Image

ചില ‘പ്ലാന്‍ ബി’ ചിന്തകള്‍. (ജോസഫ് ഏബ്രഹാം)

Published on 28 October, 2018
ചില ‘പ്ലാന്‍ ബി’ ചിന്തകള്‍. (ജോസഫ് ഏബ്രഹാം)
ശബരിമല വിഷയത്തില്‍ കോടതിവിധിക്കൊപ്പമെന്ന വളരെ വ്യക്തമായ നിലപാടാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനുമുള്ളത്. സ്വാഭാവികമായും ഇത്തരം വിഷയത്തില്‍ ഇടതുപക്ഷ നിലപാടുള്ള പാര്‍ട്ടികള്‍ക്ക് അത്തരത്തിലൊരു നിലപാടാണെടുക്കാന്‍ കഴിയുകയുള്ളൂ. എങ്കില്‍പ്പോലും വോട്ടു ബാങ്കിലൊന്നു കൂസാതെയുള്ള ഈ നിലപാട് തീര്‍ത്തും ധീരവും പ്രശംസ അര്‍ഹിക്കുന്നതുമാണ്.

ഇപ്പോഴുണ്ടായിരിക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥകള്‍ ഒന്നുംതന്നെ കേരളസര്‍ക്കാരിന്റെ സൃഷ്ട്ടിയല്ല എന്നുള്ളതാണ് വസ്തുത. ഇനി അഥവാ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു നിലപാട് എടുത്തിരുന്നുവെങ്കില്‍പ്പോലും ഇപ്പോഴത്തെ വിധിയില്‍ നിന്ന് വിത്യസ്തമായ മറ്റൊരു വിധിയാകുമായിരുന്നു കോടതി നടത്തുകയെന്നു കരുതാനും കഴിയില്ല.

പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച് കോടതി കയറിയതും സംഘപരിവാര്‍.പ്രശ്‌നം ആളിക്കത്തിക്കുന്നതും സംഘപരിവാര്‍. അതുപോലെതന്നെ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ളവരും അവര്‍ തന്നെയാണ്. ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ തന്ത്രം പിഴച്ചതും മറുതന്ത്രമായ പ്ലാന്‍ ബി പ്രകാരം തന്ത്രിയുടെയും ശശി രാജാവിന്‍റെയും പിഴകള്‍ എണ്ണിപ്പറഞ്ഞു നിന്നുപെഴക്കാന്‍ പെടാപ്പാടുപ്പെടുന്നതും.

ശബരിമല വിധി ഒരു വൈകാരികമായ പ്രശ്‌നമായി മാറുമെന്നൂഹിക്കാന്‍ അധിക ബുദ്ധിയൊന്നും ആവശ്യമില്ല. അമിത് ഷാ പ്രത്യേക വിമാനം പിടിച്ചു കണ്ണൂരില്‍ വന്നതിന്റെയും കാര്യം ഇതുതന്നെയാണ്.ജാതിയും വര്‍ഗീയതയുമല്ലാതെ മറ്റു മെച്ചപ്പെട്ട കാര്യപരിപാടികളൊന്നുമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. എവിടെയൊക്കെ അവര്‍ അധികാരത്തില്‍ കയറിയിട്ടുണ്ടോ അല്ലെങ്കില്‍ അധികാരം നിലനിര്‍ത്തിയിട്ടുണ്ടോ അതെല്ലാം മതവും വിശ്വാസവുംജാതിയും സമാസമം ചേര്‍ത്തുള്ള നുണകളുടെ അടുപ്പില്‍വച്ചു ഊതിക്കത്തിച്ച കലാപത്തിന്റെ യാഗാഗ്‌നിയിലൂടെ മാത്രമാണെന്നത് മനസ്സിലാക്കാന്‍ വലിയ രാഷ്രീയ ജ്ഞാനമൊന്നും ആവശ്യമില്ല. വികസന വാഗ്ദാനങ്ങളൊക്കെയും വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാത്രമാണെന്ന് തുറന്നു പറയാനുള്ള സത്യസന്ധതയെങ്കിലും കുറഞ്ഞപക്ഷം അവര്‍ ഇപ്പോഴും കാണിക്കുന്നുമുണ്ട്.

തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്‍റെ സാബത്തിക അടിത്തറ തകര്‍ന്നു. വളര്‍ച്ചാനിരക്കെന്നത് നിറംപിടിപ്പിച്ച വെറും നുണകള്‍ മാത്രമെന്ന് സാമ്പത്തികവിദഗ്ധര്‍. സാധാരണക്കാരുടെ ജീവിതം വിലക്കയറ്റത്തിന്റെ ദുസ്സഹമായ വറുതിയില്‍. അവസാനമില്ലാത്ത കര്‍ഷക ആത്മഹത്യകള്‍. ഇതൊന്നും കൂടാതെ വലിയ വലിയ അഴിമതികളുടെയും കുംഭകോണങ്ങളുടെയും കരിനിഴലില്‍ നില്‍ക്കുന്ന ബി ജെ പ്പിക്ക് അടുത്ത തിരെഞ്ഞെടുപ്പ് താണ്ടാന്‍ പറ്റിയ ഒരു വിഷയം വേണം.

പാക്കിസ്ഥാനും അതിര്‍ത്തിയിലെ ജവാന്മാരുമെന്ന വിഷയം ഇപ്പോള്‍ അത്ര ഏശുന്നില്ല. രാമക്ഷേത്രത്തിന്മേല്‍ ആര്‍ക്കും ഇപ്പോള്‍ വലിയ ആവേശവുമില്ല. ക്ഷേത്രങ്ങള്‍ പണിതാലും ഇല്ലേലും വലിയ രാഷ്ട്രീയ നേട്ടമൊന്നുമില്ലന്നു കണ്ടപ്പോള്‍ രാജ്യം മുഴുവന്‍ കക്കുസുകള്‍ തോണ്ടാം എന്ന വിപ്ലവകരമായ തീരുമാനമെടുത്തു. എന്നിട്ടും ജനങ്ങള്‍ ഇപ്പോഴും തൂറാനിരിക്കുന്നത് റെയില്‍വേ ട്രാക്കിലെ ഉരുക്ക് ക്ലോസറ്റിന്മേല്‍ തന്നെ. അല്ലേത്തന്നെ തിന്നാനില്ലാത്തവന്‍റെ മുന്‍പില്‍ തൂറല്‍ എന്നത് ഒരു നൈഷഠിക വിഷയമായി മാറുകയുമില്ല.

അങ്ങനെയിരിക്കെയാണ് സുപ്രീംകോടതി വിധിയുടെ രൂപത്തില്‍ ശബരിമല വിഷയം കിട്ടുന്നത്. ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയിലെങ്കിലും കുറച്ചുകാലം ഹൌസ് ഫുള്ളായി ഓടിക്കാന്‍ പറ്റിയ ഒരു ത്രില്ലറാണത്. ഇനി ഇതിന്റെ പേരില്‍ കുറച്ചു ബലിദാനികളെക്കൂടിഒത്തു കിട്ടിയാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. പണ്ട് അയോധ്യയിലേക്ക് അദ്വാനിയുടെ രഥം ഉരുട്ടിയപോലെ അമിത്ഷായ്ക്കും ഒരു രഥമുരുട്ടല്‍ നടത്താം. റാഫേലും അമ്പാനിയുമൊക്കെയെന്നു പറഞ്ഞു രാഹുല്‍ ഗാന്ധിയും അമ്മച്ചിയും വരുമ്പോഴേക്കും രാഹുല്‍ ഈശ്വരിന്റെ പ്ലാന്‍ ബി യിലൂടെ അമിത് ഷാ തേര് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കും. 

യഥാര്‍ത്ഥത്തില്‍ ബി ജെ പി, വിശ്വാസികള്‍ക്ക് ഒപ്പമെങ്കില്‍ ഈ വിഷയം ഒരു ഓര്‍ഡിനന്‍സിലൂടെ അവര്‍ക്ക് നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയുമെന്നു നിയമവിദ്ഗധര്‍ പറയുന്നുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ലമെന്‍റില്‍ ശബരിമല വിധിയെ മറികടക്കാന്‍ ഒരു നിയമ നിര്‍മ്മാണം നടത്തിയാല്‍ യാതൊരു എതിര്‍പ്പും കൂടാതെ അത് പാസാക്കി എടുക്കാനും കഴിയും. പക്ഷെ വേണ്ടത് പരിഹാരമല്ലല്ലോ ആളിക്കത്തിക്കാന്‍ പറ്റിയഅഗ്‌നിയാണ്. അതവര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. അതിലേക്കു കേരള സര്‍ക്കാര്‍ തിരക്കിട്ട് തല വച്ചു കൊടുക്കുകയും ആപ്പ് വലിച്ചൂരിയ വാനരന്‍റെ അവസ്തയില്‍ എത്തുകയും ചെയ്തു.

ഇന്നിപ്പോ കേരളത്തിലെ ജനങ്ങള്‍ക്കാര്‍ക്കും മറ്റുയാതൊരുവിധ പ്രശ്‌നവുമില്ല. ഇന്ധന വിലക്കയറ്റമോ, പ്രളയദുരിതമോ, അഴിമതിയോ ഒന്നും വാര്‍ത്തയല്ല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ഗൌരവമായ ചര്‍ച്ചയായി വരേണ്ടതിനു പകരം മാസമുറയും തീണ്ടാരി തുണികളുടെ ഇഴകീറിയുള്ള പരിശോധനയും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പൊടി പൊടിക്കുന്നു.

വിശ്വാസത്തിന്റെ മലവെള്ളപാച്ചിലില്‍ തങ്ങളുടെ കാലിന്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് പെട്ടന്നുതന്നെ കേരളത്തിലെ കോണ്ഗ്രസുകാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടവര്‍ ഉടന്‍തന്നെ നിലപാടു മാറ്റി ആചാരവിശ്വാസികളുടെ കൂടെ ചേര്‍ന്നു. സി പി എമ്മിന്റെ കൊണ്ഗ്രസ്സ് വിരുദ്ധ നിലപാട് പോലെയാണ് കോണ്ഗ്രസ്സിന്റെ ശബരിമല നിലപാടും. കേരളത്തില്‍ അവര്‍ രാഹുല്‍ ഈശ്വരിന്റെ കൂടെയും അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ഗാന്ധിയുടെ കൂടെയും.

ഈ കളിയില്‍ ഒന്ന് സമനില പിടിക്കാന്‍, ഒരു ഗോളടിക്കുന്നതിനു വേണ്ടി പ്ലാന്‍ ബി ആയി മാളികപ്പുറം സരിതയെ ഒന്നിറക്കി നോക്കുന്നത് കണ്ടു. പറ്റുബുക്കില്‍ പേരുള്ളവരുടെ പേരില്‍ കേസെടുത്തു തീണ്ടാരി ചര്‍ച്ചകള്‍ ഒന്ന് വഴി തിരിച്ചു വിടാനൊരുമന്ത്രം.പക്ഷെ ആറിയ കഞ്ഞി പഴങ്കഞ്ഞി ഇപ്പോള്‍ വേണ്ട പിന്നെ നോക്കാം എന്ന പഴമൊഴി പറഞ്ഞു ബൂര്‍ഷാ ചാനലുകാരെല്ലാം ഒരു നേരത്തെ സ്‌ക്രോളിംഗില്‍ അതിനെ ഒതുക്കിക്കളഞ്ഞു. വെള്ളാപ്പള്ളിയാണെങ്കില്‍ അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന മട്ടില്‍ നിലപാടുകള്‍ മാറ്റി മാറ്റി പറയുന്നു. നായന്മാരെല്ലാം പിള്ളേച്ചന്റെ ഒപ്പമാണെന്നു നയം വ്യക്തമാക്കിയ സ്ഥിതിക്ക് കാര്യങ്ങള്‍ ഒക്കെ കൈവിട്ട സ്ഥിതി.

പന്ത് സംഘപരിവാരത്തിന്‍റെ കോര്‍ട്ടിലിട്ടുകൊടുത്തു ഗാലറിയില്‍ ചുമ്മാ കളികാണാന്‍ ഇരിക്കാമായിരുന്നു ഭരണമുന്നണിക്കും മുഖ്യമന്ത്രിക്കും. എന്നാല്‍ അതിനു പകരമവര്‍ ആദ്യം തന്നെ മുന്‍നിരയില്‍ കളിക്കാന്‍ ഇറങ്ങി. പക്ഷെ ഒരു സമനില ഗോളടിക്കാന്‍പോലും അവസരം കിട്ടാതെ ഓടിത്തളരുകയാണവരിപ്പോള്‍.

എപ്പോഴും തങ്ങളുടെ നിലപാട് അതിശക്തമായി ജനങ്ങളെ അറിയിക്കുന്നതില്‍ മികവു കാട്ടിയിരുന്ന ഇടതുമുന്നണി ഇപ്പോഴതില്‍ അമ്പേ പരാജയപ്പെട്ടുവെന്നു മാത്രമല്ല സംഘ പരിവാറിന്റെ മുന്‍പില്‍ നിലതെറ്റി പതറിനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

കേരളം മുഴുവന്‍ ഓടി നടന്നു കൈയടികള്‍ക്കായി ചില അറ്റകൈ പ്രയോഗങ്ങളു വെല്ലുവിളികളും മുഖ്യമന്ത്രി നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്കാരായ വിശ്വാസികള്‍പ്പോലും അതിലൊന്നും അത്ര സംതൃപ്തരല്ല എന്നുള്ളതാണ് വസ്തുത. എന്തായാലും സഖാവെ അത്രപെട്ടന്നങ്ങ് എടുത്തു ചാടേണ്ടായിരുന്നു.ഒരു തന്ത്രപരമായ കാത്തിരുപ്പ് എന്നതും വിവേകം തന്നെയാണ്.ഒന്നുവല്ലേലും നിങ്ങളൊക്കെ കൊറേ കോടതിവിധികള്‍ കണ്ടവര്‍ അല്ലായിരുന്നോ?ഇനിപ്പോ പറഞ്ഞിട്ടെന്താകാര്യം കാര്യങ്ങള്‍ മൊത്തം കുളമായ സ്ഥിതിക്ക് സാക്ഷാല്‍ അയ്യപ്പന്‍ തന്നെ ഒരു പോംവഴി കാണിക്കട്ടെ എന്ന് ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക