Image

ജപ്പാനിലെ ഒകിനോഷിമ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല

ശ്രീകുമാര്‍ Published on 19 October, 2018
ജപ്പാനിലെ ഒകിനോഷിമ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുലിവാല് പിടിച്ചിരിക്കുകയാണ്. വിധിയെ ചരിത്രപരമെന്നും അനാചരങ്ങള്‍ക്കെതിരായ പോരാട്ട വിജയമെന്നും വിഭാഗം വിശേഷിപ്പിക്കുമ്പോള്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാനുള്ളതാണെന്ന് വിശ്വാസികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആര്‍ത്തവം അശുദ്ധമല്ലെന്നും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെന്നും പരമോന്നത കോടതി വിധിച്ചതും കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഒക്കെ പോലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ അരങ്ങറുന്നു.

ഈ സാഹചര്യത്തില്‍ ലിംഗനീതിയെപ്പറ്റിയും സ്ത്രീ-പുരുഷ സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്നവരെ  കോര്‍ണര്‍ മീറ്റിങ്ങുകളിലും ചാനലുകളിലെ അന്തി ചര്‍ച്ചകളിലും കാണാം. ഇവരൊക്കെ ഒരു കാര്യം മനസിലാക്കണം. ലോകത്ത് ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാത്ത നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. ശബരിമലയിലേത് ലോകത്തെവിടെയും ഇല്ലാത്ത ആചാരമാണെന്ന് കരുതുന്നത് മണ്ടത്തരമാണ്. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായിരുന്നു പ്രവേശനം നിഷേധിച്ചിരുന്നെങ്കില്‍ ഒരു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും കടന്നുചെല്ലാന്‍ പറ്റാത്ത  ഒരു ദ്വീപും അവിടെ ഒരു ക്ഷേത്രവുമുണ്ട് ജപ്പാനില്‍.

കൊറിയയിലെ പെനിന്‍സുലയ്ക്കും തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ദ്വീപിന്റെ സ്ഥാനം.  ജപ്പാനിലെ ഒകിനോഷിമായെന്ന ദ്വീപിലാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ദ്വീപാണ് ഒകിനോഷിമ. 2017ല്‍ യു.എന്‍ പൈതൃക പട്ടികയില്‍ ഇടം നേടിയ ഒകിനോഷിമയില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം. ആര്‍ത്തവ രക്തം അശുദ്ധമാണെന്ന ജപ്പാന്‍ വിശ്വാസ പ്രകാരമാണ് ഇവിടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നാലാ നൂറ്റാണ്ടില്‍ ചൈനയ്ക്കും കൊറിയയ്ക്കുമിടയിലുള്ള വ്യാപാരബന്ധത്തെ നിലനിര്‍ത്തിയിരുന്ന ദ്വീപിലെ ക്ഷേത്രത്തിനും അത്രത്തോളം തന്നെ പഴക്കമുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതല്‍ മുനാകട്ട തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. അവര്‍ക്ക് മാത്രമാണ് ദേവാലയത്തില്‍ ആരാധനയ്ക്കായുള്ള അവകാശം. 

ദ്വീപിലെ ആചാരങ്ങള്‍ വ്യത്യസ്തവും കൗതുകകരവുമാണ്. പുരുഷന്മാര്‍ക്ക് പൂര്‍ണ നഗ്‌നരായി മാത്രമേ ദ്വീപിന്റെ തീരത്തിറങ്ങാന്‍ അനുവാദമുള്ളൂ. 1904-05ല്‍ നടന്ന റഷ്യ-ചൈന യുദ്ധത്തില്‍ മരിച്ച നാവികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി എല്ലാവര്‍ഷവും മേയ് 27ന് 200 പുരുഷന്മാര്‍ക്ക് രണ്ടു മണിക്കൂര്‍ മാത്രം പ്രവേശനത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അല്ലാതെ മറ്റുസമയങ്ങളില്‍ ആര്‍ക്കും പ്രവേശനം ലഭ്യമല്ല. ജപ്പാന്‍കാര്‍ വിശുദ്ധമായി കരുതുന്ന ഈ ദ്വീപില്‍ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചു മാറ്റി, കുളിച്ചതിനു ശേഷം നഗ്‌നരായി മാത്രമേ തീര്‍ഥാടകര്‍ക്ക് തീരത്തേക്ക് കയറാന്‍ സാധിക്കൂ. എല്ലാത്തരം അശുദ്ധിയേയും ഇല്ലാതാക്കാനാണ് ഈ കുളി. 

കൂടാതെ അവിടെ ചെന്ന് മടങ്ങിയെത്തിയാല്‍ കണ്ട കാര്യം ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി. ഇവിടെ നിന്നും ഒരു പുല്‍കൊടി പോലും എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. കപ്പല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നു. ചൈന, കൊറിയ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ കടല്‍ വഴി വ്യാപാര ബന്ധം തുടങ്ങിയ കാലത്താണ് ഈ ക്ഷേത്രവും നാവിക രക്ഷാ പ്രാര്‍ത്ഥനകളും ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്.  

അന്താരാഷ്ട്ര വിനിമയത്തിന്റെ ആദ്യകാല കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം അംഗീകരിക്കുന്ന നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. വിദേശ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന വിലപിടിച്ച നിരവധി പ്രാര്‍ത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ദ്വീപിലുണ്ട്. ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 80,000 ത്തോളം വസ്തുക്കളാണ് ദ്വീപില്‍ നിന്ന് കണ്ടെടുത്തത്. 700 ചരുരശ്ര മീര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ ദ്വീപ് പുരാവസ്തു ഗവേഷണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  

അതേസമയം യു.എന്‍ പൈതൃക പട്ടികയിലിടം നേടിയതോടെ സന്ദര്‍ശകരുടെ തിരക്കു കൂടും എന്ന ആശങ്കയിലാണ് വിശ്വാസികള്‍. മുനാകാട്ട തായ്ഷയില്‍ നിന്നുള്ള പുരോഹിതര്‍ക്കു വെറുമൊരു കൗതുകത്തിന്റെ പേരിലെത്തുന്നവരെ തടയാന്‍ തന്നെയാണ് പുരോഹിതരുടെ തീരുമാനം. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഒകിനോഷിമ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചതെന്നും പറയുന്നു.

ജപ്പാനിലെ ഒകിനോഷിമ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക