Image

സുല്‍ത്താന്‍ ബത്തേരി കഥകള്‍ (ചെറുകഥ: ജോസഫ് ഏബ്രഹാം)

Published on 05 November, 2018
സുല്‍ത്താന്‍ ബത്തേരി കഥകള്‍ (ചെറുകഥ: ജോസഫ് ഏബ്രഹാം)
“ന്താട ചെക്കാ അനക്ക് വേണോ?”
കുപ്പിചില്ലുടയുന്ന കിലുകില ശബ്ദത്തില്‍ തടിച്ച നിതംബവും വലിയ മുലകളും ഒന്നാകെ ഉലച്ചുകൊണ്ടുള്ള ചിരിയോടെ ഗിരിജ ചോദിച്ചു.ഗിരിജയുടെ പൊട്ടിച്ചിരി കാതുകളില്‍ അലകള്‍ തീര്‍ത്തപ്പോള്‍ ഉറക്കച്ചടവോടെ കണ്ണുകള്‍ തുറന്നു പുറത്തേക്ക് നോക്കി. ബസ് വയനാടന്‍ ചുരം ഞരങ്ങി കയറിക്കൊണ്ടിരിക്കുകയാണ്.

നീണ്ട മണിക്കൂറുകളുടെ യാത്രയുടെ അവസാന പടിയായി കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിക്കുള്ള ബസില്‍ കയറി ജാലകത്തിനരികിലുള്ള സീറ്റില്‍ ഇരുന്നുകൊണ്ട് ഓര്‍മ്മകളില്‍ മഞ്ഞുകിനിയുന്ന ഗൃഹാതുരതയുടെ കുളിരില്‍ ചുറ്റും കൌതുകപൂര്‍വ്വം നോക്കിക്കൊണ്ട് യാത്ര തുടങ്ങിയതാണ്. ഇടയ്‌ക്കെപ്പഴോ കണ്ണുകളെ തഴുകി ഉറക്കിയ യാത്രാക്ഷീണം ഗിരിജയുടെ ഉറക്കെയുള്ള പൊട്ടിച്ചിരിയില്‍ അലിഞ്ഞില്ലാതായിരിക്കുന്നു.

ഓരോ പ്രാവശ്യവും വയനാട്ടിലേക്കുള്ള ചുരം കയറാന്‍ തുടങ്ങുബോള്‍ നിക്കറും ഉടുപ്പും ഇട്ട ഒരു പതിമൂന്നുകാരനായി ഞാന്‍പരിണമിക്കും. അച്ഛനും അമ്മയും ബന്ധുക്കളും പിന്നെ നിറയെ വീട്ടു സാധനങ്ങളും കുത്തിനിറച്ച ഒരു പഴയ ഫെര്‍ഗൂസന്‍ വാനിന്റെ ഇടുങ്ങിയ ചില്ല് ജാലകത്തിലൂടെ ഒരു പതിമൂന്നുകാരന്‍ ആദ്യമായി വയനാടന്‍ ചുരം എന്ന ദുര്‍ഘടസുന്ദര പാതയെ വിസ്മയത്തോടെ കാണുകയാണ്.

‘ന്‍റെ ഗിരിജേ ഓന്‍ ചെറിയ ചെക്കനല്ലേ ഓനോട് നീ ഇജ്ജാതി വര്‍ത്താനാ പറേണത്?’
ഗിരിജയുടെ വര്‍ത്താനത്തില്‍ അതൃപ്തി പൂണ്ട വേലായുധന്‍ ചോദിച്ചു.
പതിമൂന്നുകാരനായ എനിക്കന്ന് ഗിരിജയുടെ ചോദ്യത്തിന്‍റെ പൊരുള്‍ പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും ഇരുതോളുകളും ഉയര്‍ത്തി നിഷേധഭാവത്തില്‍ ഇരുവശത്തോട്ടും തലയാട്ടി.
“ചന്തീമ്മലെ ചോപ്പ് മാറീക്കില്ല, ന്നാലും ഓന്റെ നോട്ടം എങ്ങോട്ടാന്ന് കണ്ടിക്കോ ഇങ്ങള്?”
ഗിരിജ വേലായുധനോടു ചോദിച്ചു എന്നിട്ട് തുടര്‍ന്ന് പറഞ്ഞു.
“ന്‍റെ വേലായുധേട്ടാ ചെറിയ ചെക്കന്മാര്‍ ആണെന്നു നിരീക്കണ്ട ങ്ങള്, ബല്യ വെളഞ്ഞ വിത്തോളാണ് ഓലൊക്കെ. ഓലുടെ മുന്നീ കുന്തിച്ചിരിക്കാന്‍ മ്മള് പേടിക്കണം”

‘ന്‍റെ ഗിരിജേ യീ അതു വിട്ടുകള ഓന്‍ ചെറിയ കുണ്ടനല്ലേ. ഓന്‍ ഒരു പൂതിക്ക് അന്നെ നോക്കീതാരിക്കും. ന്നാച്ചാലും അന്‍റെ പണി ഇതന്നല്ലേ’ ?
“ഛീ... ഇങ്ങള് എന്തീന്നു വര്‍ത്താനായീ പറേണത് ”ഗിരിജ ചൂടായി
“ന്‍റെ പണി ഇതൊക്കെത്തന്നെ, ന്നാലും ഈ ചെക്കന്‍ ന്റെ എളേ ചെക്കന്റെ അത്രല്ലേള്ളൂ? എന്നീട്ടാ ങ്ങള് തൊള്ള തൊറന്ന് ഇമ്മാതിരി ബെടക്ക് വര്‍ത്താനം പറേണത് ?”

വേലായുധന്‍ന്‍റെ കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന നോട്ടു ധൃതിയില്‍ പിടിച്ചുവാങ്ങി തന്‍റെ ബ്ലൌസിനുള്ളില്‍ നിക്ഷേപിച്ചുകൊണ്ട് ഗിരിജ എന്‍റെ നേരെ തിരിഞ്ഞു കണ്ണുരുട്ടി പറഞ്ഞു
“പോട ചെക്കാ, വേഗംപൊരേല്‍ ചെന്ന് ചട്ടീക്ക് എണ്ണം കൊടുക്കാന്‍ നോക്കിന്‍,മോന്തിക്കങ്ങാടീക്കെടന്നുതിരിഞ്ഞുകളിക്കാതെ”

സുല്‍ത്താന്‍ബത്തേരിക്കാണ്‌പോണതെന്നു കേട്ടപ്പോള്‍ തന്നെ വല്ലാത്തൊരു ഗമ തോന്നി എനിക്കന്ന്. സ്ഥലപ്പേരിന്റെ കാര്യത്തില്‍തന്നെ വേറൊരു കരയ്ക്കും ഇല്ലാത്ത ഒരു സുല്‍ത്താന്റെ തലയെടുപ്പ്.
പിന്നീടങ്ങോട്ട്‌സ്കൂളിലെ കൂട്ടുകാരോടെല്ലാം ഓടി നടന്നു പറയുകയായിരുന്നു ഞങ്ങള്‍ വീട് മാറി സുല്‍ത്താന്‍ബത്തേരിക്ക് പോവുകയാണെന്ന്. സ്കൂളിലെ കൂട്ടുകാര്‍ പലരും ആദ്യമായാണ് സുല്‍ത്താന്‍ബത്തേരിയെന്നു കേള്‍ക്കുന്നത് പോലും.
എല്ലാവരും ചുറ്റും കൂടി. ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് സ്കൂളിന്‍റെ മൂന്നടി പൊക്കമുള്ള ചെങ്കല്‍കെട്ടില്‍ കയറിയിരുന്നു കാലുകള്‍അല്പം ഗമയോടെ ആട്ടികൊണ്ട് ചുറ്റും കൂടിനില്‍ക്കുന്ന സഹപാഠികളോട് കാര്യങ്ങള്‍ വിശദീകരിച്ചു.

“അത് മലബാറിലെ ഒരു സ്ഥലമാണ്. ചുരമലയൊക്കെ കയറി ഒരു ദിവസം മുഴുവനും വണ്ടീലിരിക്കണം അവിടെ എത്താന്‍. അവിടെ ഭയങ്കര തണുപ്പാണ് ചായതോട്ടവും കാപ്പിതോട്ടവും ഓറഞ്ചു തോട്ടവും ഒക്കെയുള്ള സ്ഥലമാണ്. ഓറഞ്ചു തോട്ടത്തില്‍ പോയി ഓറഞ്ചു ചുമ്മാ പറിച്ചു തിന്നാം കാശൊന്നും കൊടുക്കണ്ട”

‘ഓ നിന്റെ യൊരു ഭാഗ്യം’ അടുത്ത കൂട്ടുകാരനായ ഏലിയാസ് പറഞ്ഞു.
“അവിടെ ടിപ്പു സുല്‍ത്താന്റെ കോട്ടയും കൊട്ടാരവുമൊക്കെയുണ്ട്. സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ വീട്ടിപ്പോണ വഴിക്ക് എന്നും അവിടെ കേറി കളിക്കാന്‍ പറ്റും.”ഞാന്‍ ചുമ്മാ തട്ടിവിട്ടു.

എനിക്ക് വന്ന ഭാഗ്യത്തില്‍ എല്ലാവര്‍ക്കും അസൂയ തോന്നി. തങ്ങളുടെ അച്ഛനും അമ്മയും വീട് വിറ്റ് എങ്ങോട്ടും പോകാത്തതില്‍ അവരില്‍ ചിലര്‍ക്ക് നിരാശയും അമര്‍ഷവും തോന്നി.

പേരുപോലെത്തന്നെ സുല്‍ത്താന്‍ബത്തേരി ഒരു വിസ്മയമായിരുന്നു. ആദ്യമൊക്കെ തണുപ്പ് കാരണം കുളിക്കാറൊന്നും ഇല്ലായിരുന്നു. ‘മേത്തൂന്ന് ചെളി ഉരുട്ടി എടുക്കാറായി എന്നൊക്കെ പറഞ്ഞു അമ്മ വഴക്ക് പറയുമ്പോള്‍ മടിച്ചു മടിച്ചു തോട്ടിലെ മരച്ച വെള്ളത്തില്‍ പോയി കുളിക്കും.
മഴക്കാലമായാല്‍ എപ്പോഴും നൂലുപോലെ പെയ്തുകൊണ്ടിരുന്ന നൂല്‍മഴ എന്ന അത്ഭുതം. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത കാപ്പിത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ചു മരങ്ങള്‍.

ചുവപ്പും പച്ചയും നീലയും കല്ലുകള്‍ പിടിപ്പിച്ചു ഭംഗി കൂട്ടിയ വെള്ളി അരപ്പട്ട മുണ്ടിനു മീതെ കെട്ടി, കസവിന്റെ തട്ടവും ഇട്ടു കാതും മേക്കാതു മുഴുവനും കുനുകുനെ കുത്തിതുളച്ച് അതില്‍ മുഴുവനും പൊന്നിന്റെ ഞാത്തുകളും, കഴുത്തിലും കൈകളിലും നിറയെ പൊന്നിന്റെ പണ്ടങ്ങളുമണിഞ്ഞു വെറ്റില മുറുക്കി ചുണ്ട് ചുവപ്പിച്ച് അത്തറിന്റെ പരിമളവും പരത്തി നടന്നുപോകുന്ന ഉമ്മച്ചിമാരെയൊക്കെ ആദ്യമായിട്ടാണ് സിനിമേല്‍ അല്ലാതെ നേരില്‍ കാണുന്നത്.

വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ കോഴിക്കൂട്ടില്‍ നിന്ന് ഏറ്റവും മുഴുത്ത കോഴിയെ പിടിച്ചിട്ടതിനെ ബിസ്മീ ചൊല്ലി അറുത്തു ഹലാല്‍ ആക്കുന്നതിനു വേണ്ടി മൊയിലിയാരുടെ അടുത്തേക്ക് കോഴിയെ തലേംകുത്തി തൂക്കി പിടിച്ചുകൊണ്ടു ബഹളംവച്ചു മണ്ടിപ്പായുന്ന ചെറിയ ചെക്കന്മാര്‍.
മൈക്ക് കെട്ടി ഉച്ചത്തില്‍ ഒപ്പനപ്പാട്ടും കത്ത് പാട്ടുകളും വെച്ച് നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ടുള്ള മാപ്പിള നിഖാഹുകള്‍, കൊതിയൂറുന്ന മണം പരത്തുന്ന ബിരിയാണിസദ്യ, ചായ പയറ്റുകള്‍.

ലിംഗ വിവേചനമില്ലാതെ ചായകടകളില്‍ വന്നിരുന്നു ചായയും പലഹാരങ്ങളും വാങ്ങിച്ച് തിന്നുകയും, ചാരായ ഷാപ്പില്‍ ചെന്ന് ചാരായവും വാങ്ങിക്കുടിച്ച് മുറുക്കാനും ചവച്ചുതുപ്പി കലപില വര്‍ത്തമാനം പറഞ്ഞു കൂട്ടംകൂടി നടന്നു നീങ്ങുന്ന ആദിവാസി സ്ത്രീപുരുഷന്മാര്‍.ഉത്സവ പറമ്പുകളില്‍ തുടിയും കുഴല്‍ വാദ്യവും മുഴക്കി അരങ്ങേറുന്ന ആദിവാസി നൃത്തവും ആര്‍പ്പുവിളികളും.

മുള വില്ലുകളും മുട്ടംബുകളും നായ്ക്കളുമായി പരിവാര സമേതം നായാട്ട് മഹോത്സവം നടത്തുന്ന മൂപ്പന്മാര്‍. കഴുത്തില്‍ കെട്ടിയ മുളംകൂടയുമായി കൂട്ടത്തോടെ മീന്‍ പിടിക്കാന്‍ തോട്ടില്‍ ഇറങ്ങുന്ന പണിച്ചികള്‍. ഇങ്ങിനെ നാളതുവരെ കണ്ടിട്ടില്ലാത്തനിരവധി കാഴ്ചകളുടെ ഏടുകള്‍ സുല്‍ത്താന്‍ ബത്തേരി എന്നെ തുറന്നു കാണിച്ചുതന്നു.

പുതിയ നാട്ടില്‍ പുതിയ സ്കൂളില്‍ എത്തിയപ്പോള്‍ കിട്ടിയ ആദ്യ കൂട്ടുകാരനാണ് മരക്കാര്‍. അവനാണ് ഗിരിജയെ പ്പോലുള്ള ആളുകള്‍ ഈ ലോകത്തുണ്ടെന്ന വിജ്ഞാനം ആദ്യമായി പകര്‍ന്നു തന്നത്.
“ഓക്കടെ കോലത്തിലുള്ള പെണ്ണുങ്ങടെ കതബുസ്തകം ന്‍റെ ഒരു ചങ്ങായീന്റെ കയ്യില്‍ തോനെയുണ്ട്, അതില്‍ നല്ല ഹരോള്ള പടോണ്ട്. ഇജ്ജ് അതൊക്കെയൊന്നു ബായിക്കണം ചങ്ങായി നല്ല റങ്കാണ് ബായിക്കുമ്പോള്‍”
എന്നെ കൊതിപിടിപ്പിച്ചുകൊണ്ട് മരക്കാര്‍ പറഞ്ഞു. മരക്കാരുടെ വിശദീകരണം കേട്ടപ്പോള്‍ അങ്ങിനെയുള്ള പെണ്ണുങ്ങള്‍ എങ്ങിനെയിരിക്കുമെന്നറിയാനുള്ള ഒരു കുതൂഹലം അപ്പോള്‍ മുതല്‍ തോന്നിയിരുന്നു.

വാപ്പയുടെ ബീഡി പൊതിയില്‍ നിന്ന് മരക്കാര്‍ ഇസ്കിക്കൊണ്ടുവരുന്ന ബീഡി ഞങ്ങള്‍ പങ്കിട്ടു വലിക്കും. ഒരുനാള്‍ സന്ധ്യക്ക് മരക്കാരുടെ കൂടെ വൈകുന്നേരം അപ്പുണ്ണിയേട്ടന്റെ കുമ്മട്ടികടയുടെ മറവില്‍ നിന്ന് സിഗരറ്റ് പങ്കിട്ടുവലിക്കുംബോള്‍ അടുത്തുള്ള ഇടവഴിയില്‍ വഴിവിളക്ക് വീഴ്ത്തിയ നിഴല്‍പാടില്‍ മറഞ്ഞുനില്‍കുന്ന ഒരു സ്ത്രീയെ ചൂണ്ടി മരക്കാര്‍ പറഞ്ഞു
“ഇജ്ജാ ആ പെണ്ണുങ്ങളെ കണ്ടാ ? ഓളാണ് ഞമ്മള് പറഞ്ഞ ഗിരിജ. ഇജ്ജാതി തോനെ പെണ്ണുങ്ങള്‍ അങ്ങാടീല്‍ ബെലസുന്നുണ്ട്”
‘നിനക്ക് അതൊക്കെ എങ്ങിനെ അറിയൂ’? ഞാന്‍ അത്ഭുതം കൂറി ചോദിച്ചു
“അതൊക്കെയുണ്ട്. ഓലെ കണ്ടാല്‍ ഞമ്മക്ക് അറിയാന്‍ കയ്യും. അതൊക്കെ ഞമ്മള്‍ പിന്നെ പറയാം”മരക്കാര്‍ അല്പം ഗമയോടെ പറഞ്ഞു.
മരക്കാര്‍ ആ രഹസ്യം പറഞ്ഞില്ലെങ്കിലും വളരെപ്പെട്ടന്ന് തന്നെ ഞാന്‍ അത്തരം രഹസ്യങ്ങള്‍ സ്വയം മനസ്സിലാക്കി. അങ്ങിനെ നിരവധി ഗിരിജമാരെ തനിയെ തിരിച്ചറിഞ്ഞു. അങ്ങിനെ തിരിച്ചറിഞ്ഞവരില്‍ പലര്‍ക്കും പല എഴുത്തുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, സിനിമാ നടികള്‍ക്കും ഉള്ളതുപോലെ സ്വന്തം പേരിനോട് ചേര്‍ന്ന് അവരുടെ സ്ഥലപ്പേരും മറ്റു ചില നാമ വിശേഷണങ്ങളും ഉണ്ടെന്നതും എന്നിലെ അന്വോഷണ കുതുകി ശീഘ്രം മനസ്സിലാക്കി.
വൈകുന്നേരങ്ങളില്‍ മരക്കാരുമൊത്ത് അങ്ങാടിയിലൂടെ വെറുതെ ചുറ്റിത്തിരിഞ്ഞു നടക്കുമ്പോള്‍ ചില ആളുകള്‍ ലോഹ്യം പറഞ്ഞു അടുത്ത് കൂടും. ഒരു നാള്‍ ഒരാള്‍ വന്നു എന്‍റെ തോളില്‍ കയ്യിട്ടു ചേര്‍ത്തുനിര്‍ത്തുകയും ചായക്കടയില്‍ കൊണ്ടുപോയി ചായയും പൊറോട്ടയും വാങ്ങി തരാമെന്നു പറഞ്ഞു ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.
“ഒന്നും മാണ്ട. പൊരേല്‍ പോകാന്‍ നേരായി”എന്ന് പറഞ്ഞു എന്നെയും കൂട്ടി മരക്കാര്‍ വേഗം നടന്നു.

‘നീ എന്തിനാ വേണ്ടാന്ന് പറഞ്ഞത്?’ചായയും പൊറാട്ടയും വേണ്ടാന്ന് മരക്കാര്‍ പറഞ്ഞതിന്‍റെ നീരസ്യം മറച്ചു വയ്ക്കാതെ ഞാന്‍ ചോദിച്ചു
“ഓലൊക്കെ കുണ്ടന്റാളോളാണ് ചങ്ങായി. ഇജ്ജു ബെറുതെ എടങ്ങേറില്‍പ്പെട്ടു സുയിപ്പാവണ്ട”മരക്കാര്‍ പറഞ്ഞു.
‘അതെന്താണ് മരക്കാരെ ഈ കുണ്ടന്‍ ?’ഞാന്‍ ചോദിച്ചു
“അള്ളാ അനക്കതറിയില്ലേ പഹയാ !”മരക്കാര്‍ അത്ഭുതംകൂറി.
“ഓലുക്ക് പെണ്ണുങ്ങളെയൊന്നും മാണ്ട. അന്നേപ്പോലുള്ള ചെക്കമ്മാരോടാ റങ്ക് ”

സുല്‍ത്താന്‍ബത്തേരിയിലെ ജീവിതത്തില്‍ നിന്നു പഠിച്ച ആദ്യ സാമൂഹ്യപാഠങ്ങളായിരുന്നു അതൊക്കെ. ആദ്യത്തെ ഗുരു മരക്കാരും. എന്നാല്‍ പിന്നീടു അധികമൊന്നും മരക്കാരില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. ഒരു നാള്‍ ആരോടും പറയാതെ മരക്കാര്‍ നാട് വിട്ടു പോയി. പിന്നീട് അവനെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
പിന്നീടങ്ങോട്ടു ഏതൊരു ബത്തേരിക്കാരനെയും പോലെ ഞാനും ആ ചെറുപട്ടണത്തിന്റെ ഭാഗമായി തീര്‍ന്നു. റോഡിനിരുവശവും ഓട് മേഞ്ഞ മാളിക മുറികളും, ചായ പീടികകളും പീടികമുറികളും ഉള്ള ഒരു ചെറിയ പട്ടണം. ഞാന്‍ വളര്‍ന്നു വലുതായതൊപ്പം പട്ടണവും വളര്‍ന്നു. വലിയ കെട്ടിടങ്ങളും പുതിയ റോഡുകളും വ്യാപാരങ്ങളും വന്നു. പഴയ ഗിരിജമാര്‍ പിന്‍വാങ്ങി പുതിയ ഗിരിജമാര്‍ വന്നു.

ആ ചെറു പട്ടണത്തിന്‍റെ തെരുവിലൂടെ വെറുതെ കാഴ്ചകള്‍ കണ്ടു നടക്കുന്നതു എനിക്ക് വളരെ ഇഷ്ടമായിരുന്നു. വാട്‌സ് ആപ്പും സൈബര്‍ പാതകളുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കോട്ടക്കുന്ന് നിന്ന് തുടങ്ങി ചുങ്കം ജംഗ്ഷന്‍ വഴി കടന്നു പോലീസ് സ്‌റ്റേഷന്‍ കുന്നിലൂടെ പഴയ ബസ്സ്റ്റാന്റ് വരെ നീളുന്ന പാതയിലൂടെയായിരുന്നു ആ പട്ടണത്തിലെയും പരിസര ഗ്രാമങ്ങളിലെയും ഒട്ടുമിക്ക ചെറുപ്പക്കാരുടെയും പ്രണയവും മോഹങ്ങളും പതിവായി നടന്നു പോയിരുന്നത്.ഇതിനിടയില്‍ എപ്പഴോ ഇതേ വഴികളിലൂടെ എനിക്കൊപ്പം നിലാവിന്റെ കുളിരുള്ള നിഴല്‍ പോലെ ഒരു ഇരുനിറക്കാരി പാവാടക്കാരിയും ചേര്‍ന്നു നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഇനിയും ഈ നടപ്പ് തുടര്‍ന്നാല്‍ അവള്‍ക്കു കിട്ടാനിടയുള്ള അവസാന ബസും പോയ്‌പ്പോകുമെന്ന തിരിച്ചറിവില്‍ യാത്ര പറഞ്ഞവള്‍ നടന്നു പോയതും ഇതേ വഴിയിലൂടെത്തന്നെ ആയിരുന്നു.

രാത്രിയായി ബസ് സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ എത്തി. എന്‍റെ മനസ്സ് സന്തോഷത്താല്‍ തുടിച്ചു. കണ്ണുകള്‍ തുറന്നു ചുറ്റുപാടും കൊതിയോടെ നോക്കി വളരെ നാളുകള്‍ക്കുശേഷം സ്വന്തം വീട്ടില്‍ എത്തുമ്പോള്‍ തോന്നുന്ന ഒരു പുതുമ പോലെ എല്ലാം വളരെ മനോഹരമായി തോന്നി. ഹോട്ടല്‍ മുറിയില്‍ എത്തിയ ഞാന്‍ പിറ്റേന്ന് ജീവിതത്തില്‍ കണ്ടുമുട്ടാന്‍ പോകുന്ന സന്തോഷങ്ങളെ ഓര്‍ത്തു ഉറങ്ങാതെ സ്വപ്നം കണ്ടു നേരം വെളുപ്പിച്ചു.

രാവിലെ തന്നെ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നിരന്തരം നടന്നു പിന്തള്ളിയ പാതയോരത്തിലൂടെ തിടുക്കത്തില്‍ നടന്നു തുടങ്ങി.മാറിയിരിക്കുന്നു ! മഹാനഗരങ്ങളെക്കാളും ഞാന്‍ സ്‌നേഹിക്കുന്ന എന്‍റെ ചെറിയ പട്ടണം വലിയൊരു പട്ടണമായി മാറിയിരിക്കുന്നു. റോഡിനിരുവശവും വലിയ കെട്ടിടങ്ങള്‍, സ്വര്‍ഗത്തെ വെല്ലുവിളിച്ചുകൊണ്ടുയര്‍ന്നു നില്‍ക്കുന്ന വലിയ ദേവാലയങ്ങള്‍, വ്യാപാരസമുച്ചയങ്ങള്‍, എണ്ണമറ്റ ആളുകളുടെയും വാഹനങ്ങളുടെയും ഓട്ടപ്പാച്ചിലുകളും അവയുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളും. അതിനിടയില്‍ പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ലോട്ടറി കച്ചവടത്തിന്റെ സുപരിചിതമായ ശബ്ദവും താളവും.
നടപ്പിനിടയില്‍ എന്‍റെ കണ്ണുകള്‍ പരിചയമുള്ള മുഖങ്ങളെ പരതിക്കൊണ്ടിരുന്നു
“അല്ല ചങ്ങാതി എത്രകാലമായി നിന്നെ കണ്ടിട്ട്”

ഒരാള്‍ പുറകിലൂടെ ഓടിവന്ന് കൈ പിടിക്കുന്നതായി എനിക്ക് തോന്നി.ഞാന്‍ തിരിഞ്ഞു നോക്കി, തിരക്കിട്ടു നടന്നു പോകുന്നവരെയല്ലാതെ ആരെയും കണ്ടില്ല. പരിചയമുള്ള ഒരു മുഖവും കണ്ടില്ല. എന്നെ ആരും തിരിച്ചറിയുന്നില്ലെന്നത് എന്നില്‍ സങ്കടമുണര്‍ത്തി.
എങ്കിലും ആള്‍ കൂട്ടത്തില്‍ ഞാന്‍ വെറുതെ തിരഞ്ഞു പരിചയമുള്ള മുഖങ്ങളെയും കാത്തുനില്‍ക്കാമെന്നു പറഞ്ഞ ഭൂതകാലത്തെയും, പഴയ ചങ്ങാതി മരക്കാരെയും തനിച്ചാക്കി പോയ പാവാടക്കാരിയെയും.
പരിചിത മുഖങ്ങള്‍ അലിഞ്ഞില്ലാതായി മുഖമില്ലാത്തവരുടെ ആള്‍ക്കൂട്ടമായി അത് വളരുമ്പോഴാണ് ഒരു ചെറിയ പട്ടണം വലിയ പട്ടണമായി വളരുന്നത്. സുല്‍ത്താന്‍ബത്തേരിയും ഇപ്പോള്‍ ഒരു വലിയ പട്ടണമായിരിക്കുന്നു. വലിയ നഗരങ്ങളെപ്പോലെ മുഖമില്ലാത്ത അപരിചിതരുടെ ആള്‍ക്കൂട്ടങ്ങള്‍ അധിവസിക്കുന്ന ഒരു പട്ടണം.നടന്നു തളര്‍ന്നപ്പോള്‍ ഒരു സോഡാ സര്‍ബത്ത് കുടിക്കണമെന്നു തോന്നി. റോഡരികില്‍ കണ്ട ഒരു കടയില്‍ കയറി. കടയിലെ എഫ് എം റേഡിയോയില്‍ നിന്ന് എന്‍റെ യാത്രയുടെ പശ്ചാത്തല സംഗീതംപോലെ ഒരു സിനിമാ ഗാനം ഉയര്‍ന്നു കേട്ടു.
“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്തകേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നു..

തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നു....”
കടയില്‍ നിന്ന് ഇറങ്ങി നടന്നു നീങ്ങുമ്പോഴും റേഡിയോയില്‍ നിന്ന് ഗൃഹാതുര വേദനകള്‍ ഉയര്‍ത്തുന്ന ആ പാട്ട് ഉച്ചത്തില്‍ ഒഴുകികൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക