Image

മഞ്ചേശ്വരത്തേയ്ക്ക് വീശുന്ന ഉപതിരഞ്ഞെടുപ്പ് കാറ്റ് (എ.എസ് ശ്രീകുമാര്‍)

Published on 20 October, 2018
മഞ്ചേശ്വരത്തേയ്ക്ക് വീശുന്ന ഉപതിരഞ്ഞെടുപ്പ് കാറ്റ് (എ.എസ് ശ്രീകുമാര്‍)
ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം ആചാരത്തിനും വിശ്വാസത്തിനുമപ്പുറം രാഷ്ട്രീയപ്പോരിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ കേരളം ഒരു ഉപതിരഞ്ഞെടുപ്പിലേയ്ക്ക് പോവുകയാണ്. യു.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബുള്‍ റസാഖിന്റെ അപ്രതീക്ഷിത നിര്യാണത്തോടെ കാസര്‍കോട്ടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ കെ സുരേന്ദ്രനെയാണ് 2016ലെ തിരഞ്ഞെടുപ്പില്‍ പി.ബി അബുള്‍ റസാഖ് വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. സുരേന്ദ്രന്‍ തന്നെയായിരിക്കും  ഉപതിരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അതിനാന്‍ ശബരിമല വിഷയം ജയാപജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നുറപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ലോക്‌സഭയില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാഗ്രഹിക്കുന്ന മൂന്ന് മുന്നണികള്‍ക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അതിനിര്‍ണ്ണായകമാണ്. ബി.ജെ.പിക്ക് ശക്തമായ സ്വാധിനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോടതി കയറുകയുണ്ടായി. ആ കള്ളവോട്ട് കേസ് ഇപ്പോഴും തുടരുന്നു. എന്നാല്‍ പി.ബി അബുള്‍ റസാഖ് അന്തരിച്ചതിനാല്‍ ആ കേസിന് പ്രസകതിയില്ലാതായിരിക്കുന്നു. അതിലേയ്ക്ക് വരും മുമ്പ് തിരഞ്ഞെടുപ്പ് ഫലവും സാഹചര്യവും ഒന്ന് പരിശോധിക്കാം.

തുളുനാടന്‍ പോരിന് ശക്തിപകര്‍ന്ന പോരാട്ടമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ 2016ല്‍ നടന്നത്. കപ്പിനും ചുണ്ടിനും ഇടയിലാണ് ബി.ജെ.പിക്ക് അന്ന് കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ നിയമസഭാ സീറ്റ് നഷ്ടപ്പെട്ടത്. നേമത്ത് രാജഗോപാലിന് പിന്നാലെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും വിജയിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക് അവസാന ലാപ്പില്‍ ഇല്ലാതായത്. എന്നാല്‍ പോള്‍ ചെയ്തതിനെക്കാള്‍ 300 വോട്ടുകള്‍ മഞ്ചേശ്വരത്ത് അധികമായി എണ്ണി എന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ മഞ്ചേശ്വരത്ത് മറ്റൊരു പോര് മണത്തു.

മഞ്ചേശ്വരത്ത് മത്സരിച്ച എട്ട് സ്ഥാനാര്‍ഥികള്‍ക്കും നോട്ടയ്ക്കും കിട്ടിയ വോട്ടുകള്‍ ചേരുമ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 300 വോട്ടുകള്‍ അധികമാണ് എന്നായിരുന്നു ആരോപണം. കണക്കുകള്‍ പരിശോധിക്കാം. 2016ല്‍ മഞ്ചേശ്വരത്തെ ആകെ വോട്ടുകള്‍ 2,08,145 ആണ്. ഇതില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 1,58,584 ആണെന്ന് വ്യക്തമാക്കപ്പെട്ടു. 76.19 ആണ് മഞ്ചേശ്വരത്തെ പോളിങ് ശതമാനം. മഞ്ചേശ്വരത്ത് മത്സരിച്ച എട്ട് സ്ഥാനാര്‍ഥികള്‍ക്കും നോട്ടയ്ക്കും ചേര്‍ന്ന് കിട്ടിയിരിക്കുന്നത് 1,58,884 വോട്ടുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരമാണ് ഇത്. പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ശരിയാണെങ്കില്‍ 300 വോട്ടുകള്‍ അധികമായി എണ്ണിയിട്ടുണ്ട്. ഇത് എവിടെ നിന്നും വന്നു എന്നതിലായിരുന്നു സംശയം.

അബ്ദുള്‍ റസാഖിന് 56870, കെ സുരേന്ദ്രന് 56781, സി.എച്ച് കുഞ്ഞമ്പുവിന് 42565 എന്നിങ്ങനെയാണ് വോട്ടുകള്‍. ഇവര്‍ക്ക് പുറമെ പി.ഡി.പിയുടെ ബഷീര്‍ അഹമ്മദിന് 759 വോട്ടാണ് കിട്ടിയത്. നോട്ടയ്ക്ക് 646 പേര്‍ വോട്ട് ചെയ്തു. കെ സുന്ദര 467, രവിചന്ദ്ര 365, കെ പി മുനീര്‍ 224, ജോണ്‍ ഡിസൂസ 207 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുകള്‍. ആകെ കൂട്ടിയാല്‍ കിട്ടുന്നത് 158884 വോട്ടുകള്‍. തന്നെ തോല്‍പിക്കാന്‍ വേണ്ടി എല്‍.ഡി.എഫ് യു.ഡി.എഫിന് വോട്ട് മറിച്ചു എന്ന് കെ സുരേന്ദ്രന്‍ ഫലപ്രഖ്യാപനത്തിന് ശേഷം ആരോപിച്ചിരുന്നു. കെ സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. ക്രമക്കേടുകള്‍ കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കെ സുരേന്ദ്രന്‍ പരാതി നല്‍കുകയുമുണ്ടായി.

അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ കെ സുരേന്ദ്രന് തലവേദനയുണ്ടാക്കുന്ന ഒരു കോടതി വിധി 2017 ആഗസ്റ്റ് ഒന്‍പതാം തീയതി ഉണ്ടായി. കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ വിസ്തരിക്കാനുള്ള 45 പ്രവാസികള്‍ക്ക് മൊഴിനല്‍കാന്‍ കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹരജിക്കാരന്‍ നല്‍കണമെന്ന വിധിയാണ് സുരേന്ദ്രനെ കുടുക്കിയത്. പ്രവാസികള്‍ക്ക് യാത്രാപ്പടി നല്‍കാനുള്ള തീരുമാനം ആലോചിച്ച ശേഷം അറിയിക്കാമെന്ന് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരത്ത് 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് സുരേന്ദ്രന്‍ അബ്ദുര്‍ റസാഖിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്.  

മൊഴി നല്‍കാന്‍ എത്തേണ്ടവരില്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. രണ്ടുപേര്‍ ബംഗളൂരുവിലും ഒരാള്‍ പൂനയിലുമാണ്. ഇവര്‍ക്ക് ഹൈക്കോടതിയില്‍ വരാനും തിരിച്ചുപോകാനുമുള്ള യാത്രാച്ചെലവ് ലക്ഷങ്ങള്‍ വരും. കേസില്‍ നിര്‍ണ്ണായക പരാമര്‍ശം കോടതി നടത്തി. മരിച്ചവര്‍ പോലും വോട്ട് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. ഗള്‍ഫിലുള്ളവരും കള്ളവോട്ടില്‍ സംശയത്തിന്റെ  നിഴലിലായി. സമന്‍സ് പോലും കൊടുക്കാനാവാതെ ചിലര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചുവത്രേ. ഇതിനെയെല്ലാം നിയമപോരാട്ടത്തിലൂടെ അതിജീവിക്കാന്‍ സുരേന്ദ്രന്‍ കരുക്കള്‍ നീക്കുമ്പോഴാണ് അബ്ദുള്‍ റസാഖിന്റെ മരണം. 

1987 മുതല്‍ 2001 വരെ മുസ്ലീം ലീഗിന്റെ ചെര്‍ക്കളം അബ്ദുള്ള കോട്ടയാക്കിയ മഞ്ചേശ്വരം 2006ല്‍ ഇടതുപക്ഷം പിടിച്ചെടുത്തു. മഞ്ചേശ്വരം ബി.ജെ.പിയുടെ കരുത്തുറ്റ മണ്ഡലമാണ്. ത്രികോണ പോരിന്റെ ചൂടില്‍ ചെര്‍ക്കളം 2006ല്‍ മൂന്നാമതായി. 2006ല്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായപ്പോഴാണ് എല്‍.ഡി.എഫ് സ്താനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് വിജയക്കൊടി നാട്ടിയത്. എന്നാല്‍ കുഞ്ഞമ്പു 2011ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011ലും 2016ലും അബ്ദുള്‍ റസാഖ് വിജയിച്ചു. ഈ തിരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോഴിക്കോടുകാരനായ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് താമസിച്ച് കന്നഡ പഠിച്ച് അണികളെ ഇളക്കി മറിച്ച് മഞ്ചേശ്വരത്ത് നിറഞ്ഞു നിന്നു. ബി.ജെ.പിയുടെ ഈ തീപ്പൊരി നേതാവ് ജനസ്വാധീനം കൂട്ടി. കര്‍ണ്ണാടകയിലെ ആര്‍.എസ്.എസും സുരേന്ദ്രന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ തവണ മണ്ഡലം തലനാരിഴയ്ക്ക് കൈവിട്ടുപോവുകയായിരുന്നു.

മാറിയ സാഹചര്യത്തില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പ് വിജയം അനിവാര്യതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കാനുള്ള പ്രാദേശിക വോട്ട് ബാങ്ക് പാര്‍ട്ടിക്ക് മണ്ഡലത്തിലുണ്ട്. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് തന്നെ മഞ്ചേശ്വരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. നേമത്തിന് ശേഷം മറ്റൊരു മണ്ഡലം സ്വന്തമാക്കാനുള്ള സുവര്‍ണ്ണവസരാണ് ബി.ജെ.പിക്ക് കൈവന്നിരുക്കുന്നത്. അതിനാല്‍ സുരേന്ദ്രനെ തന്നയാവും പാര്‍ട്ടി നേതൃത്വം കളക്കിലിറക്കുക. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മംഗലാപുരം മേഖലയിലെ കാര്യങ്ങള്‍ ബി.ജെ.പിക്ക് വേണ്ടി നോക്കിയത് സുരേന്ദ്രനായിരുന്നു. അവിടെയെല്ലാം വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ കര്‍ണ്ണാടക പരിവാറുകാര്‍ സുരേന്ദ്രന് പിന്നില്‍ ഒന്നായി അണിനിരക്കും. ഇതു തന്നെയാണ് മുസ്ലിം ലീഗിനും സി.പി.എമ്മിനും തിരിച്ചടിയാവുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ട്. എങ്ങനെ വന്നാലും മഞ്ചേശ്വരത്തെ ഫലം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.

മഞ്ചേശ്വരത്തേയ്ക്ക് വീശുന്ന ഉപതിരഞ്ഞെടുപ്പ് കാറ്റ് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക