Image

വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന്‌ മന്ത്രി ബാലന്‍

Published on 22 October, 2018
വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന്‌  മന്ത്രി ബാലന്‍


കോഴിക്കോട്‌: ശബരിമല വിഷയത്തില്‍ വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്നും സമവായ വേണമമെന്നുള്ള നിലപാട്‌ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നാദാപുരം ചാലപ്പുറത്തെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകോരോട്‌ സംസാരിക്കകയായിരുന്നു മന്ത്രി.

സിപിഎമ്മിന്റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്‌. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അത്‌ സിപിഎമ്മിനെതിരെ ഉപയോഗിക്കാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസും ബിജെപി.യും നടത്തുന്നത്‌. ആദ്യം അനുകൂലിക്കുകയും പിന്നീട്‌ എതിര്‍ക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ഓന്തിന്റെ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാറിന്‌ സാധിക്കില്ല.

ഇതിന്‌ വേണ്ടി ഗീബല്‍സിനെ പോലും വെല്ലുന്ന നുണ പ്രചാരണമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. ശബരിമലയില്‍ ഈശ്വര വിശ്വാസികളും നിരീശ്വരരും തമ്മിലാണ്‌ വിഷയമെന്നുള്ള തരത്തിലാണ്‌ ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണമെന്നും മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രം കേരളത്തിന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ നേരെ എതിരായാണ്‌ കേരളത്തിലെ ബിജെപി.പ്രവര്‍ത്തിക്കുന്നത്‌. നേരത്തെ വര്‍ക്കലയില്‍ ആന്റണി സര്‍ക്കാര്‍ ചെയ്‌തത്‌ പോലെയുള്ള പൊലീസ്‌ നടപടിയാണ്‌ ബിജെപി.താല്‍പര്യപ്പെടുന്നത്‌. എന്നാല്‍ കേരള പൊലീസ്‌ ലോകത്തിന്‌ മാതൃകയായിട്ടാണ്‌ ശബരിമലയില്‍ പ്രവര്‍ത്തിച്ചത്‌. അവിടെ പൊലീസ്‌ വെടിവെപ്പും മരണങ്ങളുമാണ്‌ ബിജെപി.ആഗ്രഹിച്ചത്‌. എന്നാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാമെന്ന ചിന്ത ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക