Image

ശബരിമലയുടെ ഉടമസ്ഥാവകാശം തിരികെ വേണം; മലയരയ സഭ സുപ്രീം കോടതിയിലേക്ക്

Published on 23 October, 2018
ശബരിമലയുടെ ഉടമസ്ഥാവകാശം തിരികെ വേണം; മലയരയ സഭ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയിലേക്ക്. അയ്യപ്പന്‍ മലയരയനായിരുന്നുവെന്ന് മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു. അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമല. തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നെന്നും പി.കെ സജീവ് കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തെ തമസ്‌കരിക്കുകയാണിപ്പോള്‍. ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഒരു നൂറ്റാണ്ടോളം കേരളത്തില്‍ ചോള സാന്നിധ്യം ഉണ്ടായിരുന്നതിന് തെളിവുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധി ദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് വാക്ക് കൊടുത്തിരുന്നത്. അതിന്റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പല മേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും മലയരയ വിഭാഗത്തെ ഓടിച്ചു. അയ്യപ്പന്റെ വളര്‍ത്തച്ഛനായ പന്തളം രാജാവിനെക്കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നില്ലെന്നും പി.കെ സജീവ് ചോദിച്ചു. 

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയവയ വിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ചു. കാലകാലങ്ങളായി ശബരിമലയില ക്ഷേത്രത്തിലേയും കരിമല ക്ഷേത്രത്തിലേയും ആരാധന നടത്തിയിരുന്നത് മലയരയ വിഭാഗമാണ്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായി തട്ടിയെടുത്തു. 1883ല്‍ സമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് കൂട്ടിച്ചേര്‍ത്തു

ശബരിമലയില്‍ സ്ത്രീപുരുഷ അന്തരം മലയരയ സഭ കാണുന്നില്ല. മലയരയ സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും പി.കെ സജീവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക