Image

വ്യര്‍ത്ഥം, ജീവിതം വ്യര്‍ത്ഥം! (കവിത: ജയന്‍ വര്‍ഗീസ്)

Published on 15 October, 2018
വ്യര്‍ത്ഥം, ജീവിതം വ്യര്‍ത്ഥം! (കവിത: ജയന്‍ വര്‍ഗീസ്)
മനുഷ്യന്റെ പ്രയത്‌നം വ്യര്‍ത്ഥം.
അവന്‍ പോലുമറിയാതെ
അവന്‍ വന്നു!
അവന്റെ അനുവാദമില്ലാതെ
പോകുന്നു!

പ്രപഞ്ചവസ്തുക്കള്‍ ഘടിപ്പിക്കുമ്പോള്‍
അവന്‍ ഉരുവാകുന്നു!
അവ വിഘടിക്കുന്‌പോള്‍
അവനില്ലാതാവുന്നു!

അനുവദിച്ചു കിട്ടിയ അര നാഴിക നേരം
അവന്‍ ആര്‍ത്തുല്ലസിക്കുന്നു,
അടിച്ചും പൊളിച്ചും
തന്നെത്തന്നെ പ്രദര്‍ശിപ്പിക്കുന്നു,
ചതിച്ചും വഞ്ചിച്ചും
സ്ഥാനങ്ങള്‍ നേടുന്നു,
അധികാരവും പദവിയും
അടിച്ചു മാറ്റുന്നു,
അത് നില നിര്‍ത്താന്‍
യുദ്ധം ചെയ്യുന്നു!

ചോരപ്പുഴകളുടെ തീരങ്ങളില്‍
സംസ്ക്കാരത്തിന്റെ വിത്തുകള്‍ നടുന്നു,
ചോരമരങ്ങളുടെ തണലുകളില്‍
കാടത്തം വെയിലിളയ്ക്കുന്നു!
വിഢികളുടെ സംസ്ക്കാരം
യുദ്ധവിജയങ്ങള്‍ ആഘോഷിക്കുന്നു,
സൈനിക കൊലപാതകികളെ
സാക്ഷാല്‍ ദൈവങ്ങളാക്കുന്നു!
അവസ്സാനത്തിന്റെ കാലൊച്ചകള്‍
അകലെയാണെന്നവന്‍ ആശ്വസിക്കുന്നു!

നിലത്തെ പൊടിയുടെ ധാര്‍ഷ്ട്യം
മെനഞ്ഞവനെ ചിരിപ്പിക്കുന്നു!
മഹാരഥന്മാര്‍
മണ്‍ തരി പോലെ വീണടിയുന്നു,
മരണമണികളുടെ താളം
മനുഷ്യ സംഗീതം!
അവസാനത്തെ ശ്വാസത്തിനായി
അവനാഞ്ഞു വലിക്കുന്നു!

നീതിയുടെ തുലാസ്സ്
ദൈവത്തിന്റെ കയ്യില്‍!
ഭൂമിയെ അവന്‍ ന്യായം വിധിക്കുന്നു!
മനുഷ്യന്റെ പ്രയത്‌നമോ
വ്യര്‍ത്ഥം, വ്യര്‍ത്ഥം!!
Join WhatsApp News
വിദ്യാധരൻ 2018-10-15 23:57:22
അറിയാം നിങ്ങൾ ദുഃഖിതനാണെന്ന്
ഈ ലോകത്തിന്റ പോക്കിൽ 
ഇല്ല നിങ്ങൾക്ക് ഒന്നും ചെയാനാവില്ല 
വ്യർത്ഥം എന്ന് പറഞ്ഞു 
പിന്തിരിയാനെ കഴിയു 
നിങ്ങളുടെ കവിതകൾക്ക് 
ഇവിടെ ഒന്നും ചെയാൻ കഴിയില്ല  
ചരട് പൊട്ടിയ പട്ടംപോലെ 
ഈ ലോകം പായുകയാണ് 
നാഥനില്ലാ കളരിയിയാണ് ഇവിടെ 
നേതാക്കൾക്ക് പുതിയ നിർവ്വചനങ്ങൾ  
ഇത് ഏകാധിപതികളുടെ കാലം
അവരെ വാഴ്ത്തി സ്തുതിക്കുന്നവരുടെ കാലം 
പച്ച കള്ളം പറയുന്നവരുടെ കാലം
പ്രതിപക്ഷത്തിനെ വിഷം കൊടുത്തും 
എമ്പസ്സിക്ളിൽ വെട്ടി നുറുക്കിയും  
അന്യദേശങ്ങളിൽ സ്വന്ത സഹോദരനെ 
നെർവ് ഗ്യാസ് ഉപയോഗിച്ച് കൊന്നും
അധികാരം സുരക്ഷിതമാക്കി 
വ്യർത്ഥം എന്ന് നിങ്ങളുടെ ഭാഷ്യത്തിന് 
അർഥം സൃഷിട്ടിക്കുന്നവരുടെ ലോകം
ഇവിടെ ഒരു പുതിയ ഭൂമിയും ആകാശവും 
ജനിക്കുകയാണ് വേണമെങ്കിൽ 
നിങ്ങൾക്ക് ഈ ലോകത്തിന്റെ ഭാഗമാകാം 
അല്ലെങ്കിൽ 'ആരണ്യാന്തര
ഗഹരോദര  താപസ്ഥാനങ്ങളിലേക്ക് മടങ്ങാം  
കണ്ണടച്ച് 2018-10-16 18:18:29
വ്യർത്ഥം വെറും വ്യർത്ഥം
ഇല്ലാത്ത ദൈവത്തെ മെനഞ്ഞ്
ഇല്ലാത്ത സ്വർഗ്ഗത്തേക്ക് കണ്ണൂം നട്ട്
ഈ സുന്ദര പ്രപഞ്ചത്തെ അവഗണിച്ച്
കണ്ണടച്ച് പ്രകാശം തേടുന്നത്
വ്യർത്ഥം വെറും വ്യർത്ഥം.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക