Image

ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന്‌ സംഘപരിവാര്‍ ശ്രമമെന്ന്‌ മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകരെയും ഭക്തരെയും ആസൂത്രിതമായി ആക്രമിച്ചു

Published on 23 October, 2018
ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന്‌ സംഘപരിവാര്‍ ശ്രമമെന്ന്‌ മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകരെയും ഭക്തരെയും ആസൂത്രിതമായി ആക്രമിച്ചു


ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന്‌ സംഘപരിവാര്‍ ശ്രമമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗൂഢപദ്ധതിയുണ്ടായിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‌ ബാധ്യസ്ഥമാണ്‌. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെയും ആക്രമണം നടന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതേ വരെ ഉണ്ടായിട്ടില്ലാത്ത പുതിയ രീതിയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ അക്രമികള്‍ സ്വീകരിച്ചത്‌. തങ്ങള്‍ പറയുന്ന രീതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലാത്തപക്ഷം അവരെ ആക്രമിക്കുമെന്ന നിലപാട്‌ പരസ്യമായി സംഘപരിവാര്‍ സ്വീകരിച്ചു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിന്‌ ഓടിവരുന്ന സംഘപരിവാറുകാരുടെ മുഖം ദൃശ്യങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്‌. അയ്യപ്പഭക്തര്‍ ശബരിമലയില്‍ കടന്നു വരുന്നതിനെതിരെയാണ്‌ സമരം നടന്നത്‌. രാജ്യത്ത്‌ നടക്കുന്ന നിയമവ്യവസ്ഥകളെ ലംഘിച്ചായിരുന്നു സമരം.

അയ്യപ്പഭക്തര്‍ക്ക്‌ സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടായിരുന്നു. അതാണ്‌ അവര്‍ നടപ്പാക്കിയത്‌. ശബരിമലയില്‍ ദര്‍ശനത്ത്‌ എത്തിയ ഭക്തര്‍ക്ക്‌ നേരെ വലിയ തോതില്‍ ആക്രമണങ്ങളുണ്ടായി. അവിടെ വന്ന വനിതകള്‍ക്ക്‌ നേരെ തെറിവിളികളും ആക്രമണസ്വഭാവവും സംഘപരിവാര്‍ പ്രകടപ്പിച്ചു. അതേസമയം തന്നെ അവരുടെ വീടുകളും സംഘപരിവാര്‍ ആക്രമിച്ചു.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്‌ അയ്യപ്പഭക്തരുടെ പ്രതിഷേധമാണ്‌ ശബരിമലയില്‍ കണ്ടത്‌ എന്നാണ്‌. പക്ഷേ ആക്രമണം അഴിച്ചുവിട്ടത്‌ സംഘപരിവാറാണ്‌. അതു കൊണ്ടാണ്‌ ശബരിമലയിലേക്ക്‌ വരുന്ന സ്‌ത്രീകളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടത്‌. ശബരിമലയിലേക്ക്‌ വരാന്‍ സാധ്യതയുള്ള സ്‌ത്രീകളുടെ വീടുകള്‍ ആക്രമിക്കുന്നതിന്‌ മുന്‍കൂട്ടി അവര്‍ പദ്ധതിയിട്ടിരുന്നു. ഇരുമുടിക്കെട്ടുമായി അയ്യപ്പ ഭക്തരെന്ന്‌ തോന്നിപ്പിക്കുന്ന രീതിയില്‍ വരാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്‌തിരുന്നു.

ചില വോയിസ്‌ മെസേജുകള്‍ ഇതു സംബന്ധിച്ച്‌ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്‌. ഇത്‌ കാണിക്കുന്നത്‌ സംഘപരിവാര്‍ ആസൂത്രിതമായ നീക്കം ആക്രമണത്തിന്‌ പിന്നില്‍ നടത്തിയെന്നാണ്‌.

ഈ നീക്കങ്ങള്‍ക്ക്‌ ആര്‍എസ്‌എസ്‌ നേതൃത്വം കൊടുത്തു. ഭക്തിയുടെ പേര്‌ പറഞ്ഞ്‌ ആക്രമികളെ ഉപയോഗിച്ച്‌ ശബരിമലയെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടിരുന്നു. ശബരിമലയെ ആക്രമികളുടെ കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്‌. അത്‌ വ്യാമോഹമാണ്‌.

ശബരിമലയില്‍ ശാന്തിയും സമാധനവും കൊണ്ടു വരുന്നതിന്‌ അവിടെ കേന്ദ്രീകരിച്ചിരിക്കുന്ന ക്രമിനലുകളെ പുറത്താക്കണമെന്നതാണ്‌. ഇത്‌ സര്‍ക്കാരിന്റെ പ്രാഥമിക ബാധ്യതയാണ്‌. ക്രിമിനലുകളെ ശബരിമലയില്‍ നിന്നു പുറത്താക്കും

50 വയസ്‌ കഴിഞ്ഞ ഭക്തരായ സ്‌ത്രീകള്‍ക്ക്‌ പോലും നടപ്പന്തിലില്‍ നിന്നും കൈയേറ്റം നേരിടേണ്ടി വന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഭക്തര്‍ക്കാണ്‌ ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വന്നത്‌. എല്ലാ വര്‍ഷവും ശബരിമലയില്‍ വ്യത്യസ്‌ത രീതിയിലുള്ള അവലോകന യോഗങ്ങള്‍ നടക്കുന്നുണ്ട്‌. ഈ അവലോകന യോഗത്തിന്‌ വന്ന വനിതകളെ പ്രതിഷേധക്കാര്‍ എന്നു പറയുന്നവരും ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരും പരിശോധിച്ചതായി പരാതിയുണ്ട്‌. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ്‌ ഇടപെടുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.മുഖ്യമന്ത്രിപറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക