Image

കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യം

Published on 06 November, 2018
കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യം
ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച്‌ സീറ്റിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ പ്രകടനം കാഴ്‌ചവച്ച്‌ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യം.

കോണ്‍ഗ്രസ്‌ജെഡിഎസ്‌ സഖ്യം പിളരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക്‌ കനത്ത തിരിച്ചടിയായി കര്‍ണാടകയില്‍ ഇവരുടെ വിജയം. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ്‌ ഉപതിരഞ്ഞെടുപ്പ്‌ നടന്നത്‌.

ഈ തിരഞ്ഞെടുപ്പില്‍ 2004 മുതല്‍ ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ്‌ പിടിച്ചെടുത്തതാണ്‌ ഏറ്റവും പ്രധാനം. 243161 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസിലെ വി.എസ്‌ ഉഗ്രപ്പ ഇവിടെ വിജയിച്ചത്‌.

ബെല്ലാരിയെക്കൂടാതെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലവും ജാംഖണ്ഡി, രാമനഗര നിയമസഭാ മണ്ഡലങ്ങളുമാണ്‌ കോണ്‍ഗ്രസ്‌ ജെ.ഡി.എസ്‌ സഖ്യം നേടിയത്‌. ഇവിടെയെല്ലാം കോണ്‍ഗ്രസ്‌ജെഡിഎസ്‌ സഖ്യ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്‌.

ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ്‌ ബി.ജെ.പിക്ക്‌ വിജയം നേടാനായത്‌. അതും വളരെ മാറ്റുകുറഞ്ഞ വിജയം. കാരണം, ഇവിടെ വെറും 52148 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ്‌ ബിജെപി നേടിയത്‌.

കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി, രാമാനഗര നിയമസഭാ മണ്ഡലത്തില്‍നിന്നും 109137 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. അതേസമയം, ജാംഖണ്ഡി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ആനന്ദ്‌ ന്യമഗൗഡ 39480 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച്‌ ബിജെപിയെ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക