Image

ദിലീപിന്റെ പ്രവൃത്തി സംഘടനയെ തകര്‍ക്കാന്‍ വേണ്ടി: ലിബര്‍ട്ടി ബഷീര്‍

Published on 25 October, 2018
ദിലീപിന്റെ പ്രവൃത്തി സംഘടനയെ തകര്‍ക്കാന്‍ വേണ്ടി:  ലിബര്‍ട്ടി ബഷീര്‍
മോഹന്‍ലാലിനെയും താരസംഘടനയായ എ.എം.എം.എയെയും തരംതാഴ്‌ത്തുകയായിരുന്നു കഴിഞ്ഞ ദിവസം ദിലീപ്‌ തന്റെ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയെന്ന്‌ നിര്‍മ്മാതാവും സിനിമ എക്‌സിബിറ്റ്‌ അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മോഹന്‍ലാലിനെതിരെയും നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂരിനെതിരെ ആരോപണവുമായി വന്ന ആളാണ്‌ ദിലീപ്‌ എന്ന്‌ മറക്കരുത്‌.

താന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുത്‌ എന്ന ദുഷിച്ച ചിന്താഗതിയില്‍ നിന്നാണ്‌ ദിലീപ്‌ മോഹന്‍ലാലിനെതിരെയും താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെയും ഇത്തരത്തിലൊരു പോസ്റ്റിട്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

രാജിക്കത്ത്‌ പുറത്ത്‌ വിടേണ്ട കാര്യമില്ല. അടുത്ത എക്‌സിക്യൂട്ടീവിലെ ദിലീപിനെ തള്ളണോ സ്വീകരിക്കണോ എന്നെല്ലാം തീരുമാനിക്കൂ. ദിലീപ്‌ കേസില്‍ പെട്ട പ്രതിയാണ്‌. തുടക്കം മുതല്‍ സമൂഹമധ്യത്തില്‍ നിന്നു രക്ഷപെടാന്‍ വേണ്ടി പല തന്ത്രങ്ങളും ദിലീപ്‌ പ്രയോഗിക്കുന്നുണ്ട്‌. സിനിമാക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ്‌ അകന്നു കൊണ്ടിരിക്കുകയാണ്‌.

അതു തിരിച്ചു പിടിക്കാനുള്ള നാടകമാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌. രാജിക്കത്തില്‍ പറയുന്നത്‌ സംഘടനയുടെ നന്‍മയ്‌ക്കു വേണ്ടിയാണ്‌ രാജി വെയ്‌ക്കുന്നതെന്നാണ്‌ ദിലീപ്‌ പറയുന്നത്‌. അങ്ങനെയെങ്കില്‍ സംഘടനയെ കുറ്റപ്പെടുത്തിക്കൊണ്ടാണോ രാജിക്കത്തെഴുതേണ്ടത്‌.

ആ രാജിക്കത്തില്‍ മോഹന്‍ലാലിനെയും സംഘടനയെയും വളരെ മോശമായിട്ടാണ്‌ എഴുതിയിരിക്കുന്നത്‌. ഇതിപ്പോള്‍ ജ്യേഷ്‌ഠസഹോദരനായ മോഹന്‍ലാലിനോട്‌ ആലോചിച്ചിട്ടാണ്‌ രാജിത്ത്‌ തയ്യാറാക്കിയതെന്നാണ്‌ കത്തില്‍ പറയുന്നത്‌. അതേ സമയം തന്നെ പുറത്താക്കിയിട്ടില്ല എന്നും പറയുന്നു. ദിലീപിനെ പുറത്താക്കിയെന്ന്‌ ഏതെങ്കിലും പത്രസമ്മേളനത്തിലോ മറ്റോ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടോ? അമ്മയെന്ന സംഘടനയില്‍ നിന്നും പുറത്തു പോകേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ ഫേസ്‌ബുക്ക്‌ പോസ്റ്റും രാജിക്കത്തും. ഇതൊരു നാടകമല്ല.

മോഹന്‍ലാലിനെയും താരസംഘടനയായ അമ്മയെയും തരംതാഴ്‌ത്താന്‍ വേണ്ടി ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടോ അല്ലെങ്കില്‍ മന:പൂര്‍വമോ ചെയ്‌തതാണ്‌. പുറത്താക്കി എന്ന്‌ ഒരു മാധ്യമങ്ങളിലും വാര്‍ത്ത വന്നിട്ടില്ല. മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞിട്ടുമില്ല. അത്‌ ദിലീപ്‌ സ്വയം ഉണ്ടാക്കിയതാണ്‌. ഇപ്പോള്‍ ദിലീപ്‌ ചെയ്‌ത കാര്യങ്ങള്‍ താരസംഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണ്‌.

താനില്ലാത്ത സംഘടന ഉണ്ടാകരുത്‌ എന്ന ദുഷിച്ച ചിന്താഗതിയോടെയാണ്‌ മോഹന്‍ലാലിനും സംഘടനയ്‌ക്കുമെതിരേ ഇങ്ങനെയൊരു ഫേസ്‌ബുക്ക്‌ പോസ്റ്റുമായി രംഗത്ത്‌ വന്നത്‌. ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. 

ദിലീപിന്റെ രാജി താരസംഘടനയായ എ.എം.എം.എ ചോദിച്ചു വാങ്ങിയതാണെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവന ദിലീപ്‌ പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. രാജി വച്ചത്‌ സംഘടന ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും താന്‍ സ്വയം രാജി വച്ചതാണെന്നും വ്യക്തമാക്കി രാജിക്കത്ത്‌ സഹിതമാണ്‌ ദിലീപ്‌ കഴിഞ്ഞദിവസം ഫേസ്‌ബുക്ക്‌ പോസ്റ്റിട്ടത്‌. രാജിക്കത്ത്‌ സ്വീകരിച്ചാല്‍ അത്‌ രാജിയാണ്‌ അല്ലാതെ പുറത്താക്കലല്ല എന്നും ദിലീപ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം എ.എം.എം.എ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിന്റെ പക്കല്‍ നിന്നും രാജി ചോദിച്ചു വാങ്ങി എന്ന മോഹന്‍ലാലിന്റെ വാദമാണ്‌ ദിലീപ്‌ ഇതോടെ പൊളിച്ചത്‌. ഈ പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ ദിലീപിന്റെ രാജിയുമായും അംഗത്വവുമായും ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌താവനയെ തുടര്‍ന്നാണ്‌ ദിലീപിന്റെ ഫേസ്‌ബുക്ക്‌ വഴിയുള്ള മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക