Image

പ്രണയം ഒരു തമോഗര്‍ത്തമാണ് (ഗീത തോട്ടം)

Published on 14 October, 2018
പ്രണയം ഒരു തമോഗര്‍ത്തമാണ് (ഗീത തോട്ടം)
പ്രണയം ഒരു തമോഗര്‍ത്തമാണ്.
ചുറ്റും പുറവും
നിറക്കൂട്ടുകളും
സുഗന്ധശേഖരങ്ങളും
പാനോപചാരങ്ങളും
വിശിഷ്ട ഭോജ്യങ്ങളും
ഒരുക്കി വച്ചിരിക്കും.
പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോകാന്‍
അപ്‌സരസ്സുകളും
ഗന്ധര്‍വ്വന്മാരും
മത്സരബുദ്ധിയോടെ
കാത്തുനില്‍ക്കും.

കവികളാണ് പ്രചാരകര്‍.
കൈക്കൂലി വാങ്ങി,
അവര്‍ അതിന്റെ
അനുഭവമാത്രവേദ്യമായ
അനുഭൂതിതലത്തെപ്പറ്റി വര്‍ണ്ണിച്ച്
മഹാകാവ്യങ്ങള്‍തന്നെ രചിച്ചുകളയും.
നവമാധ്യമങ്ങളുടെ പ്രദര്‍ശന കേന്ദ്രങ്ങളില്‍
നിറമാലകള്‍ പോലെ
പ്രണയകാവ്യങ്ങള്‍ ആടിക്കളിക്കും.
അന്തിമങ്ങൂഴത്തിനൊപ്പം
പശ്ചിമാംബരം
രാഗദീപ്തിയാല്‍ പാടലമാകും.
പ്രിയവചസ്സുകളാല്‍
മുഖപുസ്തകത്തിന്റെ
ചക്രവാളസീമകള്‍ മുഖരിതമാവും

തേന്‍കണം പോലെ
നാം കേട്ടു നിറയുന്ന 'നിന്നെ ജീവനേക്കാള്‍ സ്‌നേഹിക്കുന്നു'കള്‍
കല്ലുവച്ച നുണകളോ
വിലകുറഞ്ഞ 'തമാശകളോ
ആയിരുന്നുവെന്നും
'തരിമ്പും ഇഷ്ടമില്ല' എന്ന 'കളിവാക്കു'കള്‍
ഏറ്റവും ഗൗരവത്തോടെ പറയപ്പെട്ട യഥാര്‍ഥ്യങ്ങളായിരുന്നു എന്നും തിരിച്ചറിയുമ്പോള്‍
ഇരുളാഴങ്ങളിലേക്കുള്ള
നമ്മുടെ വീഴ്ച പൂര്‍ത്തിയായിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക