Image

അമ്മയല്ല, അമ്മയല്ല! ഇത് വെറും ആമ? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 19 October, 2018
അമ്മയല്ല, അമ്മയല്ല! ഇത് വെറും ആമ? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ് എന്ന സംഘടനയുടെ ചുരുക്കപ്പേരായ 'അമ്മ', ആ വാക്കിന്റെ ആന്തരിക അര്‍ഥം കൊണ്ട് തന്നെ അസാമാന്യമായ ഒരു മാന്യത നേടിയിരുന്നു. മൂന്നരക്കോടിയോളം വരുന്ന മലയാള സിനിമാസ്വാദകരുടെ മാനസ മൈനകളായ ഈ മാടന്പിക്കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യം എന്തായിരുന്നു.? സംഘടിച്ചു സമരം നടത്തി അവകാശങ്ങള്‍ പിടിച്ചെടുക്കേണ്ടി വരുന്ന തൊഴിലാളികള്‍ മാത്രമായിരുന്നോ ഇവര്‍ ? ആയിരുന്നുവെങ്കില്‍, ഇവരുടെ എംപ്ലോയര്‍ ആരാണ്? നിര്‍മ്മാതാവ് എന്ന് പറയാനാകില്ല. കാരണം, എത്രയോ കാലത്തിന്റെ കാലുനക്കലും, പുറം ചൊറിയലും നടത്തിയിട്ടാണ് ഓരോരുത്തരും ഒന്ന് തല കാണിക്കുവാനുള്ള ചാന്‍സുകള്‍ ഒപ്പിച്ചെടുത്തത് എന്നത് പലപ്പോഴും താരങ്ങളുടെ അഭിമുഖങ്ങളില്‍ നിന്ന് തന്നെ പുറത്തു വരുന്നുണ്ട്. പിന്നെ പൊതു ജനങ്ങളാണോ? അവരുടെ ആസ്വാദനശേഷിയുടെ ഔദാര്യത്തിലാണ് അഭിനേതാവിന്റെ മാത്രമല്ലാ, സംവിധായകന്റെയും, നിര്‍മ്മാതാവിന്റെയും വരെ അന്തിക്കഞ്ഞി ഇരിക്കുന്നത് എന്നതിനാല്‍ അവിടെയും അവകാശ സമരത്തിന് പ്രസക്തിയില്ല എന്ന് കാണാം.

എങ്കിലും ചന്ദ്രികേ, സിനിമയല്ലേ ? താരത്തിളക്കത്തിന്‍ ലോകമല്ലേ ? നടക്കട്ടെ, നടക്കട്ടെ എന്ന് വച്ചൂ മലയാളികള്‍. ആ പളപളപ്പന്‍ ഗ്ലാമറിന്റെ മാസ്മരികതയില്‍ കണ്ണ് മഞ്ഞളിച്ചു പോയ മലയാളത്തിലെ ആസ്വാദക നപുംസകങ്ങള്‍ വാരിയെറിഞ്ഞു കൊടുത്ത നാണയ സമൃദ്ധിയില്‍ ' ഹെന്റമ്മോ' എന്ന നിലയില്‍ സംഘടന വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന കാലം.

അതി മഹത്തായ അര്‍ത്ഥ വിശേഷങ്ങള്‍ ആഴ്ന്നു നില്‍ക്കുന്ന ' അമ്മ' എന്ന നാമം ഈ തരികിട സംഘടനക്ക് ചേരുകയില്ലെന്നും, അതി വികൃതമായ തലയും വാലും നീട്ടി കട്ടിപ്പുറം തോടിന്റെ കനവും പേറി മന്ത് കാലുകളില്‍ ഇഴഞ്ഞു നീങ്ങുന്ന കരയാമയുടെ കാല്‍പ്പനിക നാമം പോലും ഇവര്‍ക്കിടുന്നത് ' യദാര്‍ത്ഥ ആമ ' യ്ക്ക് അപമാനകരമാണെങ്കിലും, സന്പൂര്‍ണ്ണ നാമത്തില്‍ നിന്ന്
" മലയാളം "എടുത്തു മാറ്റിക്കൊണ്ട് ( മലയാളത്തില്‍ മാത്രമല്ലാ ഇവര്‍ അഭിനയിക്കുന്നത് എന്നതിനാല്‍ത്തന്നെ ) ' അസോസിയേഷന്‍ ഓഫ് മൂവി ആക്ടേഴ്‌സ് ' എന്നതിന്റെ ചുരുക്കപ്പേരായ " ആമ " എന്ന് ഇക്കൂട്ടര്‍ക്ക് പുനര്‍ നാമകരണം ചെയ്യുകയും, അതിനുള്ള കാരണളിലേക്ക് ഒരു വിദൂര വീക്ഷണം നടത്തുവാന്‍ ശ്രമിക്കുകയുമാണ് ഞാന്‍ എന്നതിനാല്‍ ഇനിയുള്ള പരാമര്‍ശനങ്ങളില്‍ " ആമ " എന്ന പേരിലായിരിക്കും ഇവര്‍ സൂചിപ്പിക്കപ്പെടുക.

പരസ്പ്പരം കൊണ്ടും, കൊടുത്തും നിലനില്‍ക്കുന്ന ഒരു വലിയ മാര്‍ക്കറ്റാണ് സിനിമ. ഇതിലെ വില്പനക്കാരും, വാങ്ങലുകാരും ആ വ്യവസായത്തിനുള്ളില്‍ തന്നെയുള്ളവരാണ്. കോടികളുടെ കറന്‍സികള്‍ നിര്‍ലോപം വലിച്ചെറിയുന്ന നിര്‍മ്മാതാവ് മുതല്‍ താര മുഖങ്ങളില്‍ പ്രകാശം വീഴ്ത്തുന്ന ലൈറ്റ് ബോയി വരെയുള്ളവര്‍ തങ്ങളുടെ ചരക്കുകള്‍ വില്‍ക്കുകയും, മറ്റുള്ളവരുടെ ചരക്കുകള്‍ വാങ്ങുകയും ചെയ്യുന്നു. വലിയ കുഴപ്പം കൂടാതെ ഇതങ്ങിനെ നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്ന കാലത്താണ് നഗര മധ്യത്തിലെ ഒരു സ്വകാര്യ വാഹനത്തിനുള്ളില്‍ നിന്ന് കരുത്തന്മാരായ കശ്മലന്മാരുട കൈകളില്‍ അകപ്പെട്ടു പോയ ഒരു പാതിരാക്കിളിയുടെ നിലവിളിയുയരുന്നത്. കശ്മലന്മാര്‍ക്കും പറ്റിപ്പോയി ഒരബദ്ധം. ഇത് തങ്ങള്‍ സ്വമേധയാ ചെയ്യുന്നതല്ലെന്നും, ഇരുട്ടില്‍ ഒരു ബോസ്സ് പതുങ്ങി നില്‍ക്കുന്നുണ്ടെന്നും അവരങ്ങു പറഞ്ഞു പോയി.

നമ്മുടെ കേരളാപൊലീസല്ലേ പാര്‍ട്ടി? അവര് വിടുമോ? ആലുവയിലെ അന്പലപ്പറന്പുകളില്‍ ' മിമിക്രി ' എന്ന വിശ്വ വിശ്വോത്തര വളിപ്പ് വിറ്റു നടന്നിരുന്ന ഒരു ഗോപാലകൃഷ്ണന്‍ സിനിമയിലെത്തി വലിയ ആളായതും, അഭിനയം, നിര്‍മ്മാണം, വിതരണം, തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കി നമ്മുടെ പാതിരാക്കിളിപ്പെണ്ണിനെപ്പോലെ സിനിമയെ നിലവിളിപ്പിച്ചതും ഒക്കെ പോലീസ് തപ്പിയെടുത്തു. സമഗ്രമായ അന്വേഷണ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ െ്രെകമിന് കാരണമായ ഗൂഡാലോചനക്കുറ്റം ചുമത്തി ആശാനെ പിടിച്ചവര്‍ അകത്തിട്ടു.

തങ്ങളുടെ കൃഷ്ണനെ പിടിച്ചെങ്കില്‍, അതിലും വലിയ കള്ളകൃഷ്ണന്മാരായ തങ്ങളും അകത്താകുമല്ലോ, അകത്താകുമല്ലോ എന്ന് ഭയന്നിട്ടാവണം, ആമയിലെ അംഗ പുംഗവന്മാര്‍ നടുങ്ങി. ലോകത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു വിചിത്ര പ്രസ്താവന ആമയുടേതായി പുറത്തു വന്നു : " ഞങ്ങള്‍ ഇരയുടെ കൂടെത്തന്നെയാണ് . പക്ഷെ, വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. " ഇരയും, വേട്ടക്കാരനും തങ്ങളുടെ പേര് പറയാതിരിക്കുവാനുള്ള ഒരു തരികിട മലഞ്ചാഴി തന്ത്രം ആയിരുന്നു ഇതെന്നും, ഇതിനോടകം ഇത് തരികിട മലഞ്ചാഴികളുടെ മാനിഫെസ്‌റ്റോ ആയി മാറിക്കഴിഞ്ഞു എന്നതിനും തെളിവായി നമ്മുടെ ഫ്രാങ്കോ മെത്രാച്ചന്‍റെ കാര്യത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ ഇറക്കിയ പ്രസ്താവനയും, നിലപാടുകളും നമുക്ക് മുന്നില്‍ തന്നെയുണ്ടല്ലോ ?പഠിച്ചോളൂ, ചന്ദ്രനില്‍ വരെ ചായക്കട നടത്താന്‍ പോയി കാശുണ്ടാക്കിയാല്‍ മാത്രം പോരാ, ജീവിക്കാനുള്ള അടവുകളും അറിഞ്ഞിരിക്കണം. ഇടതുപക്ഷ പാര്‍ട്ടികളുടെ ഉന്തും, തള്ളും ഏറ്റുവാങ്ങി നിയമ സഭയിലെ എം. എല്‍. എ. കസേരകളില്‍ എത്തിപ്പെട്ട സിനിമാ രാഷ്ട്രീയ സങ്കര വര്‍ഗ്ഗത്തില്‍ പെട്ട രണ്ടു പേരായിരുന്നല്ലോ ഏറ്റവും ഉച്ചത്തില്‍ ഓലിയിട്ടത് എന്നതിനാല്‍, ഇടതു പക്ഷക്കാര്‍ക്കും ഇതിന്റെ ഉത്തരവാദിത്വം ഉണ്ടാവണമല്ലോ ?

അല്ല , ലവനെയൊക്കെ പൊക്കിക്കൊണ്ട് നടക്കേണ്ടി വരുന്ന, അന്തസ്സും, ധാര്‍മ്മിക അവബോധവുമുള്ള സാധാരണ മലയാളിയുടെ കാര്യമാണ് കഷ്ടം. നാടോടുന്‌പോള്‍ നടുവേ ഓടിയില്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെട്ടു പോകും എന്നാണോ നിങ്ങളുടെ ഭയം ?ശരിയാണ്, സമ്മതിക്കുന്നു. നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടേക്കാം. പക്ഷെ, എത്ര കാലം സ്വന്തം നട്ടെല്ല് വളച്ചു കൊണ്ട് നിങ്ങള്‍ പിടിച്ചു നില്‍ക്കും ? ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തി നിവര്‍ന്നു തന്നെ നില്‍ക്കേണ്ടി വരും. ഇക്കാലമത്രയും നമ്മള്‍ വളച്ചുകൊടുത്ത നമ്മുടെ നട്ടെല്ലില്‍ ചവിട്ടിക്കയറിയിട്ടാണ്, മത, രാഷ്ട്രീയ, കോര്‍പറേറ്റ് തീവ്രവാദികള്‍ നമ്മുടെ ജീവിതത്തില്‍ നിരങ്ങി നമ്മുടെ ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തത് എന്ന് നമ്മള്‍ തിരിച്ചറിയണം. നിങ്ങള്‍ ഒറ്റയ്ക്കാണെന്നു കരുതേണ്ട. സ്വയം മനസിലാക്കേണ്ടി വരുന്ന ഒരു ന്യൂന പക്ഷമെങ്കിലും നിങ്ങളുടെ കൂടെയുണ്ട് എന്ന തിരിച്ചറിവില്‍ നമുക്ക് ശക്തിയാര്‍ജ്ജിക്കാന്‍ കഴിയും, കഴിയണം!

മനുഷ്യാവസ്ഥയുടെ മാനസിക ഭാവങ്ങളെ തഴുകിയുണര്‍ത്തുന്ന സര്‍ഗ്ഗ സംവാദങ്ങളില്‍ നിന്ന് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ നൂറ്റാണ്ട് ഉരുത്തിരിയിച്ചെടുത്ത വൈപ്‌ളവിക മുന്നേറ്റമായിരുന്നു സിനിമ. ശാസ്ത്രവും, കലയും, സാഹിത്യവും, കച്ചവടവും സമന്വയിച്ച ഈ കുതിച്ചു ചാട്ടത്തില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും, അവന്റെ ജീവിത കാമനകളുടെ വരണ്ട നിലങ്ങളില്‍ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും തേനുറവകള്‍ ഉയിര്‍ക്കൊള്ളിക്കുവാന്‍ ഈ മാധ്യമത്തിനു സാധിക്കുകയും ചെയ്തിരുന്നു ഒരു പരിധി വരെയെങ്കിലും.?

ലോകത്താകമാനമുള്ള സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് കലാ മൂല്യവും, ജീവിത ഗന്ധവുമുള്ള നൂറു കണക്കായ ചലച്ചിത്ര കാവ്യങ്ങള്‍ പിറന്നു വീണതും, അവകള്‍ അതാതു നാടുകളിലെ മനുഷ്യാവസ്ഥക്കു മഹത്തായ മാനങ്ങള്‍ നല്‍കിയതും ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്ര സത്യങ്ങളാണ്.
മലയാള സിനിമക്കും അവഗണിക്കാനാവാത്ത ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പ്രതിഭാ ശാലികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ മാനസ പുത്രികളായി പിറന്നു വീണ ഒട്ടേറെ മനോഹര സിനിമകളുണ്ട്. അവയുടെ വിദൂര സ്മരണകളില്‍പ്പോലും ഇന്നും മലയാളികള്‍ ഹര്‍ഷ പുളകിതരാവാറുമുണ്ട് !

970 കളിലും, 80 കളിലും തൃശൂരിലെയും, തിരുവനന്തപുരത്തെയും അക്കാദമിക് നാടക ദൈവങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ട് വന്ന ' തനതു നാടകവേദി ' പ്രസ്ഥാനത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു പോയ അമേച്വര്‍ നാടക വേദിയുടെ ഒരു രക്ത സാക്ഷിയാണ് ഞാനും എന്നതിനാല്‍ത്തന്നെ, " വണ്ടേ, നീ ചാവുന്നു, വിളക്കും കെടുത്തുന്നു " എന്ന പ്രമാണത്തില്‍ തനതു നാടക വേദി തകര്‍ന്നടിഞ്ഞത് നമുക്കറിയാം. ഇരുണ്ട ഗോത്ര സംസ്കാരങ്ങളുടെ കാലത്തെന്നോ മരിച്ചു മണ്ണടിഞ്ഞ പുരാതന കലാരൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ തോണ്ടി പുറത്തെടുത്തുകൊണ്ടു വന്ന് അവര്‍ നടത്തിയ പ്രകടനങ്ങളെ കാര്‍ക്കിച്ചു തുപ്പി അവഗണിച്ചു കൊണ്ട് പ്രേക്ഷകന്‍ തീയറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി. ആശയ വിസ്‌ഫോടനങ്ങളുടെ അഗ്‌നി ജ്വാലകള്‍ സൃഷ്ടിച്ച അമേച്വര്‍ നാടക വേദിയുടെ മുന്നേറ്റം അക്കാദമിക് അധികാരത്തിന്റെയും, ഖജനാവിലെ പണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് അവര്‍ തടഞ്ഞു. ഫലമോ? നൂറ്റാണ്ടുകളുടെ ചരിത്ര സംസ്കൃതിയിലൂടെ ഉരുത്തിരിഞ്ഞ മലയാള നാടക വേദി എന്ന മഹാ വടവൃക്ഷത്തിന്റെ പതനം.! മലയാള നാടക വേദിയുടെ മരണം !! ഈ മരണം മലയാളത്തിന് സമ്മാനിച്ചവരെ മഹാരഥന്മാരായി ഇന്നും മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നുണ്ട്. പേരുകള്‍ കേള്‍ക്കുന്‌പോള്‍ ഞെട്ടുകയില്ലെങ്കില്‍ പറയാം: കാവാലം നാരായണപ്പണിക്കര്‍, ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍ പിള്ള, നരേന്ദ്ര പ്രസാദ് ....പട്ടിക നീളുന്നു. എല്ലാവരും മരിച്ചു പോയി. പറയാന്‍ വിഷമമുണ്ട്, എങ്കിലും പറയാതിരിക്കാനാവുന്നില്ല.

പുരാതനങ്ങളായ കലാരൂപങ്ങളെ തള്ളിപ്പറയുവാനല്ലാ ഈ ശ്രമം. അവകളുടെ കാലിക പ്രസക്തി എന്നേ നഷ്ടപ്പെട്ടത് കൊണ്ടായിരുന്നുവല്ലോ അവകള്‍ മണ്ണടിഞ്ഞത്. അവകളെ തോണ്ടി പുറത്തിടുന്‌പോള്‍ പുത്തന്‍ കാലഘട്ടത്തിന് നാറാതിരിക്കുവാനുള്ള കാലിക പരിഷ്കരണത്തിന്റെ സുഗന്ധവര്‍ഗ്ഗങ്ങള്‍ അതില്‍ പൂശേണ്ടിയിരുന്നു എന്ന് ആ മഹാരഥന്മാര്‍ മറന്നു പോയി. ഫലമോ? അവരും, അവരുടെ നാടക കോലങ്ങളും ആര്‍ക്കും വേണ്ടാതെ ജീവിത ധാരയുടെ വളരേ വളരേ പിറകില്‍ ആരോ കൊടുത്ത അവാര്‍ഡും കെട്ടിപ്പിടിച്ചു നിത്യമായി ഉറങ്ങുന്നു!.

നാടക രംഗത്തെ നശിപ്പിച്ചു കളഞ്ഞ ഈ അപചയം സിനിമാ രംഗത്തും വേരുകളിറക്കാന്‍ തുടങ്ങിയതോടെ തീയറ്ററുകളില്‍ നിന്ന് ജനം നിരാശയോടെ തിരിഞ്ഞു നടന്നു. പ്രേക്ഷകരിലെ മഹാ ഭൂരി പക്ഷം വരുന്ന സ്ത്രീ ജനങ്ങളുടെ മൃദുല വികാരങ്ങളെ ഇക്കിളിപ്പടുത്തിക്കൊണ്ടു മെഗാ സീരിയലുകള്‍ സ്വര്‍ണ്ണത്തിരകളില്‍ കരച്ചിലിന് പുത്തന്‍ മാനങ്ങള്‍ തീര്‍ത്തപ്പോള്‍, കണ്ണീര്‍പ്പുഴകളില്‍ മുങ്ങിത്താഴുന്ന ചുണ്ണാന്പു നായികമാരെ ഹൃദയത്തില്‍ സംവദിച്ച് കരഞ്ഞു വിളിച്ചു വീട്ടില്‍ത്തന്നെ കൂടിയ വീട്ടമ്മമാരില്‍ നിന്ന് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഭര്‍ത്താക്കന്മാര്‍ നടന്നകന്നു. ( സ്ത്രീ പീഡനങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിക്കുന്ന പുത്തന്‍ ഭാരതത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് ഈ സാംസ്ക്കാരിക തകര്‍ച്ചയില്‍ നിന്നായിരുന്നു എന്നത് ആരറിയുന്നു ?)

വിട്ടുപോയ പ്രേക്ഷകനെ തിരികെ തീയറ്ററില്‍ എത്തിക്കുന്നതിനുള്ള സൂത്ര വിദ്യകള്‍ തേടി സിനിമാ വ്യവസായികള്‍ അലയുന്‌പോള്‍ അപ്രതീക്ഷിതമായി അവരുടെ കാലില്‍ തടഞ്ഞ കനകക്കുടമായിരുന്നു ഇളിപ്പ് എന്ന മിമിക്രി. കലാഭവന്‍ അച്ഛന്‍ കാശ് കൊടുത്ത് ഇളിപ്പിച്ചവര്‍ പില്‍ക്കാലത്തു മലയാളത്തിലെ സൂപ്പറും മെഗായുമൊക്കെയായി വളര്‍ന്നത് ഇങ്ങിനെയാണ്. മറ്റു ഗതിയില്ലാതിരുന്ന മലയാളത്തിലെ പ്രേക്ഷകന് വെറുതേ രണ്ടര മണിക്കൂര്‍ തീയറ്ററിലിരുന്ന് ഇളിച്ചു നോക്കി.

ഇളിപ്പ് എന്ന ഈ വളിപ്പ് കൊണ്ട് മാത്രം അധിക കാലം പ്രേക്ഷകനെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ സിനിമാക്കാര്‍ ഒരു പുതിയ ഇര കൂടി ഇറക്കിക്കൊടുത്തു : " കുലുക്ക് " ടീനേജ് കഴിയാത്ത തുടുത്ത യൗവനങ്ങള്‍ അവരുടെ മുഴുത്ത അവയവങ്ങള്‍ കുലുക്കിയാടുന്‌പോള്‍ , " ലച്ചാവതിയേ " എന്ന് പാടി കാലു പൊക്കി കളിക്കുന്‌പോള്‍, വിവരം കെട്ട കുറെ പ്രേക്ഷകരെങ്കിലും തീയറ്ററുകളിലേക്ക് ഇടിച്ചു കയറി. സ്വയം അടിച്ചു പൊളിച്ചും, സമകാലീന സാമൂഹ്യാവസ്ഥയുടെ നീതി ബോധത്തെയും, ധാര്‍മ്മിക മൂല്യങ്ങളെയും ചവിട്ടി മെതിച്ചും കാട്ടു കാളയെപ്പോലെ മുക്രയിട്ടോടുകയായിരുന്നു നമ്മുടെ മലയാള സിനിമ. ( ഈ വെല്ലുവിളികളെ അതിജീവിച്ച് കലാ മൂല്യമുള്ള ചുരുക്കം ചിത്രങ്ങളെങ്കിലും സമ്മാനിച്ച പ്രതിഭാ ശാലികളായ സിനിമാ പ്രവര്‍ത്തകരെ ഇവിടെ സ്മരിക്കുന്നു ; അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു !)

ഇതൊക്കെ ചെയ്തിട്ടും ഒരു ലാഭകരമായ ഒരു വ്യവസായം എന്ന നിലയില്‍ സിനിമക്ക് പിടിച്ചു നില്‍ക്കാനായില്ല. ലാഭം കൊയ്യാനിറങ്ങിയ വ്യവസായികള്‍ മുതല്‍ കലാസ്‌നേഹം കൊണ്ട് കാശ് മുടക്കിയവര്‍ വരെ കൈ പൊള്ളി കരക്ക് കയറുകയാണുണ്ടായത്. ഇളിപ്പുകൊണ്ടും കുലുക്ക് കൊണ്ടും പ്രശസ്തരായിത്തീര്‍ന്ന നടീ നടന്മാര്‍ തങ്ങളുടെ പ്രതിഫലക്കൊടി എവറസ്റ്റിന്റെ നിറുകയില്‍ കുത്തിയതും, ഈ ഇളിപ്പും കുലുക്കും കാണാന്‍ നിലവാരമുള്ള പ്രേക്ഷകന് അത്രക്കങ്ങു തീയറ്ററുകളിലേക്ക് എത്താതിരുന്നതും സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചക്കും കാരണമായിത്തീരുന്നു.

ഈ അവസ്ഥയില്‍ പണമിറക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടന കുറെ നിബന്ധനകളുമായി മുന്നോട്ടു വന്നു. വെള്ളിത്തിരയുടെ വര്‍ണ്ണ ലോകത്തു നിന്നും ഈ സ്വര്‍ണ്ണ നക്ഷത്രങ്ങള്‍ പുറത്തു പോയി ആടരുത് എന്നതായിരുന്നു ഒരു നിര്‍ദ്ദേശം. വര്‍ണ്ണ മേക്കപ്പും, സ്വര്‍ണ്ണ കോസ്‌റ്യൂംസുമായി വെള്ളിത്തിര നിറഞ്ഞു നില്‍ക്കുന്ന ഈ അഭിനവ അപ്‌സരസ്സുകളും, ഗന്ധര്‍വ കേസരികളും തങ്ങളുടെ സാക്ഷാല്‍ രൂപത്തില്‍ സ്‌റ്റേജ് ഷോകളില്‍ പ്രകത്യക്ഷപ്പെട്ടാല്‍, ആരാധകരും, മാധ്യമങ്ങളും തുന്നിയണിയിച്ച ഇമേജിന്റെ ഇല്ലാക്കുപ്പായം അഴിഞ്ഞു വീഴുമെമെന്നും, " ഇത് തങ്ങളിലൊരാളായിരുന്ന പീറപ്പെണ്ണാണല്ലോ " അല്ലെങ്കില്‍ " ചെക്കനാണല്ലോ " എന്ന തിരിച്ചറിവില്‍ പ്രേക്ഷകന്‍ പിന്നെ തീയറ്ററുകളിലെത്തുകയില്ല എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ വാദം.

തലക്കന ഭാരത്താല്‍ തങ്ങളെത്തന്നെ മറന്നുപോയ നക്ഷത്ര ചക്രവര്‍ത്തിമാരും, പട്ടമഹിഷികളും നില മറന്നു ചാടി. തങ്ങളുടെ സംഘടനയായ 'അമ്മ ' എന്ന് അവര്‍ വിളിക്കുന്ന പൊതുജന ഭാഷയിലെ " ആമ " താരങ്ങള്‍ക്കു വേണ്ടി രംഗത്തു വന്നതോടെ ആമയുടെ പ്രസക്തി വര്‍ധിക്കുകയും, കോടികള്‍ കൊയ്യുന്ന സൂപ്പര്‍ മെഗാ ചക്രവര്‍ത്തികള്‍ മുതല്‍ അഞ്ഞൂറ് രൂപാ ദിവസക്കൂലി വാങ്ങുന്ന ഫീല്‍ഡ് എക്‌സ്ട്രാകള്‍ വരെ ഒരു കോര്‍ന്പലായി നിലയുറപ്പിക്കുകയും ചെയ്തു. സംഘടനാ തലത്തില്‍ തങ്ങളെ തോല്‍പ്പിക്കുവാന്‍ ലോകത്താരുമില്ലെന്നു വീന്പിളക്കി നടക്കുന്‌പോളാണ് ഇരയെന്നു പത്രക്കാര്‍ വിളിക്കുന്ന പെണ്‍കുട്ടിയെ തെരുവ് പട്ടികള്‍ക്ക് എറിഞ്ഞു കൊടുത്തതിന്റെ ഉത്തരവാദിത്വം ആമയുടെ ഒരു ഔദ്യോഗിക ഭാരവാഹിയുടെ തലയില്‍ വീഴുന്നതും, അസ്സലായി അയാള്‍ മൂന്നു മാസം ഗോതന്പുണ്ട തിന്നുന്നതും.

"ഞങ്ങള്‍ ഇരയുടെ കൂടെത്തന്നെ നില്‍ക്കുന്നു; വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നൂ " എന്ന വിശ്വ വിഖ്യാത മലഞ്ചാഴി സൂക്തം കേരളം ലോകത്തിനു സമ്മാനിച്ച മഹത്തായ സാഹചര്യം ഇതായിരുന്നു. ആര് ആരെ കൊന്നാലോ! ബലാത്സംഗം ചെയ്താലോ ഇനി മലഞ്ചാഴിക്കു പറഞ്ഞു നില്‍ക്കാന്‍ ഈ മഹത്തായ ആമ സൂക്തമുള്ളതു കൊണ്ട് ഇനി പേടിക്കാനേയില്ല. " ഞങ്ങള്‍ ഇരയുടെ കൂടെ നില്‍ക്കുന്നു; വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. " കേരളം വളരുന്നു പശ്ചിമ ഘട്ടങ്ങളെ കെറിയും കടന്നും ചെന്നന്യമാം ദേശങ്ങളില്‍" !!

ഒരു കൈ ആമയുടെ തോളില്‍ മുറുക്കെപ്പിടിച്ചു കൊണ്ടും, മറു കൈ കൊണ്ട് നിര്‍മ്മാതാവിന്റെ ആസനം തടവിക്കൊടുത്തു കൊണ്ടും സ്വന്തം സീറ്റ് ഉറപ്പിക്കുന്ന താര പുംഗവന്മാരെയും, പുംഗവത്തികളെയും ആമയുടെ അകത്തളങ്ങളില്‍ ധാരാളമായി നമുക്ക് കാണാം. കാശ് കിട്ടാമെന്ന് വച്ചാല്‍ ആമയെയല്ലാ, ആമയുടെ ഭര്‍ത്താവായ അപ്പാനെ വരെ പുറം കാല്‍ മടക്കി അടിക്കുമെന്ന് ഈ ഖലാഹാരന്മാരും, ഖലാഹാരത്തികളും പരസ്യമായി തെളിയിച്ചു കൊണ്ടിരിക്കുന്നു.

അതിലൊന്നായിരുന്നു കേരളം ഇന്നുമൊരു വെള്ളരിക്കാപ്പട്ടണമാണെന്ന് തെളിയിച്ചു കൊണ്ടുള്ള രണ്ടു താര വൃദ്ധരുടെ സമീപകാല പത്ര സമ്മേളനം. ലിംഗാസമത്വത്തിന്റെ ബെര്‍ലിന്‍ മതിലുകള്‍ പൊളിച്ചെറിഞ്ഞു കൊണ്ട് ലോകം പ്രകാശമാനമായ അടുത്ത നൂറ്റാണ്ടിലേക്ക് കുതിക്കുന്‌പോള്‍, ഫ്യുഡല്‍ തെമ്മാടികളുടെ അന്തപ്പുരങ്ങള്‍ക്ക് ആളെ കൂട്ടുന്ന തെരുവ് പിന്പായി ഒരു താരത്തള്ള അധഃപതിക്കുന്ന ദയനീയ ചിത്രമാണ് ആ പത്ര സമ്മേളനത്തിലൂടെ ലോകം കണ്ടത്. അവര്‍ പ്രകടിപ്പിച്ചത് അവരുടെ സംസ്ക്കാരമാണെങ്കില്‍ അവരെ വെറുതേ വിടാമായിരുന്നു. പക്ഷെ, അവര്‍ കേരളത്തിലെ നികുതി ദായകര്‍ വിയര്‍പ്പൊഴുക്കി നില നിര്‍ത്തുന്ന " കേരള സംഗീത നാടക അക്കാദമി" യുടെ സാരഥ്യം വഹിക്കുന്ന ചെയര്‍ പേഴ്‌സനാണ്. എന്നതിലാണ് പ്രസക്തി.

മഹാനായ വൈക്കം ചന്ദ്ര ശേഖരന്‍ നായരെപ്പോലുള്ള മഹാരഥന്മാര്‍ മഹനീയമായി കാത്തു സൂക്ഷിച്ചിരുന്ന ഒരു വലിയ കസേരയിലാണ് അവര്‍ ഇപ്പോള്‍ ഇരിക്കുന്നത് എന്ന് അവര്‍ മറന്നാലും, എനിക്കവരെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. എന്ത് കൊണ്ടെന്നാല്‍ ഒരു ഗുരുകുലത്തിലെ വിശുദ്ധിയോടെ കേരള സംഗീത നാടക അക്കാദമിയും, അതിന്റെ ആസ്ഥാനമായ മോഡല്‍ റീജിയണല്‍ തീയേറ്ററും കാത്തു സൂക്ഷിക്കപ്പെട്ടിരുന്ന ഒരു കാലത്ത് മൂന്നു വര്‍ഷത്തിനിടയില്‍ നടന്ന രണ്ടു സംസ്ഥാന നാടക മത്സരങ്ങളില്‍ ഞാനെഴുതിയ " അസ്ത്രം " , " ആലയം താവളം " എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് പങ്കെടുക്കുവാനും, ഗുരുതുല്യനായിരുന്ന ശ്രീ വൈക്കം ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് ഏറ്റവും നല്ല നാടക രചനക്കുള്ള അവാര്‍ഡ് ഉള്‍പ്പടെ രണ്ടു തവണയായി രണ്ട് അവാര്‍ഡുകള്‍ ഏറ്റു വാങ്ങുവാനും അവസരം ലഭിച്ചിട്ടുള്ള ഒരാള്‍ എന്നനിലയില്‍ ഇത് പറയേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നത് കൊണ്ടാണ്, മഹത്തായ ആ സ്ഥാനത്തു നിന്ന് അവര്‍ ഇറങ്ങിപ്പോവുകയോ, അല്ലെങ്കില്‍ അവര്‍ ആക്ഷേപിച്ച കേരളീയ സ്ത്രീത്വത്തോട് പരസ്യമായി മാപ്പു പറയുകയോ ചെയ്യണമെന്ന് ഞാന്‍ അതി ശക്തമായി ആവശ്യപ്പെടുന്നത്.

ക്രിമിനല്‍ കേസുകളിലും, സ്ത്രീ പീഠനങ്ങളിലും ഉള്‍പ്പെട്ടും, സിനിമയെ നശിപ്പിച്ചും, സ്ത്രീത്വത്തെ അപമാനിച്ചും, മുഖത്തു മുണ്ടിട്ടു നടക്കുന്ന ഈ തരികിട താര സംഘടനയെ അന്തസുള്ള മലയാളികള്‍ ഇനി 'അമ്മ ' എന്ന് വിളിക്കില്ല. അത് എന്റെയും, നിങ്ങളുടെയും അമ്മക്ക് അപമാനകരമാണ്. തലക്കനത്തിന്റെ കടുംതോടും പേറി ഇഴയുന്ന അഹങ്കാരത്തിന്റെ ഈ ആള്‍രൂപങ്ങളെ നമുക്ക് അവര്‍ക്ക് ചേരുന്ന ഒരു പേര് തന്നെ നല്‍കി ആദരിക്കാം "ആമ " വെറും, വെറും "ആമ " ( യഥാര്‍ത്ഥ ആമകളുടെ സല്‍പ്പേരിന് ഇതുമൂലം കളങ്കം വരുന്നുവെങ്കില്‍ അവര്‍ നമ്മളോട് ക്ഷമിക്കട്ടെ! )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക