Image

പിണറായി സര്‍ക്കാരാണ് ശബരിമലയെ രാഷ്ട്രീയവത്കരിച്ചത്! (ബിജു നായര്‍)

Published on 17 October, 2018
പിണറായി സര്‍ക്കാരാണ് ശബരിമലയെ രാഷ്ട്രീയവത്കരിച്ചത്! (ബിജു നായര്‍)
പിണറായി സര്‍ക്കാരാണ് ശബരിമലയെ രാഷ്ട്രീയവത്കരിച്ചത്! 
പ്രശ്‌നം ഇത്രമേല്‍ വഷളാക്കിയത്! വിശ്വാസികളെ തെരുവിലിറക്കിയത്! ശബരിമല യുവതീപ്രവേശനം ഒരു കീറാമുട്ടി തന്നെയാണ്. സമ്മതിക്കുന്നു. അതിനെ അനുകൂലിക്കുന്നവരുണ്ട്. പ്രതികൂലിക്കുന്നവരുമുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ ഇടയില്‍ പോലും. എന്നിരുന്നാലും, കോടതി യുവതീപ്രവേശനത്തിന് അനുകൂലമായാണ് ആത്യന്തികമായ വിധിയെഴുതിയതെന്ന വസ്തുത മനസ്സിലാക്കുന്നു.

കോടതിവിധി നടപ്പാക്കുവാന്‍ സര്‍വ്വഥാ പ്രതിജ്ഞാബദ്ധമാണ് കേരള സര്‍ക്കാരെന്നുള്ള കാര്യവും വിസ്മരിക്കുന്നില്ല.
മറ്റെല്ലാ സുപ്രധാന കാര്യങ്ങളും മാറ്റിവച്ച് എത്രയും വേഗം, ഈ വിധി നടപ്പില്‍ വരുത്തുവാനുള്ള പിണറായി സര്‍ക്കാരിന്റെ അമിതതാല്പര്യം പോലും, അവരുടെ പുരോഗമന പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രമാണെന്ന് വേണമെങ്കില്‍ നമുക്ക് തത്വത്തില്‍ സമ്മതിക്കാം.

ആ താത്പര്യ സിദ്ധിക്ക് ഉതകുന്ന തരത്തിലുള്ള കോടതിവിധി നേടിയെടുക്കുന്നതില്‍ അവരുപയോഗിച്ച നടപടിക്രമങ്ങളിലെ അപാകതകളും, പ്രത്യയശാശ്ത്ര അടവ് നയങ്ങളും, ഒരു നിമിഷത്തേക്ക് നമുക്ക് മറക്കാം.

പക്ഷേ ഇതൊക്കെയാണെങ്കില്‍ പോലും, ഇപ്പോഴും, പിണറായി സര്‍ക്കാര്‍, ഈ വിഷയത്തില്‍, കേവല ജനാധിപത്യ മാനുഷിക മര്യാദകള്‍ പോലും കാറ്റില്‍ പറത്തി കൊണ്ട്, തികച്ചും സ്വേച്ഛാധിപരമായാണ്, പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ
കേരളത്തിലെ ബഹുഭൂരിഭാഗം പേരും ഇപ്പോഴും യുവതിപ്രവേശനത്തിന് തീര്‍ത്തും എതിരാണെന്നുള്ളതാണ് പച്ച പരമാര്‍ത്ഥം.
അവരെ അക്കാര്യത്തില് ആര്‍ക്കും കുറ്റം പറയാനും പറ്റില്ല. കാരണം ഇന്ത്യന്‍ ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടുപയോഗിച്ച് ഈ വിഷയത്തെ ആഴത്തില്‍ അപഗ്രഥിച്ച സുപ്രീം കോടതി ജഡ്ജിമാരില്‍ ചിലര് പോലും, വിശ്വാസികള്‍ക്ക് അനുകൂലമായിട്ടാണ് തങ്ങളുടെ വിധി പ്രസ്താവിച്ചിരിക്കുന്നത്.

വളരെയേറെ ധ്രുവീകൃതമായ ഈ ഒരു ചുറ്റുപാടില്‍, വളരെയേറെ വികാരപരമായ ഇങ്ങനൊരു വിഷയത്തിലുള്ള മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടം, വച്ച് പുലര്‍ത്തേണ്ട മിനിമം ചില സാമാന്യ മര്യാദകളൊക്കെയുണ്ട്.
ശബരിമല യുവതീ പ്രവേശനം കേരളജനതയുടെ ദൈനംദിന സൈ്വര്യജീവിതത്തേയും, ജീവനേയും, സ്വത്തിനേയുമൊന്നും യാതൊരുവിധത്തിലും ബാധിക്കുന്ന ഒരു വിഷയം ഒരിക്കലുമായിരുന്നില്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.

അതുകൊണ്ട് തന്നെ ഈ വിധി നടപ്പിലാക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ പോലും, കേരളത്തില്‍ അതിനായുള്ള അനുകൂലമായൊരു സാഹചര്യം ഉണ്ടാക്കിയെടുക്കുകയല്ലേ സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടിയിരുന്നത്.

അതല്ലേ രാജ്യതന്ത്രജ്ഞത? അതല്ലേ ഹീറോയിസം?
അതിലേക്കുള്ള തുടക്കം, ഈ വിഷയത്തില്‍ ഭാഗഭാക്കുകളായിട്ടുള്ള എല്ലാ തത്പര കക്ഷികളേയും, ഒരു മേശയ്ക്ക് ചുറ്റും കൊണ്ട് വന്ന്, വിശ്വാസികളുടെ ഇടയില്‍ സ്വാധീനശക്തിയുള്ള നേതാക്കളുടേയും സംഘടനകളുടേയും സഹായത്തോടെ അവരുടെയിടയില്‍ അഭിപ്രായസ്വരൂപണം നടത്തുകയും, സമവായം രൂപീകരിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുകയുമല്ലേ?

ഇത് പോലുള്ള നയതന്ത്രങ്ങളൊക്കെ പരീക്ഷിച്ച് പരാജയപ്പെടുന്ന ഒരു ഘട്ടത്തില്‍ പോരേ അടിച്ചേല്പിക്കലും, മസ്സില് പിടിക്കലും, ബലം പ്രയോഗിക്കലും മറ്റും.

ഇത്രയൊന്നും സങ്കീര്ണ്ണതകളില്ലാത്ത, ഇത്രയൊന്നും ജനങ്ങളെ സ്പര്‍ശിക്കാത്ത, ഇത്രയൊന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ പോലും, സമവായ രൂപീകരണത്തിന്റെയും, അതുപയോഗിച്ചുള്ള സ്വാധീനത നിര്‍മ്മിച്ചെടുക്കുന്നതിന്റെയും, അതുപയോഗിച്ച് എതിര്‍ത്ത് നില്‍ക്കുന്നവര്‍ക്ക് പോലും മാറാനുള്ള പ്രേരണ നല്‍കുന്നതിന്റെയും സമീപനമാണ് ഉത്തരവാദിത്വപ്പെട്ടവര്‍ എടുക്കുന്നതെന്ന്, നമ്മുടെയിടയില്‍, തങ്ങളുടെ തൊഴിലിടങ്ങളിലെ മാറ്റങ്ങള്‍ക്ക് (Change Management) നേതൃത്വം കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവര്‍ക്കും, അങ്ങനെയുള്ള പരിശ്രമങ്ങളില്‍ പങ്കാളികളായിട്ടുള്ളവര്‍ക്കും നന്നായറിയാം.

ശബരിമല പ്രശ്‌നത്തിലും, ഇത്തരത്തിലുള്ളൊരു പക്വതയാര്‍ന്ന പോംവഴി തീര്‍ച്ചയായുമുണ്ടായിരുന്നു. നിരവധി ഹിന്ദുസംഘടനകളും, നേതാക്കളും പോലും തുടക്കത്തില്‍ ഈ വിധിയെ അനുകൂലിച്ച് മുന്നോട്ട് വന്നത് വരെ നമ്മള്‍ കണ്ടതുമാണ്. 

പക്ഷേ ആ സുവര്‍ണ്ണാവസരം തീര്‍ത്തും അവഗണിച്ച് കൊണ്ട് നമ്മുടെ മുഖ്യന്‍ എടുത്തുചാടി കാണിച്ചതോ?
യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കാതെ തന്നെ, സന്നിധാനത്തില്‍ വനിതാ പോലീസിനെ ഉടനടി നിയോഗിക്കുമെന്നും, രണ്ടാഴ്ചയ്ക്കകമുള്ള നട തുറക്കലിന് തന്നെ സ്ത്രീകളെ ബലം പ്രയോഗിക്കേണ്ടി വന്നിട്ടായാലും കയറ്റിവിടുമെന്നുമൊക്കെയുള്ള, വിശ്വാസികളുടെ മുഖത്തടിച്ചത് പോലുള്ള പ്രഖ്യാപനങ്ങള്‍ . അവ പ്രതിനിധാനം ചെയ്യുന്ന മാര്‍ക്കടമുഷ്ടി.

ഇത് കേട്ട, വിദ്യാഭ്യാസവും വിവേകവുമില്ലാത്ത മാര്‍ക്‌സിസ്റ്റ് മന്ത്രിമാരും ജനപ്രതിനിധികളും ചെയ്തതോ? ഹിന്ദുക്കളേയും, ഹിന്ദു ആചാരങ്ങളെയും, ഹിന്ദു ദൈവങ്ങളേയുമൊക്കെ പൊതുജനമധ്യത്തില്‍ യാതൊരു ആവശ്യവുമില്ലാതെ, എന്നാല്‍ തീര്‍ത്തും ദാക്ഷിണ്യമില്ലാതെ, കളിയാക്കുകയും, പ്രകോപനപരമായ പല പല പ്രസ്താവനകളും പ്രസംഗങ്ങളും മറ്റും ദിനംപ്രതി ഇറക്കുകയും, അങ്ങനെ എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.

ഇതൊക്കെ കണ്ട് നിന്ന വിവരം കെട്ട അണികളോ? 'വിശ്വാസിയായ കമ്മ്യൂണിസ്റ്റ്' എന്ന പുതിയൊരു വിരോധാഭാസത്തിന് രൂപം നല്‍കി അതിന്റെ പേരില്‍, കറുപ്പും ജപമാലയുമൊക്കെ ധരിച്ച് കാലും കളത്തിയിരുന്ന്, അയ്യപ്പ ബ്രോയെ ഉടനടി തന്നെ കാണാന്‍ പോകുമെന്ന് വീമ്പ് പറഞ്ഞപ്പോള്‍, വേറേ ചിലരാകട്ടെ വിശ്വാസികളെ താറടിക്കുന്ന രീതിയില്‍, അവര് ജാതിബോധം തലയ്ക്ക് പിടിച്ചവരും, സതി, മാറ് മറച്ച് കൂടായ്മ തുടങ്ങിയ മ്ലേച്ഛമായ ആചാരങ്ങള്‍ വരെ ഉയര്‍ത്തിപിടിക്കുന്നവരും മറ്റുമായി, ചിത്രീകരിച്ച് സായൂജ്യമടഞ്ഞു

ഫലമോ ? സര്‍ക്കാരിന്റേയും അതിന് ചുക്കാന്‍ പിടിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേയും ഈ വിഷയത്തിലുള്ള ഉദ്ദേശശുദ്ധിയെക്കുറിച്ച് വിശ്വാസികള്‍ക്ക് വളരെ നന്നായി തന്നെ ബോധ്യമായി.

ബഹുഭൂരിപക്ഷമായിരുന്നിട്ട് പോലും തങ്ങളുടെ ചേതോവികാരങ്ങള്‍ക്കും, താത്പര്യങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും, നാട് ഭരിക്കുന്ന സര്‍ക്കാര്‍ വെറും പുല്ല് വിലയാണ് കല്പിക്കുന്നതെന്ന് തെല്ല് ദുഃഖത്തോടെയാണെങ്കിലും അവര് മനസ്സിലാക്കി.ഇനിയും ഇതിങ്ങനെ കയ്യും കെട്ടി നോക്കിനിന്നാല്‍ തങ്ങളുടെ അസ്തിത്വത്തിനും നിലനില്‍പ്പിനും തന്നെ ഈ സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകള്‍ ഭീഷണിയാകുമെന്ന് അവര്‍ വേദനയോടെ തിരിച്ചറിഞ്ഞു.

അവര്‍ തെരുവിലിറങ്ങി.
അതാണ് നഗ്‌ന യാഥാര്ത്ഥ്യം. ദുഃഖ സത്യം. രോഷ ജനകം.
അങ്ങനെയാണ് സംഭവവികാസങ്ങള്‍ കലുഷിതമായത്. നിലയ്ക്കലിലോട്ട് നിലയ്ക്കാത്ത ജനപ്രവാഹമുണ്ടായത്. കാര്യങ്ങള് കൈവിട്ട് പോയത്.
ഒരിറ്റ് മനുഷ്യത്വത്തോടെ, ഒരല്പം സഹാനുഭൂതിയോടെ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, സൂചി കൊണ്ടെടുക്കാനുള്ളത് തൂമ്പ കൊണ്ടെടുക്കാന്‍ ശ്രമിച്ച്, ഇന്നീ പ്രശ്‌നം കേരളജനതയുടെ ദൈനംദിന സൈ്വര്യജീവിതത്തേയും, ജീവനേയും, സ്വത്തിനേയുമൊക്കെ ബാധിക്കുന്ന ഒരു വിഷമപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു.
അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന് മാത്രമാണ്.

ഈ പ്രശ്‌നം രാഷ്ട്രീയവത്കരിക്കപ്പെട്ടതിന്റെ മുന്‍കഥയും മറ്റൊന്നല്ല.

ഹിന്ദു സംഘടനകളെന്ന് അന്യായമായി മുദ്ര കുത്തപ്പെട്ട ആര്‍എസ്എസ്-ഇന്റെയോ ബിജെപിയുടേയോ കാര്യമൊക്കെ പോകട്ടെ, അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ ആക്ഷേപിക്കാമെങ്കില്‍ പോലും സമത്വത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി എക്കാലത്തും നിലകൊള്ളുന്നതെന്ന് മാമാ മാധ്യമങ്ങള്‍ പോലും വാഴ്ത്തിപ്പാടുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പോലും, സര്‍ക്കാരിന്റെ 'പുരോഗമന' പ്രവര്‍ത്തനങ്ങള്‍ക്കെതിരായി, വിശ്വാസികളുടെ 'പിന്തിരിപ്പന്‍' മനോഭാവത്തിന്റെ കൂടെ, കൊടിയും കൈപ്പത്തിയും പോലുമില്ലാതെ കൂടേണ്ടി വന്നത്, വിശ്വാസികളുടെ ആവേശത്തോടെയുള്ള ഈ മുന്നിട്ടിറങ്ങള്‍ കൊണ്ട് തന്നെയാണ്.

ആ മുന്നിട്ടിറങ്ങലിന്റെ രാഷ്ട്രീയ ശക്തി കണ്ട് കൊണ്ട് തന്നെയാണ്.
അത് കൊണ്ട് തന്നെ, ഈയവസരത്തില്‍, കേരള മുഖ്യനോട് നമ്മള്‍ വിശ്വാസികള്‍ക്ക് ഒന്നേ പറയാനുള്ളൂ.
ഈ വൈകിയ വേളയില്‍, രാഷ്ട്രീയ വിശദീകരണമെന്ന പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ച് വിട്ട് പുകമറ സൃഷ്ടിച്ചത് കൊണ്ടോ, അധികാരത്തിന്റെ ഹുങ്കും പോലീസിന്റെ മുഷ്‌ക്കും കാണിച്ച് വിശ്വാസികളെ ഭീഷണിപ്പെടുത്താന്‍ നോക്കിയത് കൊണ്ടോ ഒന്നും യാതൊരുവിധ കാര്യവുമില്ല.

ഒന്നുകില്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്ക് വഴിപ്പെടുക. അല്ലെങ്കില്‍ മുണ്ടുടുത്ത മുസ്സോളിനിയെന്ന പേര് അന്വര്‍ത്ഥമാക്കുന്ന വിധം അവരെ നിഷ്‌കരുണം അടിച്ചമര്‍ത്തുക.

സനാതന ധര്‍മ്മമാകുന്ന കുപ്പിയില്‍ നിന്ന് വിശ്വാസികളുടെ രോഷമാകുന്ന ഈ ഭൂതത്തെ തുറന്ന് വിട്ട ഇടത് കിങ്കരന്മാര്‍ക്ക് പോലും, അതിനെയിനി തിരിച്ച് പിടിക്കുക സാധ്യമല്ല. കപടമതേതര കുപ്പിയിലടയ്ക്കുക സാധ്യമല്ല.
അത് ലക്ഷ്യം കണ്ടേ മടങ്ങുകയുള്ളൂ.
അത് മൂലമുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ഇനി പിണറായി സര്‍ക്കാരിന് സ്വന്തം!
പിണറായി സര്‍ക്കാരാണ് ശബരിമലയെ രാഷ്ട്രീയവത്കരിച്ചത്! (ബിജു നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക