Image

ഖഷോഗ്ഗി: അപ്രത്യക്ഷനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ( ഡോ.മാത്യു ജോയിസ്, ഒഹായോ)

Published on 22 October, 2018
ഖഷോഗ്ഗി: അപ്രത്യക്ഷനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ( ഡോ.മാത്യു ജോയിസ്, ഒഹായോ)
സൌദിഅറേബ്യന്‍ ജേര്‍ണലിസ്റ്റും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സ്ഥിരം കോളംനിസ്ടുമായ 59 വയസുകാരന്‍ ജമാല്‍ ഖഷോഗ്ഗി ഒക്ടോബര്‍ രണ്ടിന് ടര്‍ക്കിയിലെ ഈസ്ടാംബുള്‍ സിറ്റിയിലെ സൌദിഅറേബ്യയുടെ കോണ്‍സുലേറ്റ് ഓഫീസിലേക്ക് ഉച്ച കഴിഞ്ഞ് ഒരു മണിക്ക് കയറിപ്പോകുന്നു. അവിടെനിന്നും തന്‍റെ വിവാഹമോചന പേപ്പറുകള്‍ ശരിയാക്കി ത്തരാന്‍ മാത്രമാണ് അന്ന് തന്നെ അങ്ങോട്ട് വിളിപ്പിച്ചിരുന്നത്. ഉടനെ വിവാഹം കഴിക്കാനിരിക്കുന്ന ഹാടിസ് സെന്ഗിസ് എന്ന തന്‍റെ പ്രാണപ്രേയസി വെളിയില്‍ കാറില്‍ കാത്തിരിക്കുന്നു. രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചെത്താത്ത ജമാലിന് വേണ്ടി ഹാടിസും ലോകമെമ്പാടുമുള്ള മാധ്യമ സുഹൃത്തുക്കളും കാത്തിരിക്കുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തകന്‍, റിപ്പോര്‍ട്ടര്‍ , അല്‍ അറബ് ന്യൂസ് ചാനലിന്‍റെ ചീഫ്എഡിറ്റര്‍, അറബ് രാജ്യങ്ങളിലെ അല്‍ വതന്‍ എന്ന മുഖ്യ പത്രത്തിന്‍റെ എഡിറ്റര്‍, വിശാലമായ ലോകസഞ്ചാരി എന്നീ നിലകളില്‍ ലോകത്തെ മുഖ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പേരെടുത്ത ജമാല്‍ ഖഷോഗ്ഗി എങ്ങനെ അപ്രത്യക്ഷനായി ?.

"സ്വന്തം പേന കൊണ്ട് സ്വന്തം രാജ്യത്തിന്‍റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ് ഞാന്‍ ." എന്നായിരുന്നു ഖഷോഗ്ഗി പലപ്പോഴും പറഞ്ഞിരുന്നത്.

കിരീടാവകാശിയായി അവരോധിക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ (ങആട) ന്‍റെ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും , തന്‍റെ ജനാധിപത്യ കാഴ്ചപ്പാടുകളും പൌരാവകാശ പോരാട്ടങ്ങളും ഒരു പക്ഷെ ഖഷോഗ്ഗിയെ തന്‍റെ സ്വന്തം നാടായ സൌദിഅറേബ്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന തിരിച്ചറിവുണ്ടായപ്പോഴാകാം , രണ്ടു സൂട്ട് കേയ്‌സുമായി പലായനം ചെയ്ത് ഒരു വര്ഷം മുമ്പ് വാഷിങ്ങ്ടണില്‍ എത്തി അമേരിക്കന്‍ അഭയാര്‍ത്ഥിയായി മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .

എന്നാല്‍ ഖശോഗ്ഗിയുടെ തിരോത്ഥാനത്തില്‍ തങ്ങള്‍ക്കു യാതൊരു പങ്കുമില്ലെന്ന് സൌദിഅറേബ്യന്‍ ഭരണകൂടം നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ദിവസ്സങ്ങള്‍ക്കുള്ളില്‍ യെനി സഫക് എന്ന ടര്‍കിഷ് ന്യൂസ്‌പേപ്പര്‍ പുറത്തിറക്കിയ ഓഡിയോ ശകലത്തിന്റെ വെളിച്ചത്തില്‍ , മുന്‍പ് പറഞ്ഞത് തിരുത്താന്‍ ശ്രമം നടക്കുന്നു. "ക്രൂരമായ ചോദ്യം ചെയ്യലിനിടയില്‍ ഏതോ ഏറ്റുമുട്ടലില്‍, ആദ്യം ഖഷോഗ്ഗിയുടെ വിരലുകള്‍ വെട്ടി മാറിയെന്നും പിന്നീട് ശിരസ്സും", എന്നാണു പരക്കെ അറിയപ്പെടുന്നത്. പക്ഷെ അദ്ദേഹത്തിന്‍റെ ശരീരം പോലും പുറം ലോകത്തിന് ഇതുവരെ കാണിക്കാതിരിക്കാനും മാത്രം ദുരൂഹതകള്‍ നടമാടുന്നു. കോണ്‍സുലേറ്റില്‍ ഖഷോഗ്ഗിയെ കീഴടക്കാന്‍ 15 പേരടങ്ങുന്ന രഹസ്യസംഘത്തെ നിയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

ലോകനേതാക്കള്‍ ഈ ക്രൂരകൃത്യത്തെ അപലപിക്കുന്നു. മാധ്യമലോകം തങ്ങളുടെ സ്വതന്ത്ര പത്ര മാധ്യമ സ്വാതന്ത്ര്യത്തെ നടുക്കത്തോടെ വീക്ഷിക്കുന്നു. വധിക്കപ്പെട്ടുവെങ്കില്‍ ജമാലിന്റെ ഭൌതികശരീരം വിട്ടുതരണമെന്നും ലോകമെമ്പാടുമുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഈസ്ടാംബുളില്‍ വന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസ്സരം ഒരുക്കണമെന്നും പരസ്യമായി ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞാലുടന്‍ ആഘോഷിക്കാനിരുന്ന തന്‍റെ പ്രിയതമന്റെ ജന്മദിനത്തിനു തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ഹാടിസ് സെന്ഗിസ് എന്ന ഇണക്കിളിയുടെ രോദനം ആര് കേള്‍ക്കാന്‍ ? "തന്‍റെ പ്രിയതമന്‍ ഒറ്റപ്പെട്ട രാജ്യസ്‌നേഹി ആയിരുന്നു . താന്‍ പിറന്നു വീണ മദീനയിലെ തെരുവുകളിലൂടെ സ്വതന്ത്രനായി പഴയ സുഹൃത്തുക്കളോട് സല്ലപിച്ചുകൊണ്ട് നടക്കുന്നതിനെപ്പറ്റിയും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇനിയും അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ടര്‍ക്കിയില്‍നിന്നും സൗദി അറേബ്യയിലേക്കും അതിനപ്പുറത്തുള്ള ലോകത്തിലേക്കും പ്രകമ്പനം കൊള്ളും . അടിച്ചമര്‍ത്തലുകള്‍ ഒരിക്കലും നിലനില്‍ക്കുകയില്ല. ഏകാധിപതികള്‍ തങ്ങളുടെ പാപങ്ങള്‍ക്ക് ഒടുവില്‍ കനത്ത വില കൊടുക്കേണ്ടിവരും." പ്രിയതമന്റെ തിരോധാനത്തില്‍ അവള്‍ വിലപിക്കുന്നു.

"ഖഷോഗ്ഗിയുടെ ഘാതകരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് നീതി നടപ്പാക്കണം" ഐക്യരാഷ്ട്രസഭയു ടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരെസ് പ്രതികരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

ഈയവസ്സരത്തില്‍, "ജമാല്‍ ഖഷോഗ്ഗിയുടെ വധത്തിന്‍റെ പിന്നിലെ നഗ്‌ന സത്യങ്ങള്‍ നാളെ (ചൊവ്വാഴ്ച) പ്രസ്ഥാവിക്കാം" എന്നു ടര്‍ക്കിയുടെ പ്രസിഡണ്ട് റിസപ് ടയിപ് എര്‍ദോഗന്‍ ലോകത്തോട് വാഗ്ദാനം ചെയ്തിരിക്കുന്നു. നാളേക്കായി മാധ്യമലോകവും ഉറ്റുനോക്കുന്നു.


Join WhatsApp News
വിദ്യാധരൻ 2018-10-22 16:40:10
കഷോഗി എന്ന പത്രക്കാരനെ 
കഷ്ണം കഷ്ണമാക്കി
കയ്യും കാലും വെട്ടി നുറുക്കി 
ചാക്കിലാക്കി  പിന്നെ 
തുർക്കികൾ ഞെട്ടി ലോകം ഞെട്ടി
കടുത്ത കയ്യായ് പോയി
ഇടിവെട്ടിയതുപോലെ 
മരച്ച് ജനങ്ങൾ നിന്ന് 
സൗദി അറേബിയൻ  കാര്യാലയത്തിൽ
ഈ കുല ചെയ്തവനാര്  
പട്ടാപകലീ കുല ചെയ്യാനായി 
ധൈര്യമുള്ളവനാര് ?
ആരിവിനീ കുലപാതകിയാര് 
ചോദ്യ ശരങ്ങൾ പാഞ്ഞു 
മൂക്കിൽ, വായിൽ, വിരലുകൾ വച്ചു 
പലരും തമ്മിൽ നോക്കി 
അങ്ങകലെ മണലാരണ്യത്തിൻ 
കനക കൊട്ടാരത്തിൽ 
പുഞ്ചിരി തൂകി നിന്നൂ പയ്യൻ 
സൗദി രാജകുമാരൻ 

(പ്രോക്രൂസ്റ്റസ് എന്ന വയലാറിന്റെ കവിത 
പ്രൊഫ  മധുസൂദനൻ നായർ ആലപിച്ചു 
കേട്ടിട്ടുണ്ടങ്കിൽ അതിനൊപ്പം ആലപിക്കാം 
പ്രശ്നമുണ്ടെങ്കിൽ ആവശ്യംപോലെ നീട്ടിയും 
കുറുക്കിയും അഡ്ജസ്റ്റ് ചെയ്ത് ആലപിക്കാം )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക