Image

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന്‌ സുപ്രീംകോടതി

Published on 02 November, 2018
ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന്‌ സുപ്രീംകോടതി
ശബരിമലയിലെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന്‌ സുപ്രീംകോടതി.

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി നില നിര്‍ത്തേണ്ട കാര്യമെന്തിനെന്നും പരമോന്നത കോടതി ചോദിച്ചു. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു നിര്‍മ്മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങള്‍ക്ക്‌ അറ്റകുറ്റപ്പണി നടത്താം.

നിയമവിധേയ കെട്ടിടങ്ങള്‍ക്ക്‌ മാസ്റ്റര്‍പ്ലാന്‍ പ്രകാരം അറ്റകുറ്റപ്പണി നടത്താമെന്നാണ്‌ സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്‌. എതൊക്കെ കെട്ടിടങ്ങള്‍ നിയമവിധേയമാണെന്ന്‌ കണ്ടെത്തണം.

ജില്ലാ കലക്ടര്‍, ദേവസ്വംബോര്‍ഡ്‌, സംസ്ഥാന സര്‍ക്കാര്‍ എന്നിവക്കാണ്‌ നിയമപരമായ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ചുമതല.

സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി (സെന്‍ട്രല്‍ എംപവേര്‍ഡ്‌ കമ്മിറ്റി) നല്‍കിയ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കവെയാണ്‌ കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്‌.

ശബരിമല, പമ്പ, നിലക്കല്‍ വനഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്നായിരുന്നു ഉന്നതാധികാര സമിതിയുടെ നിലപാട്‌.

കുടിവെള്ള വിതരണം, ശൗചാലയം എന്നിവയുടെ നിര്‍മ്മാണം മാത്രമെ അന്തിമ മാസ്റ്റര്‍പ്ലാന്‍ തയ്യാറാകുന്നത്‌ വരെ അനുവദിക്കാന്‍ സാധിക്കൂ. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിമ്മിക്കാന്‍ അനുവദിക്കരുത്‌.

നദിക്കരയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാരണം പ്രളയ കാലത്ത്‌ ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചിരുന്നു.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയവര്‍ക്ക്‌ എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കാന്‍ ഉത്തരവിടണമെന്ന്‌ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക