Image

നമ്മുടെ വീട്ടിലുള്ള എല്ലാവരും തുല്യരാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)

Published on 03 November, 2018
നമ്മുടെ വീട്ടിലുള്ള എല്ലാവരും തുല്യരാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)
'നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങള്‍ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം'

'മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളില്‍ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയില്‍ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്...'

'ആചാരങ്ങള്‍ ഏതു മതത്തിലേത് ആയാലും ആളുകള്‍ പിന്തുടരട്ടെ , യുക്തിവാദികള്‍ക്ക് അതിലെന്ത് കാര്യം?

ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ കുറിപ്പുകള്‍ കണ്ടിട്ട് എന്റെ അമേരിക്കയിലുള്ള ചില സുഹൃത്തുക്കളും, ചില ഫേസ്ബുക് സുഹൃത്തുക്കളും പറഞ്ഞ കമെന്റുകള്‍ ആണ് മുകളില്‍.

ഉത്തരം പറയാന്‍ കുറച്ച് വര്‍ഷങ്ങള്‍ പിന്നോട്ട് പോകണം.

'നീ പോയി ബാപ്പാക്ക് ചോറെടുത്തു വച്ചിട്ടുണ്ട് എന്ന് പറ'

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം പതിവില്ലാതെ ഉമ്മ എന്നോട് ആവശ്യപ്പെട്ടതാണ്. സാധാരണ ഉമ്മ തന്നെ ചോറെടുത്തിട്ട് വച്ച് ബാപ്പയെ വിളിക്കുന്നത് കൊണ്ട്, പതിവില്ലാതെ എന്താണ് ഒരു മാറ്റം എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അടുത്ത നാല് വര്‍ഷത്തേക്ക് ബാപ്പയ്ക്കും ഉമ്മയ്ക്കും ഇടയില്‍ ഉള്ള സംസാരം ഞങ്ങള്‍ കുട്ടികള്‍ വഴി മാത്രം ആകുമെന്ന് അന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആ സത്യം മനസിലാക്കി. ബാപ്പ വേറെ വിവാഹം കഴിച്ചു. ഉമ്മയും ബാപ്പയും പരസ്പരം സംസാരിക്കുന്നില്ല. മുന്‍പ് ആഴ്ചയില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന വഴക്ക് ദിവസേന ആയി, ബാപ്പയുടെ ഉമ്മയെ രണ്ടാമത്തെ ഭാര്യയുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. ആഴ്ചയില്‍ മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം ബാപ്പ ഞങ്ങളുടെ വീട്ടില്‍ വരാന്‍ തുടങ്ങി, ബാക്കി ദിവസങ്ങളില്‍ പാണാവള്ളിയില്‍ ഉള്ള രണ്ടാമത്തെ ഭാര്യയുടെ വീട്ടിലും.

അടുത്തുള്ള ഒരു കടയില്‍ നിന്ന് ദിവസേന വേണ്ട സാധനങ്ങള്‍ പറ്റു പറഞ്ഞു വാങ്ങാന്‍ ഏര്‍പ്പാട് ചെയ്തു. ആഴ്ചയില്‍ ഒരിക്കല്‍ ബാപ്പ ആ കടയില്‍ പൈസ കൊടുക്കും.

പക്ഷെ പതിനാലു വര്‍ഷങ്ങള്‍ കൂടെ താമസിച്ച ഒരു സ്ത്രീയെയും കുട്ടികളെയും ഇങ്ങിനെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയിട്ട് എങ്ങിനെ ഒരാള്‍ക്ക് വേറെ കല്യാണം കഴിക്കാന്‍ സാധിക്കുന്നു? ഈ നാട്ടില്‍ നിയമവും പോലീസും ഒന്നും ഇല്ലേ? എന്റെ മനസ്സില്‍ ഉദിച്ച ചോദ്യങ്ങള്‍ അതൊക്കെ ആയിരുന്നു.

ബാപ്പയുടെ ബാപ്പ ഏഴ് വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെങ്കിലും, എന്റെ സ്വന്തം ബാപ്പ രണ്ടാമത് കെട്ടിക്കഴിഞ്ഞപ്പോള്‍ ആണ് ഇസ്ലാമില്‍ ഒരു പുരുഷനു നാലുവരെ ഭാര്യമാര്‍ ഒരേ സമയം ആവാം എന്ന പ്രാകൃത നിയമത്തിന്റെ പ്രശനങ്ങളെ കുറിച്ച് എനിക്ക് ബോധ്യം വന്നത്.

ഖുര്‍ആന്‍ വായിച്ചു നോക്കിയപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ ആയി. ഖുറാനില്‍ നാലു കെട്ടാം എന്ന് പറയുന്നത് അനാഥ സ്ത്രീകളെകുറിച്ചാണ് (https://quran.com/4/3). പ്രധാനമായും അടിമ സ്ത്രീകളെ സംരക്ഷിക്കാന്‍ ആയിരുന്നിരിക്കണം. അടിമ സമ്പ്രദായം നിലവില്‍ ഉണ്ടായിരുന്ന ഏഴാം നൂറ്റാണ്ടിലെ നിയമം ഇരുപതാം നൂറ്റാണ്ടിലെ കേരളത്തില്‍ എന്നിങ്ങനെയാണ് ബാധകം ആകുക? മാത്രമല്ല പല വിവാഹങ്ങള്‍ കഴിക്കുന്ന പുരുഷന്മാര്‍ അനാഥകളെ അല്ല കല്യാണം കഴിക്കുന്നത്. അപ്പോള്‍ ഇത് ഖുറാന് എതിരല്ലേ?

എന്റെ വീടിനടുത്തുള്ള കച്ചേരിപ്പടി സുന്നിപള്ളിയില്‍ ഉമ്മ എന്നെയും കൂട്ടി പോയി ഒരു പരാതി കൊടുത്തു. രണ്ടു ചോദ്യങ്ങള്‍ ആയിരുന്നു ഉമ്മാക്ക് ഉണ്ടായിരുന്നത്.

ആദ്യമായി ഒരാള്‍ക്ക് വേറെ വിവാഹം കഴിക്കണം എങ്കില്‍ ആദ്യ ഭാര്യയുടെ സമ്മതം വേണം എന്നാണ് ഉമ്മയുടെ അറിവ്. ബാപ്പ പോയി കല്യാണം കഴിച്ച മഹല്ലുകാര്‍ എങ്ങിനെ ആണ് ഇദ്ദേഹത്തിന് ആദ്യഭാര്യയുടെ സമ്മതം ഉണ്ടെന്നു അറിയുക?

രണ്ടാമത് എല്ലാ ഭാര്യമാരെയും ഒരേ പോലെ നോക്കാന്‍ കഴിയും എങ്കില്‍ മാത്രം വേറെ കല്യാണം കഴിക്കുക എന്നാണ് ഖുര്‍ആന്‍ പറയുന്നത്, അതിന്റെ കൂടെ തന്നെ ഒരാള്‍ക്ക് പോലും അങ്ങിനെ ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നുണ്ട് (https://quran.com/4/129), അപ്പോള്‍ എങ്ങിനെ ആണ് ഇസ്ലാമില്‍ ബഹുഭാര്യ സമ്പ്രദായം നടപ്പിലാക്കാന്‍ പറ്റുക?

പള്ളിയില്‍ ഉണ്ടായിരുന്നവരുടെ ഉത്തരം വളരെ ലളിതമായിരുന്നു.

'ഇതൊക്കെ നാട്ടുനടപ്പാണ്, മത നിയമങ്ങളെ ചോദ്യം ചെയ്യാന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നടക്കണ്ട , ഒരു മകളെ കെട്ടിച്ചു വിടാന്‍ ഉള്ളതാണ്'

അന്നെനിക്ക് മനസിലായത് രണ്ടു കാര്യങ്ങള്‍ ഉണ്ട്.

ഒന്ന്, എല്ലാ മതങ്ങളും സ്ത്രീവിരുദ്ധങ്ങള്‍ ആണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ നിയമങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് ആന മണ്ടത്തരം ആണ്.

രണ്ട് , മതങ്ങളില്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും, പുരുഷ പുരോഹിത വര്‍ഗം അതിനേക്കാളേറെ സ്ത്രീവിരുദ്ധന്മാരാണ്. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ആരും ഇല്ലെന്ന് പറയപ്പെടുന്ന ഇസ്ലാമില്‍ പോലും പുരോഹിത വര്‍ഗത്തിന് നിയമങ്ങള്‍ ഉണ്ടാക്കാനും വളച്ചൊടിക്കാനും കഴിയും.

ബാപ്പ പറഞ്ഞ കടയില്‍ നിന്ന് സാധനം വാങ്ങുന്നത് കൊണ്ട് മാത്രം സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകില്ല എന്ന് ഉമ്മ പെട്ടെന്ന് മനസിലാക്കി. അച്ചാറും കോഴിമുട്ടയും വിറ്റും, എറണാകുളം മാര്‍കെറ്റില്‍ പോയി സെക്കന്റ് ഹാന്‍ഡ് തുണി വാങ്ങി അലക്കി, തയ്ച്ചു വിറ്റും ഉമ്മ സ്വന്തമായി കുറച്ച് പണം ഉണ്ടാക്കി. ബാപ്പ ഇല്ലാത്ത ദിവസങ്ങളില്‍ ഉറങ്ങാതെ ഞങ്ങള്‍ക്ക് കാവലിരുന്നു. സ്‌കൂളില്‍ പോയിട്ടില്ലാത്ത, അതുവരെ എഴുത്തും വായനയും അറിയാത്ത ഉമ്മ, വായിക്കാന്‍ പഠിച്ചു , മംഗളവും മനോരമ ആഴ്ചപ്പതിപ്പും രാത്രി ഉമ്മയ്ക്ക് കൂട്ടായി. ബാപ്പ ഇല്ലാത്ത രാത്രികളില്‍ ഉമ്മയുടെ തലയിണയുടെ അടിയില്‍ ഒരു വെട്ടുകത്തി ഭദ്രമായി ഉണ്ടായിരുന്നു.

എന്റെ ജീവിതത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍, പുറത്ത് വേറൊരു പ്രശ്‌നം വെന്ത് കത്തുകയായിരുന്നു. പ്രമാദമായ ഷാബാനോ കേസ്. പതിനാലു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 62 വയസുള്ള ഷാബാനോ എന്ന സ്ത്രീയെയും അഞ്ച് മക്കളെയും ഭര്‍ത്താവ് ഇറക്കി വിട്ട കേസ് ആയിരുന്നു അത്. പ്രതിമാസം വെറും 179 രൂപ ജീവനാംശം കിട്ടാന്‍ വേണ്ടി ആയിരുന്നു ഷാ ബാനോ കേസ് കൊടുത്തത്. ഖുര്‍ആന്‍ പ്രകാരം മൊഴി ചൊല്ലിയ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹത ഇല്ല എന്നായിരുന്നു ഷാ ബെനോയുടെ ഭര്‍ത്താവു മൊഹമ്മദ് അഹമ്മദ് ഖാന്റെ നിലപാട്. എല്ലാ മുസ്ലിങ്ങള്‍ക്കും വേണ്ടി നിലപാട് എടുക്കേണ്ട ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്, അന്ന് ആണുങ്ങള്‍ക്ക് അനുകൂലം ആയി നിലപാട് എടുത്തു.

1985 ഏപ്രില്‍ 23 നു ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ഏകസ്വരത്തില്‍ ഷാ ബാനോയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

ഇന്ന് ശബരിമല വിധിക്കെതിരെ ആളുകള്‍ ഇറങ്ങിയ പോലെ മുസ്ലിം പുരുഷന്മാരും ചില സ്ത്രീകളും ഈ വിധിക്കെതിരെ ഇന്ത്യ ഒട്ടാകെ പ്രകടനം നടത്തി. സുപ്രീം കോടതിക്ക് മതത്തില്‍ എന്ത് കാര്യം എന്നായിരുന്നു അന്നത്തേയും വാദം. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന വാദം. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് ഗവണ്മെന്റ് മത പുരോഹിതന്മാര്‍ക്ക് അടിയറവ് പറഞ്ഞു കൊണ്ട് ഈ വിധി അസ്ഥിരമാക്കുകയും , മൊഴി ചൊല്ലിയതിന് ശേഷം 90 ദിവസം മാത്രം മുസ്ലിം സ്ത്രീക്ക് ജീവനാംശം കൊടുത്താല്‍ മതി എന്ന നിയമം പാസാക്കുകയും ചെയ്തു. അതിന് അവര്‍ ഇട്ട പേരായിരുന്നു രസകരം, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമം (https://en.wikipedia.org/.../The_Muslim_Women_(Protection_of_...)

ഇന്ത്യയിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന എന്ന വാദം ഉയര്‍ത്തി ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് ശക്തി പകര്‍ന്ന ഒരു നിയമം കൂടി ആയിരുന്നു അത്.

ഇന്ന് ശബരിമലയില്‍ സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകളെ കയറ്റരുത് എന്നും പറഞ്ഞു സമരം നടത്തുന്ന കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ഇതെല്ലാമാണ്. മതമോ, ആചാരമോ, വിശ്വാസമോ, രാഷ്ട്രീയമോ ഒന്നും അല്ല ഈ നാമജപങ്ങളുടെ പ്രശനം, വെറും സ്ത്രീവിരുദ്ധതയാണ്.

അടിസ്ഥാന മനുഷ്യ അവകാശങ്ങളെ കുറിച്ചുള്ള മനുഷ്യന്റെ ബോധവും ചര്‍ച്ചകളും പതിനാറാം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയതാണ്. ഇന്ത്യയില്‍ നാരായണഗുരുവിനെ പോലുള്ളവര്‍ മുന്നോട്ടു വച്ച ജാതി നിര്‍മ്മാര്‍ജ്ജനവും, അയ്യന്‍കാളി മുന്നോട്ടുവച്ച വിദ്യാഭ്യാസ അവകാശവും എല്ലാം മറ്റും ഈ അടിസ്ഥാന മനുഷ്യ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള കാഴ്ചപ്പാടുകള്‍ ആണ്.

അതും കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ തുല്യ അവകാശം ഉള്ളവരാണ് എന്നുള്ള ചിന്തകള്‍ വരുന്നത്. അമേരിക്കയില്‍ പോലും സ്ത്രീകള്‍ക്ക് വോട്ടവകാശം വരുന്നത് 1920 ല്‍ മാത്രമാണ്. ആഗോളതലത്തില്‍ ഉണ്ടാകുന്ന ഈ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും നോക്കികാണേണ്ടത്.

അല്ലാതെ ഞാന്‍ ഒരു അവസരം വന്നപ്പോള്‍ വേറെ മതത്തിനെ കുറ്റം പറഞ്ഞതല്ല. എല്ലാ മതത്തിലും സ്ത്രീവിരുദ്ധതയുടെ കാവടിയാട്ടം ഉണ്ട്. വളരെ ശക്തമായ ചട്ടക്കൂടുള്ള അബ്രഹാമിക് മതങ്ങളെ അപേക്ഷിച്ചു മാറ്റങ്ങള്‍ വരുത്താന്‍ എളുപ്പം ഹിന്ദു മതത്തിലാണ്, അതിന് കൈവരുന്ന അവസരങ്ങള്‍ വെറും രാഷ്ട്രീയത്തിന്റെ പേരില്‍ വേണ്ടെന്നു വയ്ക്കരുത്.

നമ്മുടെ വീട്ടിലുള്ള എല്ലാവരും തുല്യരാണ് എന്ന് നമുക്കൊക്കെ എന്ന് ബോധം വരാനാണ്?
നമ്മുടെ വീട്ടിലുള്ള എല്ലാവരും തുല്യരാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)
Join WhatsApp News
വിദ്യാധരൻ 2018-11-03 14:44:29
എല്ലാ മത വിഭാഗങ്ങളിലും നിങ്ങളെപ്പോലെ അനാഥാകാരപ്പെട്ട കുട്ടികളും അവരുടെ മാതാക്കളുമുണ്ട് . പക്ഷെ അവരിൽ പലരും കാലങ്ങൾ കഴിയുമ്പോൾ ഉപ്പായെപ്പോലെയോ, അച്ഛനെപ്പോലെയോ , അപ്പനെപ്പോലെയോ സ്ത്രീകളെ തള്ളിപറയുന്നു, അവരെ അടിച്ചമർത്തുന്നു കഥ വീണ്ടും തുടരുന്നു.  ഈ കിരാതമായ ആചാരങ്ങളുടെ മാമൂലുകളുടെ കാവൽക്കാരാണ് മതങ്ങൾ. അവർക്കറിയാം നബിയും, ക്രിസ്തുവും, കൃഷ്ണനും ഒരിക്കലും തിരികെ വരില്ലെന്ന് .അതെ ഈ വൃത്തികേടുകൾ തുടരുന്നതിൽ നമ്മെളെല്ലാവരും തുല്യരത്രെ  മനുഷ്യ ഗന്ധമുള്ള കഥ 
George Nadavayal 2018-11-03 18:04:39
Highly tinted with personal experiences. False syllogism. Crow is black. Hence all black birds are crows!!!
Black Smith 2018-11-03 23:05:11
കാക്ക കറുത്തതാണ് അതുകൊണ്ട് എല്ലാ കറുത്ത പക്ഷികളും 
കാക്കയാണോ? അല്ല ; വാ തുറക്കുന്നതുവരെ .
കാക്കയ്ക്ക്പോലും അബദ്ധം പറ്റീട്ടില്ലേ നടവയലെ? 
എത്രനാൾ കറുത്ത  കുയിലിന്റെ കുഞ്ഞിനെ ആറ്റു നോറ്റു 
വളർത്തി   കാക്കയാണെന്ന് വിചാരിച്ച് 
അവസാനം അത് കൂകി പറന്നുപോയപ്പോളല്ലേ 
കാക്കയല്ല കുയിലാണെന്ന് മനസിലായത് ?
അതുകൊണ്ട് നിങ്ങളുടെ ന്യായവാദത്തിന് പ്രസ്കതിയില്ല
കഥ മുഴുവൻ വായിച്ചിട്ട് ആടിയാൽ മതി 
George Nadavayal 2018-11-04 05:14:27
അരി ഏത്ര? 
പയർ രണ്ടു ആമ്പിയർ: എന്നതു പോലെ വിലയിരുത്തലുകൾ.:
ജോർജ്ജ്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക