Image

രക്തം വിസർജിക്കുന്ന സ്ത്രീ പ്രകൃതി അഥവാ ആര്‍ത്തവവും ചില സാമൂഹ്യ പ്രശ്‌നങ്ങളും (എം.പി ഷീല)

എം.പി ഷീല Published on 23 October, 2018
രക്തം വിസർജിക്കുന്ന സ്ത്രീ പ്രകൃതി അഥവാ ആര്‍ത്തവവും  ചില സാമൂഹ്യ പ്രശ്‌നങ്ങളും (എം.പി ഷീല)
ഓരോ കാലഘട്ടത്തിനും ഓരോ സംസ്‌കാരമുണ്ട്.
വ്യത്യസ്ത സംസ്‌ക്കാരങ്ങളിലാണ് ഓരോ ദേശവും ഓരോ സമൂഹവും നിലകൊള്ളുന്നത്,  ഭൂമിശാസ്ത്രപരവും മതപരവും ലിംഗപരവുമായ പ്രത്യേകതകളിലൂന്നിയാണ് സംസ്‌ക്കാരങ്ങളുടെ ആവിര്‍ഭാവം.  

ഏത്  സംസ്‌ക്കാരവും പരിവര്‍ത്തനത്തിനു വിധേയമാണെന്ന് കാലം തെളിയിക്കുന്നു!

ഒരു സമൂഹം സമാര്‍ജിച്ചിട്ടുള്ള ആശയങ്ങള്‍, വിശ്വാസങ്ങള്‍, നിയമങ്ങള്‍, ധര്‍മ്മമുറകള്‍, കലകള്‍, ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം സംസ്‌കാരത്തിന്റെ അളവുകോലാണ് . 

സംസ്‌ക്കാരം, ആചാരം ഇവയുടെ ആവിര്‍ഭാവം എങ്ങനെയാണെന്നു  ചിന്തിച്ചാല്‍ വ്യക്തമായി ഉത്തരം കണ്ടെത്താന്‍ സാധിക്കും.  മനുഷ്യന്‍ തന്റെ ജീവന്‍,  ആരോഗ്യം സുരക്ഷ ഇവ ലക്ഷ്യമാക്കി,  താന്‍ ജീവിക്കുന്ന ചുറ്റുപാടിന് അനുയോജ്യമായി, അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവന് അഥവാ സമൂഹത്തിന് ഗുണകരം എന്ന് മനസ്സിലാക്കിയ അറിവുകളെ ഉള്‍ക്കൊണ്ട് പാലിച്ചു പോരുന്ന ശീലങ്ങളും (ഉദാ: കാവ് ,  സൂര്യനമസ്‌ക്കാരം , യോഗ ) മനുഷന്റെ വൈകാരിക തലത്തില്‍ ദോഷങ്ങള്‍ പരിഗണിക്കാതെ എടുക്കുന്ന ചില തീരുമാനങ്ങളുമാണ് പില്‍ക്കാലത്ത് ആചാരങ്ങളും (ഉദാ: സതി ) സംസ്‌ക്കാരങ്ങളുമായി വളര്‍ന്നു വന്നിട്ടുള്ളത്. ഇങ്ങനെ രൂപം കൊണ്ട സാമൂഹിക പൈതൃകത്തില്‍ ഊറ്റം കൊണ്ട് കണ്ണടച്ചു  പിന്‍തുടരുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ശാസ്ത്രം ഒരു സിദ്ധാന്തം വിവരിച്ചു ബോധ്യപ്പെടുത്തുന്നതു പോലെ കാര്യങ്ങളെ വെളിവാക്കാനുള്ള രീതികളും സാങ്കേതികത്വവും മുന്‍ കാലഘട്ടങ്ങളില്‍ ഇല്ലാതിരുന്നതുകൊണ്ട് മുതിര്‍ന്ന തലമുറയെ പിന്‍ചെല്ലുക എന്നത് ഒരു കീഴ് വഴക്കം മാത്രമായിരുന്നു. ഈ സൈബര്‍ യുഗത്തില്‍ സ്ത്രീ സമൂഹം നേരിടുന്ന ലിംഗപരമായ വിലക്കുകളുടെ പ്രധാന കാരണവും ഇതുതന്നെയാണ് .
         
പുരുഷന്‍മാര്‍ പങ്കുകൊള്ളുന്ന പല മേഖലകളില്‍ നിന്നും പിന്‍ തലമുറക്കാര്‍ സ്ത്രീകളെ മാറ്റി നിറുത്തിയിരുന്നത് എന്തുകൊണ്ടാണ് ? അതിന് പ്രധാന കാരണം. ആര്‍ത്തവം, ഗര്‍ഭം. പ്രസവം തുടങ്ങിയ സ്ത്രീ പ്രകൃതിയെ ദുര്‍ബലമായി കണ്ട്, അവരെ  ഒഴിവാക്കി സംരക്ഷിക്കുകയായിരുന്നു. പിന്നീട് അത് ആചാരങ്ങളായി മാറി. ഒരു സമൂഹം നല്ലതായി കണ്ട് ആചരിച്ചു തുടരുന്നതാണല്ലോ ആചാരം. നിലവിലുള്ള ആചാരത്തിന് പ്രസക്തി ഇല്ലാതെ വരികയും അതു ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അനാചാരമെന്നും ദുരാചാരമെന്നുമൊക്കെ നാം അതിനെ വിളിക്കുന്നു .ആര്‍ത്തവകാലത്ത് പണ്ട് സ്ത്രീകളെ മാറ്റിപാര്‍പ്പിച്ചിരുന്ന ഒരാചാരം ഉണ്ടായിരുന്നു. അന്ന് അത് അനിവാര്യമായിരുന്നു. അതു കൊണ്ടു തന്നെ അന്ന് അതൊരു നല്ല ആചാരാമായി കരുതിപ്പോന്നു . കാരണം രക്തസ്രാവമുള്ള സമയത്ത് അഥവാ ആര്‍ത്തവ സമയത്ത്  വൃത്തിയാക്കാന്‍ സൗകര്യമുള്ള സ്ഥലവും വിശ്രമവും ആവശ്യമാണ്. പലപ്പോഴും  തീണ്ടാരിപ്പുര അതിന് സജ്ജമായിരിക്കും. മുന്‍പ് സൂചിപ്പിച്ചതു പോലെ നല്ല ഉദ്ദേശത്തോടെ ,സ്ത്രീയുടെ സുരക്ഷയ്ക്കായ് അവരെ സംരക്ഷിച്ചു പോന്നിരുന്ന ഒരു രീതിയായിതന്നെ ഇതിനെ കണക്കാക്കാം. . ഇന്ന് ഈ ആചാരത്തിന്  പ്രസക്തി കുറഞ്ഞ് ഒരു ദുരാചാരമായി നാം കാണുന്നു.
               
പഴയ കാലഘട്ടത്തിലെ മറ്റൊരു  ദുരാചാരമായിരുന്നു സതി. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുക. ഒരു പ്രത്യേക സമൂഹത്തിലെ ആചാരമായിരുന്നു അത്. ഇവിടെ മറിച്ച് ഒരു ചോദ്യം ചോദിക്കാനുള്ളത് ഭാര്യ മരണപ്പെട്ടാല്‍ ഭര്‍ത്താവ് ഭാര്യയുടെ ചിതയില്‍ ചാടി മരിക്കാന്‍ എന്തു കൊണ്ട് ആ സമൂഹം തീരുമാനമെടുത്തില്ല ? അഥവാ എന്തുകൊണ്ട് പുരുഷന്‍ അങ്ങനെ ചെയ്തില്ല ? അന്നം തരുന്നോന്‍ തമ്പുരാന്‍ എന്നു കരുതിയ കാലത്ത് സ്ത്രീ പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും മാത്രം പ്രാപ്തമായിരുന്ന അവസ്ഥയില്‍ , പുരുഷനില്‍ പൂര്‍ണ്ണ ആശ്രയം വച്ചിരിക്കുകയും അയാളുടെ നിത്യമായ വേര്‍പ്പാടില്‍ കുടുംബം സംരക്ഷിക്കാനുള്ള കഴിവ്  തനിക്ക് ഇല്ല എന്ന ധാരണയും ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ തന്റെ ചാരിത്ര്യം അന്യപുരുഷന്‍ കൊള്ളയടിക്കുമെന്ന വേവലാതിയും ഭ്രാന്തമായ ഒരു മാനസികാവസ്ഥ അവളില്‍ സൃഷ്ടിച്ചിരുന്നു.(ഏതാണ്ട് നാല്‍പ്പതു വര്‍ഷം മുമ്പുവരെ ഭര്‍ത്താവ് മരിക്കുമ്പോള്‍ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ കുഴിയില്‍ ചാടാന്‍ ശ്രമിക്കുകയും ചിതയിലേയ്ക്ക് ഓടുന്നതും ബന്ധുക്കള്‍ വട്ടം പിടിക്കുന്നതും പലരുടെ ഓര്‍മ്മയിലും ഉണ്ടാവുമല്ലോ.) സ്ത്രീകള്‍ ഭര്‍ത്താവില്‍ അമിത വിധേയത്വമര്‍പ്പിച്ച് ജീവിച്ചിരുന്ന കാലത്ത് ഭര്‍ത്താവിന്റെ നിത്യമായ വേര്‍പ്പാടിന്റെ വൈകാരിക നിമിഷത്തില്‍ സ്വയം ചെയ്തു തുടങ്ങി അത് എങ്ങനെയൊക്കെയോ പുരോഹിത വര്‍ഗ്ഗത്തിന് അധികാരം വന്ന കാലത്ത് അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ചു സതി എന്ന ആചാരമായി  പരിണമിച്ചതാകാം.
          
പുരുഷന്‍ സ്വയം ആഹാരം തേടാനും സ്വയം സംരക്ഷിക്കാനും പ്രാപ്തനാണെന്ന് ആദി കാലം മുതല്‍ തെളിയിച്ചിരുന്നു. മനുഷ്യന്‍ സമൂഹ ജീവിയായി ജീവിച്ചു തുടങ്ങുമ്പോള്‍ തന്നെ വലിയ വൃക്ഷങ്ങളിലെ കായ്കനികള്‍ പറിച്ചും മൃഗങ്ങളെ വേട്ടയാടിയും അവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകളോട് ഇണ ചേര്‍ന്നും അവരെ സംരക്ഷിച്ചും പോന്നിരുന്നു. സ്ത്രീകളുടെ ശരീരഘടന മരംകയറ്റത്തിനോ, വേട്ടയാടാനോ അനുയോജ്യമല്ല എന്നവര്‍ മനസ്സിലാക്കി. പ്രസവം എന്ന മഹനീയ പ്രക്രിയയും മുലയൂട്ടലും സ്ത്രീയില്‍ നിക്ഷിപ്തമായതിനാല്‍ അവളുടെ ജീവിതത്തിലെ വലിയൊരു കാലഘട്ടം ഏതാണ്ട് പത്തിനും  അന്‍പതിനും ഇടയ്ക്കുള്ള പ്രായത്തില്‍ പ്രത്യുത്പാദന കര്‍മ്മം അനുസ്യൂതം തുടര്‍ന്നു പോന്നിരുന്നു
             
രക്തം വിസര്‍ജിക്കുന്ന സ്ത്രീ പ്രകൃതി അഥവാ ആര്‍ത്തവം,  മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ച കാലം മുതല്‍ നേരിട്ട ഒരു വലിയ പ്രശ്‌നം ആയിരുന്നു.ശരീരത്തിന്റെ ഏതു വിസര്‍ജ്യവും മനുഷ്യനില്‍ അറപ്പും ബുദ്ധിമുട്ടും ഉളവാക്കുന്നത് സ്വാഭാവികമാണ്.വിയര്‍പ്പ്, മൂത്രം, കഫം, മലം, ശുക്ലം , രക്തം തുടങ്ങി എല്ലാം മനുഷ്യപ്രകൃതിയാണെങ്കിലും വിസര്‍ജ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സ്വയം പരിശീലിച്ചു തുടങ്ങിയനാള്‍ മുതലാണ്  ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ടിരുന്നു. മാത്രമല്ല, പഴയ കാലഘട്ടത്തില്‍ ആര്‍ത്തവ ക്ലേശങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ കൂടുതലായിരുന്നു. രക്തസ്രാവം ഉള്ളപ്പാള്‍  ഉണ്ടാകുന്ന തലചുറ്റല്‍, ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അണുബാധ, ക്ഷീണം, തളര്‍ച്ച അങ്ങനെ പല അനാരോഗ്യപരമായ അവസ്ഥാവിശേഷം കാണുന്നതുകൊണ്ട് ഈ  സമയത്ത് സ്ത്രീകളെ പ്രത്യേക സ്ഥലത്ത് സുരക്ഷിതരാക്കി  പാര്‍പ്പിച്ചു .വസ്ത്ര നിര്‍മ്മാ ണം ആരംഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ ഇലകള്‍ ഉപയോഗിച്ചും വെള്ളമുപയോഗിച്ചും ആര്‍ത്തവകാലം വൃത്തിയായി സൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോയിരിന്നിരിക്കണം. മാസാമാസം ആര്‍ത്തവ ചക്രം കറങ്ങിക്കൊണ്ടിരുന്നതിനാല്‍ നാലഞ്ച് ദിവസം   ദുര്‍ഗന്ധമുള്ള രക്തം ഒലിപ്പിച്ചു നടക്കുന്ന  സ്ത്രീകള്‍  ആള്‍ക്കൂട്ടങ്ങളില്‍ ബുദ്ധിമുട്ടുളവാക്കിക്കൊണ്ടിരുന്നു .ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്കു വേണ്ടി അന്നത്തെ സമൂഹം എടുത്ത  ഒരു അനുകൂല  നിലപ്പാട്  ആയിരുന്നു ഋതുമതികളായ സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. പിന്നീട് അതു ആചാരമായി മാറുകയായിരുന്നു. 

ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും (ഇപ്പോഴും ഇന്ത്യയില ചില സ്‌റേറ്റുകളില്‍ ആര്‍ത്തവ ശുചിത്വമില്ലായ്മ മൂലം മരണം വരെ സംഭവിക്കുന്നുണ്ട് ) സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്ലേശകരമായദിനങ്ങള്‍ ആയിരുന്നു. സാനിട്ടറി പാഡുകള്‍ സുലഭമല്ലാത്ത കാലത്തില്‍ തുണികള്‍ ഉപയോഗിച്ച് അല്‍പ്പദൂരം നടക്കേണ്ടി വന്നാല്‍പ്പോലും തുടകള്‍ ഉരഞ്ഞു പൊട്ടി ചലിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് ആര്‍ത്തവം ഒരു പ്രശ്‌നമല്ല. സമയാസമയങ്ങളില്‍ ലാഘവത്തോടെ മാറ്റുവാനുള്ള  പാഡുകള്‍ ലഭ്യമാണ്. മാത്രമല്ല ആര്‍ത്തവം ആവശ്യമായ ദിവസങ്ങളിലേയ്ക്ക് മാറ്റി വയ്ക്കുവാന്‍ പര്യാപ്തമായ ഗുളികകളും വിപണിയില്‍ നിസ്സാര വിലയ്ക്ക് ലഭിക്കുന്നു.നാല്‍പ്പത്തൊന്നു ദിവസം  ആര്‍ത്തവം -ഉണ്ടാകാ തിരിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളില്‍ ഈ ഗുളിക  കഴിച്ചാല്‍ മതിയാവും. 
     
സ്ത്രീകള്‍ക്ക് സമൂഹത്തിലും കുടുംബങ്ങളിലും വിലക്കു വന്ന മറ്റൊരു കാരണം ക്ലേശകരമായ ഗര്‍ഭകാലവും പ്രസവവും ആണ്. പലായനം ചെയ്ത് വളര്‍ന്ന സമൂഹം നേരിട്ട മറ്റൊരു വലിയ പ്രശ്‌നമായിരുന്നു സ്ത്രീകളുടെ ഈ അവസ്ഥകള്‍.ഗര്‍ഭം എങ്ങനെ സംഭവിക്കുന്നു, എപ്പോള്‍ ഉണ്ടാകുന്നുവെന്ന് അറിയാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീകളെ ജീവന്‍ പ്രദാനം ചെയ്യുന്നവളായും ഈശ്വരിയായും  കണ്ടു പോന്നിരുന്നു എങ്കിലും ഒരു പ്രത്യേക കാലയളവില്‍ മാത്രം പ്രസവിക്കുന്നുവെന്നും ആ കാലഘട്ടം സ്ത്രീകള്‍ക്ക് ക്ലേശകരമെന്നും അവര്‍ മനസ്സിലാക്കി. ഈ കാലയളവില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം വിലക്കി സുരക്ഷിതരാക്കി.കാട്ടുമൃഗങ്ങളുടെ വായില്‍പ്പെടാതെയും ദുര്‍ഘടമായ വഴികളില്‍ യാത്ര ചെയ്യിക്കാതെയും സുരക്ഷിതമായ താമസ സ്ഥലങ്ങളില്‍ അവരെ പാര്‍പ്പിച്ചു സംരക്ഷിച്ചു പോന്നു . ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ബോധക്ഷയം, ഛര്‍ദ്ദില്‍ ,പേശിവലിച്ചില്‍ തുടങ്ങി അനാരോഗ്യപരമായ അവസ്ഥകള്‍ നേരിട്ടറിഞ്ഞ പുരുഷന്‍മാര്‍ യൗവ്വനയുക്തകളായ സ്ത്രീകളെ പ്രവര്‍ത്തന മേഖലകളില്‍ നിന്ന് ഒഴിവാക്കി സംരക്ഷിച്ചു. ഇതു സ്ത്രീകളോടുള്ള വിവേചനമായിരുന്നില്ല മറിച്ച് ഒരു ആനുകൂല്യമായിരുന്നു. എ ന്നാല്‍ ഇന്ന് ഗര്‍ഭത്തേയും പ്രസവത്തേയും കുറിച്ച് സ്ത്രീകള്‍ ബോധവതികള്‍ ആണ്. ആരോഗ്യമുള്ള സ്ത്രീകള്‍ പ്രസവ ദിനം വരെ യാത്ര ചെയ്തും തങ്ങളുടെ ഉദ്യോഗത്തില്‍ തുടരുന്നത് സര്‍വ്വസാധാരണമാണ്.ഗര്‍ഭകാലം വിശ്രമം വേണ്ടവര്‍ അതനുസരിച്ചും  കഴിയുന്നു.
          
ശാസ്ത്രത്തിന്റെ വളര്‍ച്ചയും പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനവും ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയിട്ടുണ്ട് .വിദ്യാഭ്യാസവും തൊഴില്‍ പങ്കാളിത്തവും നേടി ഇന്ന് സ്ത്രീകളും സമൂഹത്തിന്റെ ഉന്നതിയില്‍  പുരുഷനൊപ്പം നില്‍ക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ  ഒരു പറ്റം ആളുകള്‍ ആര്‍ത്തവം അശുദ്ധിയാണെന്നു വിശ്വസിക്കുന്നത് അറിവില്ലായ്മയുടേയും ചിന്താശേഷി ഇല്ലാത്തതിന്‍േറയും അന്ധമായ ഈശ്വര ആരാധനയുടേയും ഫലമാണെന്ന് നിസ്സംശയം പറയാം.
        
ചരിത്രത്തിന്റെ ഏതു കാലഘട്ടം പരിശോധിച്ചു നോക്കിയാലും മതം സംസ്‌ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം.  സംസ്‌കാരങ്ങള്‍ക്ക് ആചാരങ്ങളുമായി അഭേദ്യബന്ധമുണ്ട്. മതസംബന്ധിയായ പല ആചാരങ്ങളും പരിഷ്‌ക്കരിക്കുകയും ഉന്‍മൂലനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരത്തിലും ചിന്താശേഷിയുടെ കാര്യത്തിലും ഉയര്‍ന്ന നിലവാരമുള്ള  കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന സാമൂഹികവും മതപരവുമായ ഏതൊരു ദുരാചാരവും ചോദ്യം ചെയ്യപ്പെടേണ്ടതും തീര്‍പ്പുകല്‍പ്പിക്കേണ്ടതുമാണ് . സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന കാരണത്താല്‍  ഈ കാലഘട്ടത്തില്‍ ആരാധനാലയങ്ങളില്‍ പുരുഷനൊപ്പം പ്രവേശനം നിഷേധിക്കുന്നത് അപലപനീയമാണ്. നൂറ്റാ ണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ സാഹചര്യത്തിന് ആവശ്യമായ ഒരു ആചാരത്തെ കേവലം ആത്മീയ പരിവേഷം ചാര്‍ത്തി ഇന്ന്  കേരളം ആര്‍ത്തവ രക്തത്തില്‍  ഉറഞ്ഞു തുള്ളുന്നത് ലജ്ജാവഹം തന്നെ.

ശബരിമല വിഷയത്തിന്റെ ഭാഗമായി ഇത്രയും കൂടി പറഞ്ഞുകൊള്ളട്ടെ. ഹിന്ദുമത ആചാരനുഷ്ഠാനങ്ങളില്‍ കാണുന്ന വൈരുദ്ധ്യം പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരിടത്ത് സ്ത്രീപൂജ. ഒരിടത്ത് സ്ത്രീകള്‍ക്ക് വിലക്ക്. ദേവിയുടെ ആര്‍ത്തവം ഉത്സവമായി ആഘോഷിക്കുന്ന അമ്പലങ്ങള്‍ . ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അമ്പലങ്ങളില്‍ വിലക്ക്. 
 
സുപ്രീം കോടതി വിധി  നടപ്പിലാക്കാന്‍ അനുവദിക്കാത്ത വിശ്വാസ സംരക്ഷണ സമിതിയോട്  ഞങ്ങള്‍ നിഷ്പക്ഷരായ സ്ത്രീ സമൂഹം പറയുന്നത് എന്തെന്നാല്‍ വിശ്വാസം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍  ലഭിച്ച സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ഭീഷണിപ്പെടുത്തിയും സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിച്ചുമല്ല ദൈവത്തെ പ്രസാദിപ്പിക്കേണ്ടത്. നിങ്ങള്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്തിരുന്നെങ്കില്‍  ഒരു ഫെമിനിസ്റ്റും ശബരിമല ചവിട്ടില്ലായിരുന്നു. ആത്മീയ കാര്യസാധ്യത്തിനായി ശരണം വിളികള്‍ക്കൊപ്പം അക്രമം കൂട്ടുപിടിച്ച വിശ്വാസി സമൂഹം കേരളത്തിന്റെ ആത്മീയ മുഖഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുന്നു .  സ്ത്രീകളുടെ ആര്‍ത്തവമല്ല കേരളത്തിന്റെ പ്രശ്‌നം .ആത്മീയ-രാഷ്ട്രീയ ഗുണ്ടായിസമാണ്.
Join WhatsApp News
Tom Mathews 2018-10-23 08:27:40
Dear Sheela:
 Your article is a profound expose on the origin and continuation of prejudices among
mankind, especially of Indian population. It is time, we acknowledge these inhuman practices
and accept changes without complaint.
Please continue writing . Excellent  articles
Tom Mathews, New Jersey
നാലുകെട്ടിന്റെ നാവുകൾ 2018-10-23 11:19:02
നിങ്ങളുടെ നല്ല ലേഖനത്തിന് അഭിനന്ദനം. കാലം മാറിയിട്ടും ഇവിടെ ഒന്നും മാറിയിട്ടില്ല. അനാചാരത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചിട്ട് സമൂഹത്തെ കൊള്ളയടിക്കാനാണ് ഇന്നും മതവും അതിന്റെ വക്താക്കളും ശ്രമിക്കുന്നത്.  കൂടാതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നതുപോലെ രാഷ്ട്രീയാക്കാരും. സ്ത്രീകൾ  സ്വാതന്ത്ര്യത്തിന്റെ മധു നുണയുന്നത് അവർക്ക് സഹിക്കാനാവില്ല.  സ്ത്രീ ഇന്ന് സമൂഹത്തിൽ കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ അഭൂതപൂർവ്വമാണ്. അത് അംഗീകരിക്കാൻ അവർ തയ്യാറല്ല .  പക്ഷെ എത്രനാൾ അവർക്ക് സ്ത്രീകളെ അടിച്ചമർത്തി നിറുത്താനാവും ? മാറ്റത്തിന്റെ ചുവരെഴുത്തുകൾ നാം കാണുമ്പോൾ അവരോടൊപ്പം കൈകോർത്ത് നിന്ന് മാറുക .  1946 ൽ വയലാർ എഴുതിയ ഈ കവിത, ഈ ലേഖനത്തോട് ചേർത്തു വച്ച് വായിക്കാൻ ഞാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു   സ്ത്രീകളെ സ്ത്രീകൾക്കെതിരായി ഉപയോഗിക്കുന്ന മതത്തിന്റെ കാവൽ നായ്ക്കളെ (എല്ലാ ആചാരാനുഷ്ഠാന സമതികളടക്കം ) ആട്ടി ഓടിക്കുവാൻ സമയമായി . മതരാഷ്ട്രീയ വിഷപാമ്പുകളെയും ആർത്തവ രക്താശുദ്ധിയെ കുറിച്ച് വാദിയ്ക്കുന്നവരുടെ വക്ഷസ്സിൽ ചവുട്ടി മല കയറുവാൻ സമയമായിരിക്കുന്നു . അഭിവാദനങ്ങൾ .


നാലുകെട്ടിന്റെ നാവുകൾ 

അമ്പലങ്ങളൂം പൂജാ വിഗ്രഹങ്ങളുമായി-
ട്ടെൻ പുരോഗതിയുടെ മുൻപിൽ നിൽക്കുന്നോ നിങ്ങൾ ?

കാലമേ, ലജ്ജിക്കു നീ, ചത്ത സംസ്ക്കാരത്തിന്റെ 
കാലു നക്കുന്നോ വീണ്ടും ? ചുണ കെട്ട നിൻ ജോലി!

നീ തടുക്കുമോ? നിന്റെ വേദാന്ത കസർത്തുകൾ 
നീറുമീ യുവലോകം കണ്ടു നില്ക്കണമെന്നോ ?

വല്ലതുമുണ്ടോ വിദ്യ, യിന്നലെവരെക്കണ്ട-
തല്ലാതെ, വിശപ്പിന് ഞങ്ങൾക്ക് സമ്മാനിക്കാൻ ?

ഇല്ലെങ്കിളൊഴിഞ്ഞൊന്നു മാറിയേക്കുക ; ശവ -
ക്കല്ലറകളെ വെള്ളപൂശുവാൻ തുടങ്ങാതെ 

പണ്ടുണ്ടായിരുന്നുപോൽ പലതും, നിങ്ങൾക്കതെ 
പണ്ടുണ്ടായിരുന്നവ തകർത്തൊരത്രെ ഞങ്ങൾ !

എന്തിനീ ഗതികെട്ട വീരവാദങ്ങൾ? നിങ്ങൾ 
പിന്തിരിഞ്ഞോളു പഴഞ്ചരക്കും തോളിൽതാങ്ങി 

വിറ്റഴിയുകില്ലീ നിരത്തിൽ ജീർണ്ണിച്ചോരാ -
ന്നിറ്റിറ്റുതുടങ്ങീലെ വില്പന പദാർത്ഥങ്ങൾ ?

ഞങ്ങളെയിനിയുമൊന്നടക്കി ഭരിക്കേണാം 
നിങ്ങൾക്ക് കുറേക്കൂടി കൊള്ളാമീ ദുരാഗ്രഹം !

മന്ത്രവാദവും ദൈവവിഗ്രഹങ്ങളും കൊണ്ടീ 
യന്ത്രത്തിൻ യുഗത്തിലോ നാടടക്കുവാൻ നോക്കി ?

ഇതിലും വലുതായ വിഡ്ഢിത്വമുണ്ടോ ? നാടിൻ 
പുതുതാം പുലർച്ച കണ്ടിരുട്ടു കോപിച്ചാലോ ?

മുന്നോട്ടു കടന്നാട്ടേ ഞങ്ങളിന്നലെവരെ 
വന്നവരല്ല നിങ്ങൾ പോയിടെത്തെല്ലാം പിമ്പേ ?

എന്നിട്ടോ കുറെ വായപൊത്തുവാൻ പഠിപ്പിച്ച 
പൊന്നൊളി പനയോലത്താളുകൾ കണ്ടു ഞങ്ങൾ !

ഭദ്രദീപവും പൂജാപുഷ്പവും നിവേദ്യവും 
ഭദ്രമായി വച്ചങ്ങോട്ട് കൈകൂപ്പാനാജ്ഞാപിക്കെ 

വിശപ്പ് സഹിക്കാതെ ഞങ്ങൾ വീണു പോയ് -അപ്പോ-
ളശുദ്ധപ്പെട്ടുപോലുമമ്പലം; -തുള്ളി നിങ്ങൾ 

നിറുത്തുകികാപട്യങ്ങൾ നിങ്ങളും മനുഷ്യരാ -
യെത്തുക; വരൂ നമുക്കൊന്നിച്ചു പ്രവർത്തിക്കാം 

അല്ലാതെയിവിടെയങ്ങുമാരുമില്ലപരന്റെ
തല്ലുകൊണ്ടടിമയായ് ചുളുങ്ങി കിടക്കുവാൻ 

നാലുകെട്ടുകളുടെ നാവുകളല്ലേ നിങ്ങൾ?
നീളെ നിന്നലറുന്നോ പട്ടികൾ മോങ്ങുംപോലെ ! (വയലാർ -1946 )

വിദ്യാധരൻ 
Annamma Zachariah 2018-10-23 13:53:46
Very nice article. Very informative. 
Thomas Koovalloor 2018-10-23 14:02:35
Congratulations to Writer M. P. Sheela teacher for writing such an informative article about women, which only a knowledgeable women could write. 
ആർത്തവരക്തസ്രാവം 2018-10-23 17:26:32
‘രക്തം വിസർജ്ജിക്കുന്ന’ എന്ന പ്രയോഗം വേണ്ടിയിരുന്നില്ല. മലവും മൂത്രവും വിസർജ്ജിക്കാം, രക്തം സ്രവിക്കാം.
josecheripuram 2018-10-23 17:55:14
A well written article with lots of Questions&Answers.Well there was a time in Jewish religion they believed Women had no souls.In America some where in 1930's voting rights were given.Many   christian denominations still refuse to ordain women.In Islam women are still not allowed in Mosques.We can preach Equality but in practical still a Dream.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക