Image

എന്തൊരു മനുഷ്യനാണിത്: മമ്മൂട്ടിയെക്കുറിച്ച് 'യാത്ര'; സംവിധായകന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

Published on 01 November, 2018
എന്തൊരു മനുഷ്യനാണിത്: മമ്മൂട്ടിയെക്കുറിച്ച് 'യാത്ര'; സംവിധായകന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം 'യാത്ര' എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുന്ന ഘട്ടത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് സംവിധായകന്‍ മഹി വി രാഘവ് എഴുതിയിരിക്കുന്നത്. മാര്‍ഗ ദര്‍ശിയും നല്ലൊരു മനുഷ്യനുമാണ് മമ്മൂട്ടി എന്നാണ് സംവിധായകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 


മമ്മൂട്ടിയ്‌ക്കൊപ്പമുള്ള യാത്രയുടെ അവസാനത്തില്‍
390ല്‍ അധികം സിനിമകള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, 60ല്‍ അധികം നവാഗത സംവിധായകര്‍ക്കൊപ്പമുള്ള സിനിമകള്‍, അതിനെല്ലാമപ്പുറത്ത് ഒരു വലിയ മാര്‍ഗ ദര്‍ശിയും നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.
അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. സൂര്യാസ്തമനത്തിലേക്ക് നടന്നു പോകുമ്പോളും ഇതിഹാസമായി തന്നെ നിലനില്‍ക്കാം. അതിഥിയെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പാരമ്പര്യവും സംസ്‌കാരവുമാണ്. ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം അദ്ദേഹം ഉയര്‍ന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കദ്ദേഹത്തെ വിമര്‍ശിക്കുകയും കീറിമുറിക്കുകയും ചെയ്യാം. നിരൂപകര്‍, പ്രേക്ഷകര്‍ എന്നീ നിലകളില്‍ നിങ്ങള്‍ക്ക് അതിനുള്ള അധികാരമുണ്ട്.
പക്ഷെ ഈ നടന്‍ തെലുങ്കില്‍ തിരക്കഥ കേട്ടയാളാണ്. ഓരോ വാക്കിന്റേയും അര്‍ത്ഥം പഠിച്ച ആളാണ്. ഓരോ വാക്കും തന്റെ സ്വന്തം ഭാഷയിലേക്ക് പകര്‍ത്തി പഠിച്ച് അസാധ്യമായി പറഞ്ഞ ആളാണ്. സംഭാഷണത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് അദ്ദേഹം. അദ്ദേഹത്തിന് നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും സിനിമകളോടും സ്‌നേഹവും ആരാധനയുമുണ്ട്.
ഇതില്‍ കൂടുതലൊന്നും എനിക്ക് അദ്ദേഹത്തില്‍ നിന്നും ചോദിക്കാനില്ല. ഹൃദയത്തില്‍ കൈചേര്‍ത്തു വച്ച് ഞാന്‍ പറയുന്നു, ഈ കഥാപാത്രവും തിരക്കഥയും അദ്ദേഹം അഭിനയിച്ചു ജീവിച്ചതു പോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ല അദ്ദേഹം ശരിക്കും മാജിക്കാണ്. അത്ഭുതമാണ്. നമ്മുടെ ഈ യാത്രയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടവനാണ്

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹി വി രാഘവ് ചിത്രം ഒരുക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് 'യാത്ര' എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വൈഎസ്ആര്‍ ആണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക