്വപ്‌നമായിരുന്നു (ശബ്‌ദസന്നിവേശത്തിന്റെ സാദ്ധ്യത ആദ്യമായി തെളിഞ്ഞത്‌ 1900-ത്തിലാണ്‌; എന്നാല്‍ പ്രായോഗികസാദ്ധ്യത വ്യക്തമായത്‌ 1923-ലും). ല്യുമെയര്‍ സഹോദരരുടെ `വര്‍ക്കേഴ്‌സ്‌ ലീവിങ്‌ ദ ല്യുമെയര്‍ ഫാക്‌ടറി', `ദ സ്‌പ്രിങ്ക്‌ലര്‍ സ്‌പ്രിങ്ക്‌ള്‍ഡ്‌', `അറൈവല്‍ ഓഫ്‌ എ ട്രെയിന്‍ എറ്റ്‌ എ സ്റ്റേഷന്‍' എന്നീ നിശബ്‌ദചിത്രങ്ങള്‍ ആദ്യ സിനിമകള്‍ക്ക്‌ ഉദാഹരണം (ഒരു മിനിറ്റിനു താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രങ്ങളെല്ലാം യു ട്യൂബിലുണ്ട്‌). സിനിമെറ്റൊഗ്രാഫ്‌ ജനിച്ച്‌ ഒരു വര്‍ഷത്തിനു ശേഷം ല്യുമെയര്‍ സഹോദരര്‍ നേരിട്ടു വന്ന്‌ അവരുടെ നിശബ്‌ദചിത്രങ്ങള്‍ ബോംബേയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ഇവിടെ പരാമര്‍ശവിധേയമായ രണ്ടു ചിത്രങ്ങളും നിശബ്‌ദ-സംസാര കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്‌. അന്നത്തെ സിനിമാവ്യവസായത്തിലെ നിര്‍മ്മാതാക്കളും താരങ്ങളും സാങ്കേതികവിദ്യയില്‍ വന്ന പരിവര്‍ത്തനത്തില്‍ പകച്ചുപോയ ബലിയാടുകളായിരുന്നു. നിശബ്‌ദസിനിമയില്‍ ശബ്‌ദതരംഗം സന്നിവേശിച്ചപ്പോള്‍ മാറ്റത്തിനു വിധേയമാവാന്‍ വിസമ്മതിച്ചവര്‍ സിനിമാവ്യവസായത്തില്‍നിന്ന്‌ പുറന്തള്ളപ്പെട്ട്‌ മറ്റു തൊഴിലെടുത്തു കാലം പോക്കി. ചിലര്‍ ജീവിതം പുനഃക്രമീകരിച്ചപ്പോള്‍, അപരര്‍ നിരാശയിലാണ്ട്‌ ജീവിതം നഷ്‌ടപ്പെടുത്തി. രണ്ടു ചിത്രങ്ങളും പാരീസിനെ കേന്ദ്രീകരിച്ചു നീങ്ങിയവയായിരുന്നു. ഓസ്‌കാര്‍, ക്‌ന്‍ എന്നീ മത്സരവേദികളില്‍ മാന്യസ്ഥാനവും നേടിയവയാണിവ.

മാര്‍ട്ടിന്‍ സ്‌കൊര്‍സെസിയുടെ ഹ്യൂഗൊ അദ്ദേഹത്തിന്റെ ആദ്യ 3-ഡി, ആദ്യ ഡിജിറ്റല്‍ ചിത്രമാണ്‌. ബ്രയന്‍ സെല്‍സ്‌നിക്കിന്റെ `ഇന്‍വെന്‍ഷന്‍ ഓഫ്‌ ഹ്യൂഗൊ കബ്‌റെറ്റ്‌' എന്ന ബാലസാഹിത്യകൃതിയെ അധികരിച്ചു നിര്‍മ്മിച്ച ഈ ചിത്രനിര്‍മ്മാണത്തിനു പ്രചോദനം അദ്ദേഹത്തിന്റെ മകളായിരുന്നത്രെ! ഹ്യൂഗൊ കബ്‌റെറ്റ്‌ എന്ന ഹ്യൂഗൊ ഒരു അനാഥബാലനായിരുന്നു. 1930-കളില്‍ പാരീസിലെ ഒരു റെയില്‍വേസ്റ്റേഷനിലെ ഇടുങ്ങിയ രഹസ്യമുറിയില്‍ താമസിച്ച്‌, പിതാവിന്റെ ക്ലോക്കുനിര്‍മ്മാണപ്രാഗല്‍ഭ്യം പ്രചോദനമാക്കി സ്റ്റേഷനിലെ ക്ലോക്കുകള്‍ക്കെല്ലാം ചാവികൊടുത്ത്‌, ഹ്യൂഗൊ അവന്റെ ജിജ്ഞാസ നിറഞ്ഞ ദിനങ്ങള്‍ കഴിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു യന്ത്രമനുഷ്യനെ (കയ്യില്‍ തൂലികയേന്തി എഴുതാന്‍ തയ്യാറായി നിന്നിരുന്ന വിഗ്രഹം) പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ ഇസ്‌ബെല്‍ എന്ന പെണ്‍കുട്ടിയുടെ സഹായത്തോടെ ഹ്യൂഗൊ കണ്ടെത്തുന്നു. അതിനുവേണ്ട കൊച്ചു പണിയായുധങ്ങള്‍ കരസ്ഥമാക്കാന്‍ അവന്‍ ഒരു കളിപ്പാട്ടക്കടയില്‍ നിന്നും അല്ലറചില്ലറ മോഷണം നടത്തുന്നു. ആ കടയുടെ ഉടമ, നിശബ്‌ദച്ചിത്രക്കാലത്തെ പ്രശസ്‌ത നിര്‍മ്മാതാവായ ജോര്‍ജ്‌ മെല്‍യെസ്‌ (ബെന്‍ കിങ്‌സ്‌ലി) ആണെന്ന കണ്ടെത്തല്‍ കഥയിലെ വഴിത്തിരിവാകുന്നു.

1895ല്‍ ല്യുമെയര്‍ സഹോദരരുടെ സിനിമെറ്റൊഗ്രാഫ്‌ പ്രദര്‍ശനം കണ്ട മെല്‍യെസ്‌, സിനിമാനിര്‍മ്മാണത്തില്‍ കമ്പം കയറി തന്റെ തൊഴിലായ ഇന്ദ്രജാലപ്രദര്‍ശനം നിറുത്തിവെക്കുന്നു. ല്യുമെയര്‍ സഹോദരരുടെ ഏക്‌ച്വലൈറ്റ്‌സ്‌ എന്ന യഥാതഥ ചിത്രീകരണ സമ്പ്രദായത്തില്‍ തൃപ്‌തിപ്പെടാതെ, ഭാവനയുടെ ലോകത്ത്‌ വിഹരിച്ച്‌, മെല്‍യെസ്‌ ആദ്യത്തെ സയന്‍സ്‌ ഫിക്‌ഷന്‍ ചിത്രത്തിലൂടെ (എ ട്രിപ്പ്‌ ടു ദ മൂണ്‍) അക്കാലത്ത്‌ പ്രശസ്‌തനാകുന്നു. റോക്കറ്റില്‍ ചന്ദ്രനിലിറങ്ങുന്ന മനുഷ്യന്‍ അവിടത്തെ സമാന്തരജീവികളുമായി ഏറ്റുമുട്ടുന്നതാണ്‌ കഥാതന്തു. എന്നാല്‍ ശബ്‌ദസിനിമയുടെ ആവിര്‍ഭാവത്തോടെ, വളരുന്ന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ കഴിയാഞ്ഞ മെല്‍യെസ്‌ ആ രംഗം വിട്ട്‌ കളിപ്പാട്ടക്കട ജീവിതമാര്‍
ഗ്ഗമാക്കുന്നു.

സിനിമയ്‌ക്ക്‌ സ്വപ്‌നങ്ങളെ കീഴടക്കാനുള്ള ശക്തിയുണ്ടെന്ന്‌ മെല്‍യെസ്‌ ഒരിടത്ത്‌ പ്രവചിക്കുന്നുണ്ട്‌. സ്‌കൊര്‍സെസി പ്രായം അവഗണിച്ച്‌ പുതു സാങ്കേതികവിദ്യകളെ പുണരാന്‍ തയ്യാറായത്‌, ഒരുപക്ഷെ, ഈ ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടുകൂടിയാകാം. അക്കാലത്ത്‌ സിനിമയില്‍ കണ്ടിരുന്ന നിലവാരം കുറഞ്ഞ സ്ലാപ്‌സ്റ്റിക്‌ തമാശകളും, ശുഭപര്യവസായീരംഗങ്ങളും, പ്രേമരംഗങ്ങളും ചരിത്രപശ്ചാത്തലമായി ചിത്രീകരിച്ചിട്ടുണ്ട്‌.

ദി ആര്‍ട്ടിസ്റ്റ്‌: നിശബ്‌ദസിനിമാസങ്കേതത്തില്‍ നിന്ന്‌ ശബ്‌ദസിനിമാഘട്ടത്തിലേക്ക്‌ പ്രവേശിക്കേണ്ടി വന്നപ്പോള്‍ പൊരുത്തപ്പെടാനാവാതെ നിരാശനായി ജീവിതം തന്നെ തുലയ്‌ക്കാന്‍ തുനിഞ്ഞ ജോര്‍ജ്‌ വലന്റീന്‍ എന്ന പ്രശസ്‌ത അഭിനേതാവിന്റെ കഥ. കൊല്ലം 1927. തിരക്കഥയും സംവിധാനവും മിഷേല്‍ ഹസാനാവീസിയസ്‌. കാലത്തെ സാധൂകരിക്കാന്‍ പൂര്‍ണ്ണമായും ഒരു ബ്ലേക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രമായി നിര്‍മ്മിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതമൊഴികെ ശബ്‌ദമൊന്നുമില്ല (സംഭാഷണവും). പെപ്പി മില്ലര്‍ ഒരു പ്രധാന കഥാപാത്രം. താന്‍ അഭിനയിച്ച ചിത്രത്തില്‍ എക്‌സ്‌ട്രാ നടിയായിയെത്തിയ അവളെ ജോര്‍ജ്‌ ഇഷ്‌ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥയുടെ സംക്രമവേളകള്‍ സൂചിപ്പിക്കാന്‍ ഇടയ്‌ക്കിടെ വാചകങ്ങള്‍ എഴുതിക്കാണിക്കുന്നുണ്ട്‌.

ശബ്‌ദസന്നിവേശവുമായി സഹകരിക്കാന്‍ തയ്യാറാവാഞ്ഞ ജോര്‍ജ്‌്‌ സിനിമയില്‍നിന്നുതന്നെ പുറന്തള്ളപ്പെടുന്നു. പെപ്പിയാകട്ടെ പ്രശസ്‌തിയിലേക്ക്‌ കുതിക്കുന്നു. ഭാര്യയും അയാളെ ഉപേക്ഷിക്കുന്നു. സന്തതസഹചാരിയായ അ
ഗ്ഗി എന്ന പട്ടിയും ഡ്രൈവറായിരുന്ന ക്ലിഫ്‌ടനും മാത്രം അവസാന തുണ. വ്യര്‍ത്ഥതാബോധം മദ്യപാനാസക്തിയാക്കി മാറ്റിയ അയാള്‍ വിലപിടിപ്പുള്ള സകലതും വിറ്റ്‌ ഒടുവില്‍ കുടിച്ച്‌ ഓര്‍മ്മ നശിച്ച നിലയില്‍, പഴയ സിനിമകളുടെ പ്രിന്റുകളടക്കം എല്ലാം തീയിടുന്നു. അപകടം മണുത്തറിഞ്ഞ അഗ്ഗി ഒരു പോലീസ്സുകാരനെ അപാര്‍ട്ടുമെന്റിലേക്കു നയിച്ച്‌ അയാളെ രക്ഷപ്പെടുത്തുന്നു. ജോര്‍ജിനെ ആരാധിക്കുകയും സ്‌നേഹിക്കുകയും, നിഴല്‍പോലെ പിന്തുടരുകയും ചെയ്‌തിരുന്ന പെപ്പിയാകട്ടെ, അയാള്‍ വിറ്റ വസ്‌തുക്കളെല്ലാം വീണ്ടെടുത്ത്‌, അവളുടെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന്‌, സ്‌നേഹ-ത്യാഗ പരിപാലനത്തിലൂടെ ശബ്‌ദസിനിമയിലേക്ക്‌ തിരിച്ചെത്തിക്കുന്നു.

പെപ്പിയും ജോര്‍ജും ആദ്യകാല നടീനടന്മാരായ ജോണ്‍ ഗില്‍ബെര്‍ട്ടിനേയും ഗ്രെറ്റ ഗാര്‍ബോയേയും അനുസ്‌മരിപ്പിക്കുന്നെന്ന്‌ ഹോളീവുഡ്‌ ചരിത്രകാരന്മാര്‍. ചിത്രീകരണം പ്രധാനമായും ഹോളീവുഡിലാണെങ്കിലും ഇതിനെ ഒരു ഫ്രഞ്ചുസിനിമയായേ കണക്കാക്കാനൊക്കു. അഭിനയസാദ്ധ്യതയുടേയും ദൃശ്യവശ്യതയുടേയും ശക്തിയില്‍ ജീവിച്ച നിശബ്‌ദസിനിമ, 'മുഖമുള്ളപ്പോള്‍ സംഭാഷണമെന്തിന്‌' എന്ന പ്രസ്‌താവനയെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുകൂടിയാണ്‌ ശബ്‌ദസിനിമയുടെ ആഗമനത്തില്‍ മനമുരുകി ചാര്‍ളി ചാപ്‌ളിന്‍ പോലും കരഞ്ഞുവെന്ന്‌ പറയുന്നത്‌.

ട്രാന്‍സിഷന്‍ സ്ലൈഡുകളിലെ ചില പ്രസ്‌താവനകള്‍ കഥാതന്തുവിനെ സൂചിപ്പിക്കുന്നതോടൊപ്പം പല യാഥാര്‍ത്ഥ്യങ്ങളേയും അനുസ്‌മരിപ്പിക്കുന്നു:

അപ്രധാന കലാകാരനെ നോക്കി - `യു അര്‍ നോട്ട്‌ നെപ്പോളിയന്‍, ഓണ്‍ലി ഏന്‍ എക്‌സ്‌ട്രാ' എന്ന്‌.

പെപ്പിയുടെ വരവു സൂചിപ്പിക്കാന്‍ - `ഹു ഈസ്‌ ദാറ്റ്‌ ഗേള്‍' എന്ന്‌.

ജോര്‍ജ്ജ്‌ സിനിമയില്‍ സംസാരിക്കാന്‍ തയ്യാറല്ലെന്ന്‌ സൂചിപ്പിച്ചപ്പോള്‍ - `യു ഏന്റ്‌ വി ബിലോങ്‌ ടു എനദര്‍ എ്‌റ' എന്ന്‌.

ഈ രണ്ടു ചിത്രങ്ങള്‍ക്കും സിനിമാചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടവുമായുള്ള ബന്ധം ഉദീരണം ചെയ്യലായിരുന്നു ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം. സമ്പൂര്‍ണ്ണഭാവം അനുഭവവേദ്യമാക്കാന്‍ ഈ സിനിമകള്‍ കാണാന്‍ എന്റെ ശുപാര്‍ശ.

നല്ല സമകാലികചിത്രങ്ങള്‍ കാണാന്‍ സഹായകമായ ചില മാര്‍ഗ്ഗങ്ങള്‍:

(1) റോട്ടന്‍ടൊമാറ്റോസ്‌.കോം എന്ന സൈറ്റില്‍ ചെന്നാല്‍ എല്ലാ ഇംഗ്ലീഷു ചിത്രങ്ങളുടേയും മൂല്യനിര്‍ണ്ണയം അവരുടെ ടൊമാറ്റൊ മീറ്ററില്‍ കാണാം. അനേകം പ്രശസ്‌ത റിവ്യൂകളുടെ അടിസ്ഥാനത്തിലാണ്‌ ഈ സൂചിക. താഴ്‌ന്ന നിലവാരം പച്ചത്തക്കാളി കൊണ്ടും മുന്തിയ നിലവാരം ചോപ്പുത്തക്കാളി കൊണ്ടും രേഖപ്പെടുത്തിയിരിക്കുന്നു. അതിലെ ശതമാനനിലവാരം നല്ലതിനെ അടയാളപ്പെടുത്താന്‍ സഹായിക്കുന്നു; വിലയിരുത്തല്‍ വിശ്വാസ്യയോഗ്യവും!

(2) മൂവിഫോണ്‍.കോം (ഫോണ്‍ = എഫ്‌ഒഎന്‍ഇ) എന്ന സൈറ്റ്‌ അമേരിക്കയിലെ എല്ലാ തിയേറ്ററുകളിലും കളിക്കുന്ന സിനിമകളുടെ പേരും പ്രദര്‍ശനസമയവും കഥയുടെ രത്‌നച്ചുരുക്കവും കാണിക്കുന്നു. വിലപ്പെട്ട ഒരു സൈറ്റ്‌.

(3) ഫെസ്റ്റിവെലുകളിലും ഓസ്‌കാര്‍ തുടങ്ങിയ മത്സരങ്ങളിലും ഷോട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്‌ കണ്ടാല്‍ മാത്രം മതിയാകും, ഒരു വര്‍ഷത്തെ സിനിമാനുഭവം സമ്പന്നമാവാന്‍.

(4) മലയാളചിത്രങ്ങള്‍ കാണുവാനും ഇത്തരം അളവുകോല്‍ സഹായകമാവും.

(5) വിനോദോപാധിയാക്കുന്നതോടൊപ്പം സിനിമയെ വിജ്ഞാനദായകവുമാക്കാം.

(6) സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ചും അറിയാന്‍ ശ്രമിക്കുക - അതായത്‌, കൊച്ചുനാളില്‍ തിയേറ്ററില്‍ സിനിമ കാണാറുള്ളപ്പോള്‍, പിന്തിരിഞ്ഞ്‌ പ്രൊജക്‌റ്ററില്‍ നിന്നും വന്നിരുന്ന കോണാകൃതിയിലുള്ള വെളിച്ചം നോക്കി അത്ഭുതപ്പെട്ട നിമിഷങ്ങളിലെ ആശ്ചര്യവും ആകാംക്ഷയും പുനര്‍ജ്ജീവിപ്പിക്കുക എന്നര്‍ത്ഥം!

(7) ചരിത്രബോധത്തോടെയുള്ള സമീപനം ഭൂതത്തെ ഭാവിയുമായി കൂട്ടിച്ചേര്‍ത്ത്‌ വര്‍ത്തമാനത്തില്‍ രമിക്കാന്‍ സഹായിക്കും. 1970-കളില്‍ ബോംബെയില്‍ സഹൃദയ ഫിലിം സൊസൈറ്റിക്കു വേണ്ടി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ ആര്‍ക്കൈവിസിന്റെ കസ്റ്റോഡിയന്‍ ശ്രീ. പി. കെ. നായര്‍ നടത്തിയ സിനിമാചരിത്രശില്‌പശാല വളരെ പ്രയോജനകരമായിരുന്നു.
ഹ്യൂഗൊയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ട്‌ ചലച്ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക