Image

ടെക്‌സസ് സെനറ്റിലേക്കു രാഷ്ട്രീയ ചരിത്രത്തിലെ നാലാമത്തെ ചെലവേറിയ മത്സരം (ഏബ്രഹാം തോമസ്)

Published on 05 October, 2018
ടെക്‌സസ്  സെനറ്റിലേക്കു രാഷ്ട്രീയ ചരിത്രത്തിലെ നാലാമത്തെ ചെലവേറിയ മത്സരം (ഏബ്രഹാം തോമസ്)
ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു സെനറ്റ് മത്സരത്തിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ടെക്‌സസ് സെനറ്റ് സീറ്റിലേയ്ക്ക് മത്സരിക്കുന്ന കോണ്‍ഗ്രസംഗം ബേറ്റോ ഒ റൗര്‍കെയും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസും ചേര്‍ന്ന് ഇതുവരെ പ്രചാരണത്തിന് 63 മില്യന്‍ ഡോളറിലധികം സമാഹരിച്ചതായാണ് കണക്ക്. ഇത് ഇന്നുവരെയുള്ള സെനറ്റ് മത്സരങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ശേഖരിച്ച നാലാമത്തെ വലിയ തുകയാണ്.

മാസച്യൂസറ്റ്‌സില്‍ 2012 ല്‍ ശേഖരിച്ച 71 മില്യന്‍ ഡോളറും ന്യൂജഴ്‌സിയില്‍ 2000 ല്‍ ശേഖരിച്ച 70 മില്യന്‍ ഡോളറും ന്യൂയോര്‍ക്കില്‍ 2000 ല്‍ ശേഖരിച്ച 69 മില്യന്‍ ഡോളറുമാണ് ഇതിന് മുകളിലുള്ളത്.

പ്രചരണത്തിനെത്തുന്ന പണത്തിന്റെ ഒഴുക്ക് ഇപ്പോഴും ധാരമുറിയാതെ തുടരുകയാണ്. ധനസമാഹരണം അവസാനിക്കുമ്പോള്‍ നൂറ് മില്യന്‍ ഡോളര്‍ കടന്നിട്ടുണ്ടാവും എന്നാണ് അനുമാനം.

ധന സമാഹരണത്തില്‍ ഏറെ മുന്നില്‍ ഒ റൗര്‍കെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘ നാള്‍ നീണ്ട ടെക്‌സസിലെ ആധിപത്യത്തിന് വിരാമമിടുവാന്‍ വീറോടെയാണ് ഒ റൗര്‍കെ ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഈ സ്ഥാനാര്‍ത്ഥി 11 മില്യന്‍ ഡോളര്‍ സമാഹരിച്ചു. ആക്ട് ബ്ലൂ എന്ന ഡെമോക്രാറ്റിക് ഫണ്ട് റെയ്‌സിംഗ് പ്രസ്ഥാനം വഴി ആയിരുന്നു ഇത്. കഴിഞ്ഞ ആഴ്ച മൂന്നാം തവണയായി ജന പ്രതിനിധി ആയിരിക്കുന്ന ഇയാള്‍ ഓണ്‍ലൈനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 5 മില്യന്‍ ഡോളര്‍ ശേഖരിക്കുമെന്നു പറയുകയും ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫിനാന്‍സ് റിപ്പോര്‍ട്ടില്‍ ഇനിയും ചേര്‍ത്തിട്ടില്ലാത്ത ഒരു 16 മില്യന്‍ ഡോളര്‍ കളക്ഷന്‍ വേറെയുണ്ട്. ആക്ട് ബ്ലൂ വഴി സെപ്റ്റംബറില്‍ ലഭിച്ചതോ ജൂലൈ ഒന്നിന് ശേഷം ലഭിച്ച സംഭാവനകളോ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഒ റൗര്‍കെയുടെ മൊത്തം സമാഹരണം 40 മില്യന്‍ ഡോളര്‍ കടന്നിട്ടുണ്ടാവണം. ഇന്നുവരെ ഒരു സെനറ്റ് സ്ഥാനാര്‍ത്ഥിയും സമാഹരിച്ചിട്ടില്ലാത്ത തുകയാണിത്.

ആക്ട് ബ്ലൂവിലൂടെ മാത്രം ഒഴുകിയെത്തിയത് 25.4 മില്യന്‍ ഡോളറാണ്. ചെറിയ ചെറിയ ദാതാക്കളില്‍ നിന്നു ലഭിച്ച സംഭാവനയും വളരെ വലുതാണ്. ടെക്‌സസിലെ തിരഞ്ഞെടുപ്പ് ഒരു ടോസ് അപ് (അങ്ങോട്ടോ ഇങ്ങോട്ടോ) ആകാമെന്ന് കുക്ക് പൊളിറ്റിക്കല്‍ റിപ്പോട്ട് മാനേജിങ് എഡിറ്റര്‍ ജെന്നിഫര്‍ ഡഫി പറയുന്നു. 1994 ന് ശേഷം സംസ്ഥാന തല ഓഫീസില്‍ ഒന്നിലേയ്ക്കും ടെക്‌സസില്‍ ഒരു ഡെമോക്രാറ്റ് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

2017 മാര്‍ച്ച് 31 നാണ് ഒ റൗര്‍കെ തന്റെ സ്ഥനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അന്നു മുതല്‍ ജൂലൈ വരെ ആക്ട് ബ്ലൂ വഴി 17.3 മില്യന്‍ ഡോളറും ജൂലൈയില്‍ ഒരു 2.9 മില്യന്‍ ഡോളറും പ്രോപ്ബ്ലിക്കയുടെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ ഒ റൗര്‍കെ സ്വയം 8.1 മില്യന്‍ ഡോളറും സമാഹരിച്ചു.

2018 ലെ ഏറ്റവും ചെലവേറിയ സെനറ്റ് മത്സരം ടെക്‌സസിലേതാണ്. ക്രൂസ് 6 വര്‍ഷം കൊണ്ട് സമാഹരിച്ച തുക 18 മാസത്തിനുള്ളില്‍ എതിരാളി മറികടന്നു.

ക്രൂസ് ധനസമാഹരണത്തില്‍ പിന്നിലാണ്. എന്നാല്‍ മറ്റ് ചില ഘടകങ്ങള്‍ അനുകൂലമാണ്. ടെക്‌സസില്‍ സുപരിചിതനാണ്. വൈറ്റ് ഹൗസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം ക്രൂസിനുവേണ്ടി പ്രചരണം നടത്തും. തിങ്കളാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ക്രൂസിനുവേണ്ടി ഡാലസില്‍ പ്രചരണം നടത്തുന്നു.

ആദ്യ തവണ സെനറ്റിലേക്ക് മത്സരിച്ചപ്പോള്‍ വളരെ വിജയകരമായ ഫണ്ട് റെയിംസിങ്ങാണു നടത്തിയത്. ഒബാമ കെയറിനെതിരെ ശക്തമായ പ്രചരണം നടത്തി. പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആക്ട് ബ്ലൂ പോലെ ഒരു പ്രസ്ഥാനം ഇല്ലെന്നും ഓണ്‍ലൈന്‍ ഫണ്ട് റെയ്‌സിംഗ് ഒ റൗര്‍കെയെ പോലെ നടത്താനാവില്ലെന്നും ഡഫി പറയുന്നു. പണം ആവശ്യത്തിന് ഉള്ളതിനാല്‍ ഒ റൗര്‍കെയ്ക്ക് ധാരാളം ടെലിവിഷന്‍ പരസ്യങ്ങള്‍ നടത്താം. ആയിരക്കണക്കിന് യാര്‍ഡ് സൈനുകള്‍ വയ്ക്കുകയും ആവാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക