Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-23: ഏബ്രഹാം തെക്കേമുറി)

Published on 03 November, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-23: ഏബ്രഹാം തെക്കേമുറി)
സിസ്റ്റര്‍ മരിയാ മാഡത്തിന്റെ അനാഥാലയത്തില്‍ നിന്നും മത്തായി പുനലൂരാന്് ഒരു രജിസ്‌റ്റേര്‍ഡു് കത്തു ലഭിച്ചു. ആ സന്ധ്യായാമത്തില്‍ ‘ഗ്രെയിസു്‌വില്ല’യുടെ പൂമുഖത്തിരുന്നു് വയോധികദമ്പതികള്‍ ആ ‘കത്തി’നെപ്പറ്റി വിശകലനം ചെയ്യുകയായിരുന്നു.
“ആ എഴുത്തു് നിങ്ങളൊന്നു കൂടി വായിച്ചാട്ടെ” റാഹേലമ്മ ആവശ്യപ്പെട്ടു.
“ഞാന്‍ പത്തു പ്രാവശ്യം വായിച്ചതുകൊണ്ടു് കാര്യങ്ങള്‍ക്കു് മാറ്റം ഉണ്ടാകുമോ?” പുനലൂരാന് കോപം ജ്വലിച്ചു. എങ്കിലും ഒന്നുകൂടി വായിച്ചുു.
‘പ്രിയ മത്തായി സാറിന്്,
നമ്മുടെ ഗവണ്മെന്റു് മുഖേന ഇപ്പോഴത്തെ വനിതാക്കമ്മീഷന്‍ നടത്തുന്ന നടപടികളെപ്പറ്റി അറിഞ്ഞിരിക്കുമല്ലോ. ഞാന്‍ കഴിവതും ശ്രമിച്ചു നോക്കി. എന്നിട്ടും ഫലമൊന്നുമില്ല. ഫയലുകളെല്ലാം നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസഹായയാണു്. ഈ മാസം 31നകം രജനിയെ കോടതി മുമ്പാകെ വന്നു് നിങ്ങള്‍ ഏറ്റുവാങ്ങണം. അല്ലാത്തപക്ഷം പോലീസകമ്പടിയോടു് നിങ്ങളുടെ വീട്ടില്‍ കൊണ്ടാക്കാനാണു് ഉത്തരവു്. അതു് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ടു് ബുദ്ധിമാനായ നിങ്ങള്‍ ഒരു പോംവഴി കണ്ടുപിടിച്ചു് കുട്ടിക്കു് പുതിയൊരു സ്ഥാനം സംഘടിപ്പിക്കുക.
സ്‌നേഹത്തോടു് മരിയാ മാഡം.
“നിങ്ങളൊരു കാര്യം ചെയ്താട്ടെ.” റാഹേലമ്മ ഒന്നിളകിയിരുന്നു.
“എന്തവാ?”
“അതു്, നമ്മുടെ സരോജിനിയെ ഒന്നു സോപ്പിടണം. കൊച്ചിന്റെ തള്ള അവളാണെന്നും നിവൃത്തികേടിനാല്‍ അന്നു് അങ്ങനെ ചെയ്തതാണെന്നും ഒക്കെ പറഞ്ഞു് സമ്മതിപ്പിച്ചു് അവളെ ഇങ്ങുകൊണ്ടു പോരിക.”
“ഓ. . അതു ശരി. എന്തെളുപ്പം! അപ്പോള്‍പ്പിന്നെ കോടതിയിലിരിക്കുന്ന കറുത്തകോട്ടിട്ടവന്‍ കൊച്ചിന്റെ തന്ത ആരെന്നു് ചോദിക്കുമ്പോള്‍ അവള്‍ പറയണം. ‘ഈ നില്‍ക്കുന്ന അപ്പച്ചനാണെന്നു്’ അപ്പോള്‍ നിനക്കു സമാധാനമാകും അല്ലേ?”
“ ശ്ശേ, അതു വേണ്ടാ. അതു നാണക്കേടാ.”
“എടീ, അനാഥാലയത്തിലെ രഹസ്യഫയലാ കോടതിയില്‍. അതില്‍ വ്യക്തമായി ഈ കൊച്ചിനെ ഏല്‍പ്പിച്ച എന്റെ പേരും അഡ്രസും എഴുതിയിട്ടുണ്ടു്. ഇതു മാനത്തുനിന്നും പൊട്ടിവീണോ ഭൂമിയില്‍ നിന്നും മുളെച്ചുവന്നതാണോയെന്നു് ഞാന്‍ കോടതിയില്‍ പറഞ്ഞേ മതിയാകു. വേറെ പോംവഴിയൊന്നുമില്ല.”
“എന്നാല്‍ ഒരു കാര്യം ചെയ്താട്ടെ. അവിടെച്ചെന്നു് സത്യം തുറന്നു പറഞ്ഞു് കുട്ടിയെയും കൂട്ടിക്കൊണ്ടു് പോരുക.”
“ഓ. . അതു ശരി. ഏതെങ്കിലും പത്രക്കാരന്റെ ചെവിയില്‍ കിട്ടിയാല്‍ പിന്നത്തെ അവസ്ഥ? മാത്രമോ നാട്ടുകാരോടെന്തു പറയും?”
“അതു സാരമില്ല. ലിസി ദത്തെടുത്തതാണെന്നു പറയണം. ഏതായാലും അവള്‍ക്കിനിയും സന്തതി ഉണ്ടാകാന്‍ പോകുന്നില്ല.”
“അവളതിന് സമ്മതിക്കണ്ടേ?. നമ്മള്‍ അഭിമാനം കാത്തുരക്ഷിക്കാനായി ചെയ്തതൊക്കെ ഇന്നും അവളുടെ മനസില്‍ നീറിപ്പുകയുകയാണു്. ഒരു പൊട്ടിത്തെറിയുണ്ടാകാന്‍ നിസാരസമയം മതി. അങ്ങനെ സംഭവിച്ചാല്‍ — ആകെ കുളമായതുതന്നെ.” പുനലൂരാന്‍ കഴുത്തില്‍ കിടക്കുന്ന മാലയിലെ ചന്ദനമുത്തുകളിലൂടെ വിരലുകളോടിച്ചു് ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.
“എടീ റാഹേലേ. . .എന്തോ കുളമാകാനാടീ? എനിക്കിനി കൂടിയാല്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടെ. പരേതന്റെ പേരു പറഞ്ഞു് കതിനാ പൊട്ടിച്ചാല്‍ അതിന് വലിയ മുഴക്കമുണ്ടാകില്ലെടീ.”
“മുഴക്കമില്ലെങ്കിലും അതു പൊട്ടും കേട്ടോ? സൂക്ഷിച്ചു വേണം.”
“എടീ, എന്റെ പരോപകാരപ്രവര്‍ത്തനം നാട്ടിലെല്ലാം പാട്ടല്ലേ. അങ്ങനെയെങ്കില്‍ ഈ കൊച്ചു് നമ്മുടെ തങ്കയ്ക്കു് പിറന്നതുതന്നെ. പയ്യാനിപ്പാപ്പന്‍ മലമ്പനി പിടിച്ചു് മരിച്ചു. നമ്മുടെ ആശ്രിതയായിക്കഴിഞ്ഞ തങ്കയ്ക്കു് ഈ കുട്ടിയെ വളര്‍ത്താന്‍ നിവൃത്തിയില്ലായ്കയാല്‍ ഞാന്‍ അവളെ അനാഥാലയത്തില്‍ ആക്കി. ഇതില്‍ യാതൊരു വളപ്പും തിരിപ്പും ഇല്ലാത്തതിനാലല്ലേ ഞാന്‍ എന്റെ പേരും അഡ്രസുമൊക്കെ കൊടുത്തതു്.”
“സംഗതി ഫലിക്കും. പക്‌ഷേ എട്ടും പൊട്ടും തിരിയാത്ത തങ്കയെ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ ? അവള്‍ വയറ്റുകണ്ണിയായി പക്‌ഷേ പ്രസവിച്ചതു് നിങ്ങളാണെന്നുവരെ അവള്‍ പറയും. പൊല്ലാപ്പാകുമോ?
“ശ്ശേ, എന്തു പൊല്ലാപ്പു്.കോടതിമൊഴി കൊടുക്കേണ്ടിവന്നാല്‍ ബാബുവില്ലേ കൈയ്യില്‍. സ്ഥിരബുദ്ധിയില്ലാത്ത അമ്മയ്ക്കുവേണ്ടി , പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെങ്ങളെ ഏറ്റുവാങ്ങാന്‍ സഹോദരസ്ഥാനം പോരേ?”
“അതു ശരിയാണല്ലോ. ചുമ്മാതല്ല ഈ തലയിലൊരു മുടി പോലുമില്ലാത്തതു്!” റാഹേലമ്മ പുനലൂരാന്റെ കഷണ്ടിയിലൂടെ വിരലുകള്‍ ഓടിച്ചു.
“പക്‌ഷേ ഒരു കാര്യം ഓര്‍ത്തോണം. കൊച്ചിന്റെ തന്തയോടാണീ കളി. നിങ്ങളവനെ എങ്ങനെയിക്കാര്യം ബോദ്ധ്യപ്പെടുത്തും? അവന്റെ മനസില്‍ ഇന്നും പഴയതൊക്കെ ഓര്‍മ്മ കാണും. സൂക്ഷിക്കണം.”
“അതിന് എന്തു പഴയതു? അവനറിഞ്ഞിട്ടുണ്ടോ ലിസി ഗര്‍ഭിണിയായ വിവരം? നാമവനോടു ചോദിച്ചിട്ടുപോലും ഇല്ലല്ലോ.അതൊക്കെ വെറും പിള്ളാരുകളിയില്‍ സംഭവിച്ചതല്ലേ? ബാല്യത്തിലൊരു കഞ്ഞീം കറീം കളിച്ചതു പോലെ മാത്രം.”
“ എനിക്കറിയില്ല. പക്‌ഷേ ഒരു കുഴപ്പം. അവന്റെ തള്ള പ്രസവിച്ചതാണിതിനേയെന്നു പറഞ്ഞാല്‍ അവന്ം അല്‍പ്പം വകതിരിവായിട്ടല്ലേ ഈ നാടുവിട്ടതു്? തന്തയില്ലാത്ത ഒരു കൊച്ചിനെ നിന്റെ തള്ള പ്രസവിച്ചിട്ടുണ്ടെന്നു ഒരു പുരുഷന്റെ മുഖത്തു നോക്കി എങ്ങനെയാണു പറയുക?”
“ എടീ, അവനെ ഒതുക്കാന്‍ ഇതൊരു മാര്‍ക്ഷമാ. ഈ ഒറ്റക്കാരണത്താല്‍ അവനെ ഞാന്‍ തളെക്കും. ‘പൊതുജനം അറിഞ്ഞാല്‍ വലിയ മാനക്കേടല്ലേ ബാബൂ? നീ വിഷമിക്കേണ്ടാ. കുട്ടിയെ വളര്‍ത്താന്‍ ഞാന്‍ സഹായിക്കാം’ എന്നിങ്ങനെ വന്നതും വരാന്‍പോകുന്നതുമായ കാര്യങ്ങളെപ്പറ്റി ഞാന്‍ അവനെ കൈകാര്യം ചെയ്യും. പിന്നെ ഇതൊന്നും തല്‍ക്കാലം ആരും അറിയരുതു്. എവിടെയെങ്കിലും അല്‍പ്പം ലീക്കായാല്‍. . . . പോരാത്തതിന്് ടൈറ്റസും ഇവിടെ.”
“ ങാ. . അതു ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു. അവന്‍ നമ്മളെപ്പോലല്ല. പദവിയും അഭിമാനവുമൊന്നും അവന് വലിയ കാര്യമല്ല. നീതിക്കും ന്യായത്തിന്ം മാത്രമേ അവന്‍ കൂട്ടു നില്‍ക്കയുള്ളൂ. വല്ല വിധേനയും അവന്‍ ഈ പിള്ളാരുമായങ്ങു് അമേരിക്കയ്ക്കു് പോയാല്‍ മതിയെന്നു് ഞാന്‍ പ്രാര്‍ത്ഥിക്കുകയാ.”
“നീ പറഞ്ഞിട്ടല്ലേ ഞാന്‍ കത്തെഴുതി അവനെ വരുത്തിയതു്. എനിക്കറിയാം ഇതൊന്നും ശരിയാകാന്‍ പോകുന്നില്ല. കാരണം കാലത്തിന്റെ തിരിമറവില്‍ ഇവനൊക്കെ വെറും വിവരം കെട്ടവനായി മാറിപ്പോയി റാഹേലേ. പ്രൗഡിയും, പ്രതാപവും, പണവുമൊക്കെ പിടിച്ചുനിര്‍ത്താന്ള്ള ആ പഴയ ‘ബുദ്ധികൂര്‍മ്മത’ ഇവനൊന്നുമറിയില്ല. നിര്‍ത്താന്ള്ളവനെ നിര്‍ത്തേണ്ടുന്നിടത്തു് നിര്‍ത്തണം. അണ്ടനോടും അഴകോടനോടും തോളില്‍ കൈയ്യുമിട്ടു് ചങ്ങാത്തം ആചരിക്കുന്നതൊന്നും നിലനില്‍പ്പിന് പറ്റിയതല്ല.. . .ങാ. . അധികം താമസിയാതെ അവന്‍ സ്ഥലം വിട്ടോളും. അതിന് കാലതാമസം വരുത്തണ്ടാ. .നീയാ മോളിയോടൊന്നു കയര്‍ത്താല്‍ പോരേ!. ‘എന്റെ മകനെ നീ വലവീശിപ്പിടിച്ചതല്ലേടീ തേവിടിശ്ശീ’യെന്നൊന്നു ചോദിക്കുക. അവള്‍ കെട്ടുകെട്ടും. അടുത്ത ഫ്‌ളൈറ്റിന് സ്ഥലം വിട്ടോളും. നമുക്കു് വയസാംകാലത്തു് വല്ല അനാഥമന്ദിരത്തിലും കഴിയാം. ഞാനില്ലേ നിനക്കു്?”
“ഞാന്‍ അതു നേരത്തേ ഓര്‍ത്തതാ. ആ കൊണംവന്ന പിള്ളേരുടെ നോട്ടവും ഭാവവും എനിക്കത്ര പിടിച്ചിട്ടില്ല. പതിനാറു് വയസ്സായ പെണ്‍കൊച്ചു് കുട്ടിനിക്കറുമിട്ടുകൊണ്ടു് ഈ സോഫായിലുമൊക്കെ ഇരിക്കുന്ന ഇരുപ്പു് കണ്ടാല്‍. . . ഹോ! ആരാണേലും നോക്കിപ്പോകും. ഈ വയസാംകാലത്തു് ഇനിയൊരു നാണക്കേടു് സംഭവിക്കാതിരിക്കട്ടെ. അല്ല, അവളുടെ ഒരു ഭാവം കണ്ടില്ലേ? മോളി. ഉടുതുണിയില്ലാത്ത ഉറക്കം. അതും പട്ടാപ്പകല്‍. അങ്ങനെ വിസ്തരിച്ചു് കിടക്കയല്ലേ.?”
“നീയെന്തോ കണ്ടു എന്റെ റാഹേലേ? ഹാ. . . പറ കേള്‍ക്കട്ടെ.”
“ അതു ഞാന്‍ പറഞ്ഞില്ലെന്നേയുള്ളു. കഴിഞ്ഞ ഞായറാഴ്ച പള്ളീന്നു വന്നുകഴിഞ്ഞു് ഞാന്‍ മുകളിലോട്ടൊന്നു പോയി. അന്നു നിങ്ങളു് താമസിച്ചല്ലേ വന്നതു്. ഹോ! എന്തു ഭയങ്കരം. അടുത്ത മുറിയില്‍ പിള്ളാരുണ്ടെന്ന ബോധമെങ്കിലും വേണ്ടേ? എന്തൊരു —ഹും ഒന്നും പറയണ്ട. ഞാനാ പുറത്തെ ടെറസിലിറങ്ങി ജനലില്‍കൂടിയൊന്നു നോക്കി. ബാക്കിയൊന്നും പറയുന്നില്ല. . .എല്ലാരും ഈ പ്രായം കഴിഞ്ഞൊക്കെയാ ഇത്തറ്റം എത്തിയതു്.”
“റാഹേലേ, അതാണു് അമേരിക്ക “. പുനലൂരാന്റെ മനസു് അപ്പോഴേക്കും ഗാല്‍വസ്‌റ്റോണ്‍ ബീച്ചിലെത്തിയിരുന്നു. ട്രിപ്പിള്‍ഫൈവിന്റെ പുകവലയത്തിന്ള്ളില്‍ ഓരോ നിഴലുകളും പ്രതിബിംബിക്കുന്നതായി തോന്നി. യൗവനമതികളുടെ ഉറക്കറ വാര്‍ദ്ധ്യക്യത്തിലെ സ്വപ്നമാണല്ലോ.
“അവരിനി എന്നാ വരിക?” പുനലൂരാന്‍ ചോദിച്ചു.
“നാളെ വ്യാഴം അല്ലേ? ഇന്നോ നാളെയോ വരും” റാഹേലമ്മ പറഞ്ഞു.
രാവേറുന്നതു മനസിലാക്കിയ റാഹേലമ്മ അടുക്കളയിലേക്ക്് പോയി. പൊമേറിയനെ തടവി പുനലൂരാന്‍ പൂമുഖത്തുതന്നെ ഇരുന്നു. ചിന്തകള്‍ അന്ഭവത്തിലൂടെ വഴിതെറ്റി അലയുന്നു.’എല്ലാം പെണ്ണു്.’ ആകൂട്ടത്തില്‍ എന്റെ ഭാര്യയും ഒരു പെണ്ണു്. മകളും ഒരു പെണ്ണു്. കളങ്കപ്പെടാത്ത മനസ്സു് കൈമുതലായുള്ള ഒരു സ്ത്രീയും ഈ ലോകത്തു് ഉണ്ടാകില്ല. അഭിനയം. സ്ത്രീ എന്നും അബലയും ചപലയും തന്നേ. പത്തമ്പതു വര്‍ഷങ്ങളിലൂടെ തന്റെ കൈവിരല്‍ത്തുമ്പിലൂടെ നിന്നു് അമ്മാനം ആടിയ നൂറുകണക്കിന് സ്ത്രീത്വങ്ങളെ അന്ഭവത്തിന്റെ ത്രാസില്‍ പുനലൂരാന്‍ തൂക്കിനോക്കി. ‘സനാതനത്വത്തിന്റെ കട്ടികള്‍ വയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യഭാരം. സമയവും സാഹചര്യവും ഒത്തുവന്നാല്‍.. . . . . . ’

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക