Image

ദുല്‍ഖറിനെപ്പോലെ കൈകഴുകാനില്ല; അവള്‍ക്കൊപ്പം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യു.സി.സി രൂപീകരിച്ചത്: റിമ കല്ലിങ്കല്‍

Published on 23 October, 2018
ദുല്‍ഖറിനെപ്പോലെ കൈകഴുകാനില്ല; അവള്‍ക്കൊപ്പം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യു.സി.സി രൂപീകരിച്ചത്: റിമ കല്ലിങ്കല്‍

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണമെന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യു.സി.സി എന്ന സംഘടന ആരംഭിച്ചതെന്ന് റിമ കല്ലിങ്കല്‍. ദൂല്‍ഖര്‍ സല്‍മാനെപ്പോലെ ഇരു ഭാഗത്തും നില്‍ക്കാനില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ തങ്ങളില്ലെന്നും ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമാണ് ബോധ്യത്തിലാണ് ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങിയത്. ആരേയും ദ്രോഹിക്കാനല്ല. പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലര്‍ക്കും എതിരെ നില്‍ക്കേണ്ടി വരുമെന്നും റിമ പറഞ്ഞു.

ദുല്‍ഖര്‍ പറയുംപോലെ ഞാനാരുടേയും ഭാഗം എടുക്കില്ല. കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ദുല്‍ഖറിന് അങ്ങനെ പറഞ്ഞ് കൈകഴുകാന്‍ പറ്റുമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് കഴിയില്ല. അതിന് കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാംറിമ പറഞ്ഞു

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദുല്‍ഖര്‍ പ്രതികരിച്ചത്. ദിലീപ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആക്രമിക്കപ്പെട്ടവരേയും ഇരയാക്കപ്പെട്ടവരേയും തനിക്ക് കുട്ടിക്കാലം മുതല്‍ അറിയാമെന്നും ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നുമായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. അത്തരമൊരു കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്ന് തനിക്കറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. 

മഞ്ജു വാര്യര്‍ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട് എന്ന് റിമ മറുപടി നല്‍കി. ഡബ്ല്യു.സി.സി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലായിരിക്കുമെന്നും റിമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക