Image

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (#മി ടൂ ഒരു നിഷ്പക്ഷ വീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 October, 2018
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (#മി ടൂ ഒരു നിഷ്പക്ഷ വീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
ലൈംഗികാരോപണങ്ങള്‍ കാട്ടുതീ പോലെ പരക്കുകയാണ്. പ്രശസ്തരും ധനികരുമായ ആണുങ്ങള്‍ പീഡിപ്പിച്ചുവെന്ന് പറയുന്നത് അഭിമാനമായി കണക്കാക്കുന്നു പെണ്ണുങ്ങള്‍. ഹോട്ടലില്‍ താമസിക്കുമ്പോള്‍ അവിടെ താമസിച്ചിരുന്ന ഒരു പ്രമുഖന്‍ ശല്യം ചെയ്തുവെന്ന് നാട്ടുകാരെ അറിയിക്കുന്നതല്ലേ "മാന്യത" അവിടത്തെ ഒരു ഹോട്ടല്‍ ബോയ് ബലമായി ചുംബിച്ചുവെന്നു പറയുന്നതിനേക്കാള്‍. ഇക്കാലത്ത് ലൈംഗീകാരോപണം ഒരു ഫാഷനായി തീരുന്നത് വളരെ പരിതാപകരമാണ്. കേസെടുക്കേണ്ടത് പോലീസും വിചാരണ നടത്തേണ്ടത് കോടതിയുമെന്നിരിക്കെ ഇതൊക്കെ ചര്‍ച്ച എന്ന പേരില്‍ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പഴയകാല മലയാള ചലച്ചിത്രത്തിലെ ഒരു പാട്ടു ഓര്‍മ്മ വരുന്നു. “പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പെണ്ണുങ്ങള്‍ കലി തുള്ളും നൂറ്റാണ്ടു". ഈ പ്രകടനങ്ങള്‍ക്കിടയില്‍ നീതി നഷ്ടപ്പെടുന്നത് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമാണ്. അവര്‍ക്ക് നേരെയാണ് കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുന്നത്. അവരെപ്പറ്റി പറയാന്‍ അവരെ കേള്‍ക്കാന്‍ ആരുണ്ട്. "അവശന്മാര്‍ ആര്‍ത്തന്മാര്‍ ആലംബഹീനന്മാര്‍ അവരുടെ സങ്കടമാരറിയാന്‍”.

പ്രശസ്തരുടെ പ്രണയവും, പ്രണയദുരന്തങ്ങളും അവരുടെ സ്വകാര്യതകളും അറിയാന്‍ കണ്ണും കാതും കൂര്‍പ്പിച്ച് ഇരിക്കുന്ന സമൂഹത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്ത് മാധ്യമങ്ങള്‍ വിലസുകയാണ് അതുകൊണ്ട് ആര്‍ക്കും നേട്ടങ്ങളിലല്ല മറിച്ച് കുറേപ്പേരെ മാനം കെടുത്താമെന്നല്ലാതെ. ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊക്കെ നിയമനുസരണം പരിശോധിക്കപ്പെടേണ്ടത് തന്നെ. ഭര്‍ത്താവിനെ വേശ്യാലയത്തിലേക്ക് സ്വന്തം തോളില്‍ കയറ്റിക്കൊണ്ടുപോയ ശീലാവതിയുടെ നാട്ടില്‍, ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന് കവികള്‍ പുകഴ്തത്തിയ സ്ത്രീകളുടെ നാട്ടില്‍ അവര്‍ തന്നെ പരപുരുഷന്‍ (പലപ്പോഴും പരിചയമുള്ള പുരുഷന്‍) തൊട്ടു, തൊട്ടില്ല, മുട്ടി, മുട്ടീല്ല, മിണ്ടി, മിണ്ടീല്ല എന്നൊക്കെ വിളിച്ച് കൂവി പലപ്പോഴും ഇതൊന്നും തെളിയിക്കാന്‍ സാധിക്കാതെ പരാജയപ്പെടുന്ന ദയനീയ കാഴ്ച നാം കാണുന്നു. ഇങ്ങനെ പരാതിയുമായി വരുന്നവര്‍ ആരും തന്നെ അവരെ സംഭോഗം ചെയ്തുവെന്ന് പറയുന്നില്ല. ഞാന്‍ നോക്കുമ്പോഴെല്ലാം അയാള്‍ എന്നെത്തന്നെ നോക്കിയിരിക്കയായിരിന്നു, അല്ലെങ്കില്‍ അയാള്‍ എന്നെ ഫോണ്‍ ചെയ്തു ശല്യം ചെയ്തു, ഒരുമിച്ചഭിനയിക്കുമ്പോള്‍ ആലിംഗന രംഗത്ത് എന്നെ അമര്‍ത്തി പിടിച്ചു എന്നൊക്കെയാണ് പരാതിപ്പെടുന്നത് എന്നത് ആശ്വാസം തന്നെ. സംഭോഗം ചെയ്തുവെന്ന് പരാതിപ്പെട്ടാല്‍ അത് പറയുന്നയാളുടെയും യശസ്സിന് കളങ്കം വരുമല്ലോ.

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു രസത്തിനു വേണ്ടി മി ടു വിനെ ശിവന്റെ മൂന്നാം കണ്ണിനോട് ഉപമിക്കാം. ശിവന്റെ മനസ്സിളക്കാന്‍ പഞ്ചസാര പൊതിഞ്ഞ മലരമ്പ് എയ്തു നിന്ന കാമദേവനെ ശിവന്‍ ഭസ്മമാക്കി. അതോടെ ഭൂമിയില്‍ വിരസത പടര്‍ന്നു. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ആകര്‍ഷണം പോയി. സുഖമുള്ളത് എന്തോ നഷ്ടപ്പെട്ടു എന്ന ബോധത്തില്‍ അവര്‍ അതിനെ അന്വേഷിച്ച് നടന്നു. മി ടു പ്രസ്ഥാനം പുരുഷന്മാരെ സ്ത്രീ വിരോധികള്‍ ആക്കിയേക്കാം. അവര്‍ അവരെ അവഗണിച്ചേക്കാം. സ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ചും അവളുടെ ലൈംഗിക ആകര്ഷണത്തെക്കുറിച്ചും കവികള്‍ എഴുതാതിരിക്കാം. "വെണ്ണതോല്‍ക്കും ഉടലില്‍ എണ്ണ തേച്ച് അരയില്‍ ഒറ്റമുണ്ടുമായ്" എന്നെഴുതുമ്പോള്‍ കവി മനസ്സ്‌കൊണ്ട് വ്യഭിചാരിച്ചിരുന്നു എന്ന് കുറ്റപ്പെടുത്താം. കവിക്ക് പരിചയമുള്ള ഏതെങ്കിലും സ്ത്രീ അത് തന്നെക്കുറിച്ചാണെന്ന പരാതിയുമായി പ്രത്യക്ഷപ്പെടാം. അങ്ങനെ കളിച്ചിരിയില്ലാത്ത, അനുരാഗമില്ലാത്ത വെറും പാഴ്പറമ്പായി ഈ ഭൂമി മാറിപ്പോകും. അതേസമയം കുടുംബം, വിവാഹം കുട്ടികള്‍ എന്നീ പാവന ക്ഷേത്രങ്ങളില്‍ മാത്രം പൂജ ചെയ്ത് മനുഷ്യര്‍ ദൈവഹിതമനുസരിച്ച് ജീവിച്ച് ഭൂമിയെ പുണ്യമാക്കിയേക്കാം. കാമദേവന്‍ മരിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പുനര്‍ജനിപ്പിക്കാന്‍ മുന്നോട്ട് വന്നതും സ്ത്രീകള്‍ തന്നെ, ഭാരതീയ പുരാണങ്ങള്‍ അനുസരിച്ച്.

മാധ്യമങ്ങള്‍ കൊണ്ടാടുന്ന പീഡനങ്ങള്‍ സംഭവിച്ചിട്ടുള്ളത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സ്ത്രീകള്‍ക്ക് അതൊക്കെ തുറന്നു പറയാന്‍ ധൈര്യം കിട്ടുന്നത് കാലം കടന്നുപോകുമ്പോഴാണെന്നുള്ളത് അതിശയകരമായ ഒരു പ്രതിഭാസമാണ്. അഭിവന്ദ്യയായ ഒരു അഭിനേത്രി ഇപ്പോള്‍ പരാതിപ്പെടുന്നത് മരിച്ച മണ്‍മറഞ്ഞുപോയ ഒരു നടനെക്കുറിച്ചാണ്. അനുഗ്രഹീതനായ ആ മഹാനടന്റെ സമകാലികരായ സുന്ദരിമാരായ നടിമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരൊന്നും അങ്ങനെ ഒരു പരാതി പറയുന്നില്ല. ഒരു പക്ഷെ പരാതി പറയുന്ന സ്ത്രീയുടെ വശ്യസൗന്ദര്യത്തില്‍ ആരോപണം ഉന്നയിക്കപ്പെട്ട നടന്‍ പ്രലോഭിതനായിട്ടുണ്ടാകും. നടി ഉത്തരവാദിത്വപ്പെട്ട ഒരു നടനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. കാരണം നടി ആരോപിക്കുന്ന നടന്‍ അന്ന് കത്തി നില്‍ക്കെയാണ് അയാള്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്ന് അയാള്‍ അറിയിച്ചു.രംഗം വിട്ടുപോയാല്‍ പട്ടിണിയാകും അല്ലെങ്കില്‍ പ്രശസ്തി നാസ്സപ്പെടുമെന്ന ഭയം ഭരിക്കുമ്പോള്‍ ഇഷ്ടമില്ലാത്തതിന് നേരെയൊക്കെ കണ്ണടച്ച് കാലം കഴിയുമ്പോള്‍ അത് കൊട്ടിഘോഷിച്ചിട്ട് എന്ത് പ്രയോജനം.

നേരത്തെ സൂചിപ്പിച്ചപോലെ പ്രശസ്തരും ധനികരും ആരോപണവിധേയരാകുകയും അത് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കയും ചെയ്യുമ്പോള്‍ സാധാരണക്കാരുടെ പരാതി ആരും കാണുകയില്ല. വാസ്തവത്തില്‍ അത്തരക്കാരുടെ പരാതികളാണ് അന്വേഷിക്കേണ്ടത്. പിഞ്ചു ബാലികമാരെ, നിസ്സഹായരായ സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും അവരുടെ ഭാവി നശിപ്പിക്കയും ചെയ്യുന്ന കശ്മലന്മാര്‍ വിലസി നടക്കുന്നു. അത്തരം ആളുകള്‍ അഭ്രപാളിയിലോ സമൂഹത്തിലെ ഉന്നതനിലയിലോ തിളങ്ങുന്നവരല്ലന്നുള്ളതുകൊണ്ട് അവര്‍ യഥേഷ്ടം ചുറ്റി കറങ്ങുന്നു. അടുത്ത ഇരയെ ചൂണ്ടയില്‍ കോര്‍ക്കുന്നു. കേരളത്തില്‍ കുറച്ച് മുമ്പ് രണ്ട് നിസ്സഹായരായ പെണ്‍കുട്ടികള്‍ (സൗമ്യയും , ജിഷയും) ലൈംഗിക പീഡനത്തിന് ശേഷം മൃഗീയമായി കൊല്ലപ്പെട്ടു. അവരുടെ കൊലയാളികള്‍ ഗോവിന്ദ ചാമിയും, അമീര്‍ ഉല്‍ ഇസ്‌ലാമും നിയമകുരുക്കുകളിലൂടെ രക്ഷപ്പെട്ട് വീണ്ടും അവരുടെ കുറ്റകൃത്യങ്ങള്‍ക്കായി സമൂഹത്തിലേക്ക് ഇറങ്ങും. അങ്ങനെയുള്ളവര്‍ക്ക് തൂക്ക് കയര്‍ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാത്തവര്‍ നാട്ടില്‍ മുകേഷിന്റെ കോലം കത്തിക്കുന്നു. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ അദ്ദേഹം ഫോണില്‍ വിളിക്കയും താമസിച്ചിരുന്ന ഹോട്ടലിലെ മുറിക്കടുത്തേക്ക് അവരെ മാറ്റുകയും ചെയ്തുവെന്ന് അവര്‍ തന്നെ പരാതിപ്പെട്ടതനുസരിച്ച് . സത്യം എന്താണെന്ന് പൊതുജനത്തിന് അറിയാന്‍ താല്‍പ്പര്യമില്ല. സ്ത്രീകള്‍ എന്ത് പറയുന്നു അത് ശരി.
സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് നേരെ ഏതെങ്കിലും ഒരു സ്ത്രീ ലൈംഗീകാരോപണം ഉന്നയിച്ചാല്‍ പൊതുജനം എന്ന കന്നിപ്പട്ടി കുരച്ചുകൊണ്ട് നിറത്തില്‍ ഇറങ്ങുകയായി. സ്ത്രീ പറഞ്ഞത് നൂറു ശതമാനം സത്യം എന്ന് വിശ്വസിക്കുന്നു ഈ പാവങ്ങള്‍. കുറെ നേരം കുരച്ച് ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണവും അകത്താക്കി ദയനീയമായി മുരണ്ട് അപ്രത്യക്ഷമാകുന്നു.

അപവാദവിധേയനായ വ്യക്തിയാകട്ടെ, അയാള്‍ നിഷ്ക്കളങ്കനാണെങ്കില്‍, ജീവിതകാലം മുഴുവന്‍ ദുഖിച്ചു കഴിയുന്നു. അമേരിക്കയുടെ പ്രഥമ വനിത ഇയ്യിടെ പ്രസ്താവിച്ചു. "സ്ത്രീകളെ ഞാന്‍ പിന്തുണക്കുന്നു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. എന്നാല്‍ പിന്തുണ സ്ത്രീകള്‍ക്ക് മാത്രം പോരാ പുരുഷന്മാര്‍ക്കും വേണം.” എത്രയോ ശരിയാണ്. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇയ്യിടെ അഭിപ്രായപ്പെട്ടു അവിടെ വീടുകളില്‍ വേലക്കാരികളെ നിര്‍ത്താന്‍ ഭയമാണെന്നു. അങ്ങനെ ഒരു ഭയം ജനിപ്പിക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമാണോ? ഒരിക്കലുമല്ല. അതൊക്കെ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് മാത്രം.എന്തെങ്കിലും കാര്യസാധ്യത്തിനു അവള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ഗൃഹനാഥന്‍ കുടുങ്ങിപ്പോകും. 1960 കളില്‍ പുരുഷനോടൊപ്പം തുല്യ അവകാശം വേണമെന്ന് പറഞ്ഞ് സ്ത്രീകള്‍ അവരുടെ സ്തനകഞ്ചുകങ്ങള്‍ (bra ) കത്തിക്കുകയുണ്ടായി. പ്രായം കൂടുമ്പോള്‍ ഒടിഞ്ഞ് വീഴുന്നത് കുത്തി നിര്‍ത്തേണ്ട എന്ന് അവര്‍ തീരുമാനിച്ചു, അതിലൂടെ എന്ത് സ്വാതന്ത്ര്യമാണ് അവര്‍ നേടിയതെന്ന് വ്യക്തമല്ല. പുരുഷനൊപ്പം തുല്യത നേടാന്‍ ദൈവം വിചാരിക്കണം. എന്നാല്‍ അങ്ങേരു പുരുഷന്റെ കാര്യത്തില്‍ ചില്ലറ വിട്ടുവീഴ്ച്ചകള്‍ ചെയ്തുപോയി. അതുകൊണ്ട് തുല്യത എന്നത് ഒരു വിദൂരസ്വപ്നമായി അവശേഷിക്കും. പരസ്പര സ്‌നേഹവും ബഹുമാനവുമാണ് പ്രധാനം. തുല്യതയെക്കാള്‍ ഉയര്‍ന്നത്, താഴ്ന്നത് എന്ന വ്യത്യാസം ഉണ്ടാകരുതെന്ന് മാത്രം.

മീ ടൂ ഒരു നല്ല സംരംഭമാണ്. അതിന്റെ ഉദ്ദേശ്യശുദ്ധി മലിനമാക്കുന്നവിധത്തില്‍ മഹിളകള്‍ പെരുമാറാതിരിക്കുകയെന്നതാണ് പ്രധാനം. ലൈംഗികാക്രമണങ്ങള്‍ നടക്കുമ്പോള്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ മുപ്പതും അമ്പതും വര്ഷം കഴിഞ്ഞ അതൊക്കെ പരാതിപ്പെടുമ്പോള്‍ അതിന്റെ വിശ്വസനീയത നഷ്ടപ്പെടുന്നു. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതും നഷ്ടപ്പെടും. മലയാള ചലച്ചിത്രതാരം മുകേഷിനെതിരെ ഒരു സ്ത്രീ ( അവര്‍ ഇപ്പോള്‍ പ്രശസ്തയായി) പരാതിപ്പെട്ട സംഭവം നടന്നത് പത്തൊമ്പത് കൊല്ലം മുമ്പാണ്. അതിന്മേല്‍ നിയമപരമായ നടപടി അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ ഈ വിവരം ആളുകളെ അറിയിക്കുക മാത്രമത്രേ അവരുടെ ഉദ്ദേശ്യം.എന്തൊരു വിചിത്രം!! പഞ്ചാരയടി (flirting ) അനാദികാലം മുതല്‍ ഉണ്ട്. വത്സായന്റെ കാമസൂത്രത്തില്‍ എങ്ങനെ പഞ്ചാരയടിക്കണമെന്നൊക്കെ വിശദീകരിക്കുന്നുണ്ട്. നമ്പൂരിമാരെക്കുറിച്ച് ഒരു ഫലിതമുണ്ട്. നമ്പൂരി അമ്പലത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു വാരസ്യാരെ കണ്ട് കമ്പം കേറി അവളോട് പോയി പറഞ്ഞു രാത്രി വാരം കഴിഞ്ഞ് നോം വാര്യത്തെക്ക് വര്ണ്ട്. വാരസ്യാര്‍ അതുകേട്ട് അയ്യോ അത് വയ്യ വേറെ എന്ത് വേണമെങ്കിലും അടിയന്‍ ചെയ്ത തരാം. ന്നാ പ്പ ത്തന്നെ വരാം. നിന്റടുത്ത് അഷ്ടാദ്ധ്യായി വിസ്തരിച്ചൊന്നു പഠിക്കണം. ക്ഷമിക്കണം അത് അടിയനറിയില്ല. അതേന്യാ ഏട്യേ നിന്നോട് ആദ്യം പറഞ്ഞത്. നിനക്ക് ആകെക്കൂടി ഒന്നേ അറിയൂ, അതങ്ങട് സന്തോഷായിട്ട് സമ്മതിക്യാ.... അന്ന് പാവം വാരസ്യാര്‍ക്ക് നമ്പൂരിയെ അനുസരിക്കാതെ നിവര്‍ത്തിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കാലം മാറി. എന്നാല്‍ ഇണയോടുള്ള ആകര്‍ഷണം പ്രകൃതിദത്തമായത്‌കൊണ്ട് നമ്പൂരിയെപോലെ നേരിട്ട് കാര്യത്തിലേക്ക് കടക്കാതെ പ്രേമപ്രകടനങ്ങള്‍ ഇന്നും നടന്നുപോകുന്നു. കലാലയ ജീവിതകാലത്ത് മൂകമായ, പ്രകടമായ പ്രണയനാടക രംഗങ്ങള്‍ എത്രയോ അരങ്ങേറുന്നു. പഴയ മലയാള ചലച്ചിത്രങ്ങളിലെ മനോഹരമായ പ്രേമഗാനങ്ങള്‍ എല്ലാം യുവഹൃദയങ്ങളുടെ സങ്കല്‍പ്പങ്ങളെ സാക്ഷാത്കരിക്കുന്നവയാണ്. ഇന്ന് അതൊക്കെ പീഡനമെന്ന വകുപ്പില്‍ പെടുമായിരിക്കാം. വിവാഹം കഴിഞ്ഞ് മക്കളും പേരക്കുട്ടികളുമായി ഭര്‍ത്താവ് മരിച്ച് ഒറ്റക്ക് കഴിയുന്ന ഒരമ്മച്ചിക്ക് പഴയകാല കാമുകന്മാരെ ആരെയെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ അയാള്‍ പ്രശസ്തനാണെങ്കില്‍ പരാതിയുമായി വരാം. "എന്റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍ വന്നിറങ്ങിയ രൂപവതി" എന്നും പാടി അയാള്‍ എന്റെ പുറകെ വന്നുവെന്നു അമ്മച്ചിക്ക് ആക്ഷേപിക്കാം. ആളുടെ പ്രശസ്തിയുടെ വലുപ്പമനുസരിച്ച് മാധ്യമങ്ങള്‍ കൊട്ടിപ്പാടും. ജനം തെരുവിലിറങ്ങും. വയസ്സ്കാലത്ത് ഇങ്ങനെ വിനോദങ്ങള്‍ സംഘടിപ്പിച്ച് ജീവിതം ആഘോഷമാക്കാം.

മീ ടുവിന്റെ സംഘടിത പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലായിടത്തും സുരക്ഷ ഏര്‍പ്പെടുത്താനും അത് ഉറപ്പുവരുത്താനുമുള്ളതാണ്. അതിപ്പോള്‍ പലരും ദുര്‍വിനിയോഗം ചെയ്യുന്നതായി നമുക്കെല്ലാം അനുഭവപ്പെടുന്നു. ഈ പ്രസ്ഥാനം ഭാരതത്തിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വന്നപ്പോള്‍ അതൊരു "കൊച്ചമ്മ പ്രസ്ഥാനമായി" . ആരോടൊക്കെ പക പൊക്കാന്‍ ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നില്ലേ എന്ന് സാധാരണ ജനമനസ്സുകളില്‍ സംശയം പരത്തി. ഉന്നതവ്യക്തികള്‍ക്ക് നേരെ പരാതികള്‍ ബോധിപ്പിക്കുമ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ കൊടുക്കാതെ ബന്ധപ്പെട്ടവരോട് പരാതിപ്പെടാനുള്ള മര്യാദ പാലിക്കണം. കുറ്റം തെളിയിച്ച്കഴിഞ്ഞതിനു ശേഷം എല്ലാം പരസ്യപ്പെടുത്തമല്ലോ. സ്ത്രീ സ്വാതന്ത്ര്യമെന്നും പറഞ്ഞു അടിസ്ഥാനമില്ലാത്ത അല്ലെങ്കില്‍ വെറും സംശയാസ്പദമായ പരാതികള്‍ ബോധിപ്പിച്ച് ഒരാളെ തേജോവധം ചെയ്യുന്നത് സ്ത്രീത്വത്തിനു തന്നെ അപമാനമാണ്. സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ള സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും കഷ്ടപ്പാടുകളും മാധ്യമങ്ങളോ നിയമപാലകരോ കാണുന്നില്ല. അവരുടെ പരാതികള്‍ അപഹസിക്കപ്പെടുകയും പരാതി അവര്‍ക്ക് തന്നെ വിനയാകുകയും ചെയ്യുന്നു. മി ടു വിലൂടെ സമൂഹത്തില്‍ സ്വാധീനമുള്ളവരും ധനികരുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. പാവപ്പെട്ടവരുടെ പരാതികള്‍ ചര്‍ച്ച ചെയ്യാനും ആരുമില്ല. സ്ത്രീയുടെ നിലയും, വിലയും, വയസ്സും, അഴകും, മാദകത്വവും അളവുമൊക്കെ അടിസ്ഥാനമാക്കി അവരുമായി ഇണചേരാനുള്ള പ്രതിഫലത്തില്‍ വരെ വളരെ വ്യത്യാസം പുരുഷലോകം ഉണ്ടാക്കിയിരിക്കുന്നു. സ്ത്രീയും അത് വിലപേശി വാങ്ങുന്നു. അവരുടെ വ്യത്യാസങ്ങള്‍ അവരും അംഗീകരിക്കുന്നു. മീ ടുവിലൂടെ പ്രത്യക്ഷപ്പെടുന്ന വെള്ളിനക്ഷത്രങ്ങളെ നോക്കി തുള്ളിതുളുമ്പാതെ താഴെ പുല്‍ക്കൊടികള്‍ക്കും ക്ഷതം ഏല്‍ക്കുന്നുണ്ട് അവര്‍ക്കും നീതി വേണമെന്ന് സമൂഹം ചിന്തിക്കുന്നത് ഈ പ്രസ്ഥാനത്തിന്റെ പുറകില്‍ നടക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം ഇത് പകപോക്കാനും പെരുമ നേടാനും ആരും ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കാനുള്ള നിയമവും ഉണ്ടാകേണ്ടതാണ്,

ശുഭം
Join WhatsApp News
Be gentle to women 2018-10-16 11:10:24
'പ്രശസ്തരും ധനികരുമായ പെണ്ണുങ്ങൾ പീഡിപ്പിച്ചു എന്ന് പറയുന്നത് അഭിമാനമായി കരുതുന്നു പെണ്ണുങ്ങൾ "  ഇത് നിങ്ങളുടെ അഭിപ്രായമാണ് . ഈ അഭിപ്രായം സ്ത്രീകൾ ഒരു തരം താണ വർഗ്ഗം എന്ന ചിന്താഗതിയിൽ നിന്ന് ഉണ്ടാകുന്നതാണ് .  ഇത് തന്നെയാണ് ട്രംപ്, കാവാനാൽ, മുകേഷ് തുടങ്ങിയവർ സ്ത്രീകൾക്ക് നേരെ ഉപയോഗിക്കുന്ന ആയുധം . സ്ത്രീകൾ പറയുന്നതിൽ ഒരിക്കലും സത്യം ഇല്ല എന്ന് വരുത്തി തീർക്കുക .  ഒരു സ്ത്രീയുമായി സംഭോഗം നടത്തുന്നത് മാത്രമല്ല പീഡിപ്പിക്കൽ . പ്ലെയിനിൽ യാത്ര ചെയ്യുമ്പോൾ ചന്തിക്ക് കുത്തുക, ചന്തിക്ക് പിടിച്ചു ഞെക്കുക, പാവാടയ്ക്കകത്തുകൂടെ കയ്യ് ഇടുക തുടങ്ങിയവ ഒരു വ്യക്തിയുടെ സ്വത്തന്ത്ര്യത്തിന്റെമേൽ ഉള്ള കൈകടത്താലാണ് . കേരളത്തിലെ ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ കൈൽ സൂചി കൊണ്ടുനടന്നില്ലെങ്കിൽ ചെറുപ്പക്കാര് തുടങ്ങി വൃദ്ധർ വരെ അവരുടെ ലിംഗം ഉദ്ധരിപ്പിച്ച് സ്ത്രീകളുടെ ചന്തിയിൽ ഇട്ട് ഉരസും .  നിങ്ങൾ പറഞ്ഞത് ശരിയാണ് . ഈ വിവരം ആരോട് പറഞ്ഞാലും അത് സ്ത്രീയുടെ കുറ്റമായി പറയും . സ്ത്രീകൾ ജീൻസ് ഇട്ടാൽ  യേശുദാസിന്റെ പാട്ടിന്റെ താളം തെറ്റുമെന്ന് പറയുന്നതും സ്ത്രീകൾ ശബരിമലക്ക് പോയാൽ അയ്യപ്പന്റ ബ്രഹ്മചര്യം പോകുമെന്ന് പറയുന്നതുമൊക്കെ സ്ത്രീയുടെ കുറ്റമാണോ ? അതോ ഇരുപത്തിനാലു മണിക്കൂറും സെക്സിനെ കുറിച്ച് ചിന്തിച്ചിരിക്കുന്ന പുരുഷന്റെ കുറ്റമാണോ . പുരുഷൻ മനസ്സിനെ നിയന്ത്രിക്കുക .  അനുവാദം ഇല്ലാതെ സ്ത്രീകളുടെ ശരീരത്തിൽ തുടാതിരിക്കുക .  പല പഴയകാലം സംഭവങ്ങളും തെളിയിക്കപ്പെടാൻ കഴിഞ്ഞെന്നിരിക്കില്ല പക്ഷെ  മി2 മൂവ്മെന്റ ഇതുപോലെയുള്ള പുരുഷന്മാരുടെ തോന്നിയവസങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നതിന് സംശയം ഇല്ല .
നിഷ്പക്ഷം 2018-10-16 12:07:11
കാള വാലു പൊക്കുമ്പോൾ തന്നെ അറിയാം എന്തിനാണെന്ന്. എന്താണാവോ ‘നിഷ്പക്ഷ’ത്തിന്റെ അർത്ഥം.
വിദ്യാധരൻ 2018-10-16 13:00:53
ബോധവത്ക്കരണത്തിലൂടെയും ശക്തമായ നിയമങ്ങളിലൂടെയും ഇന്ന് സമൂഹത്തിൽ നടമാടുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹത്വപ്പെടുത്തവാൻ കഴിയും 

1)ധനവനവാന്മാരേയും  ദരിദ്രരരേയും  ഒരുപോലെ ബാധിക്കുന്ന ശക്തമായ നിയമങ്ങൾ കൊണ്ടുവന്നു ദുര്മാര്ഗ്ഗികളായ പുരുഷന്മാരെ നിയന്ത്രിക്കേണ്ടതാണ് . 
 
2 )സ്ത്രീകൾ ഇനി ഇത്തരം സംഭങ്ങൾ വളരെ കാലം മറച്ചു വയ്ക്കാതെ അപ്പോൾ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യതാൽ അത്  ഇത്തരം പ്രവണതയെ കുറെയൊക്കെ തടയാൻ സഹായിക്കും . 
 
3 )മാതാപിതാക്കൾ പെൺകുട്ടികളെ  സമൂഹത്തിലെ ചില പുരുഷന്മാരുടെ രോഗാതുരമായ സ്വഭാവങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ്   . അവരുടെ ശരീരത്തിൽ അനാവശ്യമായി ആരെങ്കിലും തപ്പി നോക്കിയാൽ അത് അപ്പോൾ തന്നെ അവരെ അറിയിക്കാൻ ഭയപ്പെടരുതെന്ന് പറയണം. 

4 )സ്ത്രീകൾ, ഏതെങ്കിലും പുരുഷന്മാർ അതിരു ലംഘിക്കുമ്പോൾ ഉറക്കെ മറ്റുള്ളവർ കേൾക്ക തക്ക രീതിയിൽ താക്കീത് നൽകേണ്ടതാണ്. കഴിയുന്നതും പാർട്ടികൾ അറ്റൻഡ് ചെയുമ്പോൾ മറ്റൊരു സ്ത്രീയുമായി പോകുക

5 )മമ്മൂട്ടിയായാലും മോഹൻലാൽ ആയാലും , അവരോടുള്ള ആരാധന മൂത്ത്, അവർ അവരുടെ അതിരുകൾ ലംഘികാതിരിക്കാനുള്ള  സാഹചര്യം ഉണ്ടാക്കാതിരിക്കുക 
 
6 )സ്‌കൂളിൽ പെണ്കുട്ടികളോടും ആണ്കുട്ടികളോടും എങ്ങനെ പരസ്പരം ബഹുമാനിക്കണം എന്ന് പഠിപ്പിക്കേണ്ടത് ആവാശ്യമാണ് .

7 )പുരോഹിത വർഗ്ഗത്തിന്റെ അടുത്ത് പെൺകുട്ടികളെയും ആൺകുട്ടികളെയും ഒറ്റക്ക് അയക്കാതിരിക്കുക 


ഇതൊക്കെ വളരെ നേരത്തെ തുടങ്ങിയിരുന്നെങ്കിലും സ്ത്രീകൾക്ക് ശബരിമലക്ക് പോകുവാനും ദേവസം ബോർഡിന് പത്തിരട്ടി കാശും സ്വർണ്ണവും ഉണ്ടാക്കാനും കഴിയുമായിരുന്നു .  ഇന്ന് അവർ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് 

പഴഞ്ചൊല്ല് 2018-10-16 13:24:38
താനിരിക്കണ്ടടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കെണ്ടേടത്ത് നായിരിക്കും 
ഭൂമിയിൽ നടക്കുന്ന പാട്ടുകാരെയും അഭിനയക്കാരെയും പിടിച്ച് ഗന്ധര്വന്മാരും താരങ്ങളൂം ആക്കും എന്നിട്ട് അവരന്മാര് പറയന്നതും ചെയ്യുന്നതും അനുഗ്രഹമായി കരുതും  . മാനം പോയ്ക്കഴിയുമ്പോൾ വിവരം വരും . 
മാടമ്പി തമ്പുരാൻ 2018-10-16 16:12:19
സുധീറിന്റെ ഇപ്പോഷത്തെ കലിപ്പു  മുകേഷിനെതിരെ പരാതി ഉന്നയിച്ചതുകൊണ്ടാണ് . പണ്ട് ദിലീപിനെ പുണ്ണ്യാളനായി പെയിന്റടിച്ച  ആളാണ് ഈ സാഹിത്യകാരൻ . അമേരിക്കയിൽ ജീവിക്കുന്നതുകൊണ്ടു  നെഞ്ചിൽകേറി ആരും പൊങ്കാല ഇടില്ല എന്നാശശ്വസിക്കാം . 

മാടമ്പി തമ്പുരാൻ 
Sudhir Panikkaveetil 2018-10-16 22:27:52
പേര് വയ്ക്കാതെ എഴുതുന്ന കമന്റുകൾക്ക് ഞാൻ മറുപടി എഴുതാറില്ല. പക്ഷെ ഇവിടെ ഒരാൾ തന്നെ പല പേരിൽ ഒരേ കാര്യം എഴുതിയിരിക്കുന്നത് കണ്ടത്കൊണ്ടാണ് എഴുതുന്നത്. അതായത് ലേഖനം ശ്രദ്ധിച്ച് വായിക്കാതെ സ്വന്തം മുൻ വിധികളും ചിന്തകളും എഴുത്തുകാരന്റെ തലയിൽ കെട്ടി വയ്ക്കുന്ന കമന്റുകൾ.  എല്ലാവരും ഒരേപോലെ എഴുതിയിരിക്കുന്നത്കൊണ്ട് അത് ഒരാൾ തന്നെ എന്ന് മനസ്സിലാക്കാം. വിദ്യാധരൻ സാർ പതിവ് പോലെ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. 

എന്റെ ലേഖനം ഉപസംഹരിച്ചിരിക്കുന്നതെങ്കിലും വായിക്കാമായിരുന്നു, മീട്ടുവിൽ മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങളെ നോക്കി തുള്ളിതുളുമ്പാതെ താഴെ പുൽക്കൊടികൾക്കും ക്ഷതം ഏൽക്കുന്നുണ്ട് അവർക്കും നീതി വേണമെന്ന് സമൂഹം ചിന്തിക്കണമെന്നുണ്ട്. കൂടാതെ ലേഖനത്തിൽ ഊന്നൽ നൽകിയിരിക്കുന്നത് ധനികരും പ്രമുഖരും പറഞ്ഞത് മാത്രമാണ് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്, പാവങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നില്ല എന്നാണ് . ഒന്നാമത്തെ പാരഗ്രാഫിന്റെ അവസാന വരികൾ വായിക്കുക. അങ്ങനെ ലേഖനം മുഴുവൻ ശ്രദ്ധിച്ച് വായിച്ച് കമന്റുകൾ എഴുതുക ദയവായി.  

വസ്തുതകൾ  നിഷ്പ്പക്ഷമായി ഞാൻ പ്രതിപാദിച്ചിട്ടുണ്ട്. ദയവ് ചെയ്ത പേര് വെളിപ്പെടുത്തി വരൂ എങ്കിൽ കൂടുതൽ വിവരിച്ച് തരാം. 


kalakaran 2018-10-16 19:39:38
Most of the time Mr. Sudhir is on wrong track supporting the rich and famous and he is with vattakaran.
Please stand with the victim and voice for real justice. A writer must be impartial and independent.
CID Moosa 2018-10-16 20:37:42
സുധീറിനെ സ്ത്രീകൾ പീഡിപ്പിച്ചിട്ടുണ്ടോ എന്നാണ് എനിക്ക് സംശയം 
Vayanakkaran 2018-10-17 00:12:03

#Me Too ... now investigating...

പ്രാണനാഥനെനിക്കു നല്‍കിയ 

പരമാനന്ദരസത്തേ പറവതിനെളുതാമോ....

 #Me Too.....

അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര

പങ്കജം കൊണ്ടവന്‍ തലോടി

പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്നെ കൊണ്ടാടി

ഗാഢം പുണര്‍ന്നും അങ്കുരിത പുളകം കലര്‍ന്നെഴു-

മെന്‍ കപോലമതിങ്കലന്‍പൊടു 

തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും

പലവേലതുടര്‍ന്നും...... # Me Too...

P R Girish Nair 2018-10-17 07:55:00
ശ്രീമാൻ സുധിർ മീട്ടൂവിനിനെക്കുറിച്ച നിഷ്പക്ഷമായി എഴുതിയിരിക്കുന്ന ലേഖനം നന്നായിരിക്കുന്നു. അഭിവന്ദ്യയായ ഒരു അഭിനേത്രി യശ്ശശരീരരായ  ഭാസിയെയും നസീറിനെയും കുറിച്ചു മാധ്യമങ്ങളിൽ എഴുതിയിരിന്നു.
 
സംരഭം നല്ലതുതന്നെ.  നീതിക്കുവേണ്ടിയായിരിക്കണം. അല്ലാതെ പക തീർക്കാൻ ആയിരിക്കരുത് എന്നാണ് ശ്രീമാൻ സുധിർ ലേഖനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.  ചിലർ വളച്ചൊടിച്ചു കമന്റ് ചെയ്യതിരിക്കുന്നതു കണ്ടു.

Like a Lion- go forward 2018-10-17 11:53:03

Sri Sudhir has given us a beautiful narration again.

Very impartial, independent, intrinsic view that came out from his own intelligence. His intentions are very clear but some vicious & jealous comment writers have failed to see the beauty and made a quick conclusion and started ridiculing. Those heinous commenters may be lacking in intelligence or have failed to comprehend. We all have seen there are some with negative attitude and cannot see or appreciate good things in life.

 I know Mr.Sudhir for a long time and respect his talents, intelligence and good personality. I know he won’t get discouraged by coward’s comments. But it is not a good trend to attack to cover up your inability to appreciate good things.

 He has pointed out a very true fact of the common trend to throw dirt on famous men. Some are true, some are false. Those women who bring false accusations are a disgrace and should be given corrective punishments. Women should bring out those who abused them and seek the help of Law. Don’t wait for decades if you are seeking Justice. Yes, it is true the whole society is still male-dominated and women are afraid to speak out. We need strong Civil Laws to secure the safety of women. It is a shame that sometimes, women are the worst enemy of women.  

For example, look at the incident of the nun & Franco. Women were out there defending him blindly and ridiculing the Nuns who were seeking Justice. The Supreme Court simply made it clear that women have equal rights under the Constitution and so no one can stop women from worshipping Ayyappen. Look at all that so-called low caste women protesting & getting violent to safeguard the interest of the Brahmins who regard those women as untouchable.  The Brahmins are cunning & smart, they know by imposing equal rights; later low caste poojaris can claim their right to Sabarimala Temple.

Go forward like a Lion Mr Sudhir, ignore the little barkers.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക