Image

അമ്മയും കാര്‍ത്ത്യായനി അമ്മയും (ഡോ: എസ്. എസ്. ലാല്‍)

Published on 03 November, 2018
അമ്മയും കാര്‍ത്ത്യായനി അമ്മയും (ഡോ: എസ്. എസ്. ലാല്‍)
ആലപ്പുഴയില്‍ 96 വയസുകാരി ശ്രീമതി കാര്‍ത്ത്യായാനി അമ്മ നേടിയിരിക്കുന്ന സാക്ഷരത നമുക്കുണ്ടാക്കുന്ന അഭിമാനം ചെറുതല്ല. നവസാക്ഷരയായ അവര്‍ ഇന്ന് കൈവച്ചിരിക്കുന്ന പുസ്തകം, പിടിച്ചിരിക്കുന്ന പേന, ഉടുത്തിരിക്കുന്ന മുണ്ട്, ധരിച്ചിരിക്കുന്ന ബ്ലൗസ്, നെറ്റിയിലെ ചന്ദനക്കുറി, പൊതുസ്ഥലത്തെ ഇരിപ്പ് - ഇതൊക്കെ അവര്‍ ജനിച്ച കാലത്ത് നമ്മുടെ നാട്ടിലെ ഒരുപാട് സ്ത്രീകള്‍ക്ക് നിഷിധമായിരുന്നു. ഇതെന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് ആചാരങ്ങളുടെ ലംഘനം ആയിരുന്നു. എതിര്‍ക്കാതെ, എതിര്‍ക്കാനറിയാതെ, പിന്നോട്ട് മാറിനിന്ന ഒരുപാട് സ്ത്രീകള്‍.

രാവിലെ വയോധികയായ കാര്‍ത്ത്യായനി അമ്മയുടെ ഈ ചിത്രം കണ്ട് എന്റെ കണ്ണുനിറഞ്ഞു. മനസ്സും. അറിയാതെ എന്റെ അമ്മയെ ഓര്‍ത്തുപോയി. എണ്‍പതു വസ്സാകാന്‍ പോകുന്നു അമ്മയ്ക്ക്. അറുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ സ്വന്തം കുടുംബത്തില്‍ നടത്തിയ ഒരു സമരത്തിന്റെ ഗുണഫലം ഇന്ന് അനുഭവിക്കുന്നത് പ്രധാനമായും ഞാനാണ്.

അമ്മയ്ക്ക് പതിനാല് വയസ്സുള്ളപ്പോള്‍, ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, വന്ന ഒരു കല്യാണാലോചന. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ അത് കാര്യമായെടുത്തു. പന്ത്രണ്ട് മക്കളുള്ള കുടുംബത്തിലെ ഏഴാമത്തെ സന്താനമാണ് അമ്മ. കാഴചയ്ക്കും കാര്യപ്രാപ്തിയ്ക്കും മുന്നില്‍. പഠിക്കാന്‍ മിടുക്കി. ധനിക കര്‍ഷക കുടുംബം. അവിടെ പതിനാലു വയസ്സില്‍ കല്യാണത്തേക്കാള്‍ മഹത്തായി മറ്റെന്തുണ്ട്? ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ ഗ്രാമത്തില്‍ കറണ്ട് വന്നത്. അപ്പോള്‍ അമ്മയുടെ ഒമ്പതാം ക്ലാസിന്റെ കാലത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കേണ്ടല്ലോ?

അമ്മ സമരം ചെയ്തു. നിരാഹാര സമരം. വെള്ളം തൊടാതെ പട്ടിണി കിടന്നു. ഒത്തുതീര്‍പ്പില്ലാത്ത സമരം. ചര്‍ച്ചകള്‍ക്ക് പോലും തയ്യാറല്ലാത്ത കടുത്ത നിലപാട്, പിന്നെയല്ലേ ഒത്തുതീര്‍പ്പ്. ആ സമരം ഫലം കണ്ടു. അമ്മയെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിച്ചു.

ആ നാട്ടില്‍ പത്താം ക്ലാസ് ആദ്യത്തെ തവണ, അതും ഭേദപ്പെട്ട മാര്‍ക്കോടെ, പാസാകുന്ന ആദ്യ പെണ്‍കുട്ടിയായി. അതുകഴിഞ്ഞ് വീണ്ടും വാശി പിടിച്ച് കോളേജില്‍ പോയി. ചെറിയ ഗ്രാമത്തില്‍ നിന്ന് വലിയ കൊല്ലം പട്ടണത്തിലേയ്ക്ക് ആദ്യമായി. അവിടെ എസ്.എന്‍. വനിതാ കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി. അത് കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജില്‍ മറ്റൊരു സാങ്കേതിക പരിശീലത്തിനു പോയി. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ അക്കാലത്തെ ഒരു നല്ല ജോലി കിട്ടി. അവിടെ അച്ഛനെ കണ്ടുമുട്ടി. പിന്നെ ഞാന്‍ ജനിച്ചപ്പോള്‍ അച്ഛനും അമ്മയും തിരുവനന്തപുരത്തേയ്ക്ക് താമസം മാറി. അവിടെ ഞാനും അനിയത്തിയും പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ ഈവനിങ് ക്ലാസില്‍ ചേര്‍ന്ന് ബി.എ. പഠിച്ചു. പകല്‍ സമയത്തെ സര്‍ക്കാര്‍ ജോലിയും കഴിഞ്ഞിട്ട് വിശ്രമിക്കാതെയും നേരേ ഭക്ഷണം കഴിക്കാതെയും. നാലു വര്‍ഷം. ആ ബാച്ചില്‍ ആദ്യ തവണ ബി.എ. പാസായ ഏക വനിത. പിന്നെ എം.എ. സ്വയം പഠിക്കാനുള്ള ശ്രമങ്ങള്‍. തേടിവന്ന വലിയ ജോലിക്കയറ്റങ്ങള്‍ നിരസിച്ച് തിരുവനന്തപുരത്ത് തന്നെ അമ്മ തുടര്‍ന്നു, എന്റെയും അനിയത്തിയുടെയും പഠനത്തില്‍ ശ്രദ്ധിക്കാന്‍.

ഞാന്‍ ഒരുപാട് സമരങ്ങള്‍ നയിക്കുകയും പലതിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളില്‍ ജീവിക്കുകയും പല നാടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും നിരവധി രാജ്യാന്തര യാത്രകള്‍ നടത്തുന്നു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അമ്മ പതിനാലു വയസ്സില്‍ നടത്തിയ ഒരു സമരത്തോളവും വലുതല്ല ഞാന്‍ നടത്തിയ സമരങ്ങള്‍. പതിനാറു വയസ്സില്‍ അമ്മ ചിതറ ഗ്രാമത്തില്‍ നിന്നും കൊല്ലം പട്ടണത്തിലേക്ക് നടത്തിയ യാത്രയോളം വലുതല്ല ഞാന്‍ വര്‍ഷങ്ങളായി നടത്തുന്ന ലോകയാത്രകള്‍. അമ്മയുടെ കുട്ടിക്കാലത്തെ ആ വലിയ സമരവും വലിയ യാത്രയുമാണ് എന്നെക്കൊണ്ട് ഇന്ന് ഈ വരികള്‍ എഴുതിക്കുന്നത്. കാത്ത്യായനി അമ്മയെപ്പോലെ കാത്തുനില്‍ക്കേണ്ടി വരാത്ത ഒരമ്മ എനിക്കുണ്ടായിരുന്നത് ചെറിയ കാര്യമല്ല.

തൊണ്ണൂറ്റാറാം വയസ്സിലും ആ കാത്ത്യായനി അമ്മയില്‍ ഒരു സമര വീര്യം നമ്മള്‍ കാണുന്നു. തളരാത്ത അമ്മ. കുറവുകള്‍ വൈകിയും തിരുത്താമെന്ന് അവര്‍ തെളിയിക്കുന്നു. ഇങ്ങനെയുള്ള പല തിരുത്തലുകളാണ് നമ്മെ സമൂഹമെന്ന നിലയില്‍ മുന്നോട്ടു നയിച്ചത്.

ഇക്കാലത്തും സ്ത്രീകളെ പുറകോട്ടു നടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. ആ ശ്രമങ്ങള്‍ എത്ര വലിയ ശക്തികളില്‍ നിന്നുണ്ടായാലും നാട്ടിലെ സ്ത്രീകള്‍ തന്നെ ചെറുത്തു തോല്‍പ്പിക്കണം. ഒരുമിച്ചു നിന്ന്
അമ്മയും കാര്‍ത്ത്യായനി അമ്മയും (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
Hero 2018-11-04 21:26:42
Your mother is a true hero!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക