Image

തന്ത്രി നട അടയ്‌ക്കാന്‍ തീരുമാനിച്ചത്‌ താനുമായി സംസാരിച്ച ശേഷമെന്ന്‌ ശ്രീധന്‍പിള്ള

Published on 05 November, 2018
തന്ത്രി നട അടയ്‌ക്കാന്‍ തീരുമാനിച്ചത്‌ താനുമായി സംസാരിച്ച ശേഷമെന്ന്‌ ശ്രീധന്‍പിള്ള
ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ നട അടക്കുന്നതിനായി തന്ത്രി തന്നെ വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ ശബ്ദരേഖ. കോടതി അലക്ഷ്യമാകുമോയെന്ന്‌ തന്ത്രി തന്നോട്‌ ചോദിച്ചു. കോടതി അലക്ഷ്യം നിലനില്‍ക്കില്ലെന്ന്‌ താന്‍ ഉറപ്പ്‌ നല്‍കി.

ഇതിന്‌ ശേഷമായിരുന്നു തന്ത്രി നട അടക്കല്‍ പ്രഖ്യാപിച്ചതെന്നും ശ്രീധരന്‍പിള്ള. ശബരിമല സുവര്‍ണാവസരമാണെന്നും ശ്രീധരന്‍പിള്ള ശബ്ദ രേഖയില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചില്ല.

അതേസമയം, ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്‌ക്കുമെന്ന നിലപാട്‌ ആവര്‍ത്തിച്ച്‌ മേല്‍ശാന്തിയും. ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച്‌ ശുദ്ധികലശം നടത്തുമെന്ന്‌ മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി വ്യക്തമാക്കി.

സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത്‌ കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ്‌ മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്‌. ചിത്തിര ആട്ടവിശേഷത്തോട്‌ അനുബന്ധിച്ച്‌ ഒരു ദിവസത്തേക്ക്‌ നട തുറക്കുന്നതിന്റെ ഭാഗമായാണ്‌ പൊലീസുമായി ഇവര്‍ ചര്‍ച്ച നടത്തിയത്‌.

തന്ത്രി കണ്‌ഠര്‌ രാജീവര്‌ എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി.

അതേസമയം, ചരിത്രത്തില്‍ ആദ്യമായി ശബരിമല സന്നിധാനത്ത്‌ വനിതാ പൊലീസ്‌ എത്തി. 15 വനിതാ പൊലീസുകാരാണ്‌ സന്നിധാനത്ത്‌ എത്തിയത്‌. 50 വയസിനു മുകളിലുള്ള എസ്‌.ഐ, സി.ഐ റാങ്കിലുള്ള പൊലീസുകാരെയാണ്‌ സര്‍ക്കാര്‍ സന്നിധാനത്ത്‌ എത്തിച്ചിരിക്കുന്നത്‌.

ചിത്തിരആട്ട വിശേഷ പൂജക്കായി യുവതികളെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം ഉണ്ടാകുന്നതിനുള്ള സാധ്യത പൊലീസ്‌ കണക്കിലെടുക്കുന്നു. സ്‌ത്രീകളെ മുന്‍നിര്‍ത്തിയായിരിക്കും സന്നിധാനത്ത്‌ അടക്കം പ്രതിഷേധമുണ്ടാവുക എന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക