Image

സമ്മര്‍ദ്ദ തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍

Published on 28 October, 2018
സമ്മര്‍ദ്ദ തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍
ന്യൂയോര്‍ക്ക്: സമ്മര്‍ദ്ദ തന്ത്രം എന്നതാണ് അമേരിക്കന്‍ മലയാളി സംഘടനാ രംഗത്തെ സമീപകാല പ്രവണത. രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഇവിടെ ഇടമില്ലാത്തത്തതിനാല്‍ സമ്മര്‍ദ്ദ രാഷ്ട്രീയമെന്ന് പറയാനാവില്ലെങ്കിലും കൂട്ടിക്കിഴിച്ചെടുത്താല്‍ അതുതന്നെ എന്ന് ആര്‍ക്കും മനസിലാക്കാനാവും..

തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ്‌പോലെ കേന്ദ്രീകൃത സംവിധാനമില്ലെങ്കിലും കേന്ദ്ര സം ഘടനകളായ ഫൊക്കാനയും ഫോമയും തന്നെയാണ് അമേരിക്കന്‍ മലയാളികളുടെ അഭിപ്രായ സമന്വയത്തിന്റെ പൊതു പ്ലാറ്റ്‌ഫോം. ഈ സംഘടനകളുടെ ദേശീയ നേതാക്കള്‍ തന്നെയാകണം വിശാല സമൂഹത്തിന്റെ നാവും.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ പിന്‍നിരയിലാക്കി ഓരോ ശക്തികേന്ദ്രങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് അമേരിക്കന്‍ മലയാളി സമൂഹത്തെ പിന്നോട്ടു നയിക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമ്മര്‍ദ്ദ തന്ത്രഞ്ജര്‍ അമേരിക്കന്‍ മലയാളികളുടെ സംരക്ഷകര്‍ എന്ന മേലങ്കി സ്വയം അണിയുന്നു. അവരുടെ പേക്കൂത്തുകള്‍ കണ്ട് കേന്ദ്ര സംഘടനയുടെ നേതാക്കള്‍ വരെ മറ്റു മാര്‍ഗമില്ലാതെ കൈയടിക്കുന്നു. ഫലത്തില്‍ ജനാധിപത്യാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ കോമാളികളാക്കി സമ്മര്‍ദ്ദ തന്ത്രഞ്ജര്‍ നേട്ടങ്ങളുണ്ടാക്കുന്നു. സാമൂഹികമായും, ബിസിനസ്പരമായും.

ഏതെങ്കിലും പൊതു പ്രശ്‌നം ഉണ്ടാവുമ്പോഴാണ് ഇത്തരക്കാര്‍ അമിട്ടുകളുമായി ആദ്യമേ രംഗത്തെത്തുക. നാടിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോജിക്കുക എന്ന ആഹ്വാനവുമായി ഇവര്‍ ഒരുമുഴം മുമ്പേ രംഗത്തെത്തും. ഈമെയില്‍, ഫേസ്ബുക്ക്, വാട് സ് ആപ് സന്ദേശങ്ങളിലൂടെയാണ് ആഹ്വാനങ്ങള്‍. ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടല്ല ഇതൊന്നും. അതവര്‍ സ്വയമേ നടത്തുന്നതാണ്. സമാന ചിന്താഗതിക്കാര്‍ ഇത് ഏറ്റു പിടി ക്കുന്നതോടെ ഒരു കോക്കസ് രൂപം കൊളളുകയായി. പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ചിട്ടപ്പെടുത്തുന്നതും ഇവര്‍ തന്നെ.

നാട്ടില്‍ നിന്ന് പ്രമുഖര്‍ ആരെങ്കിലും സന്ദര്‍ശനത്തിനു വന്നാല്‍ ഈ കോക്കസ് പൊടുന്ന നെ സജീവമാവും. പ്രമുഖന്റെ യാത്രാ പരിപാടി നിശ്ചയിക്കുന്നതും മീറ്റിംഗുകള്‍ നിയന്ത്രിക്കുന്നതും ഇക്കൂട്ടര്‍ തന്നെ. ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടല്ല. അത് അവരങ്ങ് ഏറ്റെടുക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനമാണ് ഏറ്റവും പുതിയ ഉദാഹരണം. പ്രളയദുരിത കേരളത്തിനായി വിഭവ സമാഹരണം ലക്ഷ്യമിട്ടാ ണ് മുഖ്യമന്ത്രി മീറ്റിംഗിനെത്തിയത്. എന്നാല്‍ മീറ്റിംഗിന് ആഴ്ചകള്‍ക്കു മുമ്പേ സ്വയംഭൂവാ യ നേതാക്കള്‍ നിബന്ധനകള്‍ പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി ആരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കില്ല, ആരുടെ ഒപ്പം നിന്നും ഫോട്ടോയും എടുക്കില്ല. കേരളത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിക്കും. അതൊക്കെ കേട്ട് നീറുന്ന മനസുമായി വീ ട്ടില്‍ പോയി പിന്നാലെ വരുന്ന മന്ത്രിയെ ഏല്‍പ്പിക്കാന്‍ ദുരിതാശ്വാസ ചെക്കുകള്‍ എഴുതി വയ്ക്കുക.

ആരാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അറിയില്ല. ഇത്രയും വിവരമില്ലാത്ത തീരുമാനം തുഗഌക്കിന്റെ കാലത്തു പോലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സംഭാവന സ്വീകരിക്കുന്നില്ലെങ്കില്‍ വേണ്ട; അതൊക്കെ ആ മീറ്റിംഗില്‍ ശേഖരിച്ച് അദ്ദേഹത്തിന് കൈമാറാമല്ലോ. അതിലാരും ശ്രദ്ധ ചെലുത്തി കണ്ടില്ല.

മുഖ്യമന്ത്രിക്ക് നേരിട്ട് സംഭാവന നല്‍കാന്‍ തയാറായി എത്തിയ ഒരാളോട് ഇപ്പോള്‍ വേണ്ട പിന്നീട് വരുന്ന മന്ത്രിയെ ഏല്‍പ്പിച്ചാല്‍ മതി എന്ന നിബന്ധന വച്ചാല്‍ അത് അംഗീകരിക്കുമെന്ന് കരുതാനാവില്ല. ഇപ്പോള്‍ വേണ്ടെങ്കില്‍ വേണ്ട, ആര്‍ക്ക് ചേതം എന്നു കരുതി അദ്ദേഹം സ്വന്തം കാശ് അക്കൗണ്ടില്‍ കിടക്കട്ടെ എന്നു കരുതും.മാത്രവുമല്ല നേരിട്ട് സംഭാവനകള്‍ സ്വീകരിക്കാതിരുന്ന ആളുമല്ല മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഓഫിസിലെത്തി സംഭാവനകള്‍ നല്‍കിയവരില്‍ നിന്നും നേരിട്ട് സ്വീകരിച്ചതിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിരിക്കുന്നു. അന്നൊന്നും നേരിട്ട് സ്വീകരിക്കാനാവില്ല അതിനാ ല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കുക എന്നദ്ദേഹം പറഞ്ഞതായും കേട്ടിട്ടില്ല.

ന്യൂയോര്‍ക്കില്‍ വച്ച് മുഖ്യമന്ത്രി സംഭാവന സ്വീകരിച്ചിരുന്നെങ്കില്‍ നല്ലൊരു തുക പിരിഞ്ഞു കിട്ടിയേനേ. മാത്രവുമല്ല ചൂടാറും മുമ്പേ സംഭാവന നേടിയെടുക്കുകയാണ് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്. കാലം പിന്നിടുമ്പോള്‍ ദുരിതത്തിന്റെ കണ്ണീര്‍ക്കയങ്ങങ്ങള്‍ ആരും മറക്കും. ആദ്യമുളള ഉത്‌സാഹമൊന്നും പിന്നീട് ഉണ്ടായെന്നു വരില്ല.

മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ ഇത്തരം നിബന്ധനകള്‍ വച്ചത് എന്ന് നിശ്ചയമില്ല. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ക്കോ ഒന്നും ഇതേക്കുറിച്ച് വിവരമില്ല. എന്തിനേറെ ലോക കേരളസഭ എന്ന സംവിധാനത്തില്‍ അംഗമായുളളവര്‍ക്കും ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഫലത്തില്‍ ഒരു കോക്കസ് രൂപരേഖകള്‍ ചിട്ടപ്പെടുത്തി എന്നതാണ് വസ്തുത. ഒരു സംഘടനയുടെയും ഭാരവാഹിത്വം വഹിക്കുന്നവരല്ല ഇക്കൂട്ടര്‍. ചില പിടിപാടുകളിലൂടെ ചുമതലേയേറ്റവരാണിവര്‍. അവര്‍ക്ക് അവരുടേതായ ഉദ്ദേശങ്ങളുണ്ട്. ആവട്ടെ. അതിന് അമേരിക്കന്‍ മലയാളികളെന്ന ലേബല്‍ എന്തിനവര്‍ ഉപയോഗിച്ചു എന്നതാണ് ചോദ്യം. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സംഘടനാ നേതൃത്വത്തെ അവഗണിച്ചു കൊണ്ട് ഇത്തരം കോക്കസുകള്‍ പിടിമുറുക്കുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് ദേഷമാവുകയേ ഉളളൂ എന്നു പറയാതെ വയ്യ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക