Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-17: സാംസി കൊടുമണ്‍)

Published on 16 October, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-17: സാംസി കൊടുമണ്‍)
പിച്ചവെച്ച വഴികളിലെ വെളിച്ചം നിഴലിനെ സൃഷ്ടിക്കുന്നു. നിഴല്‍ ഓര്‍മ്മകളാകുന്നു. അതു നമ്മെ പിന്തുടരുന്നു. ഓര്‍മ്മച്ചെപ്പുകള്‍ ഒന്നു തുറന്ന് ലാഭനഷ്ടങ്ങള്‍ നോക്കുമ്പോള്‍.... ഇന്നലെ മരിച്ചവന്‍ മൊത്തമായും ഒരു നഷ്ടമായിരുന്നു. അങ്ങനെയാണ് എല്ലാവരും പറയുന്നത്. അവന്‍ എന്തു നേടി? എത്ര വീടുകള്‍, ബാങ്കില്‍ എത്ര മിച്ചം. കുട്ടികളില്‍ എത്രപേര് ഡോക്ടര്‍മാര്‍. നാട്ടില്‍ ആസ്ഥികള്‍... അദ്ദേഹത്തിന് ഇതൊന്നും നേടാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെപ്പോലെ ഒന്നും നേടാത്തവരുടെ പട്ടികയില്‍ ആയതുകൊണ്ട ാണോ ഈ കുടിയേറ്റത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ പരാജിതനെന്ന് തോന്നല്‍. ചിലരങ്ങനെയാണ്, എന്തു ചെയ്താലും അവര്‍ വിജയിക്കില്ല.

ജോസ് വാട്കയില്‍ മൊത്തി. ലഹരി കയറുന്നില്ല. ലിവിങ്ങ് റൂം ഇരുളിലായിരുന്നു. ഇരുള്‍ നല്ലതായിരുന്നു. ഓര്‍മ്മയുടെ പുസ്തകം ഇരുളിലാണ് വായിക്കപ്പെടുന്നത്. മൂന്നു വയസ്സുകാരനായി എത്തിയവന്‍ പാടേ മാറിയിരിക്കുന്നു. അവന്‍ ഇരുപത്തെട്ടുകാരനായി. എവിടെ എത്തി. ജീവിതം എന്തായി? ഇന്ന് ഈ രാത്രിയില്‍ നിന്റം ഇടം നഷ്ടപ്പെട്ടാല്‍ നിന്നെപ്പറ്റി എന്തു രേഖപ്പെടുത്തും? വിജയിക്കാനായി പൊരുതിയവന്‍.... എല്ലായിടത്തും തോറ്റവന്‍, നിലമറിഞ്ഞ് വിത്തിടാത്തവന്‍, അവസരങ്ങള്‍ തക്കത്തില്‍ വിനിയോഗിക്കാത്തവന്‍. അങ്ങനെ അപവാദങ്ങള്‍ പലതും.... ശരിയല്ലേ.... ഓര്‍മ്മകളുടെ കണ്ണികള്‍ മുറിയുന്നു. ഓര്‍മ്മയെന്ന കുഴിയാന പുറകിലേക്ക് നടക്കുന്നു. അഭ്രത്തില്‍ സൂക്ഷിച്ച ഓര്‍മ്മ ചിത്രങ്ങളില്‍ പൂപ്പല്‍. എന്നാല്‍ തെളിഞ്ഞ ചില ചിത്രങ്ങള്‍ ഇടയില്‍ കടന്നുവരുന്നു.

വളര്‍ന്ന താടിയും, ഇടതു തോളില്‍ തുണി സഞ്ചിയും തൂക്കി സ്റ്റുഡിയോകള്‍ കയറിയിറങ്ങിയ പകലുകള്‍. ആര്‍.കെ. പുരത്തെ ജവാന്‍ സ്റ്റുഡിയോയുടെ ഉടമ ഭവാനിയമ്മ പണികള്‍ പഠിക്കാന്‍ നിന്നുകൊള്ളാന്‍ പറഞ്ഞു. പക്ഷേ ഒന്നും പ്രതീക്ഷിക്കരുത്. ഒരു പിടിവള്ളിയായിരുന്നു ആവശ്യം. സമ്മതം. പ്രിന്റുകളില്‍ ഫിലിമിലെ പോറലുകളും വരകളും വെളുപ്പിലും കറുപ്പിലും വീഴും. അതൊക്കെ നമ്പര്‍ ടു പെന്‍സില്‍ വെച്ച് ഫിനിഷു ചെയ്തും, ബ്ലെയിഡുവെച്ച് ചുരണ്ട ിയും ഏകസ്വരതയില്‍ എത്തിയ്ക്കണം. ഫിലിമിലും അതുപോലെ. മുഖത്തെ ചുളിവുകളും പാടുകളും മാറ്റി സുന്ദരന്മാരും സുന്ദരിമാരും ആക്കി വൈരൂപ്യമില്ലാത്തവരായി പരിവര്‍ത്തനം ചെയ്യണം. നല്ല ഒരു ഫോട്ടോ പിറക്കണമെങ്കില്‍ നല്ല ഒരു മുഖം മാത്രം പോര, പിന്നില്‍ കലാഹൃദയമുള്ള കരങ്ങളും കണ്ണുകളും വേണം.

ഒരു ദിവസം ഡാര്‍ക്ക് റൂമില്‍ പ്രിന്റിടാന്‍ നിന്ന പയ്യന്‍ വന്നില്ല. അത്യാവശ്യം കൊടുക്കേണ്ട ചില പടങ്ങള്‍. ഭവാനിയമ്മ പറഞ്ഞു വാ നമുക്ക് കുറച്ച് പ്രിന്റിടാം. ഡാര്‍ക്ക് റൂം വര്‍ക്ക് അറിയാമെങ്കില്‍ എവിടെയും അവസരം കിട്ടുമെന്ന് മനസ്സില്‍ കുറിച്ചിരുന്നു. ഡാര്‍ക്കു റൂം വീട്ടിലാണ്. സ്റ്റുഡിയോയില്‍ നിന്നും ഒരഞ്ചു മിനിറ്റ് നടക്കണം. പന്ത്രണ്ട ു മണിയുടെ ചൂടില്‍ അവര്‍ സ്റ്റുഡിയോ അടച്ച് വീട്ടിലേക്കു നടന്നു. രണ്ട ് ബെഡ് റൂമുകളുള്ള അപ്പാര്‍ട്ടുമെന്റ്. പട്ടാളക്കാരുടെ കോളനി. താഴത്തെ നിലയിലാണവര്‍ താമസിക്കുന്നത്. വരാന്ത കെട്ടിയടച്ച് ഡാര്‍ക്കു റൂം ആക്കിയിരിക്കുന്നു. ഇരുട്ടുമുറിയില്‍ കത്തുന്ന അടുപ്പുമാതിരി ചൂട്. വിയര്‍പ്പ് കണ്ണുകളെ മൂടുന്നു.

ചുവന്ന സീറോ ബള്‍ബ് ഭദ്രകാളിയെപ്പോലെ അവരെ തുറിച്ചു നോക്കുന്നു. ഭവാനിയമ്മ പ്രിന്റിടാനുള്ള ഒരുക്കത്തിലാണ്. രണ്ട ു ട്രേകളില്‍ ഒന്നില്‍ കൂട്ടിവെച്ചിരുന്ന കെമിക്കലും മറ്റൊന്നില്‍ ഹൈപ്പോ ലായനിയും ഒഴിച്ചു. പിന്നെ ഒന്നില്‍ വെള്ളവും- എന്‍ലാര്‍ജറില്‍ ഫിലും വെച്ച് അവര്‍ സൈസ് അഡ്ജസ്റ്റു ചെയ്യുന്നതിനിടയില്‍ ഒരുപാടുകാര്യങ്ങള്‍ അവര്‍ പറഞ്ഞു തരുന്നുണ്ട ായിരുന്നു. ഫിലിമിന്റെ അകവും പുറവും കാണിച്ചുതന്നു. ഭവാനിയമ്മയുടെ ജോലിയുള്ള ശ്രദ്ധ ഒരു പാഠമായി മനസ്സില്‍ കുറിച്ചു. അന്‍പതുകളില്‍ നടക്കുന്ന ഭവാനിയമ്മയുടെ മുലകള്‍ ഇടിഞ്ഞിട്ടുണ്ടെ ങ്കിലും അതിന്റെ അസാമാന്യമായ വലിപ്പത്താല്‍ അതു ബ്രായില്‍ കിടന്നു തുള്ളിക്കളിക്കുന്നു. പ്രിന്റിടാന്‍ തുടങ്ങുന്നതിനുമുമ്പ് അപ്രതീക്ഷിതമായ വേഗത്തില്‍ അവര്‍ ഇട്ടിരുന്ന ഗൗണ്‍ ഊരി ദൂരേക്കു വലിച്ചെറിഞ്ഞു. അടിപ്പാവാടയും ബ്രായും മാത്രമായി ഭവാനിയമ്മ യാതൊരു കൂസലുമില്ലാതെ ജോലി ചെയ്യുന്നു. ഒരു കൗമാരക്കാരന്‍ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ച് യൗവ്വന തൃഷ്ണകളോടെ അവരെ ഇടംകണ്ണിട്ടു നോക്കി.

പല്ലു കൊഴിഞ്ഞ ഭര്‍ത്താവ്, പെന്‍ഷന്‍ പറ്റിയ പട്ടാളക്കാരന്‍ മുറിയില്‍ ഹിന്ദുവും വായിച്ച് ഇരിക്കുന്നു. അയാള്‍ വിശ്രമത്തിലാണ്. രാജ്യം കാത്ത് അയാളുടെ പല്ലുകള്‍ കൊഴിഞ്ഞതായിരിക്കാം. പട്ടാളക്കാരനായ ഭര്‍ത്താവ്, അതിര്‍ത്തിയിലായിരുന്നപ്പോള്‍ ചെറുപ്പത്തിലേ അല്പം കലാവാസനയുള്ള ഭവാനിയമ്മ ഒരു അധിക വരുമാനവും, സമയത്തെ നേരായി തിരിച്ചു വിടാനും, തിരഞ്ഞെടുത്ത മാര്‍ക്ഷമാണ് സ്റ്റുഡിയോ. പൂര്‍വ്വാശ്രമത്തില്‍ മറിയാമ്മയായിരുന്ന ഭവാനി, അയല്‍ക്കാരനായ പട്ടാളക്കാരനൊപ്പം ഒളിച്ചോടി ജീവിതം തുടങ്ങിയതാണ്. കഥകള്‍ സ്റ്റുഡിയോയില്‍ നില്‍ക്കുന്ന അവരുടെ ബന്ധു ഒരിക്കല്‍ പറഞ്ഞു. രണ്ട ു പെണ്‍കുട്ടികള്‍. മൂത്തവള്‍ക്ക് ഇരുപത്തിനാല് വയസ്സ്. രണ്ട ുവയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട വള്‍ക്ക്. പണ്ട ് അച്ഛന്‍ അവധിക്ക് വന്നപ്പോള്‍ കൂടെ അവധിക്കു വന്ന മറ്റൊരു പട്ടാളക്കാരന്‍. അച്ഛന്റെ മനസ്സില്‍ കണക്കു കൂട്ടലുകള്‍ ഉണ്ട ായിരുന്നു. പക്ഷേ.... ഒരാഴ്ചയിലെ വിരുന്നു പാര്‍പ്പിനിടെ അതു സംഭവിച്ചു. പിന്നെ കുട്ടിയെ കാണാന്‍പോലും അയാള്‍ തിരിഞ്ഞു നോക്കിയില്ല. രണ്ട ാമത്തവള്‍ കോളേജില്‍. ഇരുപത്തി രണ്ട ിന്റെ സ്വപ്നങ്ങളും കണ്ണിലെ കുസൃതിയുമായി ആരെയോ വലവീശിപ്പിടിക്കാന്‍ ചുറ്റിനടക്കുന്നു. പന്തികേടുകളുടെ ആ ഡാര്‍ക്കു റൂമില്‍ നിന്നും വിയര്‍ത്തു കുളിച്ച് പുറത്തിറങ്ങുമ്പോള്‍ ഭവാനിയമ്മ ഗൗണിടാന്‍ കൂട്ടാക്കിയിരുന്നില്ല. ഭര്‍ത്താവ് ഭവാനിയമ്മയോടു ചോദിച്ചു. ചൂട് എങ്ങനെയുണ്ട ്?

“”ഗര്‍മിസേ മര്‍ ജാവുങ്ക’’ അവര്‍ അസഹ്യതയോടെ പറഞ്ഞു. പ്രിന്റുകള്‍ കഴുകി മെറ്റല്‍ ഷീറ്റില്‍ വെച്ച്, വെള്ളം ഫ്‌ളോട്ടിങ്ങ് പേപ്പര്‍ കൊണ്ട ് ഒപ്പി, ഹീറ്ററില്‍ വെച്ചുണക്കുമ്പോള്‍, മനസ്സില്‍ എവിടെയോ ചില താളപ്പിഴകള്‍ കൂകി വിളിച്ചു. അമ്മ മൂത്ത മകളെ പറഞ്ഞുവിട്ടിരിക്കുന്നു സഹായത്തിന്. മകളെക്കുറിച്ചുള്ള അമ്മയുടെ വേവുകള്‍. അവള്‍ ഏതെങ്കിലും ഒരു തീരം കാണണം എന്ന മോഹം.

മൈല്‍പ്പീലി നിറത്തിലുള്ള ചുരിദാറിനുള്ളില്‍ അവള്‍ സുന്ദരിയായിരുന്നു. അവളുടെ കണ്ണുകളില്‍ കവിതയുണ്ട ായിരുന്നു. ആരും മോഹിക്കുന്ന എന്തോ ഒന്ന് അവളില്‍ ഉണ്ട ്. അവളെ കളങ്കിതയാക്കി കടന്നു കളഞ്ഞവനോട് ഉള്ളില്‍ പക. അവള്‍ ധാരാളമായി സംസാരിക്കുന്നു. കുട്ടി... അതൊരു വാഗ്ദാന ലംഘനത്തിന്റെ ചിഹ്നമാണെന്നവള്‍ പറഞ്ഞു. ഇനി അയാള്‍ ഈ വഴി വരില്ല. അവള്‍ എന്തൊക്കെയോ പറയുകയാണ്. ഞാന്‍ ഇനി അയാളെ കാത്തിരിക്കുന്നില്ല. എന്തേ എന്നെക്കൂടി കൂട്ടിക്കൂടേ.... അവള്‍ ചോദിക്കും പോലെ.

വഴി മാറി നടക്കുന്ന ഒരുവന്റെ നിസ്സഹായത അവള്‍ക്കു മനസ്സിലാകുമോ? അല്ലെങ്കില്‍ മറ്റവനെപ്പോലെ വാഗ്ദാനം നല്‍കി അവളെ മോഹവലയത്തിലാക്കി കടന്നു കളയാം. അപ്പോള്‍ അയാളെക്കാള്‍ താനെങ്ങനെ വ്യത്യസ്തനാകും. വേറിട്ടു നടക്കാന്‍ കൊതിക്കുന്നവന്റെ വ്യഥകളോട്, ശരീരത്തിന്റെ കാമനകളെ മറയ്ക്കാന്‍, അയാള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. കഥകളാണു തന്റെ മനസ്സിന്റെ പ്രേരണ, അതു നയിക്കുന്ന വഴികളിലൂടെ നടക്കാനാണു ശ്രമം. പക്ഷേ അവള്‍ വിട്ടില്ല. അവളും വെറുതെ ഇരിക്കുമ്പോള്‍ കഥകള്‍ മെനയും. എന്നും വ്യഥിത ഹൃദയങ്ങളുടെ താളങ്ങളെ അവള്‍ പകര്‍ത്താറുണ്ടെ ന്നും പറഞ്ഞു. അവള്‍ എഴുതിയ ഒരു കഥ അവള്‍ വായിച്ചു. അതിലെ ഒരു പ്രയോഗം മനസ്സില്‍ തങ്ങി. “”കാലത്തിന്റെ കുടുക്കില്‍പ്പെട്ട് മൂല്യശോഷണം വന്ന നാണയംപോലെ ചില ജീവിതങ്ങള്‍.’’ പിന്നീടെന്നോ സാംബശിവന്റെ ഒരു കഥാപ്രസംഗത്തില്‍ ആ പ്രയോഗം. പ്രയോഗം വന്ന വഴികള്‍ അന്നു തിരിച്ചറിഞ്ഞു. പിന്നേയും നടന്നു. വഴികള്‍ നനഞ്ഞതായിരുന്നു. വഴുക്കന്‍ വഴികളിലൂടെ വീഴാവുന്ന പല പല ഒറ്റയടിപാതകളിലും ഒരഭ്യാസിയെപ്പോലെ നടന്നുകയറി. പക്ഷേ വീണു പോയില്ലെ. അപ്രതീക്ഷിതമായ ഒരു പെരുവഴിയില്‍ ഒരിക്കല്‍ മാത്രം.

ഡല്‍ഹിയില്‍ നിന്നും തിരിച്ചുവന്ന നാളുകള്‍ ആറ്റുതീരത്ത് കുറെ നേരമിരുന്ന് ഗൃഹാതുരതകളുമായി സല്ലപിച്ചു. സന്ധ്യ മയക്കത്തിന് തിരിച്ചു നടക്കുമ്പോള്‍, ഇടപ്പുരയിലെ ഓമന, മുറ്റത്ത് കുളികഴിഞ്ഞ് മുടിയും ഉണക്കി നില്‍ക്കുന്നു.

“”എന്താ ജോസേ,... ഞങ്ങളെയൊക്കെ മറന്നോ?’’ ഓമന ചോദിച്ചു.

“”അങ്ങനെ മറക്കാന്‍ പറ്റുമോ’’ ജോസ് പറഞ്ഞു.

“”കേറുന്നോ’’ ഓമന വിളിച്ചു.

“”എല്ലാവരും എന്തിയേ’’ ജോസ് ചോദിച്ചു.

“”അച്ഛന്‍ മരിച്ചതറിഞ്ഞില്ലേ’’ ഓമന പറഞ്ഞു. അറിഞ്ഞിരുന്നു. നാണു ആശാനെക്കുറിച്ച് വളരെ ഓര്‍മ്മകള്‍ ഉണ്ട ്. നിലത്തെഴുത്താശാനായിരുന്നു. ഓമന ഒരേ ഒരു മകളാ. അമ്മ നേരത്തെ മരിച്ചു. ഓമനയുടെ കല്യാണം വളരെ ചെറുപ്പത്തിലെ കഴിഞ്ഞു. ആറിലും എട്ടിലും പഠിക്കുന്ന രണ്ട ു കുട്ടികള്‍. ദാമോദരന്‍ പലരചരക്കു കടക്കാരന്‍. ഓമന വശ്യമായ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട ിരിക്കുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആവേശത്തോട്. ഓമന കട്ടന്‍ ഉണ്ട ാക്കി. പിന്നെ കട്ടനിരുന്നു തണുത്തു. കിടപ്പുമുറിയില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങിയപ്പോള്‍ ഇരുട്ടു പരക്കാന്‍ തുടങ്ങിയിരുന്നു. അടുത്തുള്ള കൈതക്കാട്ടില്‍ എന്തോ അനങ്ങി. പിടിയ്ക്കപ്പെട്ടവനെപ്പോലെ ഒന്നു നടുങ്ങി. ഒരു പൂച്ച തുറിച്ചു നോക്കുന്നു. കുനിഞ്ഞു നടന്നു. വല്ലാത്ത കുറ്റബോധം. ഭാവനയില്‍ കണ്ട ു രസിച്ചിêന്ന അവസ്ഥയുടെ നേരറിവ് വളരെ നിരാശാജനകമായിരുന്നു. ആദ്യാനുഭവം അങ്ങനെ എന്നും നൊമ്പരങ്ങളുടെ ഓര്‍മ്മയായി. ഒഴിവാക്കാമായിരുന്നു. അവള്‍ എന്തേ അങ്ങനെ പെരുമാറി. മനുഷ്യ മനസ്സ് ആഴമറിയാത്ത ഒരു ചുഴലിയാണ്. അതിന്റെ ആഴങ്ങളും ഗതിവിഗതികളും ആരു കണ്ട ു.

അന്ന് ഗോസായിമാരുടെ നാട്ടില്‍ നിന്നും പലായനം ചെയ്യാന്‍ മനസ്സ് വെമ്പിയതുപോലെ ഇന്നും, മനസ്സ് കൊതിക്കുന്നു ഒരു തിരിച്ചുപോക്ക്. പക്ഷേ കുരുക്കില്‍ നിന്നും അഴിയാത്ത കുരിക്കിലേക്ക് ജീവിം തന്നെ കൂട്ടിക്കൊണ്ട ു പോകയല്ലേ. കെണിയാണ് ഇവിടെനിന്ന് എങ്ങോട്ട് രക്ഷപെടാന്‍. നഷ്ടമായ കാറ്റും, നിലാവും, ആകാശവും സന്ധ്യകളുമൊക്കെ ഇന്നും നമ്മെ കാത്തിരിക്കുന്നുവോ? അതൊക്കെ ഓര്‍മ്മച്ചെപ്പുകളുടെ കിളിവാതിലില്‍ക്കൂടി എത്തിനോക്കി പറയുന്നു. നാം നഷ്ടപ്പെട്ടവരുടെ ലോകത്തിലാണ്. മോചനമില്ലാത്ത പ്രവാസം കാലത്തിന്റെ കണക്കില്‍ പെടില്ല. എങ്കിലും കുഞ്ഞമ്മാമയുടെയും ബാബുക്കുട്ടിച്ചായന്റെയും ബെയ്‌സ്‌മെന്റിലെ ആ രാത്രികള്‍ക്ക് ഒരു പ്രതീക്ഷ ഉണ്ട ായിരുന്നു. എന്നെങ്കിലും രക്ഷപെടാം....

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക