Image

അവള്‍ ഒരടയാളമാണ് (നവീന സുഭാഷ്)

നവീന സുഭാഷ് Published on 05 November, 2018
അവള്‍ ഒരടയാളമാണ് (നവീന സുഭാഷ്)
ആഹ്ലാദളില്‍ മുറിവേറ്റ ഒരുവള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകളെ അബോധത്തില്‍ അടയാളങ്ങളാക്കി അടയിരിക്കുന്ന തൂവലുകള്‍ കൊഴിഞ്ഞ ഒരു പക്ഷിയേപ്പോലെയാണ്.

പലപ്പോഴും ചില്ലകളില്‍ നിന്ന് പതിയേ താഴേയ്ക്ക് പറന്നിറങ്ങി അവള്‍ ചിക്കിച്ചികഞ്ഞിരുന്നത് എന്നോ കൊക്കില്‍ നിന്നും തെറിച്ച് വീണുപോയ ഇണക്കിളിയുടെ ചുംബനങ്ങളെയാണ്...

അനുഭൂതികളെ ഉടലില്‍ മാത്രം ഒതുക്കാനറിയാത്ത അന്തര്‍ഭാവങ്ങളുടെ കാവല്‍ക്കാരിയായതുകൊണ്ട് മാത്രമാണ് ഓരോ രാത്രികളിലും അവള്‍ തുറുങ്കിലടയ്ക്കപ്പെടുന്നത്.

പരിചിതത്വത്തിനും അപരിചിതത്വത്തിനും ഇടയില്‍ ഇലകള്‍ വകഞ്ഞ് കടന്ന് വരുന്നവന് മാത്രമായി ഒരു പാലം ഉണ്ടായിരുന്നെന്നും തിരികെപ്പോകുമ്പോള്‍ അത് അയാള്‍ക്ക് മുന്‍പേ നടക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ഒറ്റയടിപ്പാത യാണെന്നും അവള്‍ ഒരിക്കലും ഓര്‍ക്കാറേയില്ല.

മുക്തമാക്കപ്പെടുന്ന ആത്മാവിലേയ്ക്ക് ചിരാതുകളില്‍ എണ്ണ പകര്‍ന്ന് തിരിനാളങ്ങളില്‍ സ്വത്വത്തെ ഊതിത്തെളിക്കാന്‍ മാത്രമായിരുന്നു അവളുടെ ഓരോ ഉഛ്വാസങ്ങളും ഉയന്ന് താണിരുന്നത്.

പുനരാവിഷ്‌കരിക്കപ്പെടാനാകാത്ത നിറങ്ങളും മണങ്ങളും ഇങ്ങനെയൊക്കെയാണ് പ്രഹേളികയെന്ന വാക്കിലേക്കൊതുങ്ങുന്നത്....

ഒന്നിനും തീര്‍ച്ചകല്‍പ്പിക്കാനാകാതെ ഉഴറലുകളില്‍ ഗദ്ഗദങ്ങള്‍ ഹിമകണങ്ങളാക്കുന്ന ഉള്ളടക്കങ്ങള്‍ സ്പഷ്ടമായ സഹനത്തിന്റെ വേലിയിറക്കം മാത്രമായി കാണാന്‍ അവളേക്കാള്‍ ത്രാണി എല്ലാ ശേഷങ്ങള്‍ക്കും ശേഷം മറ്റാര്‍ക്കാണ്?

ഒന്നിനും സമാന്തരമല്ല ഒരു യാത്രയും
വളവ് തിരിവുകള്‍ കഴിഞ്ഞാലും മതിലുകള്‍ മുട്ടിമുട്ടി പൊടിഞ്ഞ് വീഴുന്ന മണ്‍കട്ടകളില്‍പ്പോലും വലിയ രാജ്യങ്ങള്‍ ഇടവഴികളായ് പിരിയുന്നത് കാണാം.

പിന്നെയാണോ ഇടമില്ലാതാകുമ്പോള്‍ അവള്‍ അന്വേഷണങ്ങളുമായ് ഇറങ്ങിത്തിരിച്ച് അലഞ്ഞ് നിശ്ശബ്ദയാകുന്നത് മരുഭൂമിയിലെ ശൂന്യത കണ്ടാണെന്ന് ഊഹിച്ച് കൂടാത്തത്?

ഓരോ ഹൃദയമിടിപ്പുകള്‍ക്കൊടുവിലും അവളുടെ ഇടത്തേ മുല ചെറുതായൊന്നിളകുന്നത് എന്തോ നിലച്ചുപോയ ഒരു ജലപ്രവാഹത്തെ ഓര്‍മ്മപ്പെടുത്തുന്ന ഞെട്ടലില്‍ നിന്നാണ്...

അണിഞ്ഞ് മടുക്കാത്ത ആഭരണങ്ങള്‍ ഓരോന്നായ് അഴിച്ചുമാറ്റാന്‍ ധൃതിപ്പെടുന്ന ഒരടുക്കളക്കാരിയുടെ ഉലഞ്ഞ് മുഷിഞ്ഞ സാരിയുടെ മങ്ങിയ പുളളികളിലേക്ക് സര്‍വ്വാഭരണ വിഭൂഷിതയായ ഒരുവള്‍ വിവസ്ത്രയായ് നടന്ന് കയറുന്നത് ഇടക്കിടയ്ക്ക് സ്വപ്നം കാണാറുള്ള ഒരേ ഒരു പെണ്ണ്....

അത് അവള്‍ മാത്രമാണ്..

അത്രമേല്‍ ജീവിതം കാച്ചിയെടുത്ത ഒരടുപ്പ്
ജീരാഗ്‌നിയിലെരിയുന്നത് മറ്റെവിടെ കാണും?
ഒറ്റ വാക്കിലും ഒതുങ്ങാത്ത ഒരൊതുക്കമാകാന്‍ ഏതൊതുക്കത്തിനാകും...
അതുകൊണ്ട് മാത്രമല്ലെ മിണ്ടിമിണ്ടി അവള്‍ മിണ്ടാതായിപ്പോയത്!
ഇനിയിപ്പോള്‍ എത്ര കാതു കൂര്‍പ്പിച്ചാലും നിശബ്ദതയുടെ ഞെട്ടറ്റ ഇലവീഴ്ചകള്‍ മാത്രം.

അവള്‍ ഒരടയാളമാണ് (നവീന സുഭാഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക